മരണത്തെ കാത്തിരിക്കുന്ന സഹോദരിയുടെ അവസാന ആഗ്രഹം കേട്ട് ഞെട്ടി യുവതി, എന്നാൽ നിറവേറ്റുമെന്ന് വാശി, ഒടുവിൽ...
ആ ചടങ്ങ് ഒരു വിവാഹച്ചടങ്ങ് പോലെ തന്നെ ആയിരുന്നു. അതിൽ എല്ലാവരും സംസാരിച്ചു, നൃത്തം ചെയ്തു എന്ന് ജെന്ന പറയുന്നു.

2018 -ലാണ് ഹെയ്‌ഡി സാറ്റർത്ത്‌വെയ്റ്റ് എന്ന യുവതിക്ക് അപൂർവമായ ഒരു അർബുദമാണ് എന്ന് കണ്ടെത്തുന്നത്. അവൾക്ക് മൈലോഡിസ്‌പ്ലാസ്റ്റിക് സിൻഡ്രോം (എംഡിഎസ്) ആയിരുന്നു. മരണം തൊട്ടുമുന്നിൽ എത്തിയെന്ന് മനസിലായ ആ 34 -കാരി തന്റെ മരിക്കും വരെയുള്ള ജീവിതം കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ആഘോഷിക്കാനും ആഗ്രഹങ്ങളെല്ലാം നിറവേറ്റാനും തീരുമാനിച്ചു. മാത്രമല്ല, അവൾക്ക് വളരെ വിശേഷപ്പെട്ട ഒരു ആഗ്രഹവും ഉണ്ടായിരുന്നു. എന്നാൽ, അവളുടെ സഹോദരി ജെന്ന സാറ്റർത്‌വെയ്റ്റ് അവളുടെ ആ ആഗ്രഹം നിറവേറ്റുക തന്നെ ചെയ്തു.
കഴിഞ്ഞ ആഴ്‌ച, ബിബിസി റേഡിയോ 4 -ന്റെ 'വുമൺസ് അവറി'ൽ സംസാരിക്കവെ, ജെന്ന ഈ അനുഭവങ്ങളെ കുറിച്ചെല്ലാം സംസാരിക്കുകയുണ്ടായി. ഹെയ്ഡിയുടെ ആ വിശേഷപ്പെട്ട ആഗ്രഹം ജീവിച്ചിരിക്കെ തന്നെ അവൾക്ക് സംസ്കാര ചടങ്ങ് പോലെ തന്നെ എല്ലാവരേയും പങ്കെടുത്ത് കൊണ്ട് ഒരു ചടങ്ങ് വയ്ക്കണം, എല്ലാവരേയും കാണണം, യാത്ര പറയണം എന്നതായിരുന്നു. ആ ആഗ്രഹം സാധിച്ച് കൊടുത്തത് ജെന്നയായിരുന്നു. ഹെയ്ഡിയും ഭർത്താവും വിവാഹനൃത്തച്ചുവടുകളോടെയാണ് ആ ചടങ്ങ് അവസാനിപ്പിച്ചത്. അത് തികച്ചും മാന്ത്രികവും വേദനാജനകവും ആയിരുന്നു എന്ന് ജെന്ന പറഞ്ഞു.
ആ ചടങ്ങ് ഒരു വിവാഹച്ചടങ്ങ് പോലെ തന്നെ ആയിരുന്നു. അതിൽ എല്ലാവരും സംസാരിച്ചു, നൃത്തം ചെയ്തു എന്ന് ജെന്ന പറയുന്നു. ഇങ്ങനെ ഒരു ചടങ്ങ് സംഘടിപ്പിക്കവെ കാറ്ററിംഗ്, ഹാൾ തുടങ്ങി എല്ലാത്തിനെ കുറിച്ചും അവർ സംസാരിച്ചു തീരുമാനമെടുത്തു. എന്നാൽ, എല്ലാം ശരിയായിട്ടും എത്രപേർ പങ്കെടുക്കും എന്ന കാര്യത്തിൽ അവർക്ക് സംശയമുണ്ടായിരുന്നു. ആകെ ഒരു പത്തു പേരെങ്ങാനും പങ്കെടുത്താലായി എന്നായിരുന്നു അവരുടെ ചിന്ത. എന്നാൽ, അവരെ എല്ലാം ഞെട്ടിച്ചുകൊണ്ട് 200 പേർ അതിൽ പങ്കെടുത്തു. ഓരോരുത്തരും തങ്ങളുടെ എല്ലാ തിരക്കുകളും മാറ്റിവച്ച് ഹെയ്ഡിയോട് ഗുഡ്ബൈ പറയാൻ എത്തിയിരുന്നു.
ഒടുവിൽ മരിക്കുന്നതിന് മുമ്പ് തന്നെ ഹെയ്ഡി എല്ലാവരെയും കണ്ടു. എല്ലാവരോടും ഒത്ത് ആഘോഷിച്ചു. എല്ലാവരോടും യാത്ര പറഞ്ഞു. ഒടുവിൽ, കഴിഞ്ഞ വർഷം ഹെയ്ഡി ഈ ലോകത്തോട് വിട പറഞ്ഞു.