Asianet News MalayalamAsianet News Malayalam

പൊതുസ്ഥലത്ത് വിസര്‍ജ്ജിച്ചതിന് സഹോദരങ്ങളെ തല്ലിക്കൊന്നു; ജാതിയുടെ പേരിലല്ലെങ്കില്‍ പിന്നെന്തിന്?

ഭാവ്ഖേഡി ഗ്രാമത്തിൽ മുന്നൂറോളം കുടുംബങ്ങളുണ്ട്. അധികവും ഒബിസി, യാദവ് സമുദായങ്ങളിൽ നിന്നുള്ളവരാണ്. അവിടെ വാൽമീകിയുടേതടക്കം രണ്ടു ദളിത് കുടുംബങ്ങൾ മാത്രമാണുള്ളത്. അവർ പരമ്പരാഗതമായി കക്കൂസ് വൃത്തിയാക്കുന്ന തൊഴിലിലാണ് ഏർപ്പെട്ടിരിക്കുന്നത്. 

siblings killed in madhyapradesh for open defecation
Author
Madhya Pradesh, First Published Sep 27, 2019, 11:48 AM IST

മധ്യപ്രദേശിൽ, വീടിന്റെ പരിസരത്ത് മലവിസർജ്ജനം നടത്തി എന്ന പേരിൽ, പത്തുവയസ്സുള്ള അവിനാശിനേയും പന്ത്രണ്ടുവയസ്സുള്ള സഹോദരി റോഷ്‍നിയേയും, ഉയർന്ന ജാതിക്കാരായ രണ്ടുപേർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം വെളിപ്പെടുത്തിയിരിക്കുന്നത് സംസ്ഥാനത്ത് ജാതിയുടെ പേരിൽ നിലനിൽക്കുന്ന കടുത്ത വിവേചനങ്ങളാണ്. ശിവ് പുരി ജില്ലയിലെ ഭാവ്ഖേഡി ഗ്രാമത്തിലായിരുന്നു സംഭവം.  കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ്  ഹക്കീം യാദവ്, രാമേശ്വർ യാദവ് എന്നീ രണ്ടു സഹോദരന്മാരെ അറസ്റ്റുചെയ്തിട്ടുണ്ട്. സിർസോഡ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നിട്ടുള്ളത്.

തന്റെ രണ്ടുമക്കളെയും ഈ സഹോദരന്മാർ വിസർജ്ജനം നടത്തി എന്നാരോപിച്ച് വടികൊണ്ട് തല്ലിച്ചതച്ചു കൊന്നുകളഞ്ഞു എന്ന പരാതിയുമായി കുട്ടികളുടെ അച്ഛൻ മനോജ് വാൽമീകി സ്റ്റേഷനിൽ പരാതിനൽകി. പൊലീസ് കുറ്റാരോപിതർക്കെതിരെ ഐപിസി 302, SC/ST (പ്രിവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ്) ആക്ട് എന്നിവ ചുമത്തി കേസെടുത്തിട്ടുണ്ട്. തന്റെ വീട്ടിൽ കക്കൂസ് ഇല്ലാതിരുന്നതുകൊണ്ടാണ് കുട്ടികൾ പുറത്തുപോയതെന്നും പ്രദേശത്തുതന്നെ താമസിക്കുന്ന തങ്ങളുടെ ജാതിയിൽ പെട്ട മറ്റുള്ളവരും പുറത്തുതന്നെയാണ് ശൗചം നടത്തുന്നതെന്നും വാൽമീകി പരാതിയിൽ പറഞ്ഞു.

ജാതിയുടെ പേരിലുള്ള ശത്രുതയും വിവേചനങ്ങളും ഇന്നും കൊടികുത്തിവാഴുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. കൃഷിയിടത്തിന്റെ അതിരിൽ നിന്നിരുന്ന ഒരു മരത്തിന്റെ കൊമ്പ് വെട്ടിയതുമായി ബന്ധപ്പെട്ട് യാദവ് സഹോദരന്മാരുടെ ചെറിയൊരു വഴക്ക് രണ്ടുവർഷം മുമ്പ് ഉണ്ടായിരുന്നു എന്നും, അന്ന് അവസരം കിട്ടിയാൽ പകരം വീട്ടും എന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നതായും വാല്മീകി പൊലീസിനോട് പറഞ്ഞു. എന്നാൽ, നിസ്സാരമായ ആ അതിർത്തിത്തർക്കത്തിന്റെ പേരിൽ തന്റെ മക്കളെ അവർ കൊന്നുകളയും എന്ന് കരുതിയിരുന്നില്ലെന്നും വാൽമീകി പറയുന്നു.

