'ജപ്പാനിൽ ആളുകൾ ബാത്ത്‍റൂമിൽ പോയി ഇരുന്നുറങ്ങുകയാണ് പലപ്പോഴും ചെയ്യുന്നത്. അത് ആരോ​ഗ്യകരമാണ് എന്ന് കരുതുന്നില്ല. സൗകര്യപ്രദമായി ഉറങ്ങാനുള്ള ഒരു സംവിധാനം വേണമെന്ന് തോന്നി. അതാണ് ഈ സ്ലീപ്പിം​ഗ് പോഡിന്റെ നിർമ്മാണത്തിന് പിന്നിൽ' -എന്നാണ് ഇറ്റോകിയുടെ ഡയറക്ടർ സയികോ കവാഷിമ പറഞ്ഞത്. 

പുതിയ പുതിയ വസ്തുക്കളുണ്ടാക്കുന്നതിൽ വലിയ കഴിവുള്ള രാജ്യമാണ് ജപ്പാൻ (Japan). ഇപ്പോൾ നിന്നുകൊണ്ട് ഉറങ്ങാനുള്ള പുതിയ ഒരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് ജപ്പാൻ. കമ്പനികളിലെ ജോലിക്കാർക്ക് ജോലിയുടെ ഉച്ചയിടവേളകളിൽ നിന്നുകൊണ്ട് ഉറങ്ങാൻ സഹായകമാകും വിധത്തിലാവും അതിന്റെ നിർമ്മിതി. 

ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഫീസ് ഫർണ്ണിച്ചർ വിതരണം ചെയ്യുന്ന കമ്പനിയാണ് 'ഇറ്റോകി'. പ്ലൈവുഡ് വിതരണക്കാരായ 'കൊയോജു ​ഗോഹാൻ കെകെ' -യുമായി സഹകരിച്ച് കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്. പകൽ നേരങ്ങളിൽ ഓഫീസിൽനിന്നോ മറ്റോ കുറച്ച് നേരത്തേക്ക് ഉറങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് അതിന് ആരോ​ഗ്യകരമായ പരിഹാരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണത്രെ ഈ 'സ്ലീപ്പ് പോഡ്' (sleep pods) നിർമ്മിക്കുന്നത്. 

ജപ്പാനിൽ അധികനേരം ജോലി ചെയ്യുക എന്നത് കുറേക്കാലമായി ആളുകളെ അലട്ടുന്ന പ്രശ്നമാണ്. പലപ്പോഴും സാധാരണ ജോലി സമയത്തിൽ നിന്നും കവിഞ്ഞ് ആളുകൾക്ക് വളരെ അധികനേരം ജോലി ചെയ്യേണ്ടി വരാറുണ്ട്. ഈ അധികനേരമുള്ള ജോലി ആളുകളുടെ ആരോ​ഗ്യത്തെ വളരെ മോശമായി ബാധിക്കുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്. ഇതേ ചൊല്ലി വളരെ അധികം ചർച്ചകൾ ജപ്പാനിൽ സമീപ കാലത്തായി നടന്നുവരുന്നു. വഴിയിലും സ്റ്റേഷനുകളിലും കിടന്നും ഇരുന്നും ഉറങ്ങുന്ന ആളുകളുടെ നിരവധി ചിത്രങ്ങൾ ജപ്പാനിൽ നിന്നും പുറത്ത് വരുന്നുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ വേണം പുതിയ സംവിധാനത്തെ കാണാൻ. 

'ജപ്പാനിൽ ആളുകൾ ബാത്ത്‍റൂമിൽ പോയി ഇരുന്നുറങ്ങുകയാണ് പലപ്പോഴും ചെയ്യുന്നത്. അത് ആരോ​ഗ്യകരമാണ് എന്ന് കരുതുന്നില്ല. സൗകര്യപ്രദമായി ഉറങ്ങാനുള്ള ഒരു സംവിധാനം വേണമെന്ന് തോന്നി. അതാണ് ഈ സ്ലീപ്പിം​ഗ് പോഡിന്റെ നിർമ്മാണത്തിന് പിന്നിൽ' -എന്നാണ് ഇറ്റോകിയുടെ ഡയറക്ടർ സയികോ കവാഷിമ പറഞ്ഞത്. 

കണ്ടാൽ ഒരു വാട്ടർ ഹീറ്റർ പോലെ ഇരിക്കുന്ന ഈ സംവിധാനത്തിൽ മനുഷ്യരെ താങ്ങിനിർത്താനുള്ള എല്ലാ സൗകര്യവും ഉണ്ട്. അതിനാൽ തന്നെ വീഴുമോ എന്ന ഭയമില്ലാതെ തന്നെ നിന്നുകൊണ്ട് ഇതിൽ ഉറങ്ങാൻ സാധിക്കും. ജപ്പാനിലെ കർശനമായ ഓഫീസ് സംവിധാനത്തിൽ തൽക്കാലത്തേക്ക് ഒരു ചെറിയ ആശ്വാസമേകാൻ ഈ സ്ലീപ്പിം​ഗ് പോഡുകൾക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

(ചിത്രങ്ങൾ പ്രതീകാത്മകം)

വായിക്കാം:

ഇരുന്നുറങ്ങണ്ട, സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ചക്കുറങ്ങാൻ കഴിയും വിധത്തിലുള്ള കസേരകൾ