തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശത്തുള്ള ലെയ് ഫെങ്ഷാൻ യുനെസ്കോ ഗ്ലോബൽ ജിയോപാർക്കിലാണ് ഇത് കണ്ടെത്തിയത്.
ഒരുപാട് നിഗൂഢതകളും വിസ്മയങ്ങളും നിറഞ്ഞ ഒന്നാണ് നമ്മുടെ പ്രപഞ്ചം. അതിൽ വളരെ വളരെ ചെറിയ ശതമാനം മാത്രമാണ് മനുഷ്യർ കണ്ടിട്ടുണ്ടാവുക. ഒരിക്കലും അവസാനിക്കാത്ത അനേകം അത്ഭുതങ്ങൾ ഈ പ്രപഞ്ചം കാത്തുവച്ചിട്ടുണ്ടാകും. അതുപോലെ ഒന്നാണ് ചൈനയിൽ കണ്ടെത്തിയ ഈ സിങ്ക്ഹോളും. വെറുമൊരു സിങ്ക്ഹോൾ മാത്രമല്ല. അതിനകത്ത് ഒരു കാട് തന്നെ ഉണ്ട് എന്നതാണ് അതിന്റെ പ്രത്യേകത.
650 അടി ആഴത്തിലാണ് ഈ സിങ്ക്ഹോൾ ഉള്ളത്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഒരു ചൈനീസ് ജിയോപാർക്കിൽ നിന്നും 650 അടി താഴ്ചയുള്ള ഈ സിങ്ക്ഹോൾ കണ്ടെത്തിയത്. ഇതിലെ ഏറ്റവും കൗതുകകരമായ കാര്യം നേരത്തെ പറഞ്ഞതു പോലെ അതിനകത്ത് ഒരു കാടുണ്ട് എന്നത് തന്നെയാണ്. കഴിഞ്ഞ വർഷം ഇതിന്റെ ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. അതോടെ, പലരും ഇതിനെ 'നരകത്തിലേക്കുള്ള വാതിൽ', 'സ്വർഗത്തിലെ കുഴികൾ' തുടങ്ങി പല പേരിലും വിശേഷിപ്പിച്ചിരുന്നു.
തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ പ്രദേശത്തുള്ള ലെയ് ഫെങ്ഷാൻ യുനെസ്കോ ഗ്ലോബൽ ജിയോപാർക്കിലാണ് ഇത് കണ്ടെത്തിയത്. യുനെസ്കോയുടെ വെബ്സൈറ്റ് പ്രകാരം ജിയോപാർക്കിൽ, ഡെവോണിയൻ മുതൽ പെർമിയൻ കാലഘട്ടങ്ങൾ വരെയുള്ള 60% കാർബണേറ്റ് പാറകൾ ഉണ്ട് എന്നാണ് പറയുന്നത്.
ഗവേഷകർ പറയുന്നതനുസരിച്ച്, പുരാതനകാലത്തെ ഈ വനത്തിൽ നേരത്തെ അജ്ഞാതമായ വിവിധയിനം ചെടികളും മൃഗങ്ങളും ഉണ്ടായിരുന്നു എന്നാണ്. അതുപോലെ ഇത്തരം സിങ്ക്ഹോളുകൾ ഇത് ആദ്യമായിട്ടല്ല ചൈനയിൽ കണ്ടെത്തുന്നത്. ചൈനീസ് സർക്കാരിന്റെ ന്യൂസ് ഏജൻസിയായ സിൻഹുവ (Xinhua) റിപ്പോർട്ട് ചെയ്യുന്നത് ഇതുപോലെയുള്ള 30 സിങ്ക്ഹോളുകൾ രാജ്യത്താകെയായി ഉണ്ട് എന്നാണ്.
