ഇത് ഫിറോസ് ഖാൻ. സമാജ്‌വാദി പാർട്ടിയുടെ പശ്ചിമ യുപിയിൽ നിന്നുള്ള നേതാവ്. പാർട്ടിയുടെ  സംഭൽ ജില്ലാഘടകം പ്രസിഡണ്ടാണ് കക്ഷി. ഗാന്ധിജയന്തി ദിവസം ഫിറോസ് ഖാൻ ഒന്ന് കരഞ്ഞു. കരഞ്ഞു എന്ന് പറഞ്ഞാൽ പോരാ നിലവിളിച്ചു എന്നുതന്നെ പറയണം. നഗരത്തിലെ ഗാന്ധിപ്രതിമയ്ക്ക് ചുവട്ടിലായിരുന്നു  രോദനം.  ഗാന്ധിജയന്തി ദിനമായതുകൊണ്ട് ഫിറോസ് ഖാൻ കരയാനുറപ്പിച്ചുതന്നെയാണ് വന്നത്.  എന്നാൽ കൂടെ വന്ന  പലരും കണ്ണും പൂട്ടി മിണ്ടാട്ടമില്ലാതെ നിന്നു. ചിലർ മിനക്കെട്ട് കരയാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. പലരും ഏറെ ബുദ്ധിമുട്ടി ഒരു തുള്ളി കണ്ണുനീർ ഒപ്പിച്ചു. 

ഒടുവിൽ കരഞ്ഞു തീർന്നപ്പോൾ ഫിറോസ്ഖാൻ കണ്ണും തുടച്ച് തലപൊക്കി. കണ്ണുകൾ കൈലേസുകൊണ്ട് പതുക്കെ തുടച്ചു. കണ്ണീരണിഞ്ഞ ആ കവിളുകൾ കണ്ട്, പ്രതിമാരൂപം വെടിഞ്ഞ് ഗാന്ധിജി താഴെയിറങ്ങി വന്ന് ഫിറോസ് ഖാനെ ആശ്വസിപ്പിക്കുമോ ഇനി എന്നുപോലും പലർക്കും തോന്നി. 

പിന്നെ ഗാന്ധിജിയോടെന്നോണമുള്ള സംഭാഷണമായിരുന്നു, "ഞങ്ങളെ വിട്ടിട്ട് അങ്ങെവിടെപ്പോയി ബാപ്പൂ..! ഇത്രയും വലിയ പ്രവൃത്തി ചെയ്തിട്ട്, രാജ്യത്തെ സ്വതന്ത്രമാക്കിയിട്ട് അങ്ങിതെവിടെപ്പോയി എന്റെ പൊന്നു ബാപ്പൂ..! ഞങ്ങളുടെ കുഞ്ഞുങ്ങൾക്കായി ഇത്രയും വലിയ ത്യാഗം ചെയ്തിട്ട് ഇതെവിടെപ്പോയി അങ്ങ് ബാപ്പൂ..! " 

 

നേതാവിന്റെ വൈകാരിക വിക്ഷുബ്‌ധത കണ്ട് കൂടെ കരഞ്ഞുതുടങ്ങിയ ഒരു അനുയായി, തന്റെ നേതാവിന്റെ സംഭാഷണത്തിനൊപ്പവും അതിനു ശേഷവും തന്റെ കരച്ചിൽ തുടർന്നുകൊണ്ടിരുന്നു. എന്നാൽ കരച്ചിലടങ്ങും മുമ്പ് അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഫിറോസ് ഖാന്റെയും സംഘത്തിന്റെയും  ഈ വൈകാരികപ്രകടനത്തെ സാമൂഹ്യ മാധ്യമങ്ങൾ 'നാടകം' എന്ന് പരിഹസിച്ചു. 

ഗാന്ധിപ്രതിമ യുപി സർക്കാരിന്റെ ശ്രദ്ധക്കുറവുകൊണ്ട് ആകെ പൊടിയടിച്ചും കാക്കകൾ കാഷ്ഠിച്ചും ഇരിക്കുന്ന ദുരവസ്ഥകണ്ട് അറിയാതെ കരഞ്ഞുപോയതാണ് താനെന്നും, തുടർന്ന് പ്രതിമ വൃത്തിയാക്കുകയാണ് താൻ ചെയ്തത് എന്നും, തന്റെ കരച്ചിലിനെ നാടകം എന്ന് വിളിക്കുന്നവർ ഗോഡ്സേക്കൊപ്പമാണ് എന്നും, ബിജെപിയുടെ അപരനാമമാണ് നാടകംകളി എന്നും ഫിറോസ് ഖാൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.  

ആസം ഖാന്റെ അടുത്ത അനുയായിയായ ഫിറോസ് ഖാൻ ഇതാദ്യമായല്ല മാധ്യമശ്രദ്ധയിൽ പെടുന്നത്. ഇതിനു മുമ്പ് ജയപ്രദയെപ്പറ്റി വളരെ മോശപ്പെട്ട പ്രസ്താവന നടത്തിയതിന് പഴികേട്ടയാളാണ് ഖാൻ.