Asianet News MalayalamAsianet News Malayalam

ഉത്തര കൊറിയയിലെ ജീവിതം പഠിക്കാൻ കടലിലൂടെ ഒഴുകിയെത്തുന്ന ചപ്പുചവറുകൾ ശേഖരിച്ച് പഠിച്ച് പ്രൊഫസർ

2020 സെപ്തംബർ മുതൽ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്തുള്ള അഞ്ച് ദക്ഷിണ കൊറിയൻ അതിർത്തി ദ്വീപുകളിൽ നിന്ന് കാങ് അവശിഷ്ടങ്ങൾ ശേഖരിക്കുന്നു. ചില കവറുകളുടെ പുറത്ത് വളരെ അതിശയോക്തി കലർന്ന അവകാശവാദങ്ങളാണ് എഴുതിയിരിക്കുന്നത് എന്നദ്ദേഹം പറയുന്നു. 

South Korean scholar collecting trashes from North Korea to study
Author
North Korea, First Published Apr 22, 2022, 11:23 AM IST

ദക്ഷിണ കൊറിയ(South Korean)യിലെ ഡോംഗ്-എ സർവകലാശാലയിലെ പ്രൊഫസറാണ് 48 -കാരനായ കാങ് ഡോങ് വാൻ(Kang Dong Wan). അദ്ദേഹത്തെ കാണണമെങ്കിൽ, ദക്ഷിണ കൊറിയൻ ദ്വീപുകളുടെ കടൽത്തീരങ്ങളിൽ ചെന്നാൽ മതി. അവിടെ താൻ ഒരു നിധിവേട്ടയിലാണെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, അത് നമ്മൾ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒരു നിധിയല്ല. മറിച്ച് അവിടെ അടിഞ്ഞു കൂടുന്ന ചപ്പുചവറുകളെയാണ് അദ്ദേഹം നിധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇങ്ങനെ ചപ്പുചവറുകൾ ശേഖരിക്കുന്നതിനും, സൂക്ഷിച്ച് വയ്ക്കുന്നതിനും പിന്നിൽ അദ്ദേഹത്തിന് ഒരു ഉദ്ദേശ്യമുണ്ട്. തീർത്തും നിഗൂഢമായ ഉത്തര കൊറിയ(North Korea)യുടെ നിത്യജീവിതത്തെ കുറിച്ച് അറിയുക എന്നതാണ് അത്.

മഹാമാരിയ്ക്ക് മുൻപ് ചൈനീസ് അതിർത്തികളിൽ താമസിക്കുന്ന ഉത്തര കൊറിയക്കാരെ കാണാൻ കാങ് പതിവായി പോകുമായിരുന്നു. എന്നാൽ, ചൈനയിൽ മഹാമാരി മൂലം ഉണ്ടായ നിയന്ത്രണങ്ങൾ വിദേശികളെ അവിടെ വരുന്നത് വിലക്കി. അതോടെ തന്റെ ഗവേഷണവുമായി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായി. അങ്ങനെ ഇരിക്കുമ്പോഴാണ് കടൽ വഴി ഒഴുകി എത്തുന്ന അവശിഷ്ടങ്ങൾ പെറുക്കി അതിനെ കുറിച്ച് പഠിക്കാൻ അദ്ദേഹം തീരുമാനിച്ചത്. അങ്ങനെ ഉത്തര കൊറിയയുടെ നിത്യജീവിതത്തെ കുറിച്ച് അദ്ദേഹത്തിന് കൂടുതൽ മനസ്സിലാക്കാനും അടുത്തറിയാനും സാധിക്കുന്നു.  

“ഈ വസ്തുക്കൾ വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഉത്തര കൊറിയയിൽ ഏതൊക്കെ ഉൽപ്പന്നങ്ങളാണ് നിർമ്മിക്കുന്നതെന്നും ആളുകൾ എന്തൊക്കെ വസ്തുക്കളാണ് അവിടെ ഉപയോഗിക്കുന്നതെന്നും ഇത് വഴി നമുക്ക് മനസിലാക്കാൻ കഴിയും”  അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ഇതുവരെ രണ്ടായിരത്തോളം ചപ്പുചവറുകൾ ശേഖരിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ലഘുഭക്ഷണ സഞ്ചികൾ, ജ്യൂസ് പൗച്ചുകൾ, മധുരപലഹാരങ്ങൾ പൊതിയുന്ന കവറുകൾ, പാനീയ കുപ്പികൾ, സുഗന്ധവ്യഞ്ജന പാക്കറ്റുകൾ എല്ലാം അതിലുൾപ്പെടുന്നു.

