സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിനെ കൂട്ടാനായി തട്ടിക്കൊണ്ടുപോകൽ നാടകം. ഒന്നുമറിയാതെ അടി വാങ്ങിക്കൂട്ടി ഭര്‍ത്താവ്. ഒടുവില്‍ വിശദമായ അന്വേഷണം. ബ്രസീലിയൻ ഇൻഫ്ലുവൻസർ അറസ്റ്റിൽ.

സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിനെ കൂട്ടാനായി പല അടവുകളും പ്രയോ​ഗിക്കുന്നവരുണ്ട്. എന്നാൽ, ബ്രസീലുകാരിയായ ഈ യുവതി ചെയ്തത് അല്പം കൂടിപ്പോയി എന്ന് പറയേണ്ടി വരും. ഫോളോവേഴ്‌സിനെ കൂട്ടാനായി സ്വന്തം കിഡ്നാപ്പിങ് നാടകം തന്നെ മെനഞ്ഞ ഈ ഇൻഫ്ലുവൻസർ ഒടുവിൽ പൊലീസ് പിടിയിലായിരിക്കയാണ്. ബ്രസീലിയൻ സ്വദേശിനിയായ 27 -കാരി മോണിക്കി ഫ്രാഗയാണ് ഏകദേശം ഒരു വർഷത്തിന് ശേഷം പിടിയിലായത്. അത് മാത്രമല്ല, ഈ നാടകത്തിൽ സ്വന്തം ഭർത്താവിനെപ്പോലും മോണിക്കി കബളിപ്പിച്ചത്രെ.

Add Asianetnews as a Preferred SourcegooglePreferred

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്; കഴിഞ്ഞ വർഷം ഏപ്രിലിലാണ് സംഭവം നടക്കുന്നത്. താനും ഭർത്താവ് ലൂക്കാസും തോക്കുധാരികളായ അക്രമികളുടെ പിടിയിലായെന്നും കാട്ടുപ്രദേശത്ത് അവർ തങ്ങളെ മണിക്കൂറുകളോളം ബന്ദികളാക്കി എന്നും കരഞ്ഞുപറഞ്ഞ് മോണിക്കി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവച്ചു. തന്റെ സ്വർണം ലക്ഷ്യമിട്ടാണ് അക്രമികൾ എത്തിയതെന്നും വലിയൊരു തുക മോചനദ്രവ്യമായി നൽകിയ ശേഷമാണ് തങ്ങളെ വിട്ടയച്ചതെന്നും ഇവർ അവകാശപ്പെട്ടിരുന്നു.

'കുട്ടികളെ ഇനി കാണാൻ കഴിയില്ലെന്ന് ഞാൻ ഭയന്നു, അവർ ലൂക്കാസിനെ ക്രൂരമായി മർദ്ദിച്ചു' എന്നൊക്കെയാണ് അന്ന് മോണിക്കി വീഡിയോയിൽ പറഞ്ഞത്. എന്നാൽ, ഇതേ തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഈ തട്ടിക്കൊണ്ടുപോകൽ മോണിക്കി തന്നെ ഒരുക്കിയ വെറും നാടകമായിരുന്നു എന്ന് കണ്ടെത്തുന്നത്. ഫോളോവേഴ്‌സിനെ കൂട്ടാനും ശ്രദ്ധ നേടാനുമായിട്ടാണ് മോണിക്കി ഈ നാടകം കളിച്ചത്. അക്രമികളെന്ന് പറഞ്ഞവരിൽ ഒരാളുമായി ഇവർക്ക് മുൻപേ ബന്ധമുണ്ടായിരുന്നുവെന്നും കൃത്യമായ പ്ലാനിംഗോടെയാണ് ഇത് നടപ്പിലാക്കിയതെന്നും ഡിറ്റക്ടീവ് ക്ലേ ആൻഡേഴ്സൺ വ്യക്തമാക്കി.

എന്നാൽ, അതിശയം അതൊന്നുമല്ല. അക്രമികൾ ലൂക്കാസിനെ ശരിക്കും മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, തന്റെ ഭാര്യ തന്നെയാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. തട്ടിക്കൊണ്ടുപോകൽ സത്യമാണെന്ന് തന്നെയാണ് ലൂക്കാസ് വിശ്വസിച്ചിരുന്നത്. എന്തായാലും, വിശദമായ അന്വേഷണത്തിനൊടുവിൽ സംഭവത്തിൽ പങ്കാളികളായ മൂന്ന് പേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇതിൽ ഒരാൾ മറ്റ് കുറ്റകൃത്യങ്ങൾക്ക് ജയിലിലാണ്, മറ്റൊരാൾ കൊല്ലപ്പെട്ടു. മൂന്നാമത്തെയാൾക്കായി അന്വേഷണം തുടരുകയാണ്. തനിക്ക് ചെറിയ കുട്ടികളാണ് എന്നും താൻ നിരപരാധിയാണെന്നും വാദിച്ച് മോണിക്കി ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടത്രെ.