Asianet News MalayalamAsianet News Malayalam

സ്ത്രീകള്‍ക്ക് മാത്രമാണോ ഈ അവസ്ഥകള്‍, ഹോര്‍മോണുകളാണോ അതിലെ വില്ലന്‍?

ജീവിതത്തില്‍ സ്വയം വിധിക്കാതെയും വിലകുറച്ച് കാണാതെയും ജീവിക്കാന്‍ നമുക്ക് പരിശ്രമിക്കാമല്ലെ. കഴിഞ്ഞ് പോയ നാളുകളെ ഓര്‍ത്ത് വിലപിക്കാതെ ഭാവിയെ പറ്റി ഉത്കണ്ഠപ്പെടാതെ അമിത പ്രതീക്ഷ വയ്ക്കാതെ നാളേക്ക് അല്ല ഇന്നില്‍ നമുക്ക് ജീവിക്കാം!

speak up how to survive being depressed
Author
Thiruvananthapuram, First Published Aug 15, 2022, 2:14 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

speak up how to survive being depressed

 

ജീവിതത്തില്‍ എപ്പോഴെങ്കിലും മരവിപ്പിന്റെ മടുപ്പിന്റെ അവസ്ഥയിലൂടെ നിങ്ങള്‍ കടന്ന് പോയിട്ടുണ്ടോ? എനിക്കുണ്ടായിട്ടുണ്ട്! എന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഞാനുള്‍പ്പെടുന്ന ലോകത്തില്‍ നിന്നും ഓടിയകലുവാനുള്ള വെമ്പല്‍! കണ്ണുകള്‍ക്കും കാതങ്ങള്‍ക്കും അകലെ, അങ്ങ് വിദൂരതയിലേക്ക്. പണ്ട് കഥകളിലൊക്കെ കേള്‍ക്കുന്ന പോലെ ഏഴ് കടലിനും ഏഴ് മലകള്‍ക്കും അപ്പുറത്തേക്ക്. ആരും കാത്ത് നില്‍ക്കാനോ പ്രതീക്ഷിക്കാനോ ഇല്ലാത്തിടത്തേക്ക്. ആര് അന്വേഷിച്ചാലും കാണാത്തിടത്തേക്ക്. കാറ്റിന്റെ നേര്‍ത്ത ശബ്ദമോ, മഴ ചാറുന്നതോ, വെള്ളം ഒഴുകുന്നതോ, ദലമര്‍മ്മരങ്ങളോ കേള്‍ക്കാം. പ്രകൃതിയെ ആവാഹിക്കാം. മനുഷ്യരെ കൂട്ടാന്‍ മനസ് സമ്മതിക്കുന്നില്ല.

ഇടക്കൊക്കെ മനസ്സ് ചാവുന്നത് നല്ലതല്ലേ? ജീവനുള്ള ശരീരത്തില്‍ ഒരു ചത്ത മനസ്! ചോരയൊഴുകുന്ന ഹൃദയത്തില്‍ നിര്‍വികാരത തളം കെട്ടി നില്‍ക്കുക. തലച്ചോറില്‍ നിന്നും പ്രത്യാശയുടെ ഉദ്ദീപനങ്ങള്‍ ഇല്ലാതിരിക്കുക. മൃതമായ മനസിനെ വെച്ച് കൊണ്ടിരുന്നാല്‍ അത് നാറ്റം വമിക്കില്ലേ? ഒരു പക്ഷേ അന്ധകാരത്തിലേക്ക് അല്ലെങ്കില്‍ ജീവനങ്ങ് അവസാനിപ്പിക്കാന്‍ അത് പറഞ്ഞാലോ ? അത് കൊണ്ട് വേഗം അതിനെ കുഴിച്ചു മൂടുക. ശവമടക്ക് കണ്ട് ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കുക അല്ലെങ്കില്‍ മതിയാവോളം കരയുക. അല്ലെങ്കില്‍ ചിരിക്കുക / പൊട്ടിച്ചിരിക്കുക. വല്ലാത്തൊരു ആശ്വാസമില്ലേ? ഇടക്കിടക്കായി നമ്മെ പറ്റിച്ച് കൊണ്ടിരിക്കുന്നതിനെ നാം തന്നെ കൊന്ന് തള്ളിയിരിക്കുന്നു. ആഹ്‌ളാദിക്കാം, പക്ഷേ അതിന് കഴിയില്ലല്ലോ..

പുതുക്കം എപ്പോഴും ജീവിതത്തില്‍ അനിവാര്യമാണ്.

