Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്ത് ഓൺലൈനിൽ മദ്യം വിൽക്കാമോ? ഓൺലൈൻ വില്പനയുടെ ഗുണദോഷങ്ങൾ എന്തൊക്കെ?

ഓൺലൈൻ വില്പനയുടെ പ്രധാന ദോഷമായി പറയുന്നത് അത് നടപ്പിലാക്കുമ്പോൾ ചുരുങ്ങിയ പ്രായത്തിൽ കുറഞ്ഞ ചെറുപ്പക്കാർ മദ്യം വാങ്ങുന്നില്ല എന്നുറപ്പിക്കുക പ്രയാസമാകും എന്നതാണ്.

Social and health implications of the online liquor sales in the time of corona
Author
Delhi, First Published May 8, 2020, 2:44 PM IST
  • Facebook
  • Twitter
  • Whatsapp

മാർച്ച് 25 മുതൽ തുടങ്ങിയ ലോക്ക് ഡൗൺ കാരണം മദ്യഷാപ്പുകൾ കൂടി പൂട്ടിയപ്പോൾ ആപ്പിലായത് ഇന്ത്യൻ നിർമിത മദ്യത്തിന്റെ ഉപഭോക്താക്കളാണ്. അവരിൽ ചിലർ മദ്യമില്ലാതെ ജീവിക്കുക വളരെ പ്രയാസകരമാണ് എന്നുള്ള മദ്യത്തിന് അടിപ്പെട്ട് ജീവിക്കുന്നവരാണ്. അല്ലാതെ മദ്യത്തിന് അടിപ്പെടാതെ കൂടിയും കുറഞ്ഞുമുള്ള പ്രവൃത്തികളിൽ മദ്യപിക്കുന്ന പലർക്കും അതോടെ സാധനം ഒന്ന് മണപ്പിക്കാൻ പോലും കിട്ടാതെയായി. 
 
ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടന്നപ്പോഴും, കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളും മദ്യവില്പന തുടങ്ങാൻ മടിച്ചുനിന്നപ്പോൾ, മറ്റു പലരും അവരുടെ മുഖ്യ വരുമാന മാർഗമായ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍തുറന്നു പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചു. ദില്ലി, മുംബൈ, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങൾ തൊട്ട്, പല സംസ്ഥാനങ്ങളിലെയും ചെറുപട്ടണങ്ങളിൽ വരെ മദ്യവില്പനശാലകൾ വീണ്ടുമുണർന്നു. ആഴ്ചകളായി അടഞ്ഞു കിടന്ന മദ്യഷോപ്പുകൾ വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി എന്നറിഞ്ഞ കുടിയന്മാർ വിവരമറിഞ്ഞ പാടെ കൂട്ടത്തോടെ ഒഴുകിയെത്തി. വരികൾ പാമ്പുപോലെ നീണ്ടു. മഴപെയ്തിട്ടും ആലിപ്പഴം പൊഴിഞ്ഞിട്ടും പതറാതെ അവർ ക്യൂകളിൽ ഉറച്ചു നിന്നു. 

 

Social and health implications of the online liquor sales in the time of corona

 

എന്നാൽ, മദ്യഷോപ്പുകൾ തുറന്ന പല നഗരങ്ങൾക്കും തിരക്ക് കാരണം സാമൂഹിക അകലം പാലിക്കാൻ പറ്റാതെയായി. അവർക്ക് തുറന്ന ഷോപ്പുകൾ അടക്കാനുള്ള തീരുമാനവും എടുക്കേണ്ടി വന്നു എങ്കിലും പലയിടത്തും ഇപ്പോഴും വില്പന പൊടിപൊടിക്കുന്നുണ്ട്. ഛത്തീസ്‌ഗഢ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ വെബ്സൈറ്റുകൾ തുറന്ന് ഓൺലൈൻ ആയി ബുക്ക് ചെയ്ത് മദ്യം വീട്ടിൽ എത്തിച്ചു നൽകാനുള്ള സൗകര്യങ്ങളും തുടങ്ങി. ആദ്യ ദിവസത്തെ വില്പനയിൽ തന്നെ കർണാടകത്തിന് 70 കോടിയും ഉത്തർപ്രദേശിന്‌  100 കോടിയും വരുമാനമുണ്ടായി. മദ്യത്തിന് ജിഎസ്ടി ഇല്ലാത്തതിനാൽ അതിന്റെ എക്സൈസ് ഡ്യൂട്ടിയിൽ നിന്നുള്ള മൊത്തം വരുമാനവും സംസ്ഥാനസർക്കാരുകൾക്ക് ചെന്നുചേരും. പല സംസ്ഥാനങ്ങളുടെയും നികുതി വരുമാനത്തിന്റെ 10 -15 ശതമാനവും വന്നുചേർന്നിരുന്നത് ബിവറേജസുകളുടെ വരുമാനത്തിൽ നിന്നാണ് എന്നതിനാൽ അവർക്ക് മദ്യം വിൽക്കാതെ ചെലവുനടത്താൻ പറ്റാത്ത അവസ്ഥയാണുള്ളത്. 

