വിദ്യ, വിശാഖ്, നിഖില്‍ എന്നിവരുടെ കാര്യത്തില്‍ കഴിയുന്നത്ര ഉഴപ്പിനടന്ന പൊലീസ് കെ. എസ് യു നേതാവായ അന്‍സിലിന്റെ കാര്യം വന്നപ്പോള്‍ അതിവേഗം ഇടപെടുകയായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് അടക്കം ആരോപിക്കുന്നത്.
നിഖിലും വിദ്യയും വിശാഖുമെല്ലാം കേസ് വന്ന ഉടനെത്തന്നെ ഒളിവില്‍ പോവുകയായിരുന്നു. സ്വന്തം ഭാഗം വിശദീകരിക്കാന്‍ പോലും ഇവര്‍ പുറത്തുവന്നിരുന്നില്ല. എന്നാല്‍, ആരോപണം വന്നതിനു പിന്നാലെ തനിക്കെതിരെ കള്ളവാര്‍ത്ത പ്രസിദ്ധീകരിച്ചു എന്നു പറഞ്ഞ് അന്‍സില്‍ ആലപ്പുഴ പൊലീസില്‍ പരാതി നല്‍കി. 'ദേശാഭിമാനി' വാര്‍ത്ത കള്ളമാണെന്നും അങ്ങനെയൊരു വ്യാജ സര്‍ടിഫിക്കറ്റ് താന്‍ ഉണ്ടാക്കുകയോ എവിടെയെങ്കിലും സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം തേടി പൊലീസിനെ സമീപിച്ചുവെന്നും പറഞ്ഞ് മാധ്യമങ്ങളെ സമീപിക്കുകയും ചെയ്തു, അന്‍സില്‍.

'സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു'-രാഷ്ട്രീയ എതിരാളികള്‍ അധികാരത്തിലിരിക്കുന്ന ഇടങ്ങളിലും കാലങ്ങളിലുമെല്ലാം ഇടതുപക്ഷ പാര്‍ട്ടികള്‍ പതിവായി ഉരുവിടുന്ന ആരോപണമാണിത്. എന്നാല്‍, ബംഗാളും ത്രിപുരയുമെല്ലാം കടപുഴകിയ ശേഷമുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍, ഇടതുപക്ഷം ഭരണത്തില്‍ ബാക്കിയായ കേരളത്തിലും സംഭവിക്കുന്നത് ഇതുതന്നെയല്ലേ എന്നാരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാനാവില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന ക്രമക്കേടുകളും തട്ടിപ്പുകളും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കെ, പ്രതിസ്ഥാനത്തുള്ള എസ് എഫ് ഐ നേതാക്കളോടുള്ള സര്‍ക്കാറിന്റെയും ഗവ. ഏജന്‍സികളുടെയും മൃദുമനോഭാവം വ്യക്തമാക്കുന്നത് ഇതു തന്നെയാണ്. തട്ടിപ്പുകാര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ ഒത്താശ ചെയ്തു കൊടുക്കുക, ഒളിവുജീവിതം സുരക്ഷിതവും ഭദ്രവുമാക്കുക, കേസ് നടപടികളുടെ കാര്യത്തില്‍ ഉഴപ്പുക, സാങ്കേതിക നൂലാമാലകളില്‍ തൂങ്ങിയാടി പ്രതികളെ സഹായിക്കാനുള്ള അടവുകള്‍ പയറ്റുക, സൈബര്‍ സഖാക്കളെയും ആസൂത്രിത ഓണ്‍ലൈന്‍ കാമ്പെയിനുകളെയും ഉപയോഗിച്ച് തട്ടിപ്പുകാരെ ഇരകളാക്കി മുദ്രകുത്തുകയും തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നവരെ വേട്ടയാടുകയും ചെയ്യുക, തൊട്ടടുത്തുള്ള പ്രതികളെ പോലും കാണാന്‍ കണ്ണില്ലാത്ത പൊലീസ് സംവിധാനമാവട്ടെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെ വേട്ടയാടാന്‍ തുറുകണ്ണുമായി ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആടിനെ പട്ടിയാക്കാനും അതിനെ പേപ്പട്ടിയെന്നു പറഞ്ഞ് എറിഞ്ഞുകൊല്ലാനും ഒരു ബുദ്ധിമുട്ടുമില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. 'പോസ്റ്റ് ട്രൂത്ത് കാലം' എന്നൊക്കെ പറഞ്ഞ് പുതുകാലത്തിനെ അത്യുച്ചത്തില്‍ വിശദീകരിക്കുന്ന ഇടതുബുദ്ധിജീവികളൊക്കെ വളരെ സെലക്ടീവായ മറവിയുടെയും ഓര്‍മ്മയുടെയും നൂല്‍പ്പാലത്തില്‍ ആറാടുന്ന തമാശ കൂടി ഇതോടൊപ്പം എടുത്തു പറയണം.
