മലേഷ്യൻ രജിസ്ട്രേഷൻ ഉണ്ടായിരുന്ന ലോറിയിൽ ആയിരുന്നു ബാഗിനുള്ളിൽ കുത്തിനിറച്ച നിലയിൽ നായ്ക്കളെയും പൂച്ചയെയും സൂക്ഷിച്ചിരുന്നത്.

ലോൺട്രി ബാഗിനുള്ളിലാക്കി നായ്ക്കുട്ടികളെയും പൂച്ചയെയും മലേഷ്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് കടത്താൻ ശ്രമിച്ച ഇന്ത്യൻ വംശജൻ പിടിയിൽ. 26 നായ്ക്കുട്ടികളെയും ഒരു പൂച്ചയെയും ആണ് ഇയാൾ ഇത്തരത്തിൽ കടത്താൻ ശ്രമം നടത്തിയത്. പിടിയിലായ ഇയാൾക്കെതിരെ കുറ്റം ചുമത്തി 12 മാസത്തെ തടവ് ശിക്ഷ വിധിച്ചു.

ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മൃഗ കടത്ത് കേസുകളിൽ വച്ച് ഏറ്റവും ഗുരുതരമായ കേസാണ് ഇതെന്ന് നാഷണൽ പാർക്ക് ബോർഡ് (NParks) അഭിപ്രായപ്പെട്ടു. ബാഗിനുള്ളിലാക്കി കടത്താൻ ശ്രമിച്ച നായ്ക്കുട്ടികളിൽ ഒരെണ്ണം ആദ്യമേ ചത്തതായും 18 നായ്ക്കൾ പാർവോവൈറസ് അണുബാധ മൂലം ചത്തതായും ആണ് ചാനൽ ന്യൂസ് ഏഷ്യ റിപ്പോർട്ട് ചെയ്യുന്നത്.

സംഭവത്തിൽ ലൈസൻസില്ലാതെ വളർത്തുമൃഗങ്ങളെ അനധികൃതമായി ഇറക്കുമതി ചെയ്യുകയും മൃഗങ്ങളെ ശാരീരിക ഉപദ്രവം ഏൽപ്പിക്കുകയും ചെയ്ത ഗോബിസുവരൻ പരമൻശിവൻ എന്ന ഇന്ത്യൻ വംശജനെതിരെയാണ് പൊലീസ് കേസ് എടുത്തത്. 2022 ഒക്ടോബർ 18 -നാണ് ഇയാൾ ഇത്തരത്തിൽ മൃഗങ്ങളെ കടത്താൻ ശ്രമം നടത്തിയത്.

തുവാസ് ചെക്ക്‌പോസ്റ്റിൽ വെച്ച് വാഹന പരിശോധനയ്ക്കിടയിലാണ് ഇയാൾ പിടിയിലായത്. മലേഷ്യൻ രജിസ്ട്രേഷൻ ഉണ്ടായിരുന്ന ലോറിയിൽ ആയിരുന്നു ബാഗിനുള്ളിൽ കുത്തിനിറച്ച നിലയിൽ നായ്ക്കളെയും പൂച്ചയെയും സൂക്ഷിച്ചിരുന്നത്. ലോറിയുടെ കമ്പാർട്ട്മെന്റിനുള്ളിൽ സൂക്ഷിച്ചു നിലയിലാണ് മൃഗങ്ങളെ കണ്ടെത്തിയത്. മൃഗങ്ങളെ പൊലീസ് ഇയാളിൽ നിന്നും പിടിച്ചെടുക്കുകയും ഗോബിസുവരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പൊലീസ് നടത്തി വരികയാണ്. എവിടുന്നാണ് ഇയാൾക്ക് ഇത്രയധികം നായക്കുട്ടികളെ ഒരുമിച്ച് കിട്ടിയത് എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.