വീടിനു പുറത്തുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങൾ പ്രകാരം ഓഗസ്റ്റ് 14 -ന് വൈകുന്നേരം 4 മണിയോടെയാണ് മോഷണം നടന്നിരിക്കുന്നത്. മുഖംമൂടിയും ഹെൽമെറ്റും ധരിച്ച് രണ്ട് പേർ ഇരുചക്രവാഹനത്തിൽ വരുന്നത് ഇതിൽ കാണാം.
സാധാരണഗതിയിൽ ഒരു മോഷണം നടന്നാൽ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തിയാണ് ആളുകൾ പരാതി നൽകാറ്. എന്നാൽ, ചണ്ഡീഗഢിൽ നിന്നുള്ള ഒരു വ്യക്തി തൻറെ വീട്ടിൽ നടന്ന ഒരു മോഷണം പോലീസിൽ റിപ്പോർട്ട് ചെയ്തത് സോഷ്യൽ മീഡിയ വഴിയാണ്. ഇനി ഇദ്ദേഹത്തിൻറെ വീട്ടിൽ നിന്നും മോഷണം പോയ സാധനം എന്താണെന്ന് കൂടി അറിയുമ്പോൾ ചിലപ്പോൾ കൗതുകം തോന്നിയേക്കാം. പണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ ഒന്നുമല്ല മോഷണം പോയത്, വീടിനുമുന്നിൽ മാലിന്യം നിക്ഷേപിക്കുന്നതിന് വേണ്ടി വെച്ചിരുന്ന രണ്ട് ചവറ്റുകുട്ടകളാണ് മോഷണം പോയത്.
പട്ടാപ്പകൽ രണ്ടുപേർ ബൈക്കിൽ എത്തി ചവറ്റുകുട്ടകൾ മോഷ്ടിച്ചു കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങളും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മോഷ്ടാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ചണ്ഡിഗഢ് പോലീസിനോട് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഇദ്ദേഹത്തിൻറെ സോഷ്യൽ മീഡിയ പോസ്റ്റ്. ചണ്ഡീഗഡ് പോലീസ് ഇദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.
ശ്രദ്ധ നേടിയ ആ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെയായിരുന്നു; “സെക്ടർ 36 ചണ്ഡീഗഡ് | @chandigarhpolice എന്റെ ചവറ്റുകുട്ടകൾ എടുത്തുകൊണ്ടുപോയ വ്യക്തികളെ കണ്ടെത്താൻ ദയവായി സഹായിക്കൂ. ഇത് ചവറ്റുകുട്ടകൾ മോഷണം പോയതിൻ്റെ പരാതി മാത്രമല്ല. നമ്മുടെ പ്രദേശത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യം കൂടിയാണ്. അടിയന്തര സഹായം അഭ്യർത്ഥിക്കുന്നു.”
വീടിനു പുറത്തുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങൾ പ്രകാരം ഓഗസ്റ്റ് 14 -ന് വൈകുന്നേരം 4 മണിയോടെയാണ് മോഷണം നടന്നിരിക്കുന്നത്. മുഖംമൂടിയും ഹെൽമെറ്റും ധരിച്ച് രണ്ട് പേർ ഇരുചക്രവാഹനത്തിൽ വരുന്നത് ഇതിൽ കാണാം. അവരിൽ ഒരാൾ വണ്ടിയിൽ നിന്നും ഇറങ്ങി ചവറ്റുകുട്ടകൾ എടുക്കുന്നു. തുടർന്ന് സ്കൂട്ടറിൽ കയറി ഇരുവരും രക്ഷപ്പെടുന്നു.
37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഇവരെ തിരിച്ചറിയാൻ തക്കവിധമുള്ള തെളിവുകളൊന്നും ലഭ്യമല്ല. സ്കൂട്ടറിന്റെ നമ്പറും ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ കഴിയില്ല. സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ച പരാതി ശ്രദ്ധയിൽപ്പെട്ട ചണ്ഡീഗഡ് പോലീസ് തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകാൻ ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