ദുഃഖാചരണം കഴിഞ്ഞ് പൂര്‍വാധികം ശക്തിയോടെ, പുതിയ മനസുമായി ഉയര്‍ത്തെഴുന്നേല്‍ക്കുക! മനുഷ്യര്‍ക്ക് പൊതുവേ അങ്ങനെ തന്നെയാണെന്നാണ് എന്റെയൊരു ധാരണ. സ്‌നേഹിക്കുന്നവര്‍ ചുറ്റിലുള്ളപ്പോഴും ഒരു തരം 'ഒറ്റപ്പെടല്‍' എന്നത് മനുഷ്യജീവികള്‍ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കാതിരുന്നിട്ടുണ്ടാവില്ല. ഇന്നത്തെ മനുഷ്യര്‍ക്ക് അങ്ങനെ ഒരു അവസ്ഥ ഉണ്ടാവുക അധികവും എന്നാല്‍ വിരളവുമാണ്. മനുഷ്യ മനസ്സിനെ ഏതറ്റം വരെയും കൊണ്ടുപോകാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് കഴിയുമല്ലോ! വീട്ടിലും ചുറ്റിലുമുളളവര്‍, ഇതുവരെ കൂടെയുണ്ടായിരുന്നവര്‍ തരാത്ത സ്‌നേഹമാണ് ഇങ്ങനെയുള്ളിടത്ത് നിന്നും വഴിഞ്ഞൊഴുകുന്നതല്ലോ.

നമ്മളെ ആരും ഒറ്റപ്പെടുത്തിയില്ലെങ്കിലും ഈ ഒരു 'മടുപ്പ്' ഉണ്ടാകാം എന്നാണ് എന്റെയൊരു കണ്ടെത്തല്‍. അങ്ങനെ ഒരു മടുപ്പിന്റെ അവസ്ഥയില്‍ പല വിധത്തില്‍ ആവാം പലരും പ്രതികരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ വളരെയധികം ആഗ്രഹിക്കുന്നതായിരിക്കും വേണ്ടെന്ന് വെക്കുക. എന്തും ആകാമത്. ചിലപ്പോള്‍ വായനയോട് വിട പറയും. കുടുംബമൊത്തുള്ള സമയങ്ങള്‍, കുട്ടികളോടുത്തുള്ള കളി അങ്ങനെയങ്ങനെ. 

സ്വാഭാവികമായും മാനസിക വേദന കൂടുതലായിരിക്കും. അകം പൊള്ളി കൊണ്ടിരിക്കുകയും പുറമേ ശാന്തതയും. ചിലരങ്ങനെയാണ് മനസ് എത്ര പതറിയാലും മുഖത്ത് സന്തോഷമേ കാണൂ. അത് നല്ല സ്വഭാവമൊന്നും ആണെന്ന് തോന്നുന്നില്ല താനും. എന്നേ ന്യായീകരിക്കാന്‍ എനിക്കൊന്നുമില്ല. കാരണമെന്തെന്ന് അറിഞ്ഞാലല്ലേ ന്യായീകരണം ഉണ്ടാകൂ. ഇനി ആരേയെങ്കിലും കുറ്റം പറയണമെങ്കില്‍ എനിക്ക് വേദനിക്കത്തക്ക രീതിയില്‍ ആരെങ്കിലും കുറ്റം ചെയ്യണം. ഇത് രണ്ടുമല്ലാത്ത അവസ്ഥ. ഒന്നും ചിന്തിക്കാന്‍ കഴിയാത്തതും ഒന്നിലും അധികം ശ്രദ്ധ കൊടുക്കാനും സാധിക്കാതിരിക്കുക. ഒന്നോ രണ്ടോ ദിവസം അല്ലെങ്കില്‍ ഒരാഴ്ച അതിങ്ങനെ അനുഭവപ്പെടും. അങ്ങനെ കുറച്ചങ്ങു കഴിയുമ്പോള്‍ വേദന പതിയെ മറഞ്ഞു പോകും, മനസ്സ് തികച്ചും ശൂന്യമാകും. പിന്നെ എല്ലാത്തിനോടും സകലത്തിനോടും ഒരു വിരക്തി  ശൂന്യതയില്‍ എന്തെങ്കിലും ഉണ്ടാവുമോ? പ്രതീക്ഷയുടെ തിരിനാളം പോലുമുണ്ടാവില്ല. വിരക്തി മൊത്തത്തില്‍ അടിത്തൊട്ട് മുടി വരെ. മുഖമൊന്ന് കണ്ണാടിയില്‍ നോക്കാന്‍ വരെ തോന്നാത്ത രീതിയില്‍ ഒരു തരം വേണ്ടെന്ന തോന്നല്‍. സ്വയം ഒന്ന് നന്നായി ഇരിക്കണമെന്ന് ചിന്ത പോലുമില്ലാതെ. മുടിയൊന്ന് കോതിവെക്കാതെ, ചീകി വക്കാതെ ഏതോ ലോകത്ത് ഒറ്റക്കിളിയായി ഇരിക്കുക.

അപ്പോള്‍ ഞാനൊരു മാനസിക രോഗിയാണോ? ആയിരിക്കാം. എന്നാല്‍ വീട്ടിലെ ജോലികളെല്ലാം കൃത്യമായി നിര്‍വ്വഹിക്കുന്നുണ്ടോ? അതുണ്ട്. കലപില പോയിട്ട് അല്ലാതെയുളള സംസാരം വരെ വളരെ കുറവായിരിക്കും. അതാണ് നല്ലതെന്ന് തോന്നും. ഞാനൊരു വിഷാദ രോഗിയാണോ? ആണോ? രോഗിയാവാന്‍ മാത്രം കനമുള്ളതൊന്നും തന്നെയില്ല.  വിഷാദിച്ചിരിക്കാന്‍ ജീവിതത്തില്‍ നഷ്ടങ്ങളോ ദുഃഖങ്ങളോ ഇല്ല. പിന്നെ എന്താവാം കാരണം ?

ഒരു 35 വയസ്സ് കഴിഞ്ഞ ഒട്ടുമിക്ക ഭാര്യമാര്‍ / സ്ത്രീ ജനങ്ങള്‍ ഈ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടാവും. ഭാര്യമാര്‍ പൊതുവേ ഭര്‍ത്താക്കന്മാരുടെ പോലെയായിരിക്കില്ലല്ലോ. സ്ത്രീകള്‍ക്ക് പുരുഷന്മാരെ പോലെ ജീവനുള്ള കാലത്തോളം ഹോര്‍മോണ്‍ ഉത്പാദനത്തിന്റെ തോത് അതേ പടി ആയിരിക്കില്ലല്ലോ. അത് കൊണ്ട് തന്നെ അതിന്റേതായ മാനസിക അസ്വസ്ഥതകള്‍ ഉണ്ടാകാം. ഹൃദയ വ്യഥകള്‍ അനവധിയാണ് സ്ത്രീകളെ സംബന്ധിച്ച്. വേറെ ഒരു പണിയുമില്ലാത്ത കാരണം ആലോചിച്ച് കൂട്ടുന്നതാണെന്നൊക്കെ ഭര്‍ത്താവും മക്കളും പറഞ്ഞേക്കാം. പക്ഷേ ഇത് ഗൗരവമായി കണക്കിടേണ്ടേ?

ഭാര്യമാര്‍ക്ക് പൊതുവേ കുറച്ച് നേരം അടുത്തിരിക്കുക, ഒന്ന് തലോടുക, ഇത്തിരി പുന്നാരിക്കുക അതൊക്കെ തന്നെ ധാരാളമായിരിക്കും. വയസ്സായി വരികയാണെന്നുള്ള നിരാശയില്‍ നിന്നും ഒരു പരിധി വരെ ഇങ്ങനെയുള്ള സമീപനങ്ങള്‍ക്ക് തടയിടാനാകും. കുറച്ച് മുതിര്‍ന്ന കുട്ടികള്‍ അമ്മമാരോട് വിശേഷങ്ങള്‍ പങ്കു വെക്കുക. അമ്മമാര്‍ തിരിച്ചും മക്കളോട് കൂട്ടുകാരെന്ന പോലെ സമീപിക്കുക.

ഭര്‍ത്താക്കന്മാര്‍ മറ്റുള്ള സ്ത്രീകള്‍ക്ക് നിങ്ങള്‍ കൊടുക്കുന്ന (നിങ്ങളോടുള്ള) സ്വാതന്ത്ര്യം, ഭാര്യയോട് നിങ്ങള്‍ കാണിക്കാത്ത ആദരവ് അവര്‍ക്ക് കൊടുക്കുന്നത്, ഭാര്യയെ മാത്രം വിളിക്കുന്നവ മറ്റുളള സ്ത്രീകളെ വിളിക്കുന്നത്, ഇങ്ങനെയുളള അനവധി കാര്യങ്ങള്‍ ഭാര്യമാരുടെ മാനസിക ആരോഗ്യത്തെ ബാധിക്കും (ഒരു സാധാരണ സ്ത്രീയെ ബാധിക്കും). ഇങ്ങനെയുള്ളവ അവര്‍ക്ക് സ്വയം സാദൃശ്യപ്പെടുത്താനും സ്വയം വിലകുറച്ച് കാണാനുമുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കും. ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് പരിധികള്‍ കല്പിക്കുമ്പോള്‍ ലംഘനം നിങ്ങളുടെ ഭാഗത്ത് നിന്ന് തന്നെയാകുമ്പോള്‍ അതെത്ര ശോചനീയമാണ്. ഒരു തരത്തില്‍ അതല്ലേ കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ക്ക് കാരണവും. ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ ഭാര്യമാരുടെ ദേഷ്യവും വിഷമങ്ങളും നിരാശകളും ഒരു പരിധി വരെ കുറക്കാനാകും. ഇത് ഒരു വശം മാത്രം!

