എന്നാല്‍, ഒമ്പത് വര്‍ഷത്തെ അധ്യാപനത്തിനുശേഷം സ്ഥലംമാറി ആ സ്‍കൂളില്‍നിന്നും മറ്റൊരു സ്‍കൂളിലേക്ക് പോകേണ്ടിവന്നു ഷൈലജക്ക്. സ്‍കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കോ അവരുടെ രക്ഷിതാക്കള്‍ക്കോ ഒന്നുംതന്നെ ഷൈലജ പോകുന്നത് ഇഷ്‍ടമായിരുന്നില്ല. എന്നാലും അവര്‍ക്ക് തന്‍റെ യാത്ര തുടര്‍ന്നേ മതിയാവുമായിരുന്നുള്ളൂ.
ഒരു ഡോക്ടറാകണമെന്നതായിരുന്നു അവളുടെ ആഗ്രഹം. പക്ഷേ, അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഗൗതം, ലക്ഷ്‍മി, ശ്രീകാന്ത് തുടങ്ങിയ ഗദ്‍ചിറോളി ഗ്രാമത്തിലെ നൂറുകണക്കിന് കുട്ടികളുടെ ജീവിതം ഇങ്ങനെ മാറുമായിരുന്നോ? ഒരിക്കലും ഇല്ല എന്നാണുത്തരം. ഡോക്ടറാവുന്നതിനു പകരം ഷൈലജ ഗൊരേഖ്‍കര്‍ ആയത് അധ്യാപികയാണ്. ഒരുപക്ഷേ, ആത്മസമര്‍പ്പണത്തിന്‍റെ കാര്യത്തില്‍ ആരും മാതൃകയാക്കേണ്ടുന്ന അധ്യാപിക.
മുംബൈയില്‍നിന്ന് 972 കിലോമീറ്റര്‍ അകലെ അല്ലപ്പള്ളിയിലാണ് മലൂജിയുടെയും ശാന്ത ഗോരേഖ്‍കറുടെയും മകളായി ഷൈലജ ജനിച്ചത്. സ്നേഹത്തോടെ അവളെയെല്ലാവരും ഷൈല എന്ന് വിളിച്ചു. മുളക് വിറ്റിട്ടായിരുന്നു പിതാവ് ഷൈലയെയും രണ്ട് സഹോദരിമാരെയും ഭാര്യയെയും നോക്കിയിരുന്നത്.
എപ്പോഴും സ്വപ്‍നം കണ്ടിരുന്നയാളായിരുന്നു ഷൈലജ. കുട്ടിക്കാലത്ത് തന്നെ അവളുടെ സ്വപ്‍നം ഒരു ഡോക്ടറാകണമെന്നതായിരുന്നു. അങ്ങനെ തന്‍റെ ചുറ്റുമുള്ളതവരെയെല്ലാം ചികിത്സിക്കണമെന്നും രോഗങ്ങളില്‍നിന്നും അവരെ രക്ഷിച്ചെടുക്കണമെന്നും അവളാഗ്രഹിച്ചു. അതിനായി ഊണും ഉറക്കവുമില്ലാതെ പരിശ്രമിച്ചു. നല്ലൊരു മെഡിക്കല്‍ കോളേജില്‍ മെഡിസിന് സീറ്റും നേടി. പക്ഷേ, അവളുടെ ജീവിതം തിരിഞ്ഞത് തീര്‍ത്തും വ്യത്യസ്‍തമായൊരിടത്തേക്കാണ്. അവളുടെ പിതാവിന് അവളെക്കൂടാതെ രണ്ട് കുട്ടികളെ കൂടി വളര്‍ത്തിയെടുക്കേണ്ടതുണ്ടായിരുന്നു. കിട്ടുന്ന തുച്ഛമായ പണം കൊണ്ടുവേണം മക്കളുടെ പഠിത്തവും വീട്ടിലെ കാര്യങ്ങളുമെല്ലാം നടക്കാന്‍. അങ്ങനെ ഷൈലജയ്ക്ക് തന്‍റെ മെഡിസിന്‍ പഠനത്തോട് വിട പറയേണ്ടി വന്നു.
അങ്ങനെയാണ് 1998 -ല്‍ ജില്ലാ പരിഷത്ത് പ്രൈമറി സ്‍കൂളിലെ അധ്യാപികയായിട്ടുള്ള അവളുടെ ജീവിതം തുടങ്ങുന്നത്. ആദ്യമായി അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ താന്‍ പഠിപ്പിക്കേണ്ടുന്ന വിദ്യാലയത്തില്‍ നിലനില്‍ക്കുന്ന ജാതി വിവേചനം കണ്ട് ഷൈലജ ഞെട്ടിപ്പോയി. ഒരു സ്‍കൂള്‍ അസംബ്ലിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് കടന്നുവരുന്നതെന്താവും? ക്ലാസ് അടിസ്ഥാനത്തില്‍ നീളമൊക്കെ നോക്കി കുട്ടികള്‍ വരിവരിയായി നില്‍ക്കുന്നത് അല്ലേ? എന്നാല്‍, ഷൈലജ ചെന്ന സ്‍കൂളിലെ അവസ്ഥ അതായിരുന്നില്ല. അവിടത്തെ പ്രഥമാധ്യാപകന്‍ ആ കുഞ്ഞുങ്ങളെ നാല് വരികളാക്കി നിര്‍ത്തിയിരുന്നു. ഓരോ വരിയും ഓരോ ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഷൈലജ അതുകണ്ട് ഞെട്ടിപ്പോയി. ക്ലാസിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. അവിടെയും വിദ്യാര്‍ത്ഥികളെ ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇരുത്തിയിരുന്നത്. ഇതെങ്ങനെയായലും അവസാനിപ്പിച്ചേ മതിയാകൂവെന്ന് അന്ന് ഷൈലജയെന്ന ആ അധ്യാപിക തീരുമാനിച്ചു. എന്നാല്‍, പ്രഥമാധ്യാപകന്‍ ജാതിയുടെ അടിസ്ഥാനത്തില്‍ കുട്ടികളെ തരംതിരിച്ചു നിര്‍ത്തിയില്ലെങ്കില്‍ അതെന്തെങ്കിലും പ്രശ്‍നത്തിലേക്ക് പോകുമെന്ന് ഭയന്നുകൊണ്ടിരുന്നു. ഷൈലജക്ക് പക്ഷേ യാതൊരു ഭയവും തോന്നിയിരുന്നില്ല. അവര്‍ കുട്ടികളോട് ക്ലാസ് അടിസ്ഥാനത്തില്‍ നാല് വരികളിലായി നില്‍ക്കാന്‍ പറഞ്ഞു. പ്രഥമാധ്യാപകന്‍റെ ഭയം അസ്ഥാനത്തായിരുന്നു. സമുദായത്തില്‍നിന്ന് ഷൈലജയുടെ ധീരമായ നടപടിക്കെതിരെ എതിര്‍പ്പുകളൊന്നും തന്നെയുണ്ടായിരുന്നില്ല. അങ്ങനെ സ്‍കൂളിലെ ഓരോ വിദ്യാര്‍ത്ഥിയും സമത്വത്തോടെ പരിഗണിക്കപ്പെടാന്‍ തുടങ്ങി.

എന്നാല്‍, ഒമ്പത് വര്‍ഷത്തെ അധ്യാപനത്തിനുശേഷം സ്ഥലംമാറി ആ സ്‍കൂളില്‍നിന്നും മറ്റൊരു സ്‍കൂളിലേക്ക് പോകേണ്ടിവന്നു ഷൈലജക്ക്. സ്‍കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കോ അവരുടെ രക്ഷിതാക്കള്‍ക്കോ ഒന്നുംതന്നെ ഷൈലജ പോകുന്നത് ഇഷ്‍ടമായിരുന്നില്ല. എന്നാലും അവര്‍ക്ക് തന്‍റെ യാത്ര തുടര്‍ന്നേ മതിയാവുമായിരുന്നുള്ളൂ. അങ്ങനെ അല്ലപ്പള്ളി ജില്ലാ പരിഷത് പ്രൈമറി സ്‍കൂളില്‍ ജോലിയില്‍ പ്രവേശിച്ചു ഷൈലജ.
