സോനു പഞ്ചാബൻ എന്നത് ദില്ലിക്ക് വടക്കോട്ട് പ്രവർത്തിക്കുന്ന മാംസക്കച്ചവടറാക്കറ്റുകൾക്കിടയിലെ സുപരിചിതമായ ഒരു പേരായിരുന്നു. ബിസിനസ്സുകാരുടെയും ഗാംഗ്സ്റ്റർമാരുടെയും മറ്റും കാമപൂർത്തീകരണത്തിനായി സോനു എന്ന ദല്ലാൾ വലയിലാക്കി വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടുകൊണ്ടിരുന്നത് പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള നൂറുകണക്കിന് പെൺകുട്ടികളെയാണ്. ഇന്നലെ ദില്ലിയിലെ കോടതി സോനുവിന് വിധിച്ചത് 24 വർഷത്തെ കഠിനതടവാണ്. സോനു പഞ്ചാബൻ ട്രാഫിക്കിങ്ങിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമായിട്ടൊന്നുമല്ല എങ്കിലും, ഇത്തവണ ഇനിയങ്ങോട്ടുള്ള അവരുടെ ആയുസ്സിന്റെ നല്ലൊരുഭാഗം ഇരുമ്പഴികൾക്കുള്ളിൽ തന്നെ ചെലവിടാൻ പോന്നത്ര കടുപ്പമുള്ള ശിക്ഷയാണ് വിധിച്ചു കിട്ടിയിരിക്കുന്നത്. 

ഇത്തവണ സോനുവിനെതിരെ ചാർജ് ചെയ്യപ്പെട്ടത് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് അഥവാ, POCSO എന്ന കർശനമായ നിയമപ്രകാരമാണ്. പ്രായപൂർത്തിയാകാത്ത ഒരു കൗമാരക്കാരിയെ നിർബന്ധിച്ച് വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടു എന്നതാണ് സോനുവിനുമേൽ തെളിയിക്കപ്പെട്ടിട്ടുള്ള കുറ്റം. സോനുവിന്റെ സഹായി, സന്ദീപ് ബെഡ്‌വാളിനും കിട്ടി 20 വർഷത്തെ കഠിന തടവ്. വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കപ്പെട്ട പന്ത്രണ്ടുകാരിയെ, ആദ്യമായി ബലാത്സംഗം ചെയ്തവരിൽ ഒരാൾ അയാളാണ്. 

 

 

കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലമായി ഉത്തരേന്ത്യൻ സ്ത്രീ കടത്ത്-വേശ്യാവൃത്തി മാർക്കറ്റിൽ അറിയപ്പെടുന്ന നാമങ്ങളിൽ ഒന്നായിരുന്നു സോനു  പഞ്ചാബന്റേത്. എന്നാൽ സോനു എന്നത് അവൾക്ക് തന്റെ അച്ഛനമ്മമാർ ഇട്ട പേരായിരുന്നില്ല. എന്നുമാത്രമല്ല അവർക്ക് പഞ്ചാബുമായി പുലബന്ധം പോലും ഉണ്ടായിരുന്നുമില്ല. 1980 -ൽ ഹരിയാനയിൽ ജനിച്ച അവരുടെ പേര് ഗീത അറോറ എന്നായിരുന്നു. ഒരുവിധം ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ ഗീത ആദ്യം തുടങ്ങിയത് ബ്യൂട്ടി പാർലർ ബിസിനസ്സായിരുന്നു.  