ഈ പശ്ചാത്തലത്തില്‍ വേണം, ആലപ്പുഴക്കാരനായ അന്‍സില്‍ ജലീല്‍ എന്ന കെ എസ് യു നേതാവിനെതിരെ തിരുവനന്തപുരം കന്‍േറാണ്‍മെന്റ് പൊലീസ് കേസ് എടുത്ത സംഭവത്തെ കാണാന്‍. നിരപരാധിയായ തന്നെ രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടുകയാണെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കെയാണ് അന്‍സലിനെതിരെ പൊലീസ് കേസ് എടുത്തത്. 'വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയാറാക്കിയെന്ന പരാതിയില്‍ കെ.എസ്.യു സംസ്ഥാന കണ്‍വിനര്‍ അന്‍സില്‍ ജലീലിനെതിരെ കേസെടുത്തു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. അന്‍സില്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന് കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് തുടര്‍നടപടി.' എന്നാണ് അന്‍സിലിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുകയും അയാള്‍ തയ്യാറാക്കിയതെന്നു പറഞ്ഞ് ഒരു വ്യാജ ബിരുദ സര്‍ടിഫിക്കറ്റ് പ്രസിദ്ധീകരിക്കുകയും ചെയ്ത സിപിഎം മുഖപത്രമായ 'ദേശാഭിമാനി' കേസെടുത്ത സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിദ്യ മുതല്‍ അന്‍സില്‍ വരെ; നിലപാടുകള്‍, വൈരുധ്യങ്ങള്‍
മഹാരാജാസ് കോളജില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു എന്ന് വ്യാജ എക്‌സ്പീരിയന്‍സ് സര്‍ടിഫിക്കറ്റ് ഉണ്ടാക്കി, ആ പ്രവര്‍ത്തന പരിചയത്തിന്റെ പിന്‍ബലത്തില്‍ മറ്റ് കോളജുകളില്‍ ജോലി നേടാന്‍ ശ്രമിച്ച എസ് എഫ് ഐ നേതാവ് കെ വിദ്യ പിടിയിലാവുന്ന അതേ ദിവസമാണ് അന്‍സിലിന് എതിരെ പൊലീസ് കേസ് എടുത്തത്. സര്‍വകലാശാലാ രജിസ്ട്രാര്‍ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് എടുപിടീന്ന് അന്‍സിലിനെതിരെ കേസ് എടുത്തത്. എന്നാല്‍, കേസ് എടുത്ത് 15 ദിവസങ്ങള്‍ ഒളിവുജീവിതം നയിച്ചശേഷമാണ് വിദ്യ അറസ്റ്റിലാവുന്നത്.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍, കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുക പോലും ചെയ്യാത്ത എസ് എഫ് ഐ നേതാവിനെ ആള്‍മാറാട്ടം നടത്തി യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറാക്കാനുള്ള നീക്കം പൊളിഞ്ഞിട്ട് മാസത്തിലേറെ ആയി. എന്നിട്ടും പ്രതിയെ ഒന്ന് അലോസരപ്പെടുത്താന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി മത്സരിച്ചു ജയിച്ച എ.എസ്. അനഘയ്ക്കു പകരം തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്ത എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ വിശാഖിനെ ആള്‍മാറാട്ടത്തിലൂടെ സര്‍വകലാശാല പ്രതിനിധിയായി നിശ്ചയിക്കാനായിരുന്നു നീക്കം. ഒന്നാം പ്രതിയായ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യാന്‍ വട്ടമിട്ടുനടന്ന പൊലീസ് വിശാഖിനെ, ഒന്ന് ചോദ്യം ചെയ്യാന്‍ പോലും ഇനിയും മുതിര്‍ന്നിട്ടില്ല.
ചത്തിസ്ഗഢിലെ കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ ഡിഗ്രി സര്‍ടിഫിക്കറ്റ് സംഘടിപ്പിച്ച കേസിലെ പ്രതി എസ് എഫ് ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്ന നിഖില്‍ തോമസും ഇതേപോലെ പൊലീസ് കണ്ണുകള്‍ക്കു പുറത്താണ്. ഡിഗ്രിക്ക് തോറ്റ നിഖില്‍ വ്യാജ ഡിഗ്രി സര്‍ടിഫിക്കറ്റുണ്ടാക്കി അതേ കോളജില്‍ എം കോമിന് ചേര്‍ന്ന് പഠിക്കുന്നതിനിടെയാണ് കുടുങ്ങിയത്. സിപിഎം നേതാവിന്റെ ശുപാര്‍ശയിലായിരുന്നു നിഖില്‍ എത്തിയത് എന്നാണ് കോളജ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. എസ് എഫ് ഐ നേതൃത്വം ആദ്യം നിഖിലിന് ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും പിന്നീട് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ നിലപാട് മാറ്റുകയായിരുന്നു. നിഖിലിനെ സംഘടനാ പദവികളില്‍ നിന്ന് നീക്കി എന്നു പറയുമ്പോഴും പൊലീസ് 'കുസൃതിയല്‍പ്പം കൂടുന്നുണ്ട്' എന്ന ട്രോള്‍ ഭാഷയിലാണ് നിഖിലിനെ കൈകാര്യം ചെയ്യുന്നത്.
ഈ സാഹചര്യത്തിലാണ് ആലപ്പുഴക്കാരന്‍ അന്‍സിലിനെതിരെ അതിവേഗത്തില്‍ കേസ് എടുത്ത നടപടി ചര്‍ച്ചയാവുന്നത്. വിദ്യ, വിശാഖ്, നിഖില്‍ എന്നിവരുടെ കാര്യത്തില്‍ കഴിയുന്നത്ര ഉഴപ്പിനടന്ന പൊലീസ് കെ. എസ് യു നേതാവായ അന്‍സിലിന്റെ കാര്യം വന്നപ്പോള്‍ അതിവേഗം ഇടപെടുകയായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് അടക്കം ആരോപിക്കുന്നത്.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നിഖില്‍, വിദ്യ, വിശാഖ് എന്നീ എസ് എഫ് ഐ നേതാക്കള്‍ക്കെതിരായ തട്ടിപ്പു കേസുകളുമായി താരതമ്യം ചെയ്യാവുന്നതല്ല അന്‍സിലിന്റെ കേസ്. ആരാണ് വ്യാജരേഖ തയ്യാറാക്കിയത് എന്ന സമസ്യയില്‍ ഇപ്പോഴും തറഞ്ഞുനില്‍ക്കുകയാണ് ആ കേസ്. നിഖിലും വിദ്യയും വിശാഖുമെല്ലാം കേസ് വന്ന ഉടനെത്തന്നെ ഒളിവില്‍ പോവുകയായിരുന്നു. സ്വന്തം ഭാഗം വിശദീകരിക്കാന്‍ പോലും ഇവര്‍ പുറത്തുവന്നിരുന്നില്ല. എന്നാല്‍, ആരോപണം വന്നതിനു പിന്നാലെ തനിക്കെതിരെ കള്ളവാര്‍ത്ത പ്രസിദ്ധീകരിച്ചു എന്നു പറഞ്ഞ് അന്‍സില്‍ ആലപ്പുഴ പൊലീസില്‍ പരാതി നല്‍കി. 'ദേശാഭിമാനി' വാര്‍ത്ത കള്ളമാണെന്നും അങ്ങനെയൊരു വ്യാജ സര്‍ടിഫിക്കറ്റ് താന്‍ ഉണ്ടാക്കുകയോ എവിടെയെങ്കിലും സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം തേടി പൊലീസിനെ സമീപിച്ചുവെന്നും പറഞ്ഞ് മാധ്യമങ്ങളെ സമീപിക്കുകയും ചെയ്തു, അന്‍സില്‍. അതിനു ശേഷവും പൊതുസമൂഹത്തില്‍ തുടര്‍ന്ന അന്‍സില്‍, ഏഷ്യാനെറ്റ് ന്യൂസിന്റെ 'ന്യൂസ് അവറി'ലടക്കം പങ്കെടുത്ത് തനിക്ക് പറയാനുള്ളതൊക്കെ പറയുകയും ചെയ്തു.

ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത, വ്യാജസര്‍ടിഫിക്കറ്റ്
ജൂണ്‍ 12-നാണ് ദേശാഭിമാനി പത്രത്തില്‍ അന്‍സിലിനെതിരെ ആ വാര്‍ത്ത വന്നത്. 'കേരള സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ച് കെഎസ്യു സംസ്ഥാന നേതാവ്' എന്ന ആംഗിളിലായിരുന്നു ആലപ്പുഴ നിന്നുള്ള റിപ്പോര്‍ട്ട്. 'കേരള സര്‍വകലാശാലയില്‍നിന്ന് 2016-ല്‍ ബികോം ബിരുദം നേടിയതായി ചമച്ച സര്‍ട്ടിഫിക്കറ്റുപയോഗിച്ച് ആലപ്പുഴയിലെ പണമിടപാട് സ്ഥാപനത്തില്‍ ജോലി സമ്പാദിച്ചതായും ആക്ഷേപമുണ്ട്' എന്നും വാര്‍ത്തയില്‍ പറയുന്നു. 'കേരള സര്‍വകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ് ചാന്‍സലറുടെ ഒപ്പും ദുരുപയോഗപ്പെടുത്തിയാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്.' എന്നും റിപ്പോര്‍ട്ട് ഉറപ്പിച്ചു പറയുന്നു. വാര്‍ത്തയ്‌ക്കൊപ്പം താഴെക്കാണുന്ന ഒരു സര്‍ടിഫിക്കറ്റും ദേശാഭിമാനി പ്രസിദ്ധീകരിച്ചു. 2016 നവംബര്‍ 15 തീയതിയിലുള്ള സര്‍ടിഫിക്കറ്റില്‍ അന്‍സില്‍ ജലീല്‍ ബികോം പാസായി എന്നാണ് എഴുതിയിരിക്കുന്നത്.
വാര്‍ത്ത ആ സമയത്ത് സംസ്ഥാന തലത്തില്‍ വലിയ ചര്‍ച്ചയായില്ല. എങ്കിലും ദേശാഭിമാനിയില്‍ പിറ്റേ ദിവസവും തുടര്‍വാര്‍ത്ത വന്നു. 'വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കെഎസ്യു സംസ്ഥാന കണ്‍വീനറിന് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജോലി നേടാന്‍ സഹായിച്ചത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.' എന്നായിരുന്നു ആ വാര്‍ത്ത. വ്യാജസര്‍ടിഫിക്കറ്റ് ഉപയോഗിച്ച് 2019-ല്‍ ആലപ്പുഴയിലെ പ്രമുഖ സ്ഥാപനത്തില്‍ അന്‍സില്‍ ജോലി നേടിയതായും വാര്‍ത്തയില്‍ പറയുന്നു. വാര്‍ത്ത മുന്നോട്ടുവെക്കുന്ന പ്രധാന ആരോപണങ്ങള്‍ ഇതായിരുന്നു: 'ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓഫീസിലായിരുന്നു ജലീലിന്റെ ആദ്യ നിയമനം. തുടര്‍ന്നുള്ള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനില്‍ ക്രമക്കേട് കണ്ടെത്തി. തട്ടിപ്പ് മനസ്സിലാക്കി സ്ഥാപനം ഇയാളെ പിരിച്ചുവിട്ടു. ആലപ്പുഴ എസ്ഡി കോളേജില്‍ എഴുതിയ പരീക്ഷകളിലെല്ലാം തോറ്റതോടെയാണ് അന്‍സില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.''
എസ് എഫ് ഐ നേതാവ് ആര്‍ഷോയുടെയും വിദ്യയുടെയും പേരിലുള്ള വിവാദങ്ങള്‍ക്കിടയില്‍ പുറത്തുവന്ന ഈ വാര്‍ത്തകള്‍ അന്ന് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍, ആലപ്പുഴയില്‍നിന്നുള്ള നിഖില്‍ തോമസിന്റെ വ്യാജസര്‍ടിഫിക്കറ്റ് വിവാദം മുറുകിയതോടെ 'കെ എസ് യു നേതാവും വ്യാജബിരുദ സര്‍ടിഫിക്കറ്റ് ഉണ്ടാക്കി' എന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നു. സോഷ്യല്‍ മീഡിയയില്‍ അന്‍സിലിനെതിരെ വ്യാപക പ്രചാരണവുമുണ്ടായി. തുടര്‍ന്നാണ്, ഈ വാര്‍ത്തകള്‍ കള്ളമാണെന്നും താനാണ് ഇക്കാര്യം ആദ്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയതെന്നും പറഞ്ഞ് അന്‍സില്‍ തന്നെ രംഗത്തുവന്നു.
