ഇത് ഭരത് സിങ്ങ് ചൗഹാൻ. കൂടെയുള്ളത് അദ്ദേഹത്തിന്റെ പത്നിയാണ്. അദ്ദേഹം ഒരു ലോക്സഭാംഗമായിരുന്നു. കണ്ടാൽ തോന്നില്ല, പറഞ്ഞാലും ചിലപ്പോൾ വിശ്വസിച്ചെന്നു വരില്ല... സത്യമാണ്, 1985 മുതൽ അഞ്ചുവർഷം ഇന്ത്യൻ പാർലമെന്റിൽ  റോളിൽ നിസ്വാർത്ഥസേവനമനുഷ്ഠിച്ചിട്ടുണ്ട് ചൗഹാൻ. ഒരൊറ്റ കുഴപ്പമേയുള്ളൂ ആൾക്ക്. കാണുന്നവരോടൊക്കെ തന്റെ രജപുത്ര പാരമ്പര്യത്തെപ്പറ്റി വാചാലനാകും. 

നേരിയ ഒരു പരിചയം മതി ചൗഹാന് തന്റെ പൂർവികരുടെ കഥപറയാൻ. ഔറംഗസേബ് തനിക്കെതിരെ തിരിഞ്ഞ കാലത്ത് വൃദ്ധനായ ഷാജഹാൻ മാർവാഡിലെ രാജാവായ ജസ്വന്ത്‌ സിംഗിന്റെ സഹായം തേടിയിരുന്നു. അദ്ദേഹത്തിന്റെ വിശ്വസ്ത സൈനികരായിരുന്നു ഭരത് ചൗഹാന്റെ പൂർവികർ അമർദാസ് ചൗഹാനും, ഭഗവാൻദാസ് ചൗഹാനും. 

ഈ കഥപറച്ചിൽ ഒഴിച്ചാൽ, ഇന്ത്യൻ രാഷ്ട്രീയത്തിൽ അന്യം നിന്നുപോകുന്ന പല സാത്വികഗുണങ്ങളും ചൗഹാനിൽ ദൃശ്യമാണ്. 1985-ൽ മധ്യപ്രദേശിലെ സീതാമാവു മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ദിഗ്‌വിജയ് സിങ്ങ് വിശ്വസിച്ച് ഏൽപ്പിച്ചത് ഭരത് ചൗഹാനെ ആയിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ചെലവിടാൻ സമ്പാദ്യമൊന്നുമില്ലായിരുന്നു. മണ്ഡലത്തിലെ പ്രവർത്തകരിൽ നിന്ന് പിരിവിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കെട്ടി വെച്ച കാശും പ്രചാരണത്തിന് പിരിച്ച കാശിൽ ബാക്കി വന്നതും ചേർത്ത്, ജയിച്ച പാടെ തന്നെ  ഒരുവിധം പേർക്കൊക്കെ ചൗഹാൻ തെരഞ്ഞെടുപ്പിന് പിരിച്ച പണം തിരിച്ചു നൽകി. 

എന്നാൽ എംപി സ്ഥാനം കിട്ടിയെന്നറിഞ്ഞ് പലരും പലവഴിക്ക് സ്വാധീനം ചെലുത്താനായി വന്നപ്പോൾ ചൗഹാൻ അവരോടൊക്കെ കൈകൂപ്പിക്കൊണ്ട് ഒന്നേ പറഞ്ഞുള്ളൂ. " ദയവായി എന്നോട് തെറ്റായ പണികൾ ഒന്നും തന്നെ ചെയ്യാൻ പറയരുത്. ഞാൻ ചെയ്യില്ല..! എന്റെ മനസ്സാക്ഷിക്ക് നിരക്കാത്തത് ഒന്നും തന്നെ ഞാൻ ചെയ്യില്ല..!  " 

രാഷ്ട്രീയത്തിൽ നിറഞ്ഞാടിയിരുന്ന ചതിയും വഞ്ചനയും സ്വജനപക്ഷപാതവും അഴിമതിയും ഒക്കെ കണ്ട് മനംമടുത്ത ഭരത് ചൗഹാൻ തന്റെ ജീവിതത്തിൽ പിന്നീടൊരിക്കലും തെരഞ്ഞെടുപ്പിന് മത്സരിക്കുക എന്ന ആ അബദ്ധം പ്രവർത്തിച്ചില്ല. അതുകൊണ്ട് സ്വൈര്യമായി ജീവിക്കുന്നുണ്ട് എന്ന് ചൗഹാൻ അഭിമാനത്തോടെ തന്നെ പറയുന്നു. 

ചർച്ച തുടങ്ങി അധികം താമസിയാതെ ചൗഹാൻ അറിയാതെ തന്നെ സത്യസന്ധത എന്ന വിഷയത്തിലേക്ക് എത്തും. അതോടെ പത്നിയും ചേരും സംസാരത്തിൽ. ആത്മാർത്ഥവും സത്യസന്ധവുമായ ജീവിക്കാൻ ആളുകൾക്ക് എന്താണിത്ര പ്രയാസം എന്നാണ് അവർ അത്ഭുതത്തോടെ ചോദിക്കുന്നത്. ജീവിതത്തിൽ ഉടനീളം പുലർത്തുന്ന സത്യസന്ധത അവർക്ക് എന്നും മറ്റുള്ളവരിൽ നിന്ന് പ്രയാസങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളത്. അവരെ അത് മറ്റുള്ളവരുടെ കണ്ണിലെ കരടും ആക്കുന്നുണ്ട്. 

വളരെ സാധാരണമായ ഒരു ജീവിതമാണ് ഇരുവരുടെയും. അവർ ഉന്തിക്കൊണ്ടു വരുന്ന ഷോപ്പിങ്ങ് കാർട്ടിൽ വളരെ സൂക്ഷിച്ച്, രണ്ടുവട്ടം ആലോചിച്ച് മാത്രം തെരഞ്ഞെടുത്ത സാധനങ്ങൾ മാത്രമേ കാണാനുള്ളൂ. അതും ഒരു വ്യക്തിയുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായ സാധനങ്ങൾ മാത്രം. ആഡംബരജീവിതത്തിന്റെ ഒരു ലക്ഷണവും അവരുടെ ഷോപ്പിങ്ങിൽ കാണുന്നില്ല. അതേപ്പറ്റി സൂചിപ്പിക്കുമ്പോൾ അവർക്ക് സന്തോഷമാണ്. "ഞങ്ങൾക്ക് ഇന്നുവരെ ആരുടെ മുന്നിലും തല കുനിക്കേണ്ടി വന്നിട്ടില്ല. അങ്ങനെ ചെയ്യേണ്ട ഒരു പ്രവൃത്തിയും ഞാനോ എന്റെ ഭാര്യയോ ഇന്നുവരെ ചെയ്തിട്ടില്ല.." ചൗഹാൻ പറഞ്ഞു. പത്നിയും തലകുലുക്കി. 

ദില്ലിയിലെ ഒരു സൂപ്പർമാർക്കറ്റിൽ വെച്ച് അവിചാരിതമായി ഭരത് സിങ്ങ് ചൗഹാനെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ചത് പ്രസിദ്ധ മാധ്യമപ്രവർത്തകനായ രവീഷ് കുമാറാണ്. ലോകത്ത് നന്മ പൂർണമായും അസ്തമിച്ചിട്ടില്ല എന്ന് നമുക്കും സന്തോഷിക്കാം.