2020 സെപ്തംബർ മുതൽ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്തുള്ള അഞ്ച് ദക്ഷിണ കൊറിയൻ അതിർത്തി ദ്വീപുകളിൽ നിന്ന് കാങ് അവശിഷ്ടങ്ങൾ ശേഖരിക്കുന്നു. ചില കവറുകളുടെ പുറത്ത് വളരെ അതിശയോക്തി കലർന്ന അവകാശവാദങ്ങളാണ് എഴുതിയിരിക്കുന്നത് എന്നദ്ദേഹം പറയുന്നു. വാൽനട്ട് കലർന്ന കേക്ക് മാംസത്തേക്കാൾ മികച്ച പ്രോട്ടീന്റെ ഉറവിടമാണെന്ന് ഒരു കവറിന് പുറത്ത് എഴുതിയിരിക്കുന്നു. മറ്റൊന്നിൽ കൊളാജൻ ഐസ്ക്രീം കുട്ടികളെ ഉയരം വയ്ക്കാൻ സഹായിക്കുമെന്നും, ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുമെന്നും എഴുതിയിരിക്കുന്നു. ഒരു പ്രത്യേകതരം മൈക്രോ ആൽഗകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന കേക്ക് പ്രമേഹം, ഹൃദ്രോഗം, വാർദ്ധക്യം എന്നിവ തടയുമെന്നും ഒന്നിൽ അവകാശപ്പെടുന്നു. എന്നാൽ, അതിനകത്തെ ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ കാങ്ങിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

അതേസമയം ഇവയെല്ലാം ശേഖരിച്ച അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ എന്താണ് എന്നറിയേണ്ടേ?

കിം ജോങ് ഉന്നിന്റെ ഉത്തരവനുസരിച്ച് രാജ്യം വിവിധതരം ഉപഭോക്തൃ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച്, അവരുടെ ഉപജീവനമാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഒരു വലിയ വ്യാവസായിക ഡിസൈൻ മേഖല തന്നെ അവിടെ പ്രവർത്തിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ സോഷ്യലിസ്റ്റ് പൊതു റേഷനിംഗ് സംവിധാനം തകർന്നിരിക്കുന്നുവെന്നും, പകർച്ചവ്യാധിയുടെ സമയത്ത് സാമ്പത്തിക വ്യവസ്ഥ കൂടുതൽ താറുമാറായി എന്നും കാങ് അവകാശപ്പെടുന്നു. അത്തരമൊരു സന്ദർഭത്തിൽ തന്റെ സ്വേച്ഛാധിപത്യ ഭരണം വിട്ട്, മുതലാളിത്ത വിപണികളിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുന്ന ആളുകളുടെ അഭിരുചികളും പരിഗണിക്കാൻ ജോങ് നിർബന്ധിതനാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

“ഇപ്പോഴത്തെ ഉത്തര കൊറിയക്കാർക്ക് വിപണിയും സമ്പദ്‌വ്യവസ്ഥയും എന്താണെന്ന് വ്യക്തമായിട്ടറിയാം. അവരെ അടിച്ചമർത്തുകയും നിയന്ത്രിക്കുകയും ചെയ്താൽ കിമ്മിന് അവരുടെ പിന്തുണ നേടാൻ കഴിയില്ല” കാങ് പറഞ്ഞു. അതുകൊണ്ട് തന്നെ വിപണികളിൽ ചില മാറ്റങ്ങൾ ഒക്കെ കാണാനുണ്ടെന്നും അദ്ദേഹം പറയുന്നു.  ഉത്തരകൊറിയൻ ജനതയെ നന്നായി മനസ്സിലാക്കാനും, ഭാവിയിൽ ദക്ഷിണ, ഉത്തര കൊറിയക്കാർ തമ്മിലുള്ള വിടവ് പരിഹരിക്കാനും വേണ്ടിയാണ് തന്റെ ഈ ശ്രമമെന്ന് കാങ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios