2019 -ലെ സൂര്യഗ്രഹണം കാണാൻ ഇന്ത്യയിലെയും ഏഷ്യയുടെ ചില ഭാഗങ്ങളിലെയും ആളുകൾ പ്രതീക്ഷയോടെ കാത്തിരുന്നപ്പോൾ മലേഷ്യയിലെ ആളുകൾ തെരുവുകളിൽ മുട്ട ബാലൻസ് ചെയ്‍തു നിർത്താനുള്ള തിരക്കിലായിരുന്നു. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന സമയത്ത് ഭൂമിയിൽ ഗുരുത്വാകർഷണം വളരെ കൂടുതലായിരിക്കുമെന്നതിന്‍റെ പിന്‍ബലത്തിലായിരുന്നുവത്രെ ഇത്.

ഗ്രഹണസമയത്ത് ഒരു മുട്ടയ്ക്ക് താഴെവീഴാതെ നിൽക്കാനാകുമെന്ന് പഠനം തെളിയിക്കുന്നുണ്ടെന്ന് പറയുന്നു. സൂര്യനും ചന്ദ്രനും ഭൂമിയിൽ നിന്ന് തുല്യദൂരത്ത് നിൽക്കുന്നതിനാൽ  ഗുരുത്വാകർഷണത്തിന്‍റെ തോത് തുല്യമായിരിക്കുമെന്നും, അതുകൊണ്ട് തന്നെ മുട്ട വീഴാനുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. പക്ഷേ, ഈ സിദ്ധാന്തപ്രകാരം ജലത്തെ ഇങ്ങനെ നിര്‍ത്താന്‍ സാധിക്കില്ല. പക്ഷേ, ആളുകൾ അതും പരീക്ഷിച്ചു നോക്കി. 

ആയിരക്കണക്കിന് ആളുകളാണ് ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ തടിച്ചുകൂടി അപൂർവ സൂര്യഗ്രഹണം കണ്ടത്. മലേഷ്യക്കാരനായ ഹക്കീം മരോഫ് നടപ്പാതയിലും റോഡിലും നിരത്തി വച്ചിരിക്കുന്ന ഇത്തരം മുട്ടകളുടെ ചിത്രങ്ങൾ എടുത്തിരുന്നു. “ഇത് എന്‍റെ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പരീക്ഷണമായിരുന്നു” ഫേസ്ബുക്കിൽ ഫൂട്ടേജ് പോസ്റ്റ് ചെയ്‍ത് ഹക്കീം പറഞ്ഞു.

എന്നാല്‍, ഈ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് മലേഷ്യൻ സയൻസ് യൂണിവേഴ്‌സിറ്റിയിലെ വിരമിച്ച ഭൗതികശാസ്ത്രജ്ഞൻ ഡോ. ചോങ് ഹോൺ യൂ പറയുന്നു. “ഗ്രഹണത്തിന് മുമ്പോ ശേഷമോ നിങ്ങൾക്ക് ഇതേ പരീക്ഷണം ചെയ്യാം” ചോങ് പറഞ്ഞു. “ചെറിയ കുട്ടികൾക്ക് ശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും താൽപ്പര്യമുണ്ടാക്കുന്നത് ഒരു നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.