പുരുഷന്മാരും തങ്ങള്‍ ഇപ്പോഴും മധുര പതിനേഴല്ല എന്ന് പറഞ്ഞ് മസ്സില്‍ പിടിച്ച് സ്വന്തം വീട്ടില്‍ നടക്കേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് നിങ്ങളുടേതായ സ്‌പേസ് എപ്പോഴും എന്നും ഉണ്ടാകുമെന്ന് ആദ്യം തന്നെ മനസ്സില്‍ ഉറപ്പിക്കുക. നിങ്ങളെ മനസ്സിലാക്കുന്ന എന്നും സാന്ത്വനം നല്‍കാന്‍ കഴിവുള്ള നിങ്ങളുടെ ഒരു നോട്ടത്തിനായ് എന്നുമെന്നും കാത്തിരിക്കുന്നവളാണ് നിങ്ങളുടെ ഭാര്യ എന്ന ചിന്ത ഉണ്ടായിരിക്കട്ടെ. കുറച്ച് നേരം ഭാര്യയുമായി വിശേഷങ്ങള്‍ പങ്കു വെക്കുക. പരസ്പരം കേള്‍ക്കുക. നിങ്ങളുടെ സന്തോഷങ്ങളില്‍ കുടുംബത്തിലുള്ളവരേക്കൂടി പങ്കാളികളാക്കുക. ഇടക്കൊക്കെ ഒന്ന് പൊട്ടിച്ചിരിക്കാം. കുഞ്ഞുങ്ങളുടെ കൂടെ കളിക്കാം. ഇതൊക്കെ ആഴ്ചയില്‍ രണ്ട് ദിവസത്തേക്കാക്കാതെ ദിവസവും ശീലമാക്കിയാല്‍ എത്ര നല്ലതാണ്. മടുത്തു പോകാതേ നമുക്ക് ജീവിക്കാന്‍ ഇനിയും അധികകാലമില്ല. ജീവിക്കുന്ന കാലം നഷ്ടമാവാതിരിക്കാന്‍ എല്ലാവര്‍ക്കും ഒരുമിച്ച് ശ്രമിച്ചൂടേ?

ഈ മേല്‍ പറഞ്ഞതെല്ലാം അറിയുന്നവരാണ് ബഹുഭൂരിഭാഗം ജനങ്ങളും എങ്കിലും അനുസരിക്കാതിരിക്കാന്‍ തക്ക ന്യായീകരണങ്ങളും ഒരോരുത്തര്‍ക്കും ഉണ്ടാകും! അല്ലേ?

ജീവിതത്തിന്റെ ഒരോ ക്ലാസിലും ഫസ്റ്റ് റാങ്കോടെ ആരെങ്കിലും പാസായിട്ടുണ്ടോ?

ഓരോ ക്ലാസിലും ഓരോ വിഷയങ്ങള്‍ പുതുതായി ചേര്‍ക്കപ്പെടുന്നു. ഓരോ വിഷയങ്ങള്‍ക്കും പുതു പാഠങ്ങള്‍ പഠിക്കുന്നു. ഒരു ക്ലാസിന്റെ സമയം ചിലപ്പോള്‍ ഒരു നിമിഷമാകാം അല്ലേ! അധ്യാപകരില്‍ ചിലപ്പോള്‍ ജനിച്ച് വീഴുന്ന കുഞ്ഞുമാകാം. അതുമല്ലെങ്കില്‍ വേറെ എന്തെങ്കിലും ആകാമല്ലോ? മരണ കിടക്കയിലും പാഠങ്ങള്‍ തന്നെ! 

ജീവിതത്തില്‍ സ്വയം വിധിക്കാതെയും വിലകുറച്ച് കാണാതെയും ജീവിക്കാന്‍ നമുക്ക് പരിശ്രമിക്കാമല്ലെ. കഴിഞ്ഞ് പോയ നാളുകളെ ഓര്‍ത്ത് വിലപിക്കാതെ ഭാവിയെ പറ്റി ഉത്കണ്ഠപ്പെടാതെ അമിത പ്രതീക്ഷ വയ്ക്കാതെ നാളേക്ക് അല്ല ഇന്നില്‍ നമുക്ക് ജീവിക്കാം!

Follow Us:
Download App:
  • android
  • ios