ഈ സാഹചര്യത്തിൽ ഉയരുന്ന ചോദ്യമിതാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംസ്ഥാനസർക്കാരുകൾക്ക് മദ്യം വിറ്റേ തീരൂ എന്ന സാഹചര്യമാണ് നിലവിലുള്ളത് എങ്കിൽ ഈ കൊറോണക്കാലത്ത് ജനങ്ങളെ കുടുസ്സായ ബിവറേജ് ഔട്ട്ലെറ്റുകൾക്ക് മുന്നിൽ കൂട്ടം കൂടി വൈറസിന്റെ അപകടത്തിലേക്ക് തള്ളിവിടുന്നതിനു പകരം ഓൺലൈൻ വില്പനയ്ക്ക് വേണ്ട സൗകര്യങ്ങൾ ചെയ്താൽ എന്താണ് കുഴപ്പം?

ഛത്തീസ്‌ഗഢ് ആണ് ഈ കാര്യത്തിൽ ഒരു നടപടി ആദ്യമായി രാജ്യത്ത് എടുത്ത സംസ്ഥാനം. അവർ മെയ് അഞ്ചാം തീയതി തൊട്ട് സംസ്ഥാനത്തെ ഗ്രീൻ സോണുകളിൽ മദ്യം വിറ്റുതുടങ്ങി. വെബ്സൈറ്റിൽ ബുക്ക് ചെയ്യുന്ന രണ്ടു ലിറ്ററിൽ കുറഞ്ഞ അളവിലുള്ള മദ്യം വീട്ടിൽ നേരിട്ട് എത്തിച്ചു നൽകുന്ന സംവിധാനമാണ് അവിടെ നടപ്പിൽ വരുത്തിയിരിക്കുന്നത്. പഞ്ചാബ് ഓൺലൈൻ സേവനം ലഭ്യമാക്കിയിട്ടില്ല എങ്കിലും ഓറഞ്ച്,ഗ്രീൻ സോണുകളിൽ ഹോം ഡെലിവറി ചെയ്യുന്നതിനെപ്പറ്റിയുള്ള ആലോചനകൾ അവിടെ സജീവമാണ്. 

എന്താണ് ഓൺലൈൻ വിൽപ്പനയെ നിയന്ത്രിക്കുന്ന നിയമം? 

ഇന്ത്യൻ ഭരണഘടനയുടെ ഏഴാം അനുച്ഛേദം പ്രകാരം മദ്യവില്പന സംബന്ധിച്ച നിയമങ്ങളുണ്ടാക്കുക സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. മദ്യം വിൽക്കുന്നതിനെപ്പറ്റി അതാതു സംസ്ഥാനങ്ങളിലെ സർക്കാരുകൾ വെവ്വേറെ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.  മദ്യം വിലകൊടുത്ത് വാങ്ങാനുള്ള ചുരുങ്ങിയ പ്രായം പലയിടത്തും പലതാണ്. ഉദാ. ദില്ലിയിൽ അത് 25 വയസ്സാണെങ്കിൽ, കേരളത്തിൽ 23 വയസ്സാണ്. കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ 18 വയസ്സ് തികഞ്ഞാൽ മദ്യപിക്കാം. അതുപോലെ ചില സംസ്ഥാനങ്ങൾ വില്പന ഗവൺമെന്റ് തലത്തിൽ നിയന്ത്രിച്ചു വെച്ചിരിക്കുകയാണ്. അതേസമയം പല സംസ്ഥാനങ്ങളും സ്വകാര്യ ലിക്വർ ഷോപ്പുകൾക്ക് ലൈസൻസ് നൽകിയിട്ടുമുണ്ട്. 

