വെസ്റ്റ് യോർക്ക്ഷെയറിലെ വേക്ക്ഫീൽഡിൽ നിന്നുള്ള ഒരാൾ തന്റെ മുൻ പങ്കാളിയെ ഉപദ്രവിക്കുകയും, തമ്മിൽ കാണരുതെന്ന കോടതി വിലക്ക് ലംഘിക്കുകയും ചെയ്തു. അയാൾ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചപ്പോൾ, അവൾ സ്‌മാർട്ട്‌വാട്ടർ ലായനി അയാളുടെ മേൽ സ്‌പ്രേ ചെയ്തു. അറസ്റ്റിലാകുമ്പോൾ അയാളുടെ വസ്ത്രത്തിൽ അതിന്റെ ടാഗ് കണ്ടെത്തി.

ഗാർഹിക പീഡനത്തിന് ഇരയാകുന്നവരുടെ എണ്ണം പ്രത്യേകിച്ച് പകർച്ചവ്യാധി സമയത്ത് വളരെ കൂടുതലാണ്. പീഡിപ്പിക്കപ്പെടുന്ന വ്യക്തികൾക്ക് തങ്ങളെ പീഡിപ്പിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ യുകെ ഇപ്പോൾ ഒരു അസാധാരണ സാങ്കേതികവിദ്യ കൊണ്ടുവരികയാണ്: "സ്മാർട്ട് വാട്ടർ" (SmartWater) സ്പ്രേ. 

ഇതുവഴി അവിടെ നിരവധിപേർക്ക് നീതി ലഭിക്കാൻ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ, ഈ വെള്ളവും, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതും തമ്മിൽ എന്ത് ബന്ധമെന്ന് തോന്നാം? ഈ ഫോറൻസിക് ദ്രാവകത്തിന്റെ പ്രത്യേകത ദ്രാവകം ഉണങ്ങി കഴിഞ്ഞാൽ പിന്നെ നഗ്നനേത്രങ്ങൾ കൊണ്ട് അത് കാണാൻ സാധിക്കില്ല. എന്നാൽ, പൊലീസ് ഉപയോഗിക്കുന്ന അൾട്രാവയലറ്റ് ലൈറ്റുകൾക്കും ടോർച്ചുകൾക്കും കീഴിൽ നോക്കിയാൽ അത് പ്രകാശിക്കും.

അത് മാത്രവുമല്ല, ഈ ദ്രാവകം ചർമ്മത്തിൽ ആറാഴ്ച വരെയും വസ്ത്രത്തിൽ അതിൽ കൂടുതൽ കാലവും നിലനിൽക്കുന്നു. കൂടാതെ ദ്രാവകത്തിൽ ഒരു വ്യത്യസ്‍തമായ കോഡും അടങ്ങിയിരിക്കുന്നു. ഇത് കുറ്റവാളികളുടെ മേൽ തളിച്ചാൽ പൊലീസിന് പെട്ടെന്ന് തന്നെ കുറ്റവാളികളെ കണ്ടെത്താൻ സാധിക്കുന്നു. ഇപ്പോൾ ഈ ദ്രാവകം ഉപയോഗിച്ച് യുകെയിൽ ആദ്യമായി ഗാർഹിക പീഡനത്തിന് ഒരാളെ ശിക്ഷിച്ചിരിക്കയാണ്. ഇംഗ്ലണ്ടിൽ ഉടനീളമുള്ള 200 -ലധികം സ്ത്രീകൾക്കാണ് വീടുകളിൽ സൂക്ഷിക്കാൻ ഫോറൻസിക് ഡിറ്ററന്റ് പാക്കേജുകൾ പൊലീസ് നൽകിയത്. ഓരോ പാക്കേജിലും സ്‌പ്രേ ചെയ്യാനുള്ള ഹാൻഡ് ഹെൽഡ് ക്യാനിസ്റ്റർ, വാതിൽ പിടിയിലും, ഗേറ്റുകളിലും പുരട്ടുന്ന ഒരുതരം ജെൽ, ആരെങ്കിലും വീടിനടുത്തെത്തിയാൽ ദ്രാവകം സ്‌പ്രേ ചെയ്യുന്ന ഓട്ടോമാറ്റിക് ട്രാപ്പ് എന്നിവ ഉൾപ്പെടുന്നു.

