വെള്ളം കെട്ടിനില്‍ക്കാതെയും പരിസരശുചിത്വം പാലിച്ചും കൊതുകിനെ വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്താം. അതോടൊപ്പം നമ്മുടെ പൂന്തോട്ടത്തില്‍ ചില പ്രത്യേക ഗന്ധമുള്ള ചെടികള്‍ നട്ടുപിടിപ്പിച്ചാല്‍ ഇത്തരം ശല്യക്കാരെ വീട്ടിന് വെളിയിലാക്കാവുന്നതാണ്. അത്തരം ചില ചെടികളെ പരിചയപ്പെടാം.

റോസ്‌മേരി എന്ന ചെടി കൊതുകിനെ പ്രതിരോധിക്കാന്‍ കഴിവുള്ളതാണ്. നല്ല സുഗന്ധമുള്ള ചെടിയാണ് ഇത്. ഈ ചെടിയുടെ പ്രത്യേക മണമാണ് കൊതുകിനെയും മറ്റു കീടങ്ങളെയും അകറ്റാന്‍ സഹായിക്കുന്നത്. വളരെ എളുപ്പത്തില്‍ പാത്രങ്ങളില്‍ വളര്‍ത്താം. ചൂടുള്ളതും ഉണങ്ങിയതുമായ കാലാവസ്ഥയിലാണ് ഇത് നന്നായി പ്രവര്‍ത്തിക്കുന്നത്. ഇത് പല ആകൃതിയില്‍ വെട്ടി നിര്‍ത്തിയാല്‍ പൂന്തോട്ടത്തില്‍ അലങ്കാരച്ചെടിയായും ഉപയോഗിക്കാം. നിങ്ങളുടെ തോട്ടത്തില്‍ റോസ്‌മേരി വളര്‍ത്തിയാല്‍ കൊതുകുകളെ അകറ്റി നിര്‍ത്താമെന്ന് മാത്രമല്ല സുഗന്ധം ആസ്വദിക്കുകയും ചെയ്യാം.

കുറ്റിച്ചെടിയാണ് ഇത്. ഇലകള്‍ സൂചി പോലെയാണ്. വയലറ്റ്, നീല, പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ പൂക്കള്‍ ഉണ്ടാകും. സുഗന്ധവ്യഞ്ജനമെന്ന നിലയില്‍ അടുക്കളിലും ഉപയോഗിക്കുന്നുണ്ട്. സാലഡുകളും സൂപ്പുകളും ഉണ്ടാക്കാന്‍ ഉപയോഗിക്കാം.

ചെണ്ടുമല്ലി

വളരെ എളുപ്പത്തില്‍ വളര്‍ത്താവുന്ന ചെടിയാണ് ചെണ്ടുമല്ലി. ഇതിന്റെ മണവും കൊതുകുകളെ അകറ്റാന്‍ സഹായിക്കുന്നു. കീടങ്ങളെയും കൊതുകുകളെയും അകറ്റാനായി ചട്ടികളിലോ പാത്രങ്ങളിലോ ആയി വീടിന്റെ മുന്‍വശത്തുതന്നെ വളര്‍ത്താവുന്നതാണ്. തക്കാളിയിലെ പുഴുക്കളെയും വെള്ളീച്ചകളെയും തുരത്താനും ഇതിന്റെ മണം ഉപകരിക്കും.

 

ചെണ്ടുമല്ലി വ്യാവസായികാടിസ്ഥാനത്തിലും കൃഷി ചെയ്യുന്നുണ്ട്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ജൈവവളസമ്പുഷ്ടമായ മണ്ണാണ് വളരാന്‍ ആവശ്യം. മണല്‍ കലര്‍ന്ന പശിമരാശി മണ്ണ് അനുയോജ്യമാണ്. നിങ്ങള്‍ ഒരു സെന്റ് സ്ഥലത്ത് കൃഷി ചെയ്യുകയാണെങ്കില്‍ ഏതാണ്ട് രണ്ടുഗ്രാം വിത്ത് ആവശ്യമാകും.

മണലും ചാണകപ്പൊടിയും കമ്പോസ്റ്റും ചേര്‍ത്തിളക്കി മണ്ണ് നിരപ്പാക്കിയശേഷം ചട്ടിയുടെ പുറത്തുള്ള തുറസായ സ്ഥലത്തും ചെണ്ടുമല്ലി കൃഷി ചെയ്യാം. ചെറിയ തൈകള്‍ വിത്ത് പാകി മുളപ്പിച്ച ശേഷം മൂന്നോ നാലോ ആഴ്ച പ്രായമായാല്‍ പറിച്ചു നടാം.

മണ്ണില്‍ ചാലുകള്‍ കീറി ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ഇട്ട ശേഷം ഒന്നര മുതല്‍ രണ്ടടി അകലത്തില്‍ തൈകള്‍ നടാം. 30 ദിവസത്തെ വളര്‍ച്ചയെത്തിയാല്‍ ചെടികളുടെ തലപ്പ് നുള്ളിക്കളയാം. അതിനുശേഷം പൂമൊട്ട് വരാന്‍ തുടങ്ങുമ്പോള്‍ കുമിള്‍നാശിനിയും കീടനാശിനിയും തളിക്കണം. ജൈവകീടനാശിനി ഉപയോഗിക്കാം.

ലെമണ്‍ ഗ്രാസ്

ലെമണ്‍ ഗ്രാസ് കൊതുകുകളെ തുരത്താന്‍ മിടുക്കനാണ്. സിട്രൊണെല്ല എന്ന എണ്ണ ഇതിന്റെ പൂക്കളില്‍ അടങ്ങിയിരിക്കുന്നു. ഇതാണ് കൊതുകുകളെ തുരത്താന്‍ സഹായിക്കുന്നത്. കോഴിക്കറിയില്‍ സുഗന്ധവും രുചിയും വര്‍ധിപ്പിക്കാന്‍ ലെമണ്‍ഗ്രാസ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നു. പെര്‍ഫ്യൂമുകളിലും ബാത്ത്‌റൂം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലോഷനുകളിലും ഇത് ഉപയോഗിക്കുന്നു.

 

തെരുവ പുല്‍, ഇഞ്ചിപ്പുല്‍ എന്നീ പേരുകളില്‍ ഇത് അറിയപ്പെടുന്നു. മലയോരപ്രദേശങ്ങളില്‍ ധാരാളമായി വളരുന്ന സസ്യമായിരുന്നു ഇത്. ആദിവാസി സഹകരണ സംഘങ്ങള്‍ കേരളത്തില്‍  വയനാട്ടില്‍ ലെമണ്‍ഗ്രാസ് തൈലം വിപണിയില്‍ എത്തിക്കുന്നുണ്ട്.

ഒക്ടോബര്‍-നവംബര്‍ മാസത്തിലാണ് കൃഷി ചെയ്യുന്നത്. വിത്ത് വിതച്ചാണ് കൃഷി. വിതച്ച് കഴിഞ്ഞാല്‍ നനയ്ക്കണം. വളവും കീടനാശിനിയും ഒന്നും ആവശ്യമില്ല. മൂന്ന് മാസം കൊണ്ട് പുല്ല് മുറിച്ചെടുക്കാം. ഇതിന് പ്രകൃതി തന്നെ നല്‍കിയ മണമാണ് പ്രാണികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.

ലെമണ്‍ ബാം

പുതിനയുടെ കുടുംബക്കാരനായ ലെമണ്‍ ബാമിന് നിരവധി ഗുണങ്ങളുണ്ട്. അല്‍പ്പം ഇലകളെടുത്ത് കൈയിലിട്ട് നന്നായി ഉരസിയാല്‍ വളരെ എളുപ്പത്തിലുള്ള കൊതുകുനിവാരിണി തയ്യാറാക്കാം. ഇത് ശരീരത്തില്‍ ഉരസിയാല്‍ കൊതുകുകടി ഏല്‍ക്കില്ല. അടുക്കളത്തോട്ടത്തില്‍ വളരെ എളുപ്പം വളര്‍ത്താവുന്നതാണ്.

 

70 മുതല്‍ 150 സെ.മീ വരെ ഉയരത്തില്‍ വളരുന്നതാണ് ലെമണ്‍ ബാം. വേനല്‍ക്കാലത്ത് തേന്‍ നിറഞ്ഞ ചെറിയ വെള്ളപ്പൂക്കള്‍ ഈ ചെടിയില്‍ ഉണ്ടാകും.

യൂറോപ്പ് ആണ് ജന്മദേശം. 20 ഡിഗ്രി സെല്‍ഷ്യസില്‍ വിത്ത് മുളയ്ക്കും. അതായത് 70 ഡിഗ്രി ഫാറന്‍ഹീറ്റ് താപനില ആവശ്യമാണെന്ന് അര്‍ഥം. തണ്ടു മുറിച്ച് നട്ടും വിത്ത് വഴിയും വളര്‍ത്തിയെടുക്കാം.

കാറ്റ്‌നിപ് അഥവാ നെപെറ്റ കാറ്ററിയ

ഇതും വളരെ ഫലപ്രദമായ കൊതുകു നിവാരിണിയാണ്. കാറ്റ്‌നിപിലെ പ്രധാന ഘടമാണ് നെപെറ്റലാക്‌റ്റോണ്‍. ഇത് സാധാരണ പ്രാണികളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഡൈഈതൈല്‍ മെറ്റാടൊളുഅമൈഡിനേക്കാള്‍ (DEET) 10 മടങ്ങ് ശക്തിയുള്ളതാണെന്ന് പഠനങ്ങള്‍ പറയുന്നു. രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള സ്‌പ്രേകള്‍ക്ക് പകരമായി ഉപയോഗിക്കാന്‍ കഴിയുന്ന വിഷമില്ലാത്ത പകരക്കാരനാണ് കാറ്റ്‌നിപ്.

ബാസില്‍

ഇലകളിലെ രൂക്ഷമായ ഗന്ധമാണ് കൊതുകിനെ തുരത്താന്‍ സഹായിക്കുന്നത്. ഇത് വളരാന്‍ നല്ല നീര്‍വാര്‍ച്ചയും സൂര്യപ്രകാശവും ആവശ്യമാണ്.

വെളുത്തുള്ളി

വെളുത്തുള്ളി ചെറിയ കഷണങ്ങളാക്കി മുറിയില്‍ വെച്ചാല്‍ കൊതുകിനെ ഒരു പരിധി വരെ തുരത്താം. പ്രകൃതിദത്തമായ സുഗന്ധതൈലങ്ങളില്‍ ചേര്‍ത്ത് കൊതുകിനെതിരെ ബോഡി സ്‌പ്രേ ആയി വെളുത്തുള്ളി ഉപയോഗിക്കാം.