കൊൽക്കത്തയിൽ വിമാനമെത്തിയപ്പോൾ, തന്നെ ഇറക്കാനും സഹായിക്കാനും ആരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, 20-25 മിനിറ്റ് കാത്തിരുന്നിട്ടും ആരും വന്നില്ല. ഇതോടെ താൻ ഭയന്നു.
വിസ്‍താര ഫ്ലൈറ്റിൽ ദില്ലിയിൽ നിന്നും കൊൽക്കത്തയിലേക്ക് പോയ അന്ധയായ സ്ത്രീയെ ഫ്ലൈറ്റിൽ നിന്നും ഇറങ്ങാൻ ആരും സഹായിച്ചില്ല എന്ന് പരാതി. സ്ത്രീയെ മറന്നുകൊണ്ട് ജീവനക്കാർ ഇറങ്ങിപ്പോയി എന്നും ആരോപണം. ഡിസൈനറായ ആയുഷ് കേജ്‍രിവാളാണ് എല്ലാ യാത്രക്കാരും വിമാനത്തിൽ നിന്നും ഇറങ്ങിപ്പോയിട്ടും തന്റെ അമ്മ മാത്രം വിമാനത്തിൽ ബാക്കിയാവുകയായിരുന്നു എന്ന് ആരോപിച്ചത്.
സംഭവത്തെ കുറിച്ച് വിശദമാക്കുന്ന ഒരു പോസ്റ്റും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചു. അതിൽ പറയുന്നത്, 'ക്ലീനിംഗ് സ്റ്റാഫ് വിമാനത്തിനകത്ത് എത്തിയപ്പോഴാണ് തനിക്ക് വിമാനം എത്തിയെന്നും മറ്റ് യാത്രക്കാരെല്ലാം അതിൽ നിന്നും ഇറങ്ങിപ്പോയി എന്നും മനസിലായത്. തന്നെ അതിൽ നിന്നും ഇറങ്ങാനോ അവിടെ നിന്നും പോകാനോ ഒന്നും വിമാനത്തിലെ ജീവനക്കാർ സഹായിച്ചില്ല എന്ന് അമ്മ തന്നോട് പറയുകയായിരുന്നു' എന്നാണ്.
എയർലൈൻസിനെ സംബോധന ചെയ്തുകൊണ്ട് ആയുഷ് കേജ്‍രിവാൾ പറയുന്നത് ഇങ്ങനെ, 'എങ്ങനെയാണ് നിങ്ങൾ എന്റെ അന്ധയായ അമ്മയെ ഇതുപോലെ ഒരു അപകടത്തിൽ കൊണ്ടിട്ടത്? യാത്രയ്ക്കിടെ നിങ്ങളുടെ മേൽനോട്ടവും സഹായവും ആവശ്യമുള്ള ഭിന്നശേഷിക്കാരായ യാത്രക്കാരെ ശ്രദ്ധിക്കാൻ നിങ്ങൾക്ക് ഉത്തരവാദിത്തമില്ലേ?! ഇത് ഞെട്ടിക്കുന്നു!' എന്നാണ്
കൊൽക്കത്തയിൽ വിമാനമെത്തിയപ്പോൾ, തന്നെ ഇറക്കാനും സഹായിക്കാനും ആരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, 20-25 മിനിറ്റ് കാത്തിരുന്നിട്ടും ആരും വന്നില്ല. ഇതോടെ താൻ ഭയന്നു. ക്ലീനിംഗ് സ്റ്റാഫ് വന്നപ്പോഴാണ് എല്ലാവരും പോയി എന്ന് മനസിലായത് എന്ന് അമ്മ തന്നോട് പറഞ്ഞതായി ആയുഷ് പറയുന്നു. അസിസ്റ്റഡ് ട്രാവൽ പ്ലാൻ ആണ് അമ്മയ്ക്ക് വേണ്ടി തെരഞ്ഞെടുത്തിരുന്നത്. പേടിച്ച അമ്മ തന്നെ മുൻകയ്യെടുത്താണ് പിന്നീട് വിമാനത്തിൽ നിന്നും ഇറങ്ങിയത് എന്നും അദ്ദേഹം പറഞ്ഞു.
ഏതായാലും സംഭവത്തിൽ വിസ്‍താര പിന്നീട് ഖേദം പ്രകടിപ്പിച്ചു. സംഭവത്തെ കുറിച്ചു പലരും പറഞ്ഞത് 'സങ്കടപ്പെടുത്തുന്നതും നിരാശാജനകവുമായ സംഭവം' എന്നാണ്.
