2020-ല്‍  ഗ്രീസിലെ ഏഥന്‍സില്‍ നിന്നാണ് അവള്‍ ഐവിഎഫ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.  ചികിത്സ കഴിഞ്ഞ് പന്ത്രണ്ട് ദിവസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ അവള്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി

അമ്മയാകുക എന്നു പറയുന്നത് തന്നെ ഒരു വെല്ലുവിളിയാണ്. അപ്പോള്‍ ഒരു സിംഗിള്‍ പേരന്റ് കൂടിയാണെങ്കില്‍ വെല്ലുവിളി ഇരട്ടിയാകും. ഈ രണ്ടു വെല്ലുവിളികളും ഏറ്റെടുക്കുന്നത് വാര്‍ദ്ധക്യത്തിലേക്ക് അടുക്കുമ്പോള്‍ കൂടി ആണെങ്കിലോ? ആരായാലും ഒന്ന് നെറ്റി ചുളിക്കും അല്ലേ? എന്നാല്‍ യുകെ സ്വദേശിനിയായ കെല്ലി ക്ലാര്‍ക്ക് ഈ വെല്ലുവിളികള്‍ എല്ലാം ഏറ്റെടുത്തത് തന്റെ 52-ാം വയസ്സിലാണ്. ഈ പ്രായമാണ് അമ്മയാകാന്‍ ഏറ്റവും നല്ല സമയം എന്നാണ് കെല്ലിയുടെ അഭിപ്രായം. അതുകൊണ്ടാണത്രേ ഇവര്‍ ഐവിഎഫിലൂടെ തന്റെ 52 -ാം വയസ്സില്‍ വലിയ ഉത്തരവാദിത്വം ഏറ്റെടുത്തത്.

ഇനി തനിക്ക് ചെയ്തുതീര്‍ക്കാന്‍ പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങള്‍ ഒന്നുമില്ലെന്നും അതുകൊണ്ടുതന്നെ കുഞ്ഞിനെ നന്നായി നോക്കാന്‍ കഴിയുമെന്നും കുഞ്ഞിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കുമെന്നുമാണ് കെല്ലിയുടെ അഭിപ്രായം

ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡറായ കെല്ലി കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ആ ജോലിയായിരുന്നു ചെയ്തുവന്നത്. പഠിച്ച് ജോലി കിട്ടിയ ഉടന്‍ തന്നെ തന്റെ സമപ്രായത്തിലുള്ളവരെല്ലാം വിവാഹം കഴിക്കുകയും കുടുംബവും കുട്ടികളുമായി കഴിഞ്ഞു കൂടുകയും ചെയ്തു വന്നപ്പോള്‍ കെല്ലി മറിച്ച് ഒരു തീരുമാനമെടുത്തു. കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ആയിരുന്നു അവളുടെ തീരുമാനം. കാരണം ഈ പ്രായത്തില്‍ മാത്രമാണ് താന്‍ ആഗ്രഹിച്ച് നേടിയ ഈ ജോലി തനിക്ക് ചെയ്യാന്‍ സാധിക്കുകയെന്നും കുടുംബത്തിന്റെയും കുട്ടികളുടെയും പ്രാരബ്ധങ്ങള്‍ മുഴുവന്‍ തീര്‍ത്തതിനു ശേഷം സ്വസ്ഥമായി വീണ്ടും ജോലിയിലേക്ക് മടങ്ങിവരാന്‍ സാധിക്കില്ലെന്ന് അവള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ട് സമപ്രായക്കാര്‍ വിവാഹത്തിലും കുട്ടികളിലും ഒക്കെ ശ്രദ്ധ ചെലുത്തിയപ്പോള്‍ അവള്‍ തന്റെ കരിയറിനും മറ്റു സ്വപ്നങ്ങള്‍ക്കും പ്രാധാന്യം കൊടുത്തു. 

ഫ്‌ലൈറ്റ് അറ്റണ്ടറായി ജോലി ചെയ്യവേ ഡയാന രാജകുമാരി, കേറ്റ് മോസ്, ടോം ജോണ്‍സ് എന്നിവരുള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ക്ക് ഭക്ഷണം നല്‍കിയിട്ടുണ്ടെന്ന് ഓര്‍ക്കുന്നു, കെല്ലി. ഇതിനിടയില്‍ നല്ലൊരു പാര്‍ട്ണറെ തേടിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ വിശ്രമ ജീവിതത്തിനായി ഒരുങ്ങുമ്പോള്‍ തനിക്ക് കൂട്ടായി ഒരു കുഞ്ഞു വേണമെന്ന് കെല്ലിയ്ക്ക് തോന്നി അങ്ങനെ ഐവിഎഫിലൂടെ അവള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി 52-ാം വയസ്സില്‍ അമ്മയായി. ഇനിയുള്ള തന്റെ സമയം മുഴുവന്‍ കുഞ്ഞിനു വേണ്ടിയുള്ളതാണ് എന്നാണ് കെല്ലി പറയുന്നത്.

2020-ല്‍ ഗ്രീസിലെ ഏഥന്‍സില്‍ നിന്നാണ് അവള്‍ ഐവിഎഫ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ചികിത്സ കഴിഞ്ഞ് പന്ത്രണ്ട് ദിവസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ അവള്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. 2021 മാര്‍ച്ചില്‍ ലൈല റേ എന്ന് പേരിട്ടിരിക്കുന്ന പെണ്‍കുഞ്ഞിന് കെല്ലി ക്ലാര്‍ക്ക് ജന്മം നല്‍കി. ഇപ്പോള്‍ തന്റെ ഓരോ നിമിഷവും കുഞ്ഞിനു വേണ്ടിയുള്ളതാണെന്നും മറ്റു തിരക്കുകള്‍ ഒന്നും തനിക്കില്ലെന്നും അവര്‍ പറയുന്നു. 

ജീവിതത്തില്‍ ഒരു നഷ്ടബോധവും തോന്നുന്നില്ലെന്നും തന്റെ സ്വപ്നങ്ങളെല്ലാം താന്‍ നേടിയെടുത്തശേഷം ആണ് ഇപ്പോള്‍ മകള്‍ക്കൊപ്പം ഉള്ള ഈ സുന്ദരമായ ജീവിതം ആരംഭിച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ അമ്മയാകാന്‍ പറ്റിയ സമയം 50 -കള്‍ക്ക് ശേഷമാണെന്നുമാണ് കെല്ലി പറയുന്നത്.