Asianet News MalayalamAsianet News Malayalam

ചരിത്രം ആവർത്തിക്കുമോ എന്ന ഭയം, ആറ് അഫ്ഗാൻ ഗായകർ പാക്കിസ്ഥാനിലേക്ക് ഒളിച്ച് രക്ഷപ്പെട്ടു

ടോർഖാം, ചമാൻ അതിർത്തികൾ വഴി അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്ത ഗായകർ ഇപ്പോൾ ഇസ്ലാമാബാദിലും പെഷവാറിലുമുള്ള ഒളിത്താവളങ്ങളിലുമാണ് താമസം. പാക്കിസ്ഥാന് പുറത്ത് അഭയം തേടാനുള്ള വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് അവർ. 

singers from Afghanistan flee from Taliban
Author
Afghanistan, First Published Sep 17, 2021, 2:53 PM IST

താലിബാൻ സംഗീതം നിരോധിക്കുകയും, ഒരു പ്രാദേശിക ഗായകനെ വധിക്കുകയും ചെയ്തത് നമ്മൾ കണ്ടതാണ്. എല്ലാകാലവും സംഗീതം പോലുള്ള വിനോദ മാർ​ഗങ്ങളോട് പുറംതിരഞ്ഞു നിന്നിട്ടുള്ള താലിബാൻ കഴിഞ്ഞ ഭരണകാലത്ത് നിരവധി സംഗീതജ്ഞരെ വധിക്കുകയും, ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇത്തവണയും ചരിത്രം ആവർത്തിക്കുമോ എന്ന ഭയത്താൽ ആറ് അഫ്ഗാൻ ഗായകർ പാക്കിസ്ഥാനിലേക്ക് ഒളിച്ച് രക്ഷപ്പെട്ടു. തങ്ങൾക്ക് രാജ്യം വിടാതെ മറ്റ് വഴികളില്ലായിരുന്നു എന്നവർ ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.    

അതിർത്തി കടന്ന് നിയമവിരുദ്ധമായി പാകിസ്ഥാനിൽ എത്തിയ ഗായകർ ഇപ്പോൾ ഒളിവിൽ കഴിയുകയാണ്. അഫ്ഗാനിസ്ഥാനിൽ താമസിച്ചാൽ താൻ വധിക്കപ്പെടുമെന്ന് ഭയപ്പെടുന്നതായും അവരിൽ ഒരാൾ ബിബിസിയോട് പറഞ്ഞു. ഖാൻ (യഥാർത്ഥ പേരല്ല) കഴിഞ്ഞ 20 വർഷമായി കാബൂളിലാണ് താമസിക്കുന്നത്. രാജ്യത്തുടനീളമുള്ള വിവാഹങ്ങളിൽ അദ്ദേഹം പാട്ടുപാടുന്നു. പഷ്തൂൺ വിവാഹങ്ങളിൽ നിറസാന്നിധ്യമാണ് നാടോടി ഗായകർ. മുൻ താലിബാൻ ഭരണകാലത്ത് സംഗീതം നിരോധിച്ചിരുന്നുവെങ്കിലും 2001 -ൽ താലിബാൻ പിന്മാറിയത്തോടെ കൂടുതൽ അവസരങ്ങൾ തങ്ങൾക്ക് ലഭിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, ഇപ്രാവശ്യം താലിബാൻ അധികാരത്തിൽ വരുമ്പോൾ രാജ്യത്ത് മാറ്റങ്ങൾ ഉണ്ടാകുമെന്നും, സംഗീത തുടരാൻ താലിബാൻ അനുവദിക്കുമെന്നും അവർ വിശ്വസിച്ചു. കഴിഞ്ഞ മാസം താലിബാൻ തലസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം, ആയുധധാരികളായ താലിബാൻ പോരാളികൾ അദ്ദേഹത്തെ തേടിവരികയും അദ്ദേഹത്തിന്റെ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. പിറ്റേന്ന് തന്നെ അദ്ദേഹവും കുടുംബവും കാബൂൾ വിട്ടു. താലിബാനെക്കുറിച്ചുള്ള തന്റെ ധാരണ തെറ്റായിരുന്നെന്ന് ഇപ്പോൾ മനസ്സിലായിയെന്ന് അദ്ദേഹം പറഞ്ഞു.  