ഭാവ്ഖേഡി ഗ്രാമത്തിൽ മുന്നൂറോളം കുടുംബങ്ങളുണ്ട്. അധികവും ഒബിസി, യാദവ് സമുദായങ്ങളിൽ നിന്നുള്ളവരാണ്. അവിടെ വാൽമീകിയുടേതടക്കം രണ്ടു ദളിത് കുടുംബങ്ങൾ മാത്രമാണുള്ളത്. അവർ പരമ്പരാഗതമായി കക്കൂസ് വൃത്തിയാക്കുന്ന തൊഴിലിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഗ്രാമത്തെ തുറസ്സായ ഇടങ്ങളിൽ മലവിസർജ്ജനമുക്തമായി പ്രഖ്യാപിച്ചിരുന്നതാണ് എന്നാണ് ജില്ലാ അധികാരികൾ പറയുന്നത്. ഗ്രാമത്തിൽ വാൽമീകിയുടെ വീട്ടിൽ മാത്രമാണ് കക്കൂസില്ലാത്തത്. സർക്കാരിന്റെ പദ്ധതിയുടെ ആനുകൂല്യം സ്വീകരിച്ചുകൊണ്ട് ഒരു കക്കൂസ് പണിതുകിട്ടാൻ വേണ്ടി കഴിഞ്ഞ രണ്ടു കൊല്ലത്തിലധികമായി വാൽമീകി ശ്രമിക്കുന്നു. എന്നാൽ, ഗ്രാമമുഖ്യൻ തന്റെ ശ്രമങ്ങൾക്ക് ഇടംകോലിടുന്നതുകൊണ്ട് ഇപ്പോഴും അത് ചുവപ്പുനാടയിൽ കുരുങ്ങി വൈകുകയാണെന്നാണ് വാൽമീകി പറയുന്നത്.  ആ ആരോപണം നിഷേധിച്ചുകൊണ്ട് ഗ്രാമമുഖ്യൻ സുർജിത് സിങ് ചോദിച്ചത് ഇതാണ്, "ഈ കീഴ്‌ജാതിക്കാരോടൊക്കെ ആരാണ് തല്ലുപിടിക്കാൻ നിൽക്കുക..?" 

ഗ്രാമത്തിലെ സ്‌കൂളിൽ അവിനാശ് നാലാം ക്ലാസിലും റോഷ്‌നി ആറാം ക്‌ളാസിലുമായിരുന്നു പഠിച്ചിരുന്നത്. ആ സ്‌കൂളിൽ ജനറൽ കാറ്റഗറിയിൽ നിന്നുള്ള ഒരു കുട്ടിപോലും പഠിക്കുന്നില്ല. കീഴ്‌ജാതിക്കാരോടൊപ്പം ഇരുന്നു പഠിക്കാൻ ആരും തങ്ങളുടെ മക്കളെ സ്‌കൂളിലേയ്ക്കില്ല എന്നതുതന്നെ കാരണം. അവിടത്തെ ഉയർന്ന ജാതിക്കാരുടെ മക്കളെല്ലാം തന്നെ ശിവപുരി ടൗണിലെ സ്വകാര്യ സ്‌കൂളുകളിലാണ് പഠിക്കുന്നത്. കീഴ് ജാതിക്കാരെ തൊട്ടുകൂടാ. അബദ്ധവശാൽ തൊട്ടാൽ തന്നെ കൈ കഴുകണം, കുളിക്കണം എന്നൊക്കെയാണ് കുട്ടികൾക്കുപോലും നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ. 

"ഈ സംഭവത്തിന് മലവിസർജ്ജനവുമായി യാതൊരു ബന്ധവുമില്ല. ഹക്കം സിങ്ങ് നേരിയ മാനസിക അപഭ്രംശമുള്ള ഒരു ദേഷ്യക്കാരനാണ്. കലിവരുന്ന സമയത്ത് മുന്നിൽ ആരായിരുന്നാലും ചിലപ്പോൾ അയാൾ അടിച്ചു കൊന്നെന്നിരിക്കും. സംഭവത്തിന് ജാതിയുമായി യാതൊരു ബന്ധവുമില്ല..."  എന്നാണ്  ഗ്രാമത്തിലെ യാദവ് സമുദായത്തിന്റെ പ്രതിനിധികളിൽ ഒരാൾ പ്രതികരിച്ചത്.

ഇന്ത്യൻ ഭരണഘടനയുടെ നാല്പത്താറാം അനുച്ഛേദം ജനങ്ങൾക്ക്  നൽകുന്നൊരു വാഗ്‌ദാനമുണ്ട്. രാഷ്ട്രം അതിലെ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തിലും സാമ്പത്തിക ഉന്നമനത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തും. പട്ടികജാതി, പട്ടിക വർഗ്ഗക്കാരെ അവർ സമൂഹത്തിൽ അനുഭവിച്ചുവന്നിരുന്ന വിവേചനങ്ങളിലും, അനീതികളിലും നിന്ന് സംരക്ഷിക്കും എന്ന്. അതിന്റെ നഗ്നമായ ലംഘനങ്ങളാണ് ഇന്ന് മധ്യപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് 72  വർഷങ്ങൾക്കിപ്പുറവും ദളിതർ അക്രമങ്ങളും വിവേചനങ്ങളും സഹിച്ചുപോരുകതന്നെയാണ്. 

