ആനയ്ക്ക് 10 അടി ഉയരവും 10 അടി വീതിയും 35 മുതൽ 40 ടൺ വരെ ഭാരവുമുണ്ടെന്ന് പുരാവസ്തു വകുപ്പിലെ ക്യൂറേറ്റർ കുമാർ എച്ച്സി പറഞ്ഞു. ഇത് പൂർത്തിയാകാത്ത പ്രതിമയാണ്.
കർണാടകയിലെ ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ ബെന്നിനമനെ ഗ്രാമത്തിൽ(Benninamane village of Belur Taluk in Hassan district in Karnataka), 10 അടി ഉയരമുള്ള ഒരു ആനയുടെ പ്രതിമയുണ്ട്(Elephant stone statue). വർഷങ്ങളായി അത് ഇടത്തേക്ക് ചെരിഞ്ഞാണ് നിന്നിരുന്നത്. എന്നാലിപ്പോൾ, അതിനെയങ്ങ് നേരെ നിർത്തിയിരിക്കുകയാണ്. ഈ ആനയുടെ പ്രതിമ ഹൊയ്‌സാല കാലഘട്ടത്തിലേതാണ് എന്ന് കരുതുന്നു. വളരെക്കാലം ഈ പ്രതിമ അനാഥമായി കിടന്നു. പ്രതിമ ഇടതുവശത്തേക്ക് ചരിഞ്ഞാണ് നിന്നിരുന്നത്. അതിന്റെ കാലുകൾ മണ്ണിൽ മുങ്ങിയ നിലയിലായിരുന്നു.
നിങ്കഗൗഡ എന്നൊരാളായിരുന്നു ഈ സ്ഥലത്തിന്റെ ഉടമ. എന്നാൽ, ആരും ഈ സ്ഥലം വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചില്ല. ആന ഉറങ്ങുന്നതുപോലെയായിരുന്നു കാണപ്പെട്ടിരുന്നത്. ഇടതുവശത്തേക്കുള്ള ചെരിവും കൂടി ആയതോടെ ആളുകൾ ഇതിനെ ഒരു ദുശ്ശകുനമായി കണക്കാക്കി തുടങ്ങി.
അശുഭസൂചനയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലും അന്നഗൗഡ എന്നൊരാൾ തനിക്കും മക്കൾക്കും വേണ്ടി ആ ഭൂമി വാങ്ങി. പിന്നീട്, ആ ഭൂമിയിൽ കാപ്പി കൃഷി ചെയ്യാൻ അദ്ദേഹത്തിന്റെ മക്കൾ തീരുമാനിച്ചു. പക്ഷേ, ഗ്രാമത്തിൽ എന്ത് മോശം സംഭവങ്ങൾ ഉണ്ടായാലും ആളുകൾ ആനയുടെ പ്രതിമയെ കുറ്റപ്പെടുത്തും. ഇതെല്ലാം കണ്ട് മടുത്ത ആ ഭൂമിയുടെ ഇപ്പോഴത്തെ ഉടമയായ ദിനേശ് രണ്ട് ക്രെയിനുകളും ഒരു ജെസിബിയും വാടകയ്ക്ക് എടുത്ത് ആനയെ ഉയർത്തി നേരെ സ്ഥാപിച്ചു.
”ആന ഇടതുവശത്തേക്ക് ചെരിഞ്ഞ് ഉറങ്ങുന്ന തരത്തിൽ ആയിരുന്നതിനാൽ, എല്ലാ മോശം സംഭവങ്ങൾക്കും ഗ്രാമവാസികൾ അതിനെ കുറ്റപ്പെടുത്തും. അതും ആരും ഈ പ്ലോട്ട് വാങ്ങാൻ തയ്യാറാകാതെ വന്നപ്പോൾ അച്ഛൻ അന്നഗൗഡ വാങ്ങിയതാണ്. ആനയെ കുറിച്ച് ഞങ്ങൾ ധർമ്മസ്ഥലയിലെ ഒരു സംഘത്തെ അറിയിച്ചു. അവർക്ക് ചരിത്രപരമായ കാര്യങ്ങളുടെ ഒരു മ്യൂസിയം ഉള്ളതിനാൽ, അവർ അത് എടുക്കുമെന്ന് ഞങ്ങൾ കരുതി. ധർമ്മസ്ഥലയിൽ നിന്നുള്ള സംഘം എത്തിയെങ്കിലും ഈ കൂറ്റൻ പ്രതിമ മാറ്റാൻ റോഡില്ലാത്തതിനാൽ ആ ആശയം ഉപേക്ഷിച്ച് അവർ പോയി. കാപ്പിത്തോട്ടത്തിനുള്ള പ്ലോട്ട് ഞങ്ങൾ നിരപ്പാക്കുകയായിരുന്നു. അതിനാൽ ക്രെയിനുകളും ജെസിബിയും ഉണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ ആനയെ നേരെ വച്ചു” ദിനേശ് ന്യൂസ് 18 നോട് പറഞ്ഞു.
ആനയ്ക്ക് 10 അടി ഉയരവും 10 അടി വീതിയും 35 മുതൽ 40 ടൺ വരെ ഭാരവുമുണ്ടെന്ന് പുരാവസ്തു വകുപ്പിലെ ക്യൂറേറ്റർ കുമാർ എച്ച്സി പറഞ്ഞു. ഇത് പൂർത്തിയാകാത്ത പ്രതിമയാണ്. ഹൊയ്‌സാലർ നിർമ്മിച്ച ബേലൂരിലെ നിരവധി ക്ഷേത്രങ്ങളുടെ ശിൽപങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത് പോലെയുള്ള കല്ലാണ് ആനയെ നിർമ്മിക്കാനും ഉപയോഗിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ പ്രതിമ ഇവിടെ ഉപേക്ഷിച്ചത്, യഥാർത്ഥത്തിൽ ആരാണ് ഇത് കൊത്തിയെടുത്തത് തുടങ്ങിയ കാര്യങ്ങളിൽ ഞങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കൂടുതൽ അന്വേഷണത്തിൽ വിശദാംശങ്ങൾ ലഭിച്ചേക്കാം. ചുറ്റുമുള്ള പ്രദേശങ്ങളിൽ ഏതെങ്കിലും ശിലാലിഖിതങ്ങൾക്കായി ഞങ്ങൾ തിരയുന്നു എന്നും അദ്ദേഹം പറഞ്ഞു.
