നാഷണൽ ഹിസ്റ്ററി മ്യൂസിയം പറയുന്നതനുസരിച്ച്, പ്രായപൂർത്തിയായ സ്റ്റാഗ് വണ്ടുകൾ ഭക്ഷണം കഴിക്കില്ല. പക്ഷേ, അവ മരക്കറയും പഴങ്ങൾ അഴുകിയതും കുടിക്കുന്നു. എന്നാൽ, ഇവയുടെ ലാർവ്വകളുടെ പ്രധാന ഭക്ഷണം മണ്ണിനടിയിലെ ജീർണ്ണിച്ച മരത്തടികളാണ്.
ലോകമെമ്പാടും വളർത്തുമൃഗങ്ങൾ കുടുംബത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. പലരും 'പെറ്റ്സി'നെ വളർത്താൻ ഇഷ്ടപ്പെടുന്നു. അവയ്‌ക്കൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നു. മാത്രമല്ല അവയുടെ പരിചരണത്തിനായി ആയിരക്കണക്കിന് രൂപ ചെലവഴിക്കാൻ പോലും മടിക്കുന്നില്ല. എന്നാൽ, പ്രാണികളെ വളർത്താൻ ആളുകൾ വളരെയധികം രൂപ ചെലവഴിക്കുമോ? സ്റ്റാഗ് വണ്ട്(Stag beetle) അങ്ങനെയൊരിനമാണ്. അതിന്റെ വില വളരെ ഉയർന്നതാണ് എന്നാണ് ഇന്ത്യാടൈംസ് എഴുതുന്നത്.
പലരും പ്രാണികളെ വെറുക്കുമ്പോൾ, പ്രാണികളെ കിട്ടാൻ മറ്റുള്ളവരുമായി മത്സരിക്കുന്നവരും കുറവല്ല. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഈ പ്രാണിയെ സ്റ്റാഗ് വണ്ട് എന്നാണ് ലോകം അറിയുന്നത്. 2 മുതൽ 3 ഇഞ്ച് വരെ വലിപ്പമുള്ള ഈ വണ്ട് ഭൂമിയിലെ ഏറ്റവും ചെറുതും വിചിത്രവും അപൂർവവുമായ ഇനങ്ങളിൽ ഒന്നാണെന്ന് പറയപ്പെടുന്നു. ഈ വണ്ടിനായി ആളുകൾ ആയിരങ്ങൾ ചെലവഴിക്കാൻ തയ്യാറാണ്. ജപ്പാനിലാണ് പ്രധാനമായും സ്റ്റാഗ് വണ്ടുകളുടെ കച്ചവടവും വളർത്തലും നടക്കുന്നത്. ലുക്കാനിഡേ കുടുംബത്തിലെ ഏകദേശം 1,200 ഇനം വണ്ടുകളുടെ കുടുംബമാണ് സ്റ്റാഗ് വണ്ടുകൾ, നിലവിൽ നാല് ഉപകുടുംബങ്ങളായി തരംതിരിച്ചിരിക്കുന്നു.
വ്യത്യസ്തവും വിചിത്രവുമായ ഇനം ആയതിനാൽ ഈ 5 സെന്റീമീറ്റർ (2 ഇഞ്ച്) പ്രാണിയെ ഏറ്റവും ചെലവേറിയ ജീവികളിൽ ഒന്നായി കണക്കാക്കുന്നു. അതിന്റെ പ്രധാന ഐഡന്റിറ്റി അതിന്റെ കറുത്ത, തലയിൽ നിന്ന് പുറത്തേക്കുള്ള കൊമ്പുകളാണ്. ഇതിന്റെ ശരാശരി വലിപ്പം 2 മുതൽ 4.8 ഇഞ്ച് വരെയാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ജാപ്പനീസ് ബ്രീഡർ തന്റെ സ്റ്റാഗ് വണ്ടിനെ 89,000 ഡോളറിന് (ഏകദേശം 65 ലക്ഷം രൂപ) വിറ്റുവത്രെ.
നാഷണൽ ഹിസ്റ്ററി മ്യൂസിയം പറയുന്നതനുസരിച്ച്, പ്രായപൂർത്തിയായ സ്റ്റാഗ് വണ്ടുകൾ ഭക്ഷണം കഴിക്കില്ല. പക്ഷേ, അവ മരക്കറയും പഴങ്ങൾ അഴുകിയതും കുടിക്കുന്നു. എന്നാൽ, ഇവയുടെ ലാർവ്വകളുടെ പ്രധാന ഭക്ഷണം മണ്ണിനടിയിലെ ജീർണ്ണിച്ച മരത്തടികളാണ്. ഈ പ്രാണികളുടെ സ്വാഭാവിക ആവാസ കേന്ദ്രം വനപ്രദേശമാണ്. കൂടാതെ തോട്ടങ്ങളിലും നഗരപ്രദേശങ്ങളിലും, പ്രത്യേകിച്ച് ധാരാളം മരങ്ങളുള്ള പാർക്കുകളിലും പൂന്തോട്ടങ്ങളിലും ഇതിനെ കാണാം. ഈ അപൂർവ വണ്ടിനെ പെറ്റ് ആയി വളർത്താൻ ആളുകൾ ഇഷ്ടപ്പെടുന്നു. ഈ പ്രാണിയിൽ നിന്ന് പലതരം മരുന്നുകളും നിർമ്മിക്കപ്പെടുന്നുവെന്ന് അവകാശപ്പെടുന്നുണ്ട്.
അതേസമയം ജപ്പാനിൽ ആളുകൾ സ്റ്റാഗ് വണ്ടുകളെ വ്യാപകമായി കച്ചവടം നടത്തുന്നതും ജപ്പാനിലേക്ക് നിയമവിരുദ്ധമായി ഇവയെ കടത്തുന്നതും വിമർശിക്കപ്പെടുന്നുണ്ട്. ഇതിനെ സ്റ്റാഗ് ബീറ്റിൽ മാനിയ എന്ന് തന്നെ അറിയപ്പെടുന്നു. യുകെ പോലുള്ള ഇടങ്ങളിലാകട്ടെ സ്റ്റാഗ് വണ്ടുകളെ വിൽക്കുന്നത് നിയമവിരുദ്ധമാണ്.
