Asianet News MalayalamAsianet News Malayalam

മകൻ മരിച്ചു, മരുമകളെ പഠിപ്പിച്ചു, ജോലി നേടാൻ സഹായിച്ചു, വിവാഹവും നടത്തിക്കൊടുത്ത് അമ്മായിഅമ്മ

എന്നാൽ, മകന്റെ മരണശേഷം അമ്മായിയമ്മ മരുമകളെ സ്വന്തം മക്കളെക്കാൾ കൂടുതൽ സ്നേഹിച്ചു. ഭർത്താവ് നഷ്ടപ്പെട്ട സുനിതയ്ക്ക് ഒറ്റപ്പെടൽ തോന്നാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. മരുമകൾ സ്വയം ദുർബലയായി കണക്കാക്കരുത് എന്ന് കരുതിയ ആ അമ്മ അവളെ പഠിപ്പിക്കാൻ തീരുമാനിച്ചു.

son died mother gets daughter in law studied and remarried
Author
Rajasthan, First Published Jan 28, 2022, 7:00 AM IST

രാജസ്ഥാനിൽ(Rajasthan) സ്ത്രീധന മരണങ്ങളുടെയും ശൈശവ വിവാഹങ്ങളുടെയും നിരവധി കേസുകളാണ് ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്നാൽ, ഇതിനിടയിൽ ഒരു അമ്മായിഅമ്മ തന്റെ മകന്റെ മരണശേഷം മരുമകളെ(daughter-in-law) സ്വന്തം മകളെ പോലെ സ്നേഹിച്ച്, അവൾക്കൊരു പുതിയ ജീവിതം നൽകി മാതൃകയാവുകയാണ്. രാജസ്ഥാനിലെ ഫത്തേപൂർ ഷെഖാവതിയിലാണ് സംഭവം. കമല ദേവി(Kamala Devi) എന്നാണ് അമ്മായിയമ്മയുടെ പേര്. അവർ ഒരു സർക്കാർ സ്കൂളിലെ അധ്യാപികയാണ്. കമലാദേവിയുടെ മകൻ അഞ്ചുവർഷം മുമ്പാണ് മരിച്ചത്. മരണശേഷം, അവർ മരുമകളെ പഠിപ്പിച്ചു, ജോലി നേടാൻ സഹായിച്ചു. സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തയാക്കിയശേഷം, ഇപ്പോൾ ആർഭാടത്തോടെ പുനർവിവാഹവും നടത്തി കൊടുത്തിരിക്കയാണ്.    

2016 മെയ് 25 -നായിരുന്നു കമല ദേവിയുടെ ഇളയ മകൻ ശുഭം സുനിതയെ വിവാഹം കഴിച്ചത്. ദൻധൻ ഗ്രാമത്തിൽ വച്ചായിരുന്നു വിവാഹം. തന്റെ മകൻ ഒരു പരിപാടിയിൽ വച്ചാണ് സുനിതയെ കണ്ടുമുട്ടിയതെന്ന് കമലാ ദേവി ഒരു അഭിമുഖത്തിൽ പറഞ്ഞു. പെൺകുട്ടിയുടെ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ തന്നെ കമല ദേവിയും കുടുംബവും പെണ്ണ് ചോദിക്കാൻ സുനിതയുടെ വീട്ടിൽ എത്തി. എന്നാൽ, പെൺകുട്ടിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്നു. എന്നിട്ടും പക്ഷേ പെൺവീട്ടുകാർ സ്ത്രീധനം നൽകാമെന്ന് വാഗ്ദാനം ചെയ്തു. പക്ഷേ കമല അത് നിരസിച്ചു. നിങ്ങളുടെ പണം വേണ്ട, മകളെ മാത്രം മതിയെന്ന് അവർ സുനിതയുടെ വീട്ടുകാരോട് പറഞ്ഞു.  അങ്ങനെ അവരുടെ വിവാഹം ആഘോഷമായി നടന്നു. തുടർന്ന്, എംബിബിഎസ് പഠിക്കാൻ ശുഭം കിർഗിസ്ഥാനിലേക്ക് പോയി. എന്നാൽ ആറു മാസമായപ്പോഴേക്കും ഒരു ദുഃഖവാർത്ത ആ കുടുംബത്തെ തേടിയെത്തി. 2016 നവംബറിൽ മസ്തിഷ്‌കാഘാതത്തെ തുടർന്ന് ശുഭം മരണപ്പെട്ടു എന്നതായിരുന്നു അത്.

എന്നാൽ, മകന്റെ മരണശേഷം അമ്മായിയമ്മ മരുമകളെ സ്വന്തം മക്കളെക്കാൾ കൂടുതൽ സ്നേഹിച്ചു. ഭർത്താവ് നഷ്ടപ്പെട്ട സുനിതയ്ക്ക് ഒറ്റപ്പെടൽ തോന്നാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. മരുമകൾ സ്വയം ദുർബലയായി കണക്കാക്കരുത് എന്ന് കരുതിയ ആ അമ്മ അവളെ പഠിപ്പിക്കാൻ തീരുമാനിച്ചു. സുനിതയും കഠിനാധ്വാനം ചെയ്തു. ഒടുവിൽ 2021-ൽ ആദ്യ ശ്രമത്തിൽ തന്നെ ഒരു സർക്കാർ അധ്യാപികയുടെ ജോലി അവൾ നേടിയെടുത്തു. അങ്ങനെ അവളെ സ്വന്തം കാലിൽ നില്ക്കാൻ കമല സഹായിച്ചു. സുനിത ഇപ്പോൾ ജോലി ചെയ്തു സ്വന്തം കുടുംബത്തെ പോറ്റുന്നു, അനിയനെ പഠിപ്പിക്കുന്നു.

എന്നാൽ, തന്റെ മരുമകൾക്ക് നല്ലൊരു ദാമ്പത്യജീവിതം കൂടിവേണമെന്ന് ആ നിസ്വാർത്ഥയായ അമ്മായിഅമ്മ ആഗ്രഹിച്ചു. അങ്ങനെ അവളെ മറ്റൊരു വിവാഹത്തിന് അവർ നിർബന്ധിച്ചു. ആദ്യം സുനിത സമ്മതിച്ചില്ലെങ്കിലും, പിന്നീട് അവൾക്കും സമ്മതമായിരുന്നു. അങ്ങനെ ഭർത്താവ് മരിച്ച് അഞ്ചു വർഷങ്ങൾക്ക് ശേഷം സുനിത ഇപ്പോൾ രണ്ടാമതും വിവാഹിതയായി. ചന്ദ്രപുരയിലെ മുകേഷാണ് വരൻ. മുകേഷ് ഭോപ്പാലിൽ സിഎജി ഓഡിറ്ററും സുനിത ചുരു ജില്ലയിലെ സർദാർഷഹറിലെ ചരിത്ര അധ്യാപികയുമാണ്. കമല ആഡംബരത്തോടെയാണ് സുനിതയുടെ വിവാഹം നടത്തിയത്. "അവൾ ആദ്യം ഞങ്ങളുടെ വീട്ടിൽ സന്തോഷം കൊണ്ടുവന്നു. ഇനി വിവാഹശേഷം മുകേഷിന്റെ വീട്ടിലും അവൾ സന്തോഷം നിറയ്ക്കും" കമല പറഞ്ഞു. കമലയുടെയും ഭർത്താവിന്റെയും ഈ വലിയ മനസ്സിനെ അഭിനന്ദിക്കുകയാണ് ഇപ്പോൾ സമൂഹം.  

Follow Us:
Download App:
  • android
  • ios