പഠനം പറയുന്നത്

2010 -ൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നടത്തിയ ഒരു പഠനം പറഞ്ഞത്, ഓരോ 18 മിനിട്ടിലും ഇന്ത്യയിൽ ഒരു ദളിതന് നേരെ അക്രമം നടക്കുകയാണ് എന്നാണ്. ദിവസവും മൂന്നു ദളിത് സ്ത്രീകൾ എന്ന കണക്കിന് ബലാത്സംഗത്തിന് ഇരയാകുന്നു. ശരാശരി രണ്ടു ദളിതരെങ്കിലും നിത്യം കൊല്ലപ്പെടുന്നു.  പ്രസ്തുത പഠനപ്രകാരം 37  ശതമാനം ദളിതരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. 54  ശതമാനവും സമീകൃതാഹാരം കിട്ടാതെ ജീവിക്കുന്നവരാണ്. പിറന്നുവീഴുന്ന ആയിരം ദളിത് കുഞ്ഞുങ്ങളിൽ 83 പേർ ഒന്നാം പിറന്നാളിനുമുമ്പേ മരിച്ചുപോവുന്നുണ്ട്. 12 ശതമാനം പേർ അഞ്ചുവയസ്സ് താണ്ടുന്നില്ല. 45  ശതമാനം പേർക്ക് വിദ്യാഭ്യാസം ആർജ്ജിക്കാനുള്ള അവസരം കിട്ടുന്നില്ല. നാലിലൊന്ന് ഇന്ത്യൻ ഗ്രാമങ്ങളിൽ ദളിതർക്ക് പൊലീസ് സ്റ്റേഷനിൽ പ്രവേശനമില്ല ഇന്നും. 39  ശതമാനം സർക്കാർ സ്‌കൂളുകളിലും ഇന്നും ദളിതരെ വേറെ മാറ്റിയിരുത്തുന്നുണ്ട്. 24  ശതമാനം ഗ്രാമങ്ങളിൽ  ദളിതർക്ക് തപാൽ വിതരണം ചെയ്യാൻ പോസ്റ്റ്മാൻമാർ വിസമ്മതിക്കുന്നുണ്ട്.  ഇന്ത്യൻ ഗ്രാമങ്ങളിൽ 48  ശതമാനത്തിലും പൊതുകിണറുകൾ ഉപയോഗിക്കാൻ കീഴ്‍ജാതിക്കാർക്ക് അനുവാദമില്ല. 1955 -ൽ നിയമം മുഖേന നിരോധിച്ചിട്ടും അയിത്തം ഇന്നും ഒരു യാഥാർഥ്യമായിത്തന്നെ ഇന്ത്യയിൽ തുടരുന്നുണ്ട്.

നമ്മൾ ഒരു ജനാധിപത്യ രാഷ്ട്രമാണെന്നും, സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം - ഈ നാല് പ്രാഥമികമായ അവകാശങ്ങൾ പൗരന്മാർക്ക് ലഭ്യമാക്കുന്നുണ്ടെന്നും അവകാശപ്പെടുമ്പോഴും അത് എല്ലാ പൗരന്മാർക്കും ലഭിക്കാതെ പോവുന്നു. ദളിതർക്കെതിരെ ഇന്നും വിവേചനങ്ങളും അതിക്രമങ്ങളും നടക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വിസർജ്ജനം എന്ന കാരണം പറഞ്ഞുകൊണ്ടുള്ള ക്രൂരമായ ഈ കൊലപാതകങ്ങൾ.

2015 -ൽ രാജ്യത്ത് നിലനിൽക്കുന്ന ദയനീയമായ സ്ഥിതി വിലയിരുത്തിക്കൊണ്ട് SC/ST (പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ആക്റ്റ് ) നടപ്പിൽ വരുത്തി. അതിൽ ശ്രദ്ധേയമായ പല മാറ്റങ്ങളും ഉണ്ടായിരുന്നു. ദളിതരെ, പൊതുകിണറുകളും മറ്റും ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുക, ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കുക, വിദ്യാലയങ്ങളിൽ വിവേചനം കാണിക്കുക, ആശുപത്രികളിൽ പ്രവേശനത്തിന് വിവേചനം കാണിക്കുക തുടങ്ങി, രാജ്യത്ത് ഇന്നും തുടരുന്ന പല വിവേചനങ്ങളെയും ഈ നിയമം ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിൽ കൊണ്ടുവന്നു.

ഇത്രയധികം പുതിയ നിയമങ്ങളും ഭരണഘടനയിൽ തന്നെ സംരക്ഷണങ്ങളും ഉണ്ടായിട്ടും രാജ്യത്ത് ദളിതർക്കുനേരെ നടക്കുന്ന കുറ്റങ്ങൾ ദിനംപ്രതി വർധിക്കുകയാണ് ചെയ്യുന്നത്. ജാതി എന്നത് ഒരു ക്രമസമാധാന വിഷയമല്ല, അതൊരു സാമൂഹികയാഥാർഥ്യം തന്നെയാണ് എന്നതാവും അതിനു കാരണം. സാമൂഹികമായ നവോത്ഥാനം തന്നെ നടപ്പിൽ വരുത്താൻ സർക്കാരുകൾക്ക് സാധിച്ചാൽ മാത്രമേ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കൂ.

Follow Us:
Download App:
  • android
  • ios