അതിനിടെയാണ്, കേരള സര്‍വകലാശാലയുടെ അടിയന്തിര ഇടപെടല്‍ വന്നത്. ദേശാഭിമാനി പ്രസിദ്ധീകരിച്ച, ജലീലിന്റെ പേരിലുള്ള വ്യാജസര്‍ടിഫിക്കറ്റ് പരീക്ഷാ കണ്‍ട്രോളര്‍ പരിശോധിക്കുകയും അത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് കണ്ടെത്തുകയും ചെയ്തതായി രജിസ്ട്രാര്‍ വാര്‍ത്താ കുറിപ്പിറക്കി. നിഖില്‍ വ്യാജസര്‍ടിഫിക്കറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യൂനിവേഴ്‌സിറ്റി പരാതി നല്‍കിയതിനൊപ്പം, അന്‍സിലിന്റെ വിഷയത്തിലും രജിസ്ട്രാര്‍ പരാതി നല്‍കി. ദേശാഭിമാനിയില്‍ വന്ന ഇമേജ് മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള പരാതിയില്‍ എന്തായാലും ഉടനടി പൊലീസ് നടപടി എടുത്തു. തനിക്കെതിരെ കള്ള പ്രചാരണം നടത്തുന്നുവെന്നും അതിന്റെ നിജസ്ഥിതി അന്വേഷിക്കണം എന്നുമാവശ്യപ്പെട്ട് അന്‍സില്‍ നല്‍കിയ പരാതിയില്‍ ഒരാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും എടുക്കാത്ത അതേ പൊലീസാണ് ദേശാഭിമാനിയില്‍ വന്ന ഒരു ഇമേജിനെ ചൊല്ലി സര്‍വകലാശാല എടുപിടീന്ന് നല്‍കിയ പരാതി പ്രകാരം കേസ് എടുത്തത്.
ഇക്കാര്യത്തില്‍ ന്യൂസ് അവറിലടക്കം അന്‍സില്‍ പറഞ്ഞത് ഇതാണ്:
''ഞാന്‍ വ്യാജസര്‍ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടില്ല. അത്തരമൊന്ന് ഉപയോഗിച്ച് ഒരിടത്തും ജോലി വാങ്ങിയിട്ടുമില്ല. ഞാന്‍ പഠിച്ചത് ആലപ്പുഴ എസ് ഡി കോളജിലാണ്. ആ സര്‍ടിഫിക്കറ്റില്‍ പറയുന്നതുപോലെ ബികോം അല്ല, ബി എ ഹിന്ദിയാണ് ഞാന്‍ പഠിച്ചത്. അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സെക്കന്റ് ഇയറിനു പഠിക്കുമ്പോള്‍ പിതാവിന് സ്‌ട്രോക്ക് വന്നു. വീട്ടിലെ അവസ്ഥ വളരെ മോശമായിരുന്നു. അതിനാല്‍, പഠിത്തം നിര്‍ത്തേണ്ടി വന്നു. പിന്നീട്, ആലപ്പുഴ മുത്തൂറ്റില്‍ കലക്ഷന്‍ ഏജന്റായി ആറേഴ് മാസം ജോലി ചെയ്തു.
അവിടെയാണ് ഞാനാ സര്‍ടിഫിക്കറ്റ് ഉപയോഗിച്ചു എന്ന് ഇവര്‍ പറയുന്നത്. എന്നാല്‍, അത് മാസം 12,000 രൂപ ശമ്പളം കിട്ടുന്ന കലക്ഷന്‍ ഏജന്റ് ജോലി ആയിരുന്നു. പ്ലസ് ടു ആയിരുന്നു അതിന്റെ അടിസ്ഥാന യോഗ്യത. പിന്നെന്തിനാണ് ഞാന്‍ ഡിഗ്രി സര്‍ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കി അവിടെ ഹാജരാക്കുന്നത്?