2003 -ൽ, ദില്ലിയിലെ അറിയപ്പെടുന്ന ഗുണ്ടാത്തലവനായ വിജയ് സിംഗുമായുള്ള വിവാഹം കഴിയുന്നതോടെയാണ് കുറ്റകൃത്യങ്ങളുടെ ലോകം ഗീത അറോറ പരിചയപ്പെടുന്നത്. ശ്രീപ്രകാശ് ശുക്ല എന്ന പ്രസിദ്ധ ഗാംഗ്സ്റ്ററുടെ അടുത്ത അനുയായി ആയിരുന്നു വിജയ് സിംഗ്. അയാൾക്ക് ഇഷ്ടംപോലെ പണമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞ ആദ്യ ഒരു വർഷം വളരെ സുഭിക്ഷമായ ജീവിതമായിരുന്നു ഗീതയുടേത്. എന്നാൽ, 2004 -ൽ ഒട്ടും നിനച്ചിരിക്കാതെ, വിജയ് സിംഗിനെ ഉത്തർ പ്രദേശ് സ്‌പെഷ്യൽ ടാസ്ക് ഫോഴ്‌സ് എൻകൗണ്ടർ ചെയ്ത് കൊന്നുകളയുന്നു. അത്രയും നാൾ ആശ്രയിച്ചിരുന്ന ഭർത്താവ് അപ്രതീക്ഷിതമായി കൊല്ലപ്പെട്ടതോടെ ഗീതയുടെ സാമ്പത്തിക സ്രോതസ്സ് നിലച്ചു. അത്രയും കാലം ജീവിച്ചുപോന്നിരുന്ന ലക്ഷ്വറി ലൈഫ്‌സ്റ്റൈൽ അതുപോലെ തുടരാൻ വേണ്ട പണം കണ്ടെത്താനായാണ് ഗീത വേശ്യാവൃത്തി തൊഴിലായി സ്വീകരിക്കുന്നത്. അങ്ങനെ ദില്ലി സർക്കിളിൽ ഒരു കോൾ ഗേൾ ആയി ജോലി ചെയ്യവേ അവൾ പിന്നെയും പല ഗുണ്ടാത്തലവന്മാരുമായും അടുപ്പത്തിലായി. ആദ്യത്തെ അടുപ്പക്കാരൻ ദീപക് സോനു അന്നൊരു അറിയപ്പെടുന്ന ക്രിമിനൽ ആയിരുന്നു.  അയാളും അധികം താമസിയാതെ അസമിൽ വെച്ച് പൊലീസിന്റെ തോക്കിനിരയാകുന്നു. ദീപക് മരിച്ച ശേഷം, അയാളുടെ ഗ്യാങ്സ്റ്റർ ആയ സഹോദരൻ ഹേമന്ത് സോനു ഗീതയുടെ സംരക്ഷണം ഏറ്റെടുക്കുന്നു.  കുറച്ചുകാലം  'ലിവ് ഇൻ' റിലേഷൻഷിപ്പിൽ കഴിഞ്ഞ ശേഷം അവർ വിവാഹിതരാകുന്നു. എന്നാൽ മൂന്നാമത്തെ ബന്ധവും പൊലീസിന്റെ എൻകൗണ്ടർ കാരണം തകരുന്നു. 2006 -ൽ ഒരു ഇരട്ടക്കൊലക്കേസിന്റെ പേരിൽ ഗുരുഗ്രാമിൽ വെച്ച് ദില്ലി പൊലീസിന്റെ സ്‌പെഷ്യൽ സെൽ ഹേമന്ത് സോനുവിനെയും രണ്ടു കൂട്ടാളികളെയും എൻകൗണ്ടർ ചെയ്ത് കൊന്നുകളയുന്നു.  

ഹേമന്തിന്റെ മരണശേഷമാണ് അയാളുടെ പേരിന്റെ ഭാഗമായിരുന്ന സോനു എന്ന പേര് ഗീത അറോറ സ്വീകരിക്കുന്നതും, സോനു പഞ്ചാബൻ എന്നപേരിൽ സ്വയം ക്ലയന്റുകൾക്കുമുന്നിൽ പരിചയപ്പെടുത്താനും തുടങ്ങിയത്. വളരെ ആസൂത്രിതമായ പ്രവർത്തനങ്ങളായിരുന്നു സോനുവിന്റെ റാക്കറ്റ് നടത്തിയിരുന്നത്. വളരെ നൂതനമായ പ്രവർത്തന രീതികൾ അവലംബിച്ച് പിടിക്കപ്പെടാതിരിക്കാൻ പരമാവധി മുൻകരുതലുകൾ അവർ എടുത്തു. വാട്ട്സാപ്പിന് പ്രചാരമേറിയ അക്കാലത്ത് അവർ അതിന്റെ സഹായവും കൃത്യമായി തേടി. ദില്ലി സൊസൈറ്റിയുടെ ഉന്നതതലങ്ങളിൽ മാത്രമായിരുന്നു സോനുവിന്റെ ഓപ്പറേഷൻ. തലസ്ഥാനത്തേക്ക് മോഡലിങ്ങിൽ ഏർപ്പെടാൻ ആഗ്രഹിച്ച് വന്നെത്തുന്ന യുവതികളെ പോഷ് പാർട്ടികളിൽ വെച്ച് പരിചയപ്പെടുക, അവർക്ക് ഒരു അധിക വരുമാനം എന്ന നിലയ്ക്ക് തന്റെ പ്രീമിയം പ്രോസ്റ്റിട്യൂഷൻ റിങ്ങിൽ ജോലി ഓഫർ ചെയ്യുക, അവരെ സമ്പന്നരായ ബിസിനസ്സുകാരും രാഷ്ട്രീയക്കാരും ഗാംഗ്സ്റ്റർമാരും ഒക്കെ അടങ്ങുന്ന തന്റെ ക്ലയന്റുകൾക്ക് സർവീസ് നൽകാൻ പറഞ്ഞുവിടുക ഇതൊക്കെ ചെയ്തു ചെയ്ത് കുറഞ്ഞകാലം കൊണ്ട് കോടികൾ സമ്പാദിക്കാൻ ഗീതയ്ക്ക് സാധിച്ചു. 

