ഈ മരത്തിന് ഒരു പ്രത്യേകതയുണ്ട്, ഒരു പ്രത്യേകതയല്ല ഒരുപാട് പ്രത്യേകതകള്‍ എന്ന് പറയേണ്ടി വരും. സ്വന്തമായിട്ട് ഒരു റെക്കോര്‍ഡ് തന്നെയുള്ള മരമാണിത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അനുസരിച്ച്, ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട് കിടക്കുന്ന മരം. 30 അടി പൊക്കമുള്ള ഈ സിറ്റ്കാ സ്പ്രൂസ് മരം ന്യൂസിലന്‍ഡിലെ സൗത്ത് അയലന്‍ഡില്‍ നിന്നും 500 മൈല്‍ അകലെയുള്ള കാംബെല്‍ ദ്വീപിലാണുള്ളത്. ഈ മരത്തിനൊരു കൂട്ടുകാരനെ കാണണമെങ്കില്‍ 137 മൈല്‍ ദൂരം സഞ്ചരിച്ച് ഓക്ക്ലന്‍ഡ് ദ്വീപില്‍ എത്തണം. 

ന്യൂസിലന്‍ഡില്‍ പൊതുവെ കാണാത്തതാണ് ഈ മരം. അതിനാല്‍ത്തന്നെ കുറ്റിച്ചെടികള്‍ മാത്രം വളര്‍ന്നു നില്‍ക്കുന്ന ഈ സ്ഥലത്ത് എങ്ങനെ ഈ മരം വളര്‍ന്നുനില്‍ക്കുന്നുവെന്നത് അത്ഭുതം തന്നെയാണ്. കാംബെല്‍ ദ്വീപില്‍ ഈ മരം കാണേണ്ട ഒരു കാര്യവുമില്ലെങ്കിലും അതങ്ങനെ എത്രയോ കാലമായി അവിടെ ഒറ്റപ്പെട്ട് നില്‍ക്കുന്നുണ്ട്. ന്യൂസിലന്‍ഡ് ഗവര്‍ണറായിരുന്ന ലോര്‍ഡ് റാന്‍ഫര്‍ലി 1901 -ലാണ് ഈ മരം നട്ടതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, അങ്ങനെയല്ല ഏതോ ദേശാടന പക്ഷികള്‍ വിത്ത് കൊത്തിക്കൊണ്ടുവന്ന് ഇവിടെയിട്ടതാവാം എന്നും പറയപ്പെടുന്നുണ്ട്. 

ഏതായാലും 2017 -ല്‍ ഗവേഷകര്‍ ഇതിന്‍റെ പറഞ്ഞത് ഇത് 1910 -ലോ മറ്റോ ആയിരിക്കണം ഇതിവിടെ മുളച്ചിരിക്കുക എന്നാണ്. എന്തുകൊണ്ടാണ് ഇത് കൂടുതലുണ്ടാവുകയും പടരുകയും ചെയ്യാത്തത് എന്ന അത്ഭുതവും പലരും പങ്കുവെച്ചു. ഇവിടുത്തെ കാലാവസ്ഥ തന്നെയാവണം അതിന് കാരണമെന്നും കരുതപ്പെടുന്നു. കനത്ത കാറ്റും തണുപ്പും ആവശ്യത്തിന് സൂര്യപ്രകാശമില്ലാത്തതും സാധാരണയായി ഈ മരങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാറുണ്ട്. എന്നാല്‍, ഈ പ്രതികൂലാവസ്ഥകളെയെല്ലാം അതിജീവിച്ചാണ് ഈ സിറ്റ്കാ സ്പ്രൂസ് ഇവിടെ നിലനില്‍ക്കുന്നത്. 

ഏതായാലും 1973 -ല്‍ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മരമെന്ന് പേര് ഇതിന് സ്വന്തമായി. അതുവരെ തീനീറിയിലെ മരം ആയിരുന്നു ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മരമായി കണക്കാക്കിയിരുന്നത്. അതിനടുത്ത് ഒരു മരമുണ്ടായിരുന്നത് 250 മൈല്‍ അകലെയായിരുന്നു. എന്നാല്‍, മദ്യപിച്ച ഒരു ഡ്രൈവര്‍ വണ്ടി ഇടിച്ചുകയറ്റിയതിനെത്തുടര്‍ന്ന് മരം തകര്‍ന്നുവീണു. ഇതന്‍റെ ശേഷിപ്പുകള്‍ നൈഗര്‍ നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെയാണ് ഏറ്റവും ഒറ്റപ്പെട്ട മരമെന്ന പേര് ഈ സിറ്റ്കാ സ്പ്രൂസിനെ തേടിയെത്തിയത്.