ആ ജോലി ഉപേക്ഷിച്ചാണ് ഞാന്‍ സ്വന്തമായി ഒരു കോഫിഷോപ്പ് ആലപ്പുഴയില്‍ തുടങ്ങിയത്. അതാണ് ഇന്നത്തെ എന്റെ ജീവിതമാര്‍ഗം. കുടുംബത്തെ പോറ്റാന്‍ എനിക്കതേ ഉള്ളൂ. ചായക്കട നടത്താന്‍ എവിയെങ്കിലും ഡിഗ്രി സര്‍ടിഫിക്കറ്റിന്റെ ആവശ്യം ഉണ്ടോ? പിന്നെ ഞാന്‍ എന്തിനാണ്, അത്തരമൊരു സര്‍ടിഫിക്കറ്റ് കൃത്രിമമായി ഉണ്ടാക്കുന്നത്?
12-ന് രാവിലെ ദേശാഭിമാനിയിലാണ് ആ കള്ളക്കഥ വന്നത്. അതിനു പിന്നാലെ എനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം ഉണ്ടായി. അതിന്റെ പിറ്റേന്ന്, ഞാന്‍ ആലപ്പുഴ പൊലീസില്‍ പരാതി നല്‍കി. സ്ഥലത്തില്ലാത്തതിനാല്‍ മെയിലിലാണ് പരാതി അയച്ചത്. പിറ്റേന്ന് പൊലീസ് എന്നെ വിളിപ്പിച്ചു. ഞാന്‍ കാര്യങ്ങളെല്ലാം അവരെ ധരിപ്പിച്ചു. സോഷ്യല്‍ മീഡിയാ ആരോപണ ലിങ്കുകളും വാട്‌സാപ്പില്‍ സൈബര്‍ പ്രചാരണം നടത്തിയവരുടെ വാട്‌സാപ്പ് നമ്പറുകളും നല്‍കാന്‍ അവര്‍ ആവശ്യപ്പെട്ടു. അതു നല്‍കി. ഒപ്പം ദേശാഭിമാനിക്ക് എതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്നും എന്റെ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ല. പക്ഷേ, എനിക്കെതിരായ ദേശാഭിമാനി ആരോപണത്തിന്റെ ചുവടുപിടിച്ച് പൊലീസ് പിറ്റേന്ന് തന്നെ ഞാന്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ചെന്നു. അങ്ങനെ ഒരു ഡിഗ്രി സര്‍ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് സ്ഥാപന അധികൃതര്‍ പൊലീസിനെ അറിയിച്ചു. പിന്നീട് പൊലീസ് എന്റെ ഉമ്മയുടെ അടുത്തും പോയിരുന്നു. ആര്‍ട്ടും ഫോട്ടോഷോപ്പ് ചെയ്തു ഉണ്ടാക്കാനാവുന്ന ഒരു ഇമേജ് വെച്ച്, ഞാനറിയാത്ത കാര്യത്തിന് എന്നെ ഉപദ്രവിക്കുകയാണ്.
12-ന് ദേശാഭിമാനിയില്‍ വാര്‍ത്ത വന്നുവെങ്കിലും വിദ്യ-ആര്‍ഷോ വിവാദത്തിന്റെ ബഹളത്തില്‍ അതു മുങ്ങിപ്പോയിരുന്നു. നിഖില്‍ തോമസ് വ്യാജ സര്‍ടിഫിക്കറ്റ് വിഷയത്തില്‍ എസ് എഫ് ഐ വാദം പൊളിയുകയും അവര്‍ പരിഹാസ്യരായിരിക്കുകയും ചെയ്തപ്പോഴാണ് ആ വാര്‍ത്ത വീണ്ടും പൊങ്ങിവന്നതും യൂനിവേഴ്‌സിറ്റി അധികൃതര്‍ ദേശാഭിമാനി നോക്കി എനിക്കെതിരെ പരാതി നല്‍കിയതും.

സത്യത്തില്‍ എന്താണ് സംഭവിച്ചത്?
കാര്യം എന്തായാലും, അന്‍സിലിന് എതിരെ ഇപ്പോള്‍ കേസ് നിലനില്‍ക്കുന്നുണ്ട്. 'വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി'യാണ് കേസ് എടുത്തത് എന്നാണ് ദേശാഭിമാനി വാര്‍ത്ത വിശദീകരിക്കുന്നത്. സംഭവത്തില്‍ തനിക്ക് പറയാനുള്ളതെല്ലാം അന്‍സില്‍ പൊതുമധ്യത്തില്‍ പറഞ്ഞിട്ടുണ്ട്. മാധ്യമങ്ങള്‍ക്കു മുന്നിലെത്തി തന്റെ ഭാഗം വിശദീകരിക്കുകയും ചെയ്്തു.