ഇപ്പോൾ രാജ്യം കൊറോണ എന്ന മഹാമാരിയോട് പോരാടിക്കൊണ്ടിരിക്കുന്നതിനാലും, 2005 -ലെ ദുരന്തനിവാരണ നിയമം, 1897 -ലെ എപ്പിഡെമിക് ഡിസീസസ് ആക്റ്റ് എന്നീ നിയമങ്ങൾ ഇളവിലുള്ളതിനാലും, ഈ പോരാട്ടത്തിന് യുക്തമെന്നു സർക്കാരുകൾക്ക് തോന്നും വിധം നിയമങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള അധികാരം അവർക്കുണ്ട്. അതിന്റെ ബലത്തിലാണ് ഛത്തീസ്ഗഢ് സംസ്ഥാനത്ത് ഓൺലൈൻ ആയി മദ്യവില്പന തുടങ്ങിയതും. ചത്തീസ്ഗഢിന്റെ വഴിയേ മറ്റു സംസ്ഥാനങ്ങൾക്കും സഞ്ചരിക്കാവുന്നതാണ്. അതിന് വിലക്കൊന്നുമില്ല. 

 

Social and health implications of the online liquor sales in the time of corona

 

മാർച്ച് 20 -ണ് മദ്യം ഓൺലൈൻ ആയി വിതരണം ചെയ്യാൻ നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഹർജിയുമായി ചെന്ന പരാതിക്കാരന്  അമ്പതിനായിരം രൂപ പിഴചുമത്തിക്കൊണ്ട് ഹർജി തള്ളിയ ഹൈക്കോടതി, അത് സർക്കാരിന്റെ ജോലിയാണെന്നും ഇത്തരം അനാവശ്യ ഹർജിയുമായി കോടതിയുടെ  സമയം മിനക്കെടുത്തരുത് എന്നും താക്കീത് നൽകി. പിഴത്തുക CMDRF 'ലേക്കടയ്ക്കാനും കോടതി പരാതിക്കാരനെ ശട്ടം കെട്ടി. 

ഓൺലൈൻ വില്പന  എന്തുകൊണ്ടും നല്ലതുതന്നെയാണ് എന്നാണ് വിൽപ്പനക്ക് ലൈസൻസ് ഉള്ള സ്ഥാപനങ്ങളുടെ അഭിപ്രായം. കൊറോണാ ഭീതി  വിട്ടുമാറിയിട്ടില്ലാത്ത ഇന്നത്തെ സാഹചര്യത്തിൽ ഗ്രീൻ സോണുകളിൽ പോലും മദ്യഷാപ്പുകൾക്ക് മുന്നിൽ ആൾക്കൂട്ടമുണ്ടാക്കുന്നത് നന്നാവില്ല എന്നാണ് അവർ പറയുന്നത്. അതൊഴിവാക്കാൻ ഓൺലൈൻ വില്പന സഹായിക്കും. ആൾക്കൂട്ടം ഒഴിവാക്കിക്കൊണ്ടുതന്നെ അത്  വില്പനയിൽ നിന്നുള്ള വരുമാനവും നിലയ്ക്കാതെ കാക്കും. 

എന്താണ് ഓൺലൈൻ വില്പനയുടെ ദോഷവശങ്ങൾ ?

ഓൺലൈൻ വില്പനയുടെ പ്രധാന ദോഷമായി പറയുന്നത് അത് നടപ്പിലാക്കുമ്പോൾ ചുരുങ്ങിയ പ്രായത്തിൽ കുറഞ്ഞ ചെറുപ്പക്കാർ മദ്യം വാങ്ങുന്നില്ല എന്നുറപ്പിക്കുക പ്രയാസമാകും എന്നതാണ്. വാങ്ങുന്നവരുടെ പ്രായം ഉറപ്പിക്കാനുള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ ഓൺലൈൻ സംവിധാനത്തിൽ ഇല്ല എന്നതാണ്. 2015 -ൽ ചെന്നൈയിൽ ഹിപ്പ് ബാർ എന്നപേരിൽ മൊബൈൽ വാലറ്റിൽ അധിഷ്ഠിതമായ ഒരു ഓൺലൈൻ മദ്യവ്യാപാരശാല പ്രവർത്തനമാരംഭിച്ചിരുന്നു. 2017 -ൽ അവർ ബെംഗളുരുവിലേക്കും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കയുണ്ടായി. എന്നാൽ 2019 -ൽ 'മിനിമം പ്രായം ഉറപ്പിക്കാനുള്ള സംവിധാനമില്ല' എന്ന കാരണം ചൂണ്ടിക്കാട്ടി സംസ്ഥാനസർക്കാർ കർണാടകയിൽ ഹിപ്പ് ബാറിന്റെ പ്രവർത്തനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഹിപ്പ് ബാറിന്റെ ഉടമ പ്രസന്ന നടരാജൻ പറഞ്ഞത് ആധാർ ഉപയോഗിച്ച് പ്രായം കൃത്യമായി വെരിഫൈ ചെയ്യാൻ സാധിക്കും എന്നാണ്. ഓൺലൈൻ സംവിധാനങ്ങളിൽ തട്ടിപ്പുകൾക്കുള്ള സാധ്യത ധാരാളമാണ് എന്നതും ഒരു ദോഷമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ 

