അതേസമയം, മുനിസിപ്പാലിറ്റി രാഷ്ട്രീയ നേട്ടങ്ങൾക്കായി ബോജിയുടെ ജനപ്രീതി ദുരുപയോഗം ചെയ്യുന്നുവെന്ന് പരക്കെ ഒരു ആക്ഷേപം ഉയരുന്നുണ്ട്. 

തുർക്കി നഗരത്തിലെ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ആയിരക്കണക്കിന് പൂച്ചകളും നായ്ക്കളുമുണ്ട്‌. അവിടെ അതൊരു പുതുമയല്ല. എന്നാൽ, അക്കൂട്ടത്തിൽ ബോജി (Boji) എന്ന തെരുവ് നായയാണ് (street dog) ഇപ്പോൾ താരമാവുന്നത്. അവന്റെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിലെ (Istanbul) കടത്തുവള്ളങ്ങളിലും ബസുകളിലും മെട്രോ ട്രെയിനുകളിലും അവൻ ഒരു സ്ഥിരം യാത്രക്കാരനാണ്. ഒരു ദിവസത്തിൽ ചുരുങ്ങിയത് 30 കിലോമീറ്റർ വരെ അവൻ യാത്ര ചെയ്യുന്നു. സ്വർണ്ണനിറമുള്ള രോമങ്ങളും, ഇരുണ്ട കണ്ണുകളും, തൂങ്ങിയ ചെവികളുമുള്ള ബോജി എല്ലാവർക്കും ഒരു കൗതുകമാണ്.

രണ്ട് മാസം മുമ്പാണ് അവനെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. നായ്ക്കൾ യാത്ര ചെയ്യുന്ന കഥകൾ നമ്മൾ മുൻപ് കേട്ടിട്ടുണ്ടാകും. എന്നാൽ, പൊതുഗതാഗതം ഉപയോഗിച്ച് യാത്ര ചെയ്യുന്ന നായയെ കുറിച്ച് കേട്ടിട്ടുണ്ടാകില്ല. എന്ന് മുതലാണ് അവൻ ഇത് ശീലമാക്കിയതെന്ന് അറിയില്ല. എന്നാൽ, ആളുകൾ ശ്രദ്ധിക്കുന്നത് മുതൽ അവന്റെ യാത്ര ഇങ്ങനെയാണ്. ബസ്, മെട്രോ, ട്രെയിനുകൾ, ഫെറി തുടങ്ങി എല്ലാത്തിലും അവൻ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അവൻ ഒരു സോഷ്യൽ മീഡിയാ സെൻസേഷനായി മാറുകയാണ്.

Scroll to load tweet…

ബോജിയെ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇസ്താംബുൾ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റിയാണ്. ബോജിയുടെ പ്രസിദ്ധി റെക്കോർഡ് തലത്തിൽ എത്തിയപ്പോൾ, അവന് വേണ്ടി നഗരസഭ ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയയിൽ അക്കൗണ്ടുകൾ തുറന്നു. "ഇസ്താംബൂളിലെ സഞ്ചരിക്കുന്ന നായ" എന്ന ടാഗ്‌ലൈനിലാണ് അവന്റെ ചിത്രങ്ങൾ ട്വിറ്റർ പേജിൽ നിറയുന്നത്. ഒരു മാസത്തിനുള്ളിൽ 60,000 ഫോളോവേഴ്‌സിനെ അവന് ലഭിച്ചു. അവന്റെ ഓരോ പോസ്റ്റിനും ആയിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. ഇപ്പോൾ അവന്റെ കൂടെ ഒരു സെൽഫിക്കായി ആളുകൾ പോസ് ചെയ്യുന്നു. അവന്റെ കഴുത്തിൽ സൂക്ഷിച്ച് നോക്കിയാൽ ഒരു പച്ച മൈക്രോചിപ്പ് കാണാം. ഇസ്താംബൂൾ മുനിസിപ്പാലിറ്റിയ്ക്ക് നഗരത്തിലുടനീളമുള്ള അവന്റെ യാത്രകൾ ട്രാക്കുചെയ്യാനും റെക്കോർഡ് ചെയ്യാനും വേണ്ടിയാണ് അത്. മൈക്രോചിപ്പ് വഴി ലഭിച്ച വിവരങ്ങൾ അനുസരിച്ച്, ബോജി ദിവസവും കുറഞ്ഞത് 29 മെട്രോ സ്റ്റേഷനുകളിൽ പോകുന്നു. കൂടാതെ, അവൻ ചില ദിവസം 30 കിലോമീറ്റർ വരെ യാത്ര ചെയ്യുന്നു.

"ബോജിക്ക് വിശക്കുന്നുണ്ടോ ദാഹിക്കുന്നുണ്ടോ എന്ന് അറിയാനും, അവൻ ഏത് ട്രെയിനുകളിലാണെന്നും, എവിടെയാണെന്നും ട്രാക്ക് ചെയ്യാനുമാണ് ഞങ്ങൾ ചിപ്പ് ഘടിപ്പിച്ചിരിക്കുന്നത്" ഇസ്താംബുൾ മെട്രോയുടെ ഓപ്പറേഷൻസ് മാനേജർ ഒമർ തസ്കര പറഞ്ഞു. അതേസമയം, മുനിസിപ്പാലിറ്റി രാഷ്ട്രീയ നേട്ടങ്ങൾക്കായി ബോജിയുടെ ജനപ്രീതി ദുരുപയോഗം ചെയ്യുന്നുവെന്ന് പരക്കെ ഒരു ആക്ഷേപം ഉയരുന്നുണ്ട്. 

Scroll to load tweet…

സ്വതന്ത്രമായി നായയെ അലയാൻ അനുവദിച്ചുകൊണ്ട് മുനിസിപ്പാലിറ്റി പൊതുജനങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും വിമർശകർ അവകാശപ്പെടുന്നു. ഒരു വീഡിയോയിൽ ബോജി ഒരു യാത്രക്കാരന്റെ കൈയിൽ കടിക്കുന്നത് കാണാം. കളിക്കാണെങ്കിലും, ബോജി ആക്രമണാത്മക സ്വഭാവം പ്രദർശിപ്പിക്കുന്നുവെന്നും വിമർശകർ ആരോപിച്ചു.