ഐഡിയ എന്തായാലും വൻ വിജയമായി മാറി. കടയിൽ മുൻപ് പ്രതിദിനം 600 ഡോളറിന്റെ കച്ചവടം നടന്നിരുന്ന സ്ഥാനത്ത്, വീഡിയോ വൈറലായതോടെ ദിനംപ്രതി 1,200 ഡോളറിലധികം (ഏകദേശം ഒരു ലക്ഷത്തോളം രൂപ) വിൽപ്പന ലഭിക്കാൻ തുടങ്ങി.
സോഷ്യൽ മീഡിയയെ എങ്ങനെയെല്ലാം ബിസിനസ് വളർത്താൻ ഉപയോഗിക്കാം എന്നതിന് ഉത്തമ ഉദാഹരണമായിരിക്കുകയാണ് സിംഗപ്പൂരിലെ ഒരു തട്ടുകട ഉടമ. റോൾസ് റോയ്സ് ഫാന്റം കാറിൽ കടയിലേക്ക് വന്നിറങ്ങുന്ന ഒറ്റ വീഡിയോ കൊണ്ട് തന്റെ ഭക്ഷണശാലയിലെ കച്ചവടം ഇരട്ടിയാക്കിയിരിക്കുകയാണ് 52-കാരനായ മുഹമ്മദ് എസാം അബ്ദുൾ ഗനി. സെപ്റ്റംബർ 15-ന് പങ്കുവെച്ച വീഡിയോ തരംഗമായതോടെ എസാമിന്റെ ഭാഗ്യം തെളിയുകയായിരുന്നു.
ഈ വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. തന്റെ കടയിലേക്ക് റോൾസ് റോയ്സിൽ എത്തുന്ന എസാമിനോട് ഒരാൾ ബിസിനസിനെക്കുറിച്ച് ചോദിക്കുന്നതാണ് വീഡിയോയിൽ. വീഡിയോ തരംഗമായതോടെ, സിംഗപ്പൂരിൽ അടുത്തകാലത്ത് അന്വേഷണം നടന്ന 3 ബില്യൺ ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത കാറുകളിൽ ഒന്നാണോ ഇതെന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ഉയർന്നു.
എന്നാൽ ഈ റോൾസ് റോയ്സ് കാർ തന്റെ സ്വന്തമല്ലെന്നും സുഹൃത്തിൽ നിന്ന് കടം വാങ്ങിയതാണെന്നും എസാം വ്യക്തമാക്കി. താൻ നടത്തിവരുന്ന 'സെവൻ ക്ലേപോട്ട്' എന്ന ഭക്ഷണശാലയ്ക്ക് പ്രചാരം നൽകാൻ ഒരു കാർ ഡീലറായ സുഹൃത്തും കാറിന്റെ ഉടമയായ സുഹൃത്തും ചേർന്നാണ് ഈ മാർക്കറ്റിംഗ് ഐഡിയ നിർദ്ദേശിച്ചത്. തുടർന്ന് സെപ്റ്റംബർ 6-ന് ഐഫോൺ ഉപയോഗിച്ച് വെറും 15 മിനിറ്റ് കൊണ്ടാണ് ഈ വീഡിയോ ചിത്രീകരിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ലേലത്തിൽ വെച്ച കാറുകളിലൊന്ന് ജൂലൈ മാസത്തിൽ ലേലത്തിൽ പിടിച്ച വ്യക്തിയാണ് എസാമിന്റെ സുഹൃത്ത്.
ഐഡിയ എന്തായാലും വൻ വിജയമായി മാറി. കടയിൽ മുൻപ് പ്രതിദിനം 600 ഡോളറിന്റെ കച്ചവടം നടന്നിരുന്ന സ്ഥാനത്ത്, വീഡിയോ വൈറലായതോടെ ദിനംപ്രതി 1,200 ഡോളറിലധികം (ഏകദേശം ഒരു ലക്ഷത്തോളം രൂപ) വിൽപ്പന ലഭിക്കാൻ തുടങ്ങി.
ക്ലബ് ബൗൺസർ, പാചകക്കാരൻ, ഡെലിവറി ഡ്രൈവർ എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷമാണ് എസാം ഈ മേഖലയിലേക്ക് പൂർണ്ണമായി ഇറങ്ങിയത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അഞ്ച് ഔട്ട്‌ലെറ്റുകൾ കൂടി ആരംഭിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇത്രയൊക്കെ ഹിറ്റായെങ്കിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആകാൻ താല്പര്യമില്ലെന്നും, കൂടുതൽ ആളുകളെ കടയിലേക്ക് ആകർഷിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും എസാം കൂട്ടിച്ചേർത്തു.
