മാർച്ച് ഒമ്പതിന് രാത്രിയിലാണ് അവൾ മരണപ്പെട്ടത്. എന്നാൽ കാലത്ത് എഴുന്നേറ്റ മകൻ ഇതൊന്നുമറിയാതെ തന്റെ ദിനചര്യകളിലേയ്ക്ക് കടന്നു. എല്ലാ ദിവസത്തെയും പോലെ അന്നും അവൻ അവന്റെ കാര്യങ്ങൾ ചെയ്തു. പിന്നീടുള്ള മൂന്ന് ദിവസവും ഇത് തുടർന്നു. ഈ ദിവസങ്ങളിൽ അവരുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ലഘുഭക്ഷണങ്ങൾ കഴിച്ചാണ് അവൻ വിശപ്പടക്കിയിരുന്നത്. 

ആന്ധ്രാപ്രദേശി(Andhra Pradesh)ൽ 10 വയസുകാരൻ(A 10 year old boy) അമ്മ മരിച്ചതറിയാതെ മൃതദേഹത്തിനരികിൽ കഴിച്ചുകൂട്ടിയത് നാലു ദിവസം. കുട്ടിയുടെ അമ്മ തെന്നി താഴെ വീഴുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. ഞെട്ടിപ്പിക്കുന്ന ഈ സംഭവം തിരുപ്പതിയിലാണ് നടന്നത്. അമ്മ അനക്കമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ, ഉറക്കമായിരിക്കുമെന്ന് കുട്ടി കരുതി. അവൻ പതിവ് പോലെ എഴുന്നേറ്റ് തനിച്ച് വസ്ത്രം ധരിച്ച്, ഭക്ഷണം കഴിച്ച് ദിവസവും പോകുന്ന പോലെ സ്കൂളിൽ പോയി. തിരികെ വന്ന് അവൻ അമ്മയുടെ മൃതദേഹത്തിന് അരികിൽ, കിടന്നുറങ്ങി. ക്ഷീണം കൊണ്ട് അമ്മ ഉറങ്ങുകയാണെന്ന് കരുതിയ അവൻ അമ്മയെ വിളിച്ചെഴുന്നേൽപ്പിക്കാൻ മടിച്ചു.

സംഭവത്തെ കുറിച്ച് പുറംലോകമറിയുന്നത് നാലാം ദിവസം മാത്രമാണ്. അത്രയും ദിവസം അവൻ ആ വീട്ടിൽ അമ്മയുടെ കൂടെ അമ്മ മരിച്ചെന്ന സത്യം മനസ്സിലാകാതെ കഴിഞ്ഞു. നാലാം ദിവസം അമ്മയുടെ ശരീരത്തിൽ നിന്ന് എന്തോ ദുർഗന്ധം വരുന്നെന്ന് കുട്ടി അമ്മാവനായ ദുർഗാ പ്രസാദിനെ അറിയിച്ചതിനെ തുടർന്നാണ് സത്യാവസ്ഥ എല്ലാവരും അറിയുന്നത്. ഒരു സ്വകാര്യ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അവൻ മാനസിക വൈകല്യമുള്ള കുട്ടിയാണ്. അവന്റെ അമ്മയുടെ പേര് രാജ്യലക്ഷ്മി. മരിക്കുമ്പോൾ അവൾക്ക് 41 വയസ്സായിരുന്നു. ഭർത്താവുമായുള്ള പ്രശ്‍നങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി രാജ്യലക്ഷ്മി മകനോടൊപ്പം തനിച്ച് ഒരു ഫ്ലാറ്റ് വാടകയ്‌ക്ക് എടുത്ത് അതിൽ താമസിക്കുകയായിരുന്നു. ഒരു സ്വകാര്യ കോളേജിലെ അധ്യാപികയായിരുന്നു രാജ്യലക്ഷ്മി.

മാർച്ച് ഒമ്പതിന് രാത്രിയിലാണ് അവൾ മരണപ്പെട്ടത്. എന്നാൽ കാലത്ത് എഴുന്നേറ്റ മകൻ ഇതൊന്നുമറിയാതെ തന്റെ ദിനചര്യകളിലേയ്ക്ക് കടന്നു. എല്ലാ ദിവസത്തെയും പോലെ അന്നും അവൻ അവന്റെ കാര്യങ്ങൾ ചെയ്തു. പിന്നീടുള്ള മൂന്ന് ദിവസവും ഇത് തുടർന്നു. ഈ ദിവസങ്ങളിൽ അവരുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ലഘുഭക്ഷണങ്ങൾ കഴിച്ചാണ് അവൻ വിശപ്പടക്കിയിരുന്നത്. അമ്മയെ പുറത്ത് കാണാതായപ്പോൾ അയൽക്കാർ അവനോട് അമ്മ എവിടെയെന്ന് തിരക്കിയിരുന്നു. അമ്മ ഉറങ്ങുകയാണെന്ന് അവൻ അവരോട് മറുപടി പറയുകയും ചെയ്തു. നാലാം ദിവസം ഒരു ശനിയാഴ്ചയായിരുന്നു. ദുർഗന്ധത്തിന്റെ പ്രശ്നം കുട്ടി അമ്മാവനെ അറിയിച്ചതിനെത്തുടർന്ന് അമ്മാവന് സംശയം തോന്നി. ചിറ്റൂർ ജില്ലയിലെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് അവർ താമസിക്കുന്ന വിദ്യാനഗർ ഏരിയയിൽ അദ്ദേഹം എത്തി. എന്നാൽ വീട്ടിൽ എത്തിയ അദ്ദേഹം ഞെട്ടിപ്പോയി. അഴുകി തുടങ്ങിയ സഹോദരിയുടെ ശരീരമാണ് അദ്ദേഹം അവിടെ കണ്ടത്.

മാർച്ച് 9 -ന് രാജ്യലക്ഷ്മിയുടെ ബിരുദം സ്വീകരിക്കാൻ ബെലഗാവിയിലേക്ക് പോകേണ്ടതായിരുന്നുവെന്ന് കുട്ടിയുടെ അമ്മാവൻ പറഞ്ഞു. അടുത്തിടെയാണ് അവൾ കർണാടകയിൽ പിഎച്ച്ഡി പൂർത്തിയാക്കിയത്. കുറെ നാളായി തനിക്ക് തലവേദന അനുഭവപ്പെടുന്നുവെന്ന് അവൾ സഹോദരനോടും പറഞ്ഞിരുന്നു. ബെലഗാവിയിൽ നിന്ന് തിരിച്ചെത്തിയാൽ ഡോക്ടറെ കാണാൻ അവൾ പദ്ധതിയിട്ടിരുന്നു. സ്വാഭാവിക കാരണങ്ങളാലാണ് രാജ്യലക്ഷ്‍മി മരണപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ അറിയാനായി രാജ്യലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി.