മനുഷ്യജീവിതം പലപ്പോഴും ഏറെ നിഗൂഢമായ ഒന്നാണ്. പലപ്പോഴും കേട്ടാൽ വിശ്വസിക്കാൻ പോലും പറ്റാത്തത്ര അസാധാരണമായ സംഭവങ്ങൾ പലരുടെയും ജീവിതത്തിൽ നടക്കാറുണ്ട്. അത്തരത്തിൽ ഒരു കഥയാണിനി. ഇത്, അപ്രതീക്ഷിതമായി വെളിപ്പെട്ട ചില സത്യങ്ങളുടെ തുമ്പുപിടിച്ച് ഒരു പത്തുവയസ്സുകാരൻ നടത്തിയ അന്വേഷണങ്ങളുടെയും, അതിൽ വെളിപ്പെട്ട ഞെട്ടിക്കുന്ന സത്യങ്ങളുടെയും കഥയാണ്. ഏതൊരു ത്രില്ലർ സിനിമയെക്കാളും ഉദ്വേഗം ജനിപ്പിക്കുന്ന ഒരു യാഥാർത്ഥ ജീവിതകഥ.

 

കഥയിലെ നായകന്റെ പേര് പോൾ എന്നാണ്. പോൾ ഫ്രോൻസാക്ക്... ഷിക്കാഗോ സ്വദേശിയായ പോൾ, തന്റെ പത്താമത്തെ വയസ്സിൽ, തന്റെ വീട്ടിലെ ബേസ്മെന്റിൽ ക്രിസ്മസ് ഗിഫ്റ്റുകൾക്കായുള്ള തിരച്ചിലിലായിരുന്നു. തെരഞ്ഞുതെരഞ്ഞ് ഒന്നും കിട്ടാതെ വന്നപ്പോൾ കുഞ്ഞുപോൾ ഒടുവിൽ തള്ളി നീക്കി അതിനു പിന്നിൽ വല്ലതുമുണ്ടോ എന്ന് നോക്കി. സോഫയ്ക്ക് പിന്നിലായി ചെറിയൊരിടമുണ്ടായിരുന്നു ചുവരിൽ. അതിൽ മൂന്നു കാർഡ് ബോർഡ് ബോക്സുകളും. അവൻ ആ കാർഡ് ബോർഡ് ബോക്സുകൾ കഷ്ടപ്പെട്ട് തള്ളി നിരക്കി പുറത്തെത്തിച്ചു. തുറന്നു നോക്കിയപ്പോൾ അതിൽ നിറയെ പത്രക്കട്ടിങ്ങുകളും, അനുശോചനസന്ദേശങ്ങളും, കത്തുകളുമായിരുന്നു. അതിൽ ഒരു പത്രക്കട്ടിങ്ങിൽ വെണ്ടയ്ക്കാ അക്ഷരത്തിൽ ഒരു തലക്കെട്ടുണ്ടായിരുന്നു. അത് ഇപ്രകാരമായിരുന്നു, "Boy Stolen From The Hospital"- ആശുപത്രിയിൽ നിന്ന് ആൺകുഞ്ഞിനെ കട്ടെടുത്തു എന്നായിരുന്നു ആ വാർത്ത. പിന്നെയും പല പത്രവാർത്തകളുടെ കട്ടിങ്ങുകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അതിൽ തന്റെ മകനെ തിരിച്ചു തരാൻ ഒരമ്മ ഏറെ ദീനമായി അപഹർത്താക്കളോട് ഇരക്കുന്നതിന്റെയും, അന്വേഷണങ്ങൾ നടക്കുന്നതിന്റെയുമൊക്കെ വിവരങ്ങളുണ്ടായിരുന്നു. കൂട്ടത്തിൽ മകനെ നഷ്ടപെട്ട ഭാഗ്യംകെട്ട ആ ദമ്പതികളുടെ ചിത്രവും.

 

ചിത്രം കണ്ട് പോൾ ഞെട്ടി. അത് അവന്റെ അച്ഛന്റെയും അമ്മയുടെയും ചിത്രമായിരുന്നു. അമ്മയ്ക്കും അച്ഛനും അന്ന് കുറേക്കൂടി ചെറുപ്പമായിരുന്നു. പക്ഷേ, രണ്ടുപേരുടെയും മുഖത്ത് നല്ല സങ്കടമുണ്ട് കാണുമ്പോൾ. അവരുടെ മകൻ പോൾ ജോസഫിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയിരിക്കുന്നു. "വാവ്..! " അത് ഞാനാണല്ലോ. പോൾ ആത്മഗതം ചെയ്തു.

പത്തുവർഷം മുമ്പ് നടന്ന തട്ടിയെടുക്കൽ 

അതേ, അതൊരു സെൻസേഷനലായ കേസായിരുന്നു. 1964 ഏപ്രിൽ 26 -ന് പോളിന്റെ അമ്മ ഡോറ, ഷിക്കാഗോയിലെ മൈക്കിൾ റീസ് ആശുപത്രിയിൽ വെച്ച്, ഒരു ആൺകുഞ്ഞിന് ജൻമം  നൽകിയിരുന്നു. പെറ്റിട്ട ആ നിമിഷം മുതൽ ഡോറ മകനെ പരിചരിച്ചുകൊണ്ടിരിക്കുക തന്നെയായിരുന്നു. പാലുകുടിച്ചുകഴിഞ്ഞാൽ ഉറങ്ങാൻ വേണ്ടി അവനെ മറ്റു കുഞ്ഞുങ്ങൾക്കിടയിൽ കൊണ്ട് കിടത്തും. ഉണർന്നുകഴിഞ്ഞാൽ തിരികെ അമ്മയുടെ അടുത്തേക്കുതന്നെ കൊണ്ടുപോരും. അതായിരുന്നു പതിവ്. അടുത്തദിവസം രാവിലെ, പുതിയൊരു നഴ്‌സാണ് വന്ന് കുഞ്ഞിനെ എടുത്തുകൊണ്ടുപോയത്. ഡോറ ചോദിച്ചപ്പോൾ, ചെക്കപ്പിന് ഡോക്ടറുടെ മുറിയിലേക്ക് കൊണ്ടുപോവുകയാണ് എന്ന് പറയുകയും ചെയ്തു അവർ. ഇന്നലെയൊക്കെ ഡോക്ടർ റൗണ്ട്സിന് ഇങ്ങോട്ട് വരികയാണല്ലോ ചെയ്തത് എന്ന് ഡോറ മനസ്സിലോർത്തു. പിന്നെക്കരുതി അത് വല്ല സ്പെഷ്യലിസ്റ്റും ആയിരിക്കും, ആശുപത്രിയല്ലേ എന്ന്. പക്ഷേ, ആ നഴ്‌സും, ഡോറയുടെ ആറ്റുനോറ്റുണ്ടായ മകൻ പോളും ആ വഴി മാഞ്ഞുപോയി. പിന്നീടവർ തിരികെ വന്നതേയില്ല.

 

കൊണ്ടുപോയി മണിക്കൂർ ഒന്നുകഴിഞ്ഞിട്ടും മകനെ കാണാതെ വന്നപ്പോൾ ആ അമ്മയുടെ നെഞ്ചുപിടയ്ക്കാൻ തുടങ്ങി. അടുത്തതായി വന്ന നഴ്സിനോട് അവർ കുഞ്ഞിനെപ്പറ്റി തിരക്കി. രാവിലെ അങ്ങനെ ഒരു നഴ്സ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായി അവർക്ക് അറിവുണ്ടായിരുന്നില്ല. കുഞ്ഞിനെ ഡോക്ടറെക്കാണിക്കാൻ കൊണ്ടുപോയതിന്റെയും രേഖകളൊന്നും അവിടെ ഉണ്ടായിരുന്നില്ല. പിന്നെ ആരാണ് കുഞ്ഞിനെക്കൊണ്ടുപോയത്..? അവിടെ ആകെ വെപ്രാളമായി നഴ്സുമാർക്കെല്ലാം. കുഞ്ഞെവിടെ..? അവർ പരക്കം പാഞ്ഞ് തിരഞ്ഞുകൊണ്ടിരുന്നു. ആശുപത്രിയിലെങ്ങും കുഞ്ഞിനെ കണ്ടെത്താനായില്ല. ഏറെനേരം തിരഞ്ഞുനടന്ന് കിട്ടാതിരുന്ന്, ഒടുവിൽ ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെയാണ് അവർ വിവരം പോലീസിൽ അറിയിക്കുന്നത്. ഫാക്ടറിയിൽ മെഷീനിസ്റ്റായിരുന്ന കുഞ്ഞിന്റെയച്ഛൻ ചെസ്റ്ററിനെയും അവർ വിളിച്ചുവരുത്തി.

ജോലിസ്ഥലത്തുനിന്ന് കുഞ്ഞിന്റെയച്ഛൻ വന്നു ആശുപത്രി അധികൃതരെ കണ്ട്, അദ്ദേഹം ചെന്ന് പറയുമ്പോഴാണ് ആ പാവം അമ്മ തന്റെ കുഞ്ഞിനെ ആരോ അപഹരിച