കുട്ടിക്കാലത്ത് കളിക്കുന്നതിനിടെ ട്രെയിനിൽ കയറി ഉറങ്ങിപ്പോയി. ഒടുവില്‍, 35 വർഷത്തിന് ശേഷം തൻ്റെ കുടുംബവുമായി ഒന്നിച്ച് ലെയ് സെക്വിങ് എന്ന യുവാവ്. വായിക്കാം വൈകാരികമായ അനുഭവം. 

കുട്ടിക്കാലത്ത് കളിക്കുന്നതിനിടെ അറിയാതെ ട്രെയിനിൽ ഉറങ്ങിപ്പോയി. കുടുംബത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയ മധ്യ ചൈന സ്വദേശിയായ കാൾക്കാനും സംസാരിക്കാനും കഴിയാത്ത യുവാവ്, 35 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വന്തം കുടുംബവുമായി ഒന്നിച്ചു. ലെയ് സെക്വിങ് എന്ന യുവാവാണ് മൂന്നു പതിറ്റാണ്ടിനു ശേഷം തൻറെ കുടുംബവുമായി ഒത്തുചേർന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ജൂൺ 11-നാണ് വികാരനിർഭരമായ ഈ കൂടിക്കാഴ്ച നടന്നത്. ലെയ് സെക്വിങ് തൻ്റെ പിതാവ്, ജ്യേഷ്ഠൻ, സഹോദരി എന്നിവരെ കണ്ട് പൊട്ടിക്കരഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1991-ൽ ലെയ്യും കൂട്ടുകാരും ചേർന്ന് തമാശയ്ക്കാണ് ഒരു ട്രെയിനിൽ ഒളിച്ചുകയറിയത്. സീറ്റിനടിയിൽ കിടന്ന് ഉറങ്ങിപ്പോയ ലെയ് ഉണർന്നപ്പോൾ എത്തിയത് തികച്ചും അപരിചിതമായൊരു സ്ഥലത്തായിരുന്നു. സംസാരശേഷി ഇല്ലാതിരുന്ന ലെയ്, ഷെൻഷെൻ റെയിൽവേ സ്റ്റേഷന് സമീപം ഒരു നാടോടിയെപ്പോലെ ജീവിക്കാൻ നിർബന്ധിതനായി. എന്നാൽ ഭാഗ്യവശാൽ, ഷെൻഷെനിൽ വെച്ച് അദ്ദേഹം ഒരു സ്ത്രീയെ കണ്ടുമുട്ടി. അവർ അവനെ സംരക്ഷിക്കാൻ തയ്യാറായി. എഴുതാൻ പഠിപ്പിച്ചു. സ്വന്തം അമ്മയെ പോലെയാണ് ലെയ് അവരെ കണ്ടിരുന്നത്. അഞ്ച് വർഷത്തിന് ശേഷം ഈ സ്ത്രീ ഹോങ്കോങ്ങിലേക്ക് മാറി. അതോടെ വീണ്ടും ഒറ്റപ്പെട്ടുപോയ ലെയ്ക്ക് ഒരു റെസ്റ്റോറൻ്റ് ഉടമ സഹായം വാഗ്ദാനം ചെയ്തു. ഹോങ്ങ് എന്നായിരുന്നു അദ്ദേഹത്തിൻറെ പേര്.

തൻ്റെ ജീവനക്കാരുടെ ഡോർമിറ്ററിയിൽ താമസിക്കാൻ അവന് അനുവാദം നൽകിയ ഹോങ്ങ്, ലെയ്ക്ക് സൗജന്യമായി ഭക്ഷണവും നൽകി. ആ റെസ്റ്റോറൻ്റ് രണ്ട് വർഷം മാത്രമേ പ്രവർത്തിച്ചുള്ളൂവെങ്കിലും, അതിനുശേഷം ലെയ്ക്ക് സമീപത്ത് തന്നെ ഒരു സെക്യൂരിറ്റി ഗാർഡായി ഹോങ്ങ് ജോലി വാങ്ങി നൽകി. കൂടാതെ, പ്രദേശത്തെ മറ്റ് റെസ്റ്റോറൻ്റുകാരും ലെയ്ക്ക് സൗജന്യമായി ഭക്ഷണം നൽകുന്നത് തുടർന്നു.

സാമ്പത്തികമായി അത്ര വലിയ ശേഷിയൊന്നുമില്ലാതിരുന്നിട്ടും, ലെയ്യേക്കാൾ പ്രായം കുറഞ്ഞ രണ്ട് കുട്ടികളുണ്ടായിരുന്ന ഹോങ്ങും ഭാര്യയും കഴിഞ്ഞ മുപ്പത് വർഷമായി ലെയ്യെ സ്വന്തം മകനെപ്പോലെയാണ് പരിപാലിച്ചത്. ഒരു വിരമിച്ച സൈനികൻ കൂടിയായ ഹോങ്, ലെയ്യെ നല്ല രീതിയിൽ സ്വയം പര്യാപ്തനാക്കണമെന്ന് ഭാര്യയോട് എപ്പോഴും പറയുമായിരുന്നു. കേൾക്കാനും സംസാരിക്കാനും കഴിയാത്ത ലെയ് ജീവിതത്തിൽ കഷ്ടപ്പെടരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. തങ്ങളുടെ വീട്ടിൽ താമസിപ്പിച്ചതിൻ്റെ രണ്ടാം വർഷം, ലെയ്യോട് സമ്പാദിക്കുന്ന പണമെല്ലാം സൂക്ഷിച്ചുവെക്കാൻ ഹോങ് ഉപദേശിച്ചു. തൻ്റെ ജന്മനാടും കുടുംബത്തെയും കണ്ടെത്താൻ ഈ പണം ഭാവിയിൽ ഉപകരിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹോങ്ങിനോടും ഭാര്യയോടുമുള്ള കൃതജ്ഞത സൂചിപ്പിച്ചുകൊണ്ട് ലെയ് ഒരു പേപ്പറിൽ 'ഷെൻഷെനിലെ അച്ഛൻ', 'ഷെൻഷെനിലെ അമ്മ' എന്ന് സ്നേഹത്തോടെ എഴുതിവെച്ചിരുന്നു.

