Asianet News MalayalamAsianet News Malayalam

കുടിയേറ്റക്കാരായ കുട്ടികളുടെ കാര്യത്തിൽ പുതിയ തീരുമാനവുമായി മെക്സിക്കോ, ചരിത്രപരമായ മുന്നേറ്റമെന്ന് യുഎൻ

എന്നാൽ, തടങ്കൽ കേന്ദ്രങ്ങൾ നടത്തുന്ന മെക്സിക്കോയിലെ ഇമി​ഗ്രേഷൻ ഏജൻസി പരിഷ്കരണത്തെ എതിർത്തു. ഇത്, കൂടുതൽ കുടുംബങ്ങൾ അഭയം തേടി മെക്സിക്കോയിലെത്താൻ കാരണമാകുമെന്നാണ് ഏജൻസിയുടെ വാദം. 

stop holding children in detention new reform in mexico
Author
Mexico, First Published Nov 15, 2020, 11:35 AM IST

കുടിയേറ്റക്കാരായ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും തടങ്കൽകേന്ദ്രങ്ങളിൽ പാർപ്പിക്കേണ്ടതില്ലെന്ന തീരുമാനവുമായി മെക്സിക്കോ. മെക്സിക്കോയിലെ ഫാമിലി ഡെവലെപ്മെന്റ് ഏജൻസിയുടെ കീഴിലായിരിക്കും ഇനി ഈ കുട്ടികൾ. അന്താരാഷ്ട്രതലത്തിൽ തന്നെ മനുഷ്യാവകാശ​ഗ്രൂപ്പുകളുടെ കടുത്ത സമ്മർദ്ദം പുതിയ പരിഷ്കരണം നടപ്പിൽ വരുത്താൻ മെക്സിക്കോയെ പ്രേരിപ്പിച്ചിട്ടുണ്ട്. 

കുട്ടികളെ തടങ്കലിൽ പാർപ്പിക്കുന്നതിനെ മനുഷ്യത്വരഹിതമായ നടപടിയെന്നാണ് മനുഷ്യാവകാശ​പ്രവർത്തകർ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, ഈ ആഴ്ച പ്രാബല്യത്തിൽ വന്ന പരിഷ്കരണം, കുടിയേറ്റക്കാരായ കുട്ടികൾക്ക് മെക്സിക്കോയിൽ താൽക്കാലിക നിയമപരമായ പദവി നൽകുകയും അവരെ ഉടനടി നാടുകടത്തുന്നത് ഒഴിവാക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. ഒപ്പംതന്നെ രാജ്യത്ത് താമസിക്കാൻ നിയമപരമായ മാർഗങ്ങൾ തേടുന്നതിന് സമയം അനുവദിക്കുകയും ചെയ്യുന്നു.

അടുത്തിടെ മെക്സിക്കോയിലേക്കുള്ള കുടിയേറ്റം വലിയ തോതിൽ വർധിച്ചിരുന്നു. പലപ്പോഴും പലായനം ചെയ്തെത്തുന്ന കുട്ടികൾക്ക് ദാരിദ്ര്യത്തെയും ചൂഷണങ്ങളെയും അഭിമുഖീകരിക്കേണ്ടിയും വന്നിരുന്നു. ഇത് പുതിയ തരത്തിലുള്ള നിലപാടുകളെടുക്കാൻ അധികൃതരിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. 2019 -ൽ മാത്രം 12,000 കുട്ടികൾ തനിച്ചും 40,000 കുട്ടികൾ മുതിർന്നവർക്കൊപ്പവും തടങ്കൽകേന്ദ്രങ്ങളിൽ പാർപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് സർക്കാർതലത്തിലുള്ള വിവരം. പുതിയ പരിഷ്കരണത്തോടെ ഈ കുട്ടികളും കുടുംബവും മെക്സിക്കോയിലെ ഫാമിലി ഡെവലെപ്മെന്റ് ഏജൻസിയുടെ കീഴിൽ വരും. ഐക്യരാഷ്ട്രസഭ ഈ പരിഷ്കരണത്തെ 'ചരിത്രപരമായ മുന്നേറ്റം' എന്നാണ് വിശേഷിപ്പിച്ചത്. 

എന്നാൽ, തടങ്കൽ കേന്ദ്രങ്ങൾ നടത്തുന്ന മെക്സിക്കോയിലെ ഇമി​ഗ്രേഷൻ ഏജൻസി പരിഷ്കരണത്തെ എതിർത്തു. ഇത്, കൂടുതൽ കുടുംബങ്ങൾ അഭയം തേടി മെക്സിക്കോയിലെത്താൻ കാരണമാകുമെന്നാണ് ഏജൻസിയുടെ വാദം. കുട്ടികളെ ഉടനടി നാടുകടത്താനാവില്ല എന്നതും എതിർപ്പിന് കാരണമായിട്ടുണ്ട് എന്നാണ് കരുതുന്നത്. 

ഇൻസ്റ്റിറ്റിയൂട്ട് ഫോർ വിമൻ ഇൻ മൈ​ഗ്രേഷൻ, മൈ​ഗ്രന്റ് ചൈൽഡ്ഹുഡ് കോർഡിനേറ്റർ റോസൽബ റിവേര ഇതിനെ എതിർത്തു. “ഈ നിയമം നിലവിലുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ കുട്ടികളും കുടുംബങ്ങളും വരുന്നത് തുടരും, കാരണം അവർക്ക് അവരുടെ  രാജ്യങ്ങളിൽ തുടരാൻ കഴിയില്ല. ഈ ഭയാനകമായ സാഹചര്യങ്ങളിൽ നിന്ന് അവർക്ക് രക്ഷപ്പെടാൻ കഴിയുമെന്നതും മെക്സിക്കോ അവർക്ക് അന്തസ്സും ആദരവും ഉള്ള ഒരു സ്ഥലമാകുമെന്നതും വളരെ സന്തോഷകരമാണ്.” എന്നാണ് റിവേര പറഞ്ഞത്. 

കുടിയേറ്റക്കാരായ കുട്ടികളോട് മെക്സിക്കോയ്ക്ക് കൂടുതൽ പുരോഗമനനയമുണ്ടെന്നതിന്റെ തെളിവാണ് പുതിയ പരിഷ്കരണം. അമേരിക്കൻ ഐക്യനാടുകളിലെ കുട്ടികളെ പൊതുവെ അഭയകേന്ദ്രങ്ങളിലേക്ക് അയക്കാറാണ്. കൂടാതെ കുടുംബങ്ങൾക്കൊപ്പമെത്തുന്ന കുട്ടികളെ 20 ദിവസത്തിൽ കൂടുതൽ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയാനനുവദിക്കാറില്ല. മാർച്ച് മുതൽ ആയിരക്കണക്കിന് കുടിയേറ്റക്കാരായ കുട്ടികളെയാണ് ആരോഗ്യകാര്യത്തിൽ ആശങ്കയാണ് എന്ന കാരണം പറഞ്ഞ് യുഎസിൽ നിന്ന് പുറത്താക്കിയത്.

ഏതായാലും, മെക്സിക്കോ പുതിയ പരിഷ്കരണം നടപ്പിൽ വരുത്തുകയാണെങ്കിലും ഇത്രയധികം കുട്ടികളെ പരിപാലിക്കുന്നതിനുള്ള ചെലവ് എങ്ങനെ കണ്ടെത്തുമെന്നും മറ്റുമുള്ള കാര്യത്തിൽ വ്യക്തതയില്ല. 

Follow Us:
Download App:
  • android
  • ios