ഫോറൻസിക്ക് വഴി കുറ്റവാളികളെ ടാഗ് ചെയ്യാൻ ഈ ദ്രാവകം സഹായിക്കുന്നു. ഇതോടെ അയാളെ ട്രാക്ക് ചെയ്യാൻ എളുപ്പമാകുന്നു. "ഞങ്ങൾ കുറ്റവാളിയോട് പറയുന്നത്, നിങ്ങൾ ഇരയുടെ അടുത്തേയ്ക്ക് മടങ്ങുകയും, കോടതി പറഞ്ഞ വ്യവസ്ഥകൾ ലംഘിക്കുകയും ചെയ്താൽ, നിങ്ങളെ ഫോറൻസിക്ക് വഴി പിന്തുടരും" വെസ്റ്റ് യോർക്ക്ഷയർ പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് ലീ ബെറി പറഞ്ഞു. വേക്ക്ഫീൽഡ് നഗരത്തിൽ നിന്നുള്ള ഒരാൾക്ക് 24 ആഴ്ച തടവും അവന്റെ മുൻ പങ്കാളിയെ സന്ദർശിച്ചതിന് രണ്ട് വർഷത്തെ വിലക്കും ലഭിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.

വെസ്റ്റ് യോർക്ക്ഷയർ, സൗത്ത് യോർക്ക്ഷയർ, സ്റ്റാഫോർഡ്ഷയർ പൊലീസ് സേനകളെല്ലാം ഗാർഹിക പീഡനത്തിനെതിരെ പോരാടുന്നതിന്റെ ഭാഗമായി പ്രതിമാസം 150 പൗണ്ട് വിലവരുന്ന ഈ കിറ്റ് ആളുകൾക്ക് നൽകുന്നു. ഗാർഹിക പീഡനം സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഭൂരിഭാഗം ഇരകളും തങ്ങൾക്ക് സുരക്ഷിതത്വമുണ്ടെന്ന് പൊലീസിനോട് പറഞ്ഞു. മുൻപ് കള്ളന്മാരെ പിടികൂടാനാണ് പ്രധാനമായും സ്മാർട്ട് വാട്ടർ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഗാർഹിക പീഡനത്തെ ചെറുക്കാനും ഈ സാങ്കേതികവിദ്യ പ്രയോഗിക്കുന്നു.

വെസ്റ്റ് യോർക്ക്ഷെയറിലെ വേക്ക്ഫീൽഡിൽ നിന്നുള്ള ഒരാൾ തന്റെ മുൻ പങ്കാളിയെ ഉപദ്രവിക്കുകയും, തമ്മിൽ കാണരുതെന്ന കോടതി വിലക്ക് ലംഘിക്കുകയും ചെയ്തു. അയാൾ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചപ്പോൾ, അവൾ സ്‌മാർട്ട്‌വാട്ടർ ലായനി അയാളുടെ മേൽ സ്‌പ്രേ ചെയ്തു. അറസ്റ്റിലാകുമ്പോൾ അയാളുടെ വസ്ത്രത്തിൽ അതിന്റെ ടാഗ് കണ്ടെത്തി. തുടർന്ന്, അയാൾക്ക് 24 ആഴ്ച്ച ജയിൽ ശിക്ഷയും, രണ്ട് വർഷത്തെ വിലക്കും ഏർപ്പെടുത്തി. ഭാവിയിൽ സ്മാർട്ട്‌വാട്ടർ സാങ്കേതികവിദ്യ വൻതോതിൽ വിതരണം ചെയ്യാനും അന്വേഷണങ്ങളിൽ ഉപയോഗിക്കാനും കഴിയുമെന്ന് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു.