ലോകത്തെമ്പാടും സ്വയം പ്രഖ്യാപിത കൾട്ട് ലീഡേഴ്‌സിനെ കാണാം. അക്കൂട്ടത്തിൽ ക്യൂബയിലെ ഒരു ആത്മീയ രോ​ഗശാന്തിക്കാരനെന്ന് അറിയപ്പെടുന്ന ആളാണ് ജോർജ്ജ് ഗോലിയാറ്റ്. ഇത്തരക്കാർക്കെല്ലാം അവകാശപ്പെടാൻ സ്വന്തമായ ഒരു സിദ്ധി ഉണ്ടാകുമല്ലോ. ഇയാളെ സംബന്ധിച്ചിടത്തോളം അത് രോഗങ്ങൾ മാറ്റാനുള്ള കഴിവാണ് എന്നാണ് വാദം. ക്യൂബയുടെ ഈ രോഗശാന്തിക്കാരൻ എല്ലാവിധ രോഗങ്ങളും നിഷ്പ്രയാസം മാറ്റുമെന്നാണ് പറയുന്നത്. അത്യാവശ്യം വന്നാൽ സ്വയം ശസ്ത്രക്രിയ ചെയ്യുകയും ചെയ്യും. അതും സാധാരണ ഡോക്ടർമാർ ചെയ്യുന്ന പോലെ കത്രികയും, കത്തിയും ഒന്നും പോരാ. പകരം വടിവാളിന്റെ വലുപ്പമുള്ള വലിയ നീണ്ട കത്തി തന്നെ വേണം. സംശയം വേണ്ട, കേട്ടത് സത്യം തന്നെയാണ്. ജോർജ്ജ് ഗോലിയാറ്റ് ശസ്ത്രക്രിയ നിർവഹിക്കുന്നത് വടിവാളിന് സമാനമായ വലിയ കത്തി, ചുറ്റിക തുടങ്ങിയ ആയുധങ്ങൾ  ഉപയോഗിച്ചാണ്. അതും അനസ്തേഷ്യ ഇല്ലാതെയാണ് അയാൾ ശസ്ത്രക്രിയകൾ നടത്തുന്നത്.

ക്യൂബയിലെ ഹവാനയിലെ ഒരു താൽക്കാലിക ക്ലിനിക്കിൽ വച്ചാണ് ആത്മീയ രോഗശാന്തി പ്രദാനം ചെയ്യുന്ന ജോർജ്ജ് ഗോലിയറ്റ് ഇത്തരം ആയിരക്കണക്കിന് ശസ്ത്രക്രിയകൾ നടത്തുന്നത്. അമിതമായ മദ്യപാനവും പുകവലിയുമുള്ള ഇയാളുടെ അനൗദ്യോഗിക സമ്പ്രദായത്തെക്കുറിച്ച് മുൻകാലങ്ങളിൽ പൊലീസ് അന്വേഷിച്ചിരുന്നുവെങ്കിലും താൻ നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്ന് ഗോലിയറ്റ് തറപ്പിച്ചു പറഞ്ഞുകൊണ്ടിരിക്കയാണ്. എല്ലാ രോഗങ്ങൾക്കും മരുന്ന് നിർദ്ദേശിക്കുന്ന അയാളുടെ പക്കൽ കോറോണ വൈറസിനെ തുരത്താനും മരുന്നുണ്ട് എന്നാണ് വാദം. കൊറോണ വൈറസ് വരാതിരിക്കാൻ ആഴ്ചയിൽ അര കുപ്പി റം കുടിച്ചാൽ മതിയെന്നാണ് അയാൾ രോഗികളോട് പറയുന്നത്.  

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്യൂബയിൽ പരമ്പരാഗത മരുന്നുകൾക്ക് പകരം ഇത്തരം പരമ്പര്യേതര മാർ​ഗങ്ങളാണ് കൂടുതലായി  പ്രചാരത്തിലുള്ളത്. അതേസമയം, ഈ കമ്മ്യൂണിസ്റ്റ് രാജ്യം എല്ലാവർക്കും മികച്ച ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. 11 ദശലക്ഷം ജനസംഖ്യയുള്ള ക്യൂബയിൽ ജനറൽ പ്രാക്ടീഷണർമാർക്ക് സമാനമായി 33,000 പ്രൈമറി കെയർ ഫിസിഷ്യൻമാരുണ്ട്. ഓരോ 343 ആളുകൾക്കും ഒരു ഡോക്ടർ എന്നതിന് തുല്യമാണ് ഇത്. രാജ്യത്തുടനീളം 498 പോളിക്ലിനിക്കുകളുടെ ഒരു ശൃംഖലയും ഇവിടത്തെ ആരോഗ്യ സേവനം വാഗ്ദാനം ചെയ്യുന്നു, അവയിൽ പലതും വലിയ ആശുപത്രികളിൽ കാണപ്പെടുന്ന സ്പെഷ്യലിസ്റ്റ് ചികിത്സകളും വാഗ്ദാനം ചെയ്യുന്നു. എന്നിട്ടും ജനങ്ങൾ അയാളെ കാണാൻ  ധൃതിപ്പെടുന്നു. പാരമ്പര്യേതരമായ അയാളുടെ രീതികൾ ജനപ്രിയമാണെന്നാണ് ഒരു റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നത്. 10 മിനിറ്റിനുള്ളിൽ ആരെയും സുഖപ്പെടുത്താമെന്ന് ജോർജ്ജ് ഗോലിയറ്റ് അവകാശപ്പെടുന്നു. വിവിധ ശസ്ത്രക്രിയകൾക്കായി ഒരു ദിവസം 120 മുതൽ 150 വരെ ആളുകളാണ് അവിടെ വരുന്നത്. എന്നാൽ, ഇതുവരെ ആർക്കും അപകടം സംഭവിച്ചതായി പറയുന്നില്ല.