ടോർഖാം, ചമാൻ അതിർത്തികൾ വഴി അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്ത ഗായകർ ഇപ്പോൾ ഇസ്ലാമാബാദിലും പെഷവാറിലുമുള്ള ഒളിത്താവളങ്ങളിലുമാണ് താമസം. പാക്കിസ്ഥാന് പുറത്ത് അഭയം തേടാനുള്ള വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് അവർ. അഫ്ഗാൻ ദേശീയ സൈന്യത്തിന് വേണ്ടി ഗാനം ആലപിച്ചതിന്റെ പേരിൽ തന്നെ താലിബാൻ വധിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് മറ്റൊരു ഗായകനായ ഹസ്സൻ ബിബിസിയോട് പറഞ്ഞു. താലിബാൻ അധികാരത്തിൽ വന്നതോടെ അദ്ദേഹവും ജീവൻ ഭയന്ന് കുടുംബത്തെ വിട്ട് പാകിസ്ഥാനിലേക്ക് യാത്രയായി. റാവൽപിണ്ടിയിൽ ഒരു സുഹൃത്തിനൊപ്പമാണ് ഇപ്പോൾ താമസം.  

താലിബാൻ അധികാരത്തില്ലാതിരുന്നപ്പോൾ പോലും അവർ തന്നെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താലിബാൻ അഫ്ഗാനിൽ നിയന്ത്രണം ഏറ്റെടുക്കാൻ തുടങ്ങിയപ്പോൾ തന്നെ പ്രാദേശിക എഫ്എം റേഡിയോ സ്റ്റേഷനുകളിൽ സംഗീതം നിരോധിക്കുകയും സർക്കാർ നടത്തുന്ന പ്രക്ഷേപണങ്ങളിൽ ഇസ്ലാം പ്രാർത്ഥനകൾ മാത്രം പ്രക്ഷേപണം ചെയ്യുകയും ചെയ്തു. "ഞങ്ങൾ ഞങ്ങളുടെ റേഡിയോയിലും ടിവിയിലും സംഗീതം പ്രക്ഷേപണം ചെയ്യാറുണ്ടായിരുന്നു. പക്ഷേ, താലിബാൻ അധികാരം ഏറ്റെടുത്തതിനുശേഷം അത് ഞങ്ങൾ അവസാനിപ്പിച്ചു" മസൂദ് സഞ്ജർ ബിബിസിയോട് പറഞ്ഞു. ടോളോ ന്യൂസ് ചാനൽ അടക്കമുള്ള മോബി ഗ്രൂപ്പ് ചാനലുകളുടെ ഡയറക്ടറാണ് സഞ്ജർ.

24 മണിക്കൂറും സംഗീതം പ്രക്ഷേപണം ചെയ്യുന്ന അദ്ദേഹത്തിന്റെ ഒരു മ്യൂസിക് സ്റ്റേഷനും അടച്ചുപൂട്ടി. ഇപ്പോൾ വിനോദ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഒരേയൊരു സംഗീതം താലിബാന്റെ ദേശീയ ഗാനമായ നാറ്റാണ്. അക്തർ (അദ്ദേഹത്തിന്റെ യഥാർത്ഥ പേരല്ല) എന്ന മറ്റൊരു ഗായകനും  തന്റെ കുടുംബത്തോടൊപ്പം രാജ്യം വിട്ട് ഓടിപ്പോയി. ജീവൻ അപകടത്തിലാക്കുന്ന ഭീകരമായ യാത്രയായിരുന്നു അതെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു. പെഷവാറിലെ ഒരു സുഹൃത്തിന്റെ സ്ഥലത്ത് എത്താൻ അവർക്ക് ഏകദേശം അഞ്ച് ദിവസമെടുത്തു.

യാത്രയ്ക്കിടെ, ഹൃദയസംബന്ധമായ അസുഖമുള്ള ഏഴ് വയസ്സുള്ള മകളെ കുറിച്ചായിരുന്നു അദ്ദേഹത്തിന് ഭയം. "എന്റെ ജീവിതത്തെക്കുറിച്ച് ഞാൻ വിഷമിച്ചിരുന്നില്ല, അവളുടെ ജീവിതത്തെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു" അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിൽ അഭയം പ്രാപിച്ച ഗായകർ ആരെയും ഭയക്കാതെ ജീവിക്കാനും, തൊഴിൽ ചെയ്യാനും കഴിയുന്ന ഒരു പുതിയ സ്ഥലം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഇന്ന്.  

Follow Us:
Download App:
  • android
  • ios