1987 -ല്‍ വില്‍പ്പന നടത്തിയ ഗോതമ്പിന്റെ ബില്ലാണ് അത്. ആ ബില്ല് പ്രകാരം അന്ന് ഒരു കിലോ ഗോതമ്പിന് എത്രയായിരുന്നു വില എന്നറിയണോ?

36 വര്‍ഷങ്ങള്‍ മുന്‍പുള്ള ഒരു ബില്ല് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 1987 -ല്‍ വില്‍പ്പന നടത്തിയ ഗോതമ്പിന്റെ ബില്ലാണ് അത്. ആ ബില്ല് പ്രകാരം അന്ന് ഒരു കിലോ ഗോതമ്പിന് എത്രയായിരുന്നു വില എന്നറിയണോ? 1.6 രൂപ. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥന്‍ പര്‍വീണ്‍ കസ്വാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ ബില്ലിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ കാഴ്ചക്കാരില്‍ ഏറെ കൗതുകം ഉണര്‍ത്തുകയാണ്. ഗുണനിലവാരം അനുസരിച്ച് ഇപ്പോള്‍ ഒരു കിലോ ഗോതമ്പിന്റെ വില 23 രൂപ മുതല്‍ 28 രൂപ വരെയാണ്. 

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് തന്റെ മുത്തശ്ശന്‍ വിറ്റ ഉല്‍പ്പന്നങ്ങളുടെ ബില്‍ ആണ് ഐഎഫ്എസ് ഓഫീസര്‍ ആയ പര്‍വീണ്‍ കസ്വാന്‍ പങ്കിട്ടത്.

'ഗോതമ്പ് കിലോയ്ക്ക് 1.6 രൂപയായിരുന്ന കാലം. എന്റെ മുത്തച്ഛന്‍ 1987-ല്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് വിറ്റ ഗോതമ്പ് ' എന്ന കുറിപ്പോടെയാണ് അദ്ദേഹം ബില്ലിന്റെ ചിത്രം ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തത്. എല്ലാ രേഖകളും കേടുകൂടാതെ സൂക്ഷിക്കുന്ന ശീലം തന്റെ മുത്തച്ഛനുണ്ടെന്നും തുടര്‍ന്നുള്ള ട്വീറ്റില്‍ അദ്ദേഹം പങ്കുവെച്ചു.

Scroll to load tweet…

നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ കമന്റുകളും ആയി എത്തിയത്. ഈ ബില്ലിനെ ജേ ഫോം എന്നാണ് വിളിക്കുന്നത് എന്നും ഒരു കമന്റിന് നല്‍കിയ മറുപടിയില്‍ അദ്ദേഹം പറഞ്ഞു.ഒരു കര്‍ഷകന്റെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ധാന്യവിപണിയില്‍ വിറ്റതിന്റെ രസീതാണ് ജെ ഫോം. കഴിഞ്ഞ 40 വര്‍ഷമായി താന്‍ വിറ്റ മുഴുവന്‍ കാര്‍ഷികവിളകളുടെയും ബില്ല് മുത്തച്ഛന്റെ കൈവശമുണ്ട് എന്നാണ് പര്‍വീണ്‍ പറയുന്നത്. ഒരു വലിയ പഠനത്തിന് തന്നെ ഇത് സഹായിക്കുമെന്നും ഇദ്ദേഹം പറയുന്നു. പോസ്റ്റ് ചെയ്തതിനുശേഷം വളരെ വേഗത്തിലാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് .