Asianet News MalayalamAsianet News Malayalam

നാടുനിറയെ വലകെട്ടി ചിലന്തികൾ, പൊറുതിമുട്ടി ജനങ്ങൾ

ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. കണ്ടാൽ ഭയാനകമാണെങ്കിലും, ഇതുകൊണ്ട് ഗുണങ്ങളുമുണ്ട് എന്ന് വിദഗ്ദ്ധർ പറയുന്നു. 

spider web covered this city
Author
Gippsland, First Published Jun 16, 2021, 1:20 PM IST

എലികളുടെ ശല്യം മൂലം പൊറുതിമുട്ടുന്ന ഓസ്‌ട്രേലിയൻ ഗ്രാമപ്രദേശങ്ങൾ ഇപ്പോൾ പുതിയൊരു വിപത്തിനെ നേരിടുകയാണ്, ചിലന്തികൾ. കനത്ത മഴയിലും തുടർന്നുള്ള വെള്ളപ്പൊക്കത്തിലും വിക്ടോറിയയിലെ ജിപ്സ്‍ലാൻഡ് പ്രദേശം ചിലന്തിവലകളെകൊണ്ട് മൂടിയിരിക്കയാണ്. ഒരുപക്ഷേ, നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത തീർത്തും ഭയാനകമായ ഒരു ചിത്രമാണ് അത്. കുറ്റിച്ചെടികളിലും, പുല്ലുകളിലും, മരങ്ങളിലും, എന്തിനേറെ ട്രാഫിക് സിഗ്നലുകളിൽ വരെ ചിലന്തിവല ഒരു പുതപ്പ് പോലെ വന്ന് പൊതിഞ്ഞിരിക്കുന്നു.    

വെള്ളപ്പൊക്കവും മഴയും ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് ട്രാരൽ‌ഗോനിലെ ഈസ്റ്റ് ജിപ്സ്‍ലാൻഡ് പട്ടണം. ആയിരക്കണക്കിന് ആളുകളാണ് കുടിയൊഴിപ്പിക്കലിന് വിധേയരായത്. ഇപ്പോഴും പലയിടത്തും വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച പ്രദേശത്തിന്റെ ചില ഭാഗങ്ങൾ അടച്ചിട്ടിരുന്നു. അതേസമയം ഈ കാറ്റും മഴയും മനുഷ്യർക്ക് മാത്രമല്ല, ദുരന്തങ്ങൾ സമ്മാനിച്ചത്. പ്രളയം മറ്റ് ജീവജാലങ്ങളെയും ബാധിച്ചു. അവയുടെ ഇടങ്ങൾ വെള്ളത്തിൽ മുങ്ങിയപ്പോൾ, അതിജീവനത്തിനായി അവ കൂടുതൽ ഉയർന്ന സ്ഥലത്തേക്ക് മാറാൻ ശ്രമിച്ചു. ഈസ്റ്റ് ജിപ്സ്ലാന്റിലാണ് ഈ ചിലന്തിവലകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.  

'ബലൂണിംഗ്' എന്നറിയപ്പെടുന്ന ഈ വലനെയ്യൽ ചിലന്തികളുടെ ഒരു അതിജീവന തന്ത്രമാണ്. വെള്ളപൊക്കമുണ്ടാവുമ്പോൾ ഇത്തരം സംഗതികൾ സ്വാഭാവികമാണെന്ന് സിഡ്നി സർവകലാശാലയിലെ പ്രൊഫസർ ഡയറ്റർ ഹച്ചുലി പറയുന്നു. നിലത്തു വസിക്കുന്ന ചിലന്തികൾ വെള്ളം കയറുന്നതോടെ അവിടെ നിന്ന് കൂടുതൽ ഉയർന്ന ഇടങ്ങളിലേയ്ക്ക് നീങ്ങുന്നു. വേഗത്തിൽ നീങ്ങാൻ വേണ്ടിയിട്ടാണ് പോകുന്ന വഴിയേ അവ വല നെയ്യുന്നത്. 'ദി ഏജ്' റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, വെള്ളപ്പൊക്കത്തെ തുടർന്ന് ദശലക്ഷക്കണക്കിന് ചിലന്തികളാണ് ഇങ്ങനെ മരങ്ങളിലും ചെടികളിലും അഭയം തേടിയിരിക്കുന്നത് എന്നാണ്.  

ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. കണ്ടാൽ ഭയാനകമാണെങ്കിലും, ഇതുകൊണ്ട് ഗുണങ്ങളുമുണ്ട് എന്ന് വിദഗ്ദ്ധർ പറയുന്നു. മഴയെ തുടർന്ന് രോഗം പരത്തുന്ന കൊതുകുകളും, മറ്റ് പ്രാണികളും പെരുകുന്നു. എന്നാൽ, അവയെ ഇല്ലാതാക്കാൻ ഈ ചിലന്തികൾ സഹായകമാകുന്നു. ചിലന്തിവലകൾ കുറച്ച് ആഴ്ചകൾക്കുള്ളിൽ തനിയെ നശിക്കുമെന്ന് അനുമാനിക്കുന്നു. കനത്ത മഴയെത്തുടർന്ന് 2013 -ൽ ജിപ്‌സ്‌ലാന്റിലും ഇത്തരം വലകൾ കാണപ്പെട്ടിരുന്നു.  

Follow Us:
Download App:
  • android
  • ios