ആദ്യഘട്ടത്തിൽ 15,000 പൗണ്ടാണ് ഇവർ മോഷ്ടിച്ചത്. ആരും മോഷണം ശ്രദ്ധിച്ചില്ലെന്ന് മനസ്സിലാക്കിയതോടെ പിന്നീട് സ്ഥിരമായി പണം എടുത്തുതുടങ്ങി. 2025 ഡിസംബറിൽ പൊലീസ് സേനയിൽനിന്ന് വിരമിക്കുന്നതുവരെ ഇത് തുടർന്നു.
പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പണം മോഷ്ടിച്ച കേസിൽ മുൻ ബ്രിട്ടീഷ് വനിതാ ഡിറ്റക്ടീവിന് നാല് വർഷവും രണ്ട് മാസവും തടവുശിക്ഷ. മിഷേൽ ക്രിസ്റ്റി റീസൺ ആണ് 85,000 പൗണ്ടിലധികം മോഷ്ടിച്ചതിന് ശിക്ഷിക്കപ്പെട്ടത്. ഇന്ത്യൻ രൂപയിൽ ഏകദേശം 1.02 കോടി രൂപ വരുമിത്. മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയിരുന്ന പ്രത്യേക അന്വേഷണ വിഭാഗത്തിൽ എവിഡൻസ് ഓഫീസറായി ജോലി ചെയ്തിരുന്ന കാലത്താണ് ഇവർ പണം മോഷ്ടിച്ചത്. ഏകദേശം നാല് വർഷത്തോളം ഇവർ ഈ തട്ടിപ്പ് തുടർന്നു.
എങ്ങനെയാണ് മോഷണം കണ്ടെത്തിയത്?
ഡെർബിഷെയർ പൊലീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ച് അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തിൽ ഡിറ്റക്ടീവ് കോൺസ്റ്റബിളായിരിക്കെയാണ് മിഷേൽ പണം മോഷ്ടിച്ചത്. ലക്ഷക്കണക്കിന് പൗണ്ട് സൂക്ഷിച്ചിരുന്ന പൊലീസ് സുരക്ഷാ അറയിലേക്ക് പ്രവേശനാനുമതിയുണ്ടായിരുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ഇവർ.
ആദ്യഘട്ടത്തിൽ 15,000 പൗണ്ടാണ് ഇവർ മോഷ്ടിച്ചത്. ആരും മോഷണം ശ്രദ്ധിച്ചില്ലെന്ന് മനസ്സിലാക്കിയതോടെ പിന്നീട് സ്ഥിരമായി പണം എടുത്തുതുടങ്ങി. 2025 ഡിസംബറിൽ പൊലീസ് സേനയിൽനിന്ന് വിരമിക്കുന്നതുവരെ ഇത് തുടർന്നു.
എന്നാൽ, ഇവർ സേന വിട്ടശേഷം വരാനിരിക്കുന്ന ഒരു കോടതി നടപടിക്കുള്ള തയ്യാറെടുപ്പിനിടെയാണ് പണത്തിന്റെ കുറവ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ ഡെർബിയിലെ സെന്റ് മേരീസ് വാർഫ് പൊലീസ് സ്റ്റേഷനിൽവെച്ച് പണം മോഷ്ടിച്ചതായി മിഷേൽ സമ്മതിക്കുകയായിരുന്നു.
നവംബർ 9 -ന് മാൻസ്ഫീൽഡ് മജിസ്‌ട്രേറ്റ്‌സ് ആൻഡ് കൗണ്ടി കോടതിയിൽ ഹാജരായ മിഷേൽ മോഷണക്കുറ്റവും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനുള്ള കുറ്റവും സമ്മതിച്ചു. തുടർന്ന് നാല് വർഷവും രണ്ട് മാസവും തടവുശിക്ഷ വിധിക്കുകയായിരുന്നു.
വ്യക്തിപരമായ സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് പണം മോഷ്ടിച്ചതെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരോട് മിഷേൽ ആദ്യം പറഞ്ഞത്. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിൽ കാർ വാങ്ങാനും അവധിക്കാല യാത്ര നടത്താനും ഇവർ മോഷ്ടിച്ച പണം ചെലവഴിച്ചതായി കണ്ടെത്തി.