പഠനത്തിനുമപ്പുറം വിദ്യാര്‍ത്ഥികളുടെ കലാരംഗത്തും കായികരംഗത്തുമുള്ള കഴിവുകള്‍ കണ്ടെത്തുകയും അവര്‍ക്ക് വിവിധ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടാനും സഹായിച്ചു ഷൈലജ. പക്ഷേ, അവിടെ നാല് വര്‍ഷം പഠിപ്പിക്കുമ്പോഴേക്കും ഷൈലജക്ക് വീണ്ടും സ്ഥലംമാറ്റം കിട്ടി. ഇത്തവണ ചേര്‍പ്പള്ളിയിലെ ജില്ലാ പരിഷത് അപ്പര്‍ പ്രൈമറി സ്‍കൂളിലേക്കായിരുന്നു മാറ്റം. അവിടെയാവട്ടെ ഉച്ചഭക്ഷണത്തിനുശേഷം ക്ലാസേ ഉണ്ടായിരുന്നില്ല. കാരണം മറ്റൊന്നുമല്ല. ഉച്ചഭക്ഷണം കഴിഞ്ഞാല്‍ കുട്ടികളെല്ലാം നേരെ വീട്ടില്‍ പോകും. ഇതവസാനിപ്പിക്കാന്‍ തന്നെ ഷൈലജ തീരുമാനിച്ചു. ഒരു വടിയുമായി നേരെച്ചെന്ന് ഗേറ്റിനടുത്ത് നിലയുറപ്പിച്ചു. ഒരാളും ഉച്ചഭക്ഷണം കഴിച്ചയുടനെ വീട്ടില്‍ പോകുന്നില്ലെന്നുറപ്പു വരുത്തി. പയ്യെപ്പയ്യെ ഷൈലജയുടെ ഇടപെടല്‍ കാരണം കുട്ടികളെല്ലാം പഠനത്തിലും വായനയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. പ്രഥമാധ്യാപകന് സന്തോഷമായി ഏറെ ആത്മാര്‍ത്ഥമായിത്തന്നെ ഈ മാറ്റത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഷൈലജയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്‍തു. കുഞ്ഞുങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു ആ അധ്യാപിക.
അതില്‍ ഒരു കുട്ടി, ഗൗതം ഒരിക്കലെഴുതി, 'ഞാനൊരിക്കലും ഷൈലജ ടീച്ചറെ മറക്കില്ല...' ഗൗതം ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു. പക്ഷേ, അവന് കലയില്‍ വലിയ കഴിവുണ്ടായിരുന്നു. അതുവരെ ആരും അത് തിരിച്ചറിയുകയോ അവനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്‍തിരുന്നില്ല. പക്ഷേ, ഷൈലജ അവനിലെ കഴിവുകള്‍ കണ്ടെത്തി. വരക്കാനുള്ളവയെല്ലാം വാങ്ങിനല്‍കുകയും അവനെ വരക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്‍തു.
2017 -ല്‍ ഷൈലജയ്ക്ക് വീണ്ടും സ്ഥലംമാറ്റമുണ്ടായി. ഇത്തവണ സ്‍കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടായിരുന്നു. അവള്‍ തെരഞ്ഞെടുത്തത് ഒരല്‍പം വ്യത്യസ്‍തമായ സ്‍കൂളായിരുന്നു. തോണിയില്‍ ഒരു നദി കടന്നുവേണമായിരുന്നു ആ സ്‍കൂളിലെത്തിച്ചേരാന്‍. ആദ്യത്തെ ദിവസം ഒരു സഹാധ്യാപികയ്ക്കും ഭര്‍ത്താവിനുമൊപ്പമാണ് അവള്‍ സ്‍കൂളിലേക്ക് പോയത്. നീന്താനറിയാത്തത് അവളുടെ ഭയം ഇരട്ടിപ്പിച്ചു. അവള്‍ക്ക് രണ്ട് മനസ്സായിരുന്നു. ഇത്ര റിസ്‍കെടുത്ത് ഈ ജോലിക്ക് പോണോ, വേണ്ടേ. പക്ഷേ, ഒടുവില്‍ ഗൊല്ലഗുഡയിലെ ആ സ്‍കൂളിലെ ജോലി ഏറ്റെടുക്കാന്‍തന്നെ അവള്‍ തീരുമാനിച്ചു.