ദില്ലിയിൽ മാത്രം ഒതുങ്ങിനിന്നില്ല സോനുവിന്റെ നെറ്റ്‌വർക്ക്. അത് കൊൽക്കത്ത, മുംബൈ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്കും പടർന്നു പന്തലിച്ചു. ക്രിമിനലുകൾക്കും രാഷ്ട്രീയക്കാർക്കും ഇടയിൽ ഉണ്ടായിരുന്ന അതെ സ്വാധീനം ഗീതക്ക് പൊലീസിലും ഉണ്ടായിരുന്നതുകൊണ്ട് ഒരു റെയ്ഡിലും അവരുടെ മോഡലുകൾ പിടിക്കപ്പെട്ടില്ല. അഥവാ അബദ്ധവശാൽ പിടിക്കപ്പെട്ടാൽ തന്നെ ഗീതയുടെ ഒരൊറ്റ കോളിന്റെ ബലത്തിൽ അവർ മോചിതരായിക്കൊണ്ടിരുന്നു. 

സോനു പഞ്ചാബന്റെ പേരിൽ ദില്ലി പൊലീസിന്റെ ഭാഗത്തുനിന്ന് ആദ്യമായി ഒരു ക്രിമിനൽ നടപടി ഉണ്ടാകുന്നത് 2007 -ൽ ആണ്. ഇമ്മോറൽ ട്രാഫിക്കിങ് പ്രിവൻഷൻ ആയിരുന്നു അന്ന് സോനുവിന്റെ പേരിൽ ദില്ലി പൊലീസ് ചാർജ്ജ് ചെയ്ത വകുപ്പ്. അതിനു ശേഷം നിരവധി തവണ സോനു പഞ്ചാബൻ അറസ്റ്റിലായി. മക്കോക്ക അടക്കം പല വകുപ്പുകളും ചുമത്തപ്പെട്ട. 

ഏറ്റവും ഒടുവിൽ അറസ്റ്റിലാകുന്നത് 2017 ഡിസംബറിലായിരുന്നു. ഇത്തവണ കേസ് ഒരല്പം കടുപ്പമുള്ളതായിരുന്നു. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ അവളുടെ ഗ്രാമത്തിൽ നിന്ന് പ്രലോഭിപ്പിച്ച് ദില്ലിയിൽ എത്തിച്ച ശേഷം, അവളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു. വഴങ്ങാതെ വന്നപ്പോൾ അവളെ ക്രൂരപീഡനങ്ങൾക്ക് വിധേയയാക്കി. മയക്കുമരുന്നുകൾ നിർബന്ധിച്ച് കുത്തിവെച്ചു. മുറിക്കുള്ളിൽ മയക്കിക്കിടത്തി ക്ലയന്റുകളെ വിളിച്ചുവരുത്തി പീഡനത്തിനിരയാക്കി. ഇങ്ങനെ പന്ത്രണ്ടോളം തവണ ആ പെൺകുട്ടിയെ പലർക്കും കാഴ്ചവെച്ചു. പൊലീസ് ഊരിപ്പോരാനാവാത്ത വിധം പൂട്ടുമ്പോൾ സോനു പഞ്ചാബന്റെ പേരിൽ കോടികളുടെ സ്വത്തുണ്ടായിരുന്നു. തിഹാർ ജയിലിൽ അടക്കപ്പെട്ട സോനു , ഏതാനും ദിവസങ്ങൾക്കുമുമ്പ് ജയിൽ സെല്ലിനുള്ളിൽ ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി. 

ഹിന്ദിയിൽ റിച്ച ഛഡ്ഡ അഭിനയിച്ച 'മാഡം' എന്ന കഥാപാത്രം സോനുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഉള്ളതാണ്. പേരും ഏറെ സാമ്യമുള്ളതുതന്നെ, 'ഭോലി പഞ്ചാബൻ'.