Asianet News MalayalamAsianet News Malayalam

വിവാഹമോചനത്തിന് കാരണം പെണ്ണുങ്ങളുടെ പുകവലിയെന്ന് പാകിസ്ഥാൻ നാഷണൽ അസംബ്ലിയംഗം

പ്രധാന നഗര പ്രദേശങ്ങളിലാണ് വിവാഹമോചനങ്ങൾ കൂടുതലും നടക്കുന്നതെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, വിവാഹമോചന കേസുകളിൽ ഭൂരിഭാഗവും വിവാഹമോചനം ആവശ്യപ്പെടുന്നത് സ്ത്രീകളാണ് എന്നത് മറ്റൊരു സത്യം.

smoking in women causes increasing divorce says Dr Nausheen Hamid
Author
Pakistan, First Published Dec 3, 2021, 2:41 PM IST

പുകവലി(smoking)യുടെ പ്രധാന ദൂഷ്യഫലങ്ങളിൽ ചിലത് ശ്വസനപ്രശ്നങ്ങളും, ശ്വാസകോശ അർബുദവും ഒക്കെയാണെന്ന് നമുക്കറിയാം. എന്നാൽ, വിവാഹമോചനവും(divorce) അതിന്റെ ഒരു ദൂഷ്യഫലമാണോ? ആണെന്നാണ് പാകിസ്ഥാൻ ഭരിക്കുന്ന പാർട്ടിയായ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) -ലെ ഒരു നിയമനിർമ്മാതാവ് വിശ്വസിക്കുന്നത്. സ്ത്രീകൾ പുകവലിക്കുന്നതാണ് പാക്കിസ്ഥാനി(Pakistan)ൽ വിവാഹമോചന നിരക്ക് കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് എന്നാണ് തെഹ്‌രീകെ ഇൻസാഫിന്റെ ദേശീയ അസംബ്ലി അംഗം ഡോ.നൗഷീൻ ഹമീദ്(Dr Nausheen Hamid) പറയുന്നത്. 

ചൊവ്വാഴ്ച ഇസ്ലാമാബാദി(Islamabad)ൽ നടന്ന പുകയിലയുടെ ഉപയോഗത്തെക്കുറിച്ചുള്ള ഒരു സെമിനാറിലാണ് അവർ ഇക്കാര്യം പറഞ്ഞത്. സ്ത്രീകൾ പുകവലിക്കുന്നത് ഭർതൃവീട്ടുകാർ അംഗീകരിക്കാത്തതിനാലാണ് പല വിവാഹങ്ങളും വിവാഹമോചനത്തിൽ കലാശിക്കുന്നതെന്നാണ് അവരുടെ അഭിപ്രായം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് വന്നതായും അവർ അവകാശപ്പെടുന്നു. ഇത് വിവാഹ ബന്ധങ്ങൾക്ക് ദോഷം ചെയ്യുമെന്നാണ് അവരുടെ വാദം. ഫെഡറൽ പാർലമെന്ററി സെക്രട്ടറിയുടെ അഭിപ്രായത്തിൽ പുകവലിക്കുന്ന അഞ്ചിൽ രണ്ടുപേരും സ്ത്രീകളാണ്. ഇത് നിരവധി സാമൂഹിക പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നുവെന്ന് ഡോ നൗഷീൻ ഹമീദ് പറഞ്ഞു.

ഒരു പ്രമുഖ സർവേ ഏജൻസിയായ ഗാലപ്പ് ആൻഡ് ഗിലാനി നടത്തിയ ഒരു സർവേയിൽ 58 ശതമാനം പാക്കിസ്ഥാനികളും വിശ്വസിക്കുന്നത് പാക്കിസ്ഥാനിൽ വിവാഹമോചന നിരക്ക് വർദ്ധിച്ചിട്ടുണ്ടെന്നാണ്. പ്രധാന നഗര പ്രദേശങ്ങളിലാണ് വിവാഹമോചനങ്ങൾ കൂടുതലും നടക്കുന്നതെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, വിവാഹമോചന കേസുകളിൽ ഭൂരിഭാഗവും വിവാഹമോചനം ആവശ്യപ്പെടുന്നത് സ്ത്രീകളാണ് എന്നത് മറ്റൊരു സത്യം.

പാക്കിസ്ഥാനിൽ, കുറഞ്ഞ വിലയ്ക്ക് സിഗരറ്റ് ലഭ്യമാകുന്നത് കൂടുതൽ ആളുകളെ പുകവലിയിലേക്ക് ആകർഷിക്കുന്നു.  ഇപ്പോൾ ആകെ മരണങ്ങളിൽ പതിനൊന്ന് ശതമാനവും പുകവലി മൂലമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിലെ ചിക്കാഗോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് റിസർച്ചിന്റെ 2013 -ലെ ഒരു പഠനമനുസരിച്ച്, 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള 22 ദശലക്ഷത്തിലധികം (19%) പാകിസ്ഥാൻ പൗരന്മാർ പുകയില ഉപയോഗിക്കുന്നവരാണ്. ലോകത്തിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സിഗരറ്റ് ലഭിക്കുന്ന രാജ്യമാണ്  പാകിസ്ഥാൻ. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുമ്പോഴും, സ്ത്രീകൾ മാത്രമാണ് അതിന്റെ പേരിൽ പഴി കേൾക്കുന്നത്.  പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, പുകവലി പുരുഷത്വത്തിന്റെ ലക്ഷമായിട്ടായിരുന്നു കുറച്ച് കാലം മുൻപ് വരെ കണക്കാക്കപ്പെട്ടിരുന്നത്.  

Follow Us:
Download App:
  • android
  • ios