അന്‍സിലിന്റെ വിഷയത്തില്‍, പരാതി നല്‍കിയത് സര്‍വകലാശാലയാണ്. അതിനടിസ്ഥാനം ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയും വ്യാജസര്‍ടിഫിക്കറ്റിന്റെ ഇമേജുമാണ്. അത് വ്യാജമാണെന്ന് ഇതിനകം സര്‍വകാലാശാലാ പരീക്ഷാ കണ്‍്രേടാളര്‍ തന്നെ സ്ഥിരീകരിച്ചതാണ്. എന്നാല്‍, അങ്ങനെയൊരു സര്‍ടിഫിക്കറ്റ് ആരാണ് ഉണ്ടാക്കിയത് എന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. അക്കാര്യത്തില്‍ ഒരു വ്യക്തതയും ഇപ്പോഴില്ല. മാത്രമല്ല, നിഖില്‍ തോമസ് ചെയ്തത് പോലെ വ്യാജ സര്‍ടിഫിക്കറ്റ് സമര്‍പ്പിച്ച് കോഴ്‌സിനു ചേരുകയോ വിദ്യ ചെയ്തതുപോലെ തൊഴില്‍ ആവശ്യങ്ങള്‍ക്കായി വ്യാജ സര്‍ടിഫിക്കറ്റ് ഉപയോഗിക്കുകയോ ചെയ്തതായി പരാതി നിലവിലില്ല. വ്യാജ സര്‍ടിഫിക്കറ്റ് ഉപയോഗിച്ചാണ് അന്‍സില്‍ ജോലിക്ക് കയറിയതെന്ന് ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നുണ്ടെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തില്‍ അക്കാര്യം സ്ഥിരീകരിച്ചതായി വിവരമില്ല. എവിടെയെങ്കിലും അത്തരമൊരു സര്‍ടിഫിക്കറ്റ് ഹാജരാക്കി അന്‍സില്‍ എന്തെങ്കിലും തട്ടിപ്പ് നടത്തിയതായി ഒരു സ്ഥാപനവും ഇതുവരെ പരാതി നല്‍കുകയും ചെയ്തിട്ടില്ല.
ഈ സാഹചര്യത്തില്‍, ഇനി പുറത്തുവരേണ്ടത് പൊലീസിന്റെ വിശദീകരണമാണ്. അവര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതെന്ത് എന്ന കാര്യമാണ് വ്യക്തമാവേണ്ടത്. ഇങ്ങനെയൊരു സര്‍ടിഫിക്കറ്റ് ശരിക്കും ഉണ്ടോ, അതാരാണ് തയ്യാറാക്കിയത്, അന്‍സിലിന് അതുമായി ബന്ധമുണ്ടോ, അത് അയാള്‍ എവിടെയെങ്കിലും സമര്‍പ്പിച്ചിട്ടുണ്ടോ, അതുപയോഗിച്ച് എന്തെങ്കിലും ആനുകൂല്യങ്ങള്‍ അയാള്‍ പറ്റിയിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് തെളിയേണ്ടത്.
എങ്കിലും, ഇന്നേരവും, ഒരു കാര്യം വ്യക്തമായി തന്നെ നമ്മുടെ മുന്നില്‍ നില്‍ക്കുന്നുണ്ട്. വിദ്യ, വിശാഖ്, നിഖില്‍ തോമസ് എന്നിവരുടെ കാര്യത്തില്‍ കേരള പൊലീസ് കാണിച്ച സമീപനമല്ല അന്‍സിലിന്റെ കാര്യത്തില്‍ ഉണ്ടായത്. ദേശാഭിമാനി നോക്കി സര്‍വകാലാശാലാ അധികൃതര്‍ നടത്തിയ അന്വേഷണവും അതുപ്രകാരം കേസ് നല്‍കാന്‍ കാണിച്ച ധൃതിയും പരാതി കിട്ടിയ ഉടന്‍ കേസ് എടുക്കാന്‍ പൊലീസ് കാണിച്ച തിടുക്കവുമെല്ലാം അന്‍സിലും പ്രതിപക്ഷ സംഘടനകളും ചോദ്യം ചെയ്യുമ്പോള്‍, പുതിയ സാഹചര്യത്തില്‍ ഇതൊന്നും അത്ര അസ്വാഭാവികമായി കാണാനാവില്ല.