ഇതിനിടയിലും തൻ്റെ യഥാർത്ഥ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ ലെയ് നടത്തുന്നുണ്ടായിരുന്നു. അദ്ദേഹം കുടുംബത്തെ തിരഞ്ഞുകൊണ്ടുള്ള സന്ദേശങ്ങൾ ഓൺലൈനിൽ പങ്കുവെക്കുകയും, കുട്ടിക്കാലത്തെ ഓർമ്മകൾ ഉണർത്തുന്ന സ്ഥലങ്ങൾ തേടി ഏതാനും വർഷങ്ങൾക്ക് മുമ്പ് പല പ്രവിശ്യകളിലൂടെ ട്രെയിൻ യാത്ര നടത്തുകയും ചെയ്തു. ഈ വർഷങ്ങളിലുടനീളം ഹോങ് അദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ലെയ്യെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകാനും പ്രാദേശിക പത്രങ്ങളിൽ പരസ്യങ്ങൾ നൽകാനും ഹോങ് മുൻകൈ എടുത്തു. ലെയ്യുടെ കുടുംബവും അവനെ കണ്ടെത്തുമെന്ന പ്രതീക്ഷ ഒരിക്കലും കൈവിട്ടിരുന്നില്ല, അതുകൊണ്ട് തന്നെയാണ് ഈ ഒത്തുചേരൽ സാധ്യമായത്.

ലെയ്യുടെ മൂത്ത സഹോദരൻ ലെയ് സെഹു ഒരു സോഷ്യൽ മീഡിയ ആപ്പിലെ നിരവധി ചാറ്റ് ഗ്രൂപ്പുകളിൽ അംഗമായിരുന്നു. യാദൃശ്ചികമായാണ് അദ്ദേഹം തൻ്റെ അനിയൻ്റെ സന്ദേശം ആപ്പിൽ കാണുന്നത്. കൗതുകകരമായ കാര്യം, ലെയ് തൻ്റെ പേര് തിരിച്ച് എഴുതിയാണ് സ്വന്തം ഐഡന്റിറ്റിയായി ഉപയോഗിച്ചിരുന്നത്. കുട്ടിക്കാലം മുതലുള്ള അദ്ദേഹത്തിൻ്റെ ഒരു ശീലമായിരുന്നു അത്. ഈ കുസൃതി നിറഞ്ഞ ശീലം കണ്ടപ്പോൾ തന്നെ അത് തൻ്റെ സ്വന്തം അനിയൻ തന്നെയാണെന്ന് ജ്യേഷ്ഠന് ഉറപ്പായി. തുടർന്ന് അവർ പലതവണ ഓൺലൈനിൽ ബന്ധപ്പെടുകയും കുട്ടിക്കാലത്തെ ഓർമ്മകൾ പരസ്പരം പങ്കുവെച്ച് ഉറപ്പിക്കുകയും ചെയ്തു. ഒടുവിൽ ഡിഎൻഎ (DNA) പരിശോധനയ്ക്കായി ലെയ്യെ കൊണ്ടുപോയതും ഹോങ് ആയിരുന്നു.

ഡിഎൻഎ പരിശോധനാ ഫലം വരുന്നതിന് മുൻപ് തന്നെ ലെയുടെ കുടുംബം ഷെൻഷെനിൽ എത്തിച്ചേർന്നു. വൈകാരികമായ ആ കൂടിക്കാഴ്ച കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ, അവർ തമ്മിലുള്ള രക്തബന്ധം സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാ ഫലവും പുറത്തുവന്നു. തൻ്റെ ജന്മം നൽകിയ മാതാപിതാക്കൾക്കും ഒപ്പം തന്നെ ജീവൻ തന്ന ഷെൻഷെനിലെ 'മാതാപിതാക്കൾക്കും' തൻ്റെ ബാക്കി ജീവിതം കൊണ്ട് നന്ദി പറയുമെന്ന് ലെയ് ഉറപ്പിച്ചു പറഞ്ഞു. ലെയ്യെ പിരിയുന്നതിൽ സങ്കടമുണ്ടെങ്കിലും, ലെയ്യുടെ ആഗ്രഹങ്ങളെ മാനിക്കുന്നതായും അവൻ്റെ സ്വന്തം കുടുംബവുമായുള്ള ബന്ധം തുടരുന്നതിന് എല്ലാ പിന്തുണയും നൽകുമെന്നും ഹോങ് വ്യക്തമാക്കി.