30 വർഷത്തിലേറെ മുൻപ് തന്നെ സന്ദർശിച്ച ഒരു ആത്മാവ് പറഞ്ഞതിൻ പ്രകാരമാണ് ഈ ശസ്ത്രക്രിയകൾ താൻ ചെയ്യുന്നതെന്നാണ് അയാളുടെ വിചിത്രമായ അവകാശവാദം. ഗോലിയറ്റ് പറഞ്ഞു: 'നടക്കാൻ കഴിയാത്തവർ നടക്കും. അനങ്ങാനോ, കൈ ഉയർത്താനോ കഴിയാത്തവർ, കൈ ഉയർത്തും. ഞാൻ ആരെയും നിസ്സഹായനാക്കുന്നില്ല, കാരണം ജീവിതം കഠിനമാണ്, ഈ രാജ്യം കഠിനമാണ്. നമുക്ക് കൊവിഡിൽ നിന്ന് സ്വയം രക്ഷിക്കാനാവില്ല. കൊവിഡ് കാരണം ഞാൻ ഒരിക്കലും ആരെയും മരിക്കാൻ വിടുകയില്ല.' കൊവിഡിനെ അകറ്റിനിർത്താൻ റം കൂടാതെ ഇടക്കിടെ കർപ്പൂരം മണക്കാനും ഗോലിയറ്റ് രോഗികളെ പ്രോത്സാഹിപ്പിക്കുന്നു.

ചികിത്സ വിജയകരമാണോയെന്ന് ഇതുവരെ അറിയില്ലെങ്കിലും, രോഗശാന്തിക്കാരന് തങ്ങളുടെ പശ്ചാത്തലങ്ങളും ജോലിയും പെട്ടെന്ന് ഊഹിക്കാൻ കഴിഞ്ഞുവെന്നാണ് കുട്ടികളുണ്ടാവാത്തതിനെ തുടർന്ന് ഗൊലിയറ്റിനെ കാണാൻ വന്ന യുവ ദമ്പതികൾ പറയുന്നുത്. ഗൊലിയാറ്റിന്റെ ചികിത്സ പലർക്കും ആത്മീയവും വൈകാരികവുമായ ഒരു അനുഭവം കൂടിയാണെന്നും ഇവർ പറയുന്നു. രോഗിയുടെ ശരീരത്തിന്റെ അകം കാണാൻ ഗോലിയറ്റിന് സ്കാനിംഗ് യന്ത്രമോ, എക്സ്-റേയോ ഒന്നും വേണ്ട, പകരം ഒരു കടലാസും മെഴുകുതിരിയും മാത്രം മതിയെന്നാണ് വാദം. മെഴുകുതിരിയുടെ ചൂടിൽ കടലാസ്സിൽ എക്സ്-റേയിൽ കാണുന്ന പോലെ രോഗിയുടെ ശരീരം അയാൾ അടയാളപ്പെടുത്തുന്നു. അയാളുടെ കണ്ടെത്തലുകൾ ശരിയാകാറുണ്ട് എന്ന് അവിടെ വരുന്ന രോഗികൾ പറയുന്നു. അതേസമയം ജയിലിൽ പോകുമോ എന്ന ഭയത്തോടെയാണ് നഴ്‌സുമാർ തന്നോടൊപ്പം ജോലിചെയ്യുന്നതെന്ന് അയാൾ പറഞ്ഞു. മുൻപ് പൊലീസ് അന്വേഷിച്ചിട്ടും നിയമവിരുദ്ധമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അയാൾ പറയുന്നു. 'പോലീസ് വന്ന് അവർക്ക് പരിശോധിക്കേണ്ടതെല്ലാം പരിശോധിക്കട്ടെ' അയാൾ പറഞ്ഞു. ഇത്രയും അശാസ്ത്രീയമായ രീതിയിൽ ശസ്ത്രക്രിയയും മറ്റ് ചികിത്സകളും നടത്തുന്ന ഇയാളെ എന്തുകൊണ്ട് നിയമം ഒന്നും ചെയ്തില്ല എന്ന ചോദ്യം പ്രസക്തമാണ്.

അതേ സമയം ക്യൂബയുടെ ആരോഗ്യസംരക്ഷണ മേഖലയും ഡോക്ടർമാരും വളരെ പ്രശസ്തമാണ്. മികവിന്റെ പേരിൽ പലപ്പോഴും 'വൈറ്റ് കോട്ട് ആർമി' എന്നാണ് അവരെ വിളിക്കാറുള്ളത്. കഴിഞ്ഞ വർഷം മഹാമാരിയുടെ തീവ്രതയിൽ ഇറ്റലി, മെക്സിക്കോ, ടോഗോ എന്നിവയുൾപ്പെടെ നാൽപതോളം രാജ്യങ്ങളിൽ വൈറസ് ബാധയെ പ്രതിരോധിക്കാൻ ക്യൂബൻ ഡോക്ടർമാർ സഹായവുമായി ചെല്ലുകയുണ്ടായി.