വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നതെന്ന് ഹ്യുമാനിറ്റേറിയൻ ഏജൻസികൾ പറയുന്നു. വെള്ളവും, ഭക്ഷണസാധനങ്ങളും വൈദ്യസഹായവും അയയ്ക്കാൻ അവർ ശ്രമിക്കുന്നുവെങ്കിലും, ഇത് എല്ലാവരിലേക്കും എത്തിക്കാൻ സാധിക്കുന്നില്ല. 

ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയാണ്(worst drought) സൊമാലിയ(Somalia) ഇപ്പോൾ അഭിമുഖീകരിക്കുന്നത്. വരൾച്ചയുടെ പേരിൽ അവിടെ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് കുട്ടികളാണ്. രാജ്യത്തെ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ പകുതിയോളം പേർ ജൂൺ മാസത്തോടെ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കണ്ടെത്താൻ പാടുപെടുകയാണ്.

തെക്ക്-പടിഞ്ഞാറൻ സൊമാലിയയിലെ മൊഗാദിഷുവിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ലൂക്കിലെ ഒരു പോഷകാഹാര കേന്ദ്രത്തിൽ എത്തിയതാണ് നിംകോ അബ്ദി. അവരുടെ പെൺകുഞ്ഞിന് ആറുമാസമാണ് പ്രായം. അവളുടെ തൂക്കം വെറും നാല് കിലോയാണ്. അത് കുട്ടിക്ക് വേണ്ടുന്ന ഭാരത്തിന്റെ പകുതിയിൽ താഴെയാണ്. അവളുടെ പ്രായത്തിനനുസരിച്ച് നോക്കുമ്പോൾ അവൾ വളരെ ചെറുതാണ്. കണ്ണുകൾ കുഴിഞ്ഞ്, എല്ലുകൾ തള്ളി, ചുളിവുകൾ നിറഞ്ഞ് വിളറി വെളുത്ത രൂപമാണ് അവൾക്ക്. ഒന്ന് ഉറക്കെ കരയാനുള്ള ആരോഗ്യം പോലുമില്ല. കരയുമ്പോൾ ഒരു നേർത്ത ശബ്ദം മാത്രമാണ് പുറത്ത് വരുന്നത്. "ഞാൻ അവൾക്ക് ആദ്യമൊക്കെ മുലപ്പാൽ കൊടുക്കുമായിരുന്നു. പക്ഷേ, എനിക്ക് ആഹാരം കിട്ടാതായപ്പോൾ എന്റെ പാൽ വറ്റി. ഇതോടെ അവളും മെലിഞ്ഞു" നിംകോ പറയുന്നു.

കേന്ദ്രത്തിൽ നിന്ന് കുഞ്ഞിന് ആവശ്യമായ മരുന്നുകളും പാലും ലഭിക്കുമെന്ന് നിംകോ പറയുന്നു. പോഷകാഹാരക്കുറവ് മൂലം കഷ്ടപ്പെടുന്ന ഇതുപോലുള്ള അനേകായിരം കുഞ്ഞുങ്ങളുണ്ട് അവിടെ. "ഇനിയും ഒന്നും ചെയ്തില്ലെങ്കിൽ, വേനൽക്കാലത്തോടെ, രാജ്യത്ത് പോഷകാഹാരക്കുറവുള്ള 1.4 ദശലക്ഷം കുട്ടികളിൽ 3,50,000 പേരും മരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് ഓഫീസിലെ ആദം അബ്ദുൽമൗല മുന്നറിയിപ്പ് നൽകുന്നു.

പട്ടിണിയും ദാരിദ്ര്യവും കാരണം രാജ്യത്തെ 70 ശതമാനം കുട്ടികളും സ്‌കൂളിൽ പോകുന്നില്ല. ജൂബ ലാൻഡിലെ ഒരു സംസ്ഥാനത്ത് മാത്രം, വരൾച്ചയെ തുടർന്ന് 40 സ്‌കൂളുകളാണ് അടച്ചുപൂട്ടിയത്. അതുമല്ല കുടുംബാംഗങ്ങളെ മുഴുവൻ പോറ്റാൻ കഴിവില്ലാത്തതിന്റെ പേരിൽ ചിലർ പെൺകുട്ടികളെ നേരത്തെ തന്നെ വിവാഹം കഴിപ്പിച്ച് അയക്കുന്നു. രാജ്യത്തെ വരൾച്ച 4.5 ദശലക്ഷം ആളുകളെ ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. സൊമാലിയയിലെ ഏറ്റവും വലിയ ജുബ നദി പോലും വറ്റി വരണ്ടിരിക്കുന്നു. ജീവിക്കാൻ മാർ​ഗമില്ലാതെ, വെള്ളവും ആഹാരവും ഇല്ലാതെ വലയുന്ന ജനങ്ങളിൽ പലരും സ്വന്തം വീടും നാടും ഉപേക്ഷിച്ച് പോകുന്നു. യുഎൻ പറയുന്നതനുസരിച്ച്, ഭക്ഷണവും വെള്ളവും തേടി ഏകദേശം 700,000 ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി എന്നാണ് കണക്ക്. അവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കയാണ്.

ഗ്രാമപ്രദേശങ്ങളിലെ റോഡുകളിൽ, മൃഗങ്ങളുടെ ശവങ്ങൾ ചിതറിക്കിടക്കുന്ന ഭയപ്പെടുത്തുന്ന കാഴ്ചകളും കാണാം. മൃഗങ്ങളെ വളർത്തി വിറ്റ് ഉപജീവനം നടത്തുന്ന നിരവധി സോമാലിയക്കാർക്ക് ഇത് ദുരിത കാലമാണ്. ഇനി ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും വിലയാണെങ്കിൽ കുതിച്ചുയരുകയാണ്. ദുരിതാശ്വാസം തേടി ആളുകൾ നഗരകേന്ദ്രങ്ങളിലേക്ക് പലായനം ചെയ്യുമ്പോൾ ഗ്രാമങ്ങൾ നിശബ്ദമാവുകയാണ്. അവിടെ ബാക്കിയാകുന്നത് പ്രായമായവരാണ്. മഴ പെയ്യുന്നതും കാത്ത് അല്ലെങ്കിൽ അവരുടെ കുഞ്ഞുങ്ങൾ വെള്ളവുമായി മടങ്ങി വരുന്നതും കാത്ത് അവർ കുടിലുകളിൽ മൃതപ്രാണരായി ഇരിക്കുന്നു. ചിലർ മരിച്ച് വീഴുന്നു.

വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നതെന്ന് ഹ്യുമാനിറ്റേറിയൻ ഏജൻസികൾ പറയുന്നു. വെള്ളവും, ഭക്ഷണസാധനങ്ങളും വൈദ്യസഹായവും അയയ്ക്കാൻ അവർ ശ്രമിക്കുന്നുവെങ്കിലും, ഇത് എല്ലാവരിലേക്കും എത്തിക്കാൻ സാധിക്കുന്നില്ല. ഏപ്രിലിൽ മഴ ശരാശരിയോ അതിൽ താഴെയോ ആയിരിക്കുമെന്നാണ് പ്രവചനം. അതുകൊണ്ട് തന്നെ ഏറ്റവും മോശം കാലം ഇനി വരാനിരിക്കുന്നതാണെന്ന് ആശങ്കകൾ നിലനിൽക്കുന്നു. അടുത്ത ഏതാനും ആഴ്‌ചകളിൽ, കൂടുതൽ ധനസഹായവും സംഭാവനകളും ലഭ്യമാക്കിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് ഏജൻസികൾ മുന്നറിയിപ്പ് നൽകി.