കാട്ടിലൂടെ മൂന്നര കിലോമീറ്റര്‍ നടത്തം, അത് കഴിഞ്ഞ് നദി കടക്കണം എന്നിട്ടു വേണമായിരുന്നു അവള്‍ക്ക് ആ സ്‍കൂളിലെത്തിച്ചേരാന്‍. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ സ്നേഹോഷ്‍മളമായ സ്വീകരണം കാണുമ്പോള്‍ അവള്‍ താന്‍ സ്‍കൂളിലെത്താന്‍ നേരിട്ട ബുദ്ധിമുട്ടുകളൊക്കെ മറക്കും. മാത്രവുമല്ല, ആ സ്‍കൂളിലെ ആദ്യത്തെ അധ്യാപികയായിരുന്നു അവര്‍. അതുവരെ അവിടെ വനിതകളാരും പഠിപ്പിക്കാനെത്തിയിരുന്നില്ല.
കുട്ടികളെ പഠിപ്പിക്കാനായി സ്‍കൂളിലെത്തിയപ്പോഴാണ് അവളൊരു കാര്യം മനസിലാക്കിയത് അവിടുത്തെ പ്രാദേശിക ഭാഷയല്ലാതെ വേറൊന്നും ആ കുട്ടികള്‍ക്കറിയില്ല. അങ്ങനെ ഒരു ജേണല്‍ നോക്കി പ്രാദേശികമായ ആ ഭാഷയെ മറാത്തിയിലേക്ക് മാറ്റുന്നതെങ്ങനെയാണെന്ന് അവള്‍ മനസിലാക്കി. കുറച്ചുനാളുകള്‍ക്കുള്ളില്‍ത്തന്നെ അവരുടെ ഭാഷ ഷൈലജയും പഠിച്ചെടുത്തു. ക്ലാസ് മുറികളിലൊതുങ്ങി നിന്നില്ല ഒരു അധ്യാപികയെന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനം. സ്‍കൂളില്‍ വര്‍ഷങ്ങളായി വൃത്തിയാക്കാതെ കിടക്കുന്ന പാചകപ്പുര അവര്‍ വൃത്തിയാക്കിച്ചു. ഉച്ചഭക്ഷണത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തി. അത് വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി സ്‍കൂളില്‍ വരുന്നതിനും കാരണമായി. സ്വാതന്ത്ര്യദിനത്തിന് സ്‍കൂളും പരിസരവുമെല്ലാം അവരും കുട്ടികളും ചേര്‍ന്ന് വൃത്തിയാക്കി. എല്ലാവരും ചേര്‍ന്ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്‍കൂളിന്‍റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായിട്ടായിരുന്നു ഇത്.

ഇന്ന് ആ സ്‍കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും സംതൃപ്‍തരാണ്. ഓരോ ജോലിക്കും അത്യാവശ്യമായി വേണ്ടത് ആത്മസമര്‍പ്പണവും ആ ജോലിയോടുള്ള ഇഷ്‍ടവുമാണ്. എന്നാല്‍, മറ്റ് ജോലികളെ അപേക്ഷിച്ച് അധ്യാപനത്തില്‍ ആത്മസമര്‍പ്പണമാകുമ്പോള്‍ അത് ഒരു നല്ല തലമുറയെ, സമൂഹത്തെ ഒക്കെ സൃഷ്‍ടിച്ചെടുക്കാന്‍ കാരണമാകുന്നുവെന്നുമാത്രം.