വീട്ടിലിരുന്നും മദ്യം ഓർഡർ ചെയ്യാനുള്ള സൗകര്യമുണ്ടാവുമ്പോൾ ജനങ്ങൾ കൂടുതൽ ആൽക്കഹോൾ അടിമകളാകും എന്നും ആക്ഷേപമുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിൽ ചെന്ന് ക്യൂ നില്ക്കാൻ മടിച്ച് മദ്യപാനം പരിമിതപ്പെടുത്തുന്നവർ ഓൺലൈൻ സംവിധാനം വരുന്നതോടെ കൂടുതൽ മദ്യം സേവിക്കാൻ തുടങ്ങും. അത് അവർക്ക് മദ്യം നിമിത്തമുള്ള സിറോസിസ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത ഏറ്റും. അത് മദ്യത്തിന് അടിമകളാകുന്നവരുടെ എണ്ണവും വർധിപ്പിക്കും. 2019 -ൽ AIIMS നടത്തിയ ഒരു പഠനം പറയുന്നത് ഇന്ത്യയിൽ നിലവിൽ 5.7 കോടി മദ്യാസക്തർ ഉണ്ടെന്നാണ്. 2018 -ലെ WHO റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ മദ്യത്തിന്റെ അമിതമായ ഉപഭോഗം നിമിത്തം  ഒരുവർഷം ശരാശരി 2,60,000 പേരെങ്കിലും മരിക്കുന്നുണ്ട് എന്നാണ്. ഓൺലൈൻ വില്പന തകൃതിയായാൽ ഇത് ഇരട്ടിക്കുമെന്നാണ് ആശങ്ക. മാത്രവുമല്ല, 

 

Social and health implications of the online liquor sales in the time of corona

 

മദ്യം സേവിക്കുന്നതിലൂടെ നേരിട്ട് കോവിഡ് ബാധയിൽ വർധനവുണ്ടായി എന്നതിന് നേരിട്ടുള്ള തെളിവുകളൊന്നും ഒരു പഠനങ്ങളിലും വെളിപ്പെട്ടിട്ടില്ല എങ്കിലും മദ്യപിക്കുന്നവരിൽ കൊറോണവൈറസിനോടുള്ള പ്രതിരോധക്ഷമത കുറയും എന്നും ആരോഗ്യരംഗത്തുള്ളവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ മധുര ജില്ലയിൽ സ്ത്രീകൾ സംഘടിച്ച് മദ്യഷാപ്പുകൾ തുറക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ സമരം നടത്തിയിരുന്നു. മദ്യസേവയ്ക്ക് ശേഷം പുരുഷന്മാർ വീടുകളിൽ ഭാര്യമാരെ ഉപദ്രവിക്കുന്നതിന്റെ തോത് കൂടിയിട്ടുണ്ടെന്നാണ് അവരുടെ ആക്ഷേപം.  

മേൽപ്പറഞ്ഞ ആശങ്കകൾ എല്ലാം തന്നെ പരിഗണിച്ചുകൊണ്ട് നിയന്ത്രിതമായ രീതിയിൽ ഏറ്റവും സുരക്ഷിതമായ സംവിധാനങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഓൺലൈൻ സേവനങ്ങൾ കൂടി ലഭ്യമാക്കുന്നത് ഇപ്പോൾ മദ്യഷാപ്പുകൾ തുറന്നിരിക്കുന്ന, ഇനി തുറക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ മദ്യവില്പനയുമായി ബന്ധപ്പെട്ടുകൊണ്ടുണ്ടാകാൻ സാധ്യതയുള്ള കൊവിഡ് ബാധ നിയന്ത്രിച്ചു നിർത്താൻ സഹായകമാകും എന്നുതന്നെയാണ് പൊതുവെയുള്ള ഉയർന്നുവന്നിട്ടുള്ള അഭിപ്രായം. 

Follow Us:
Download App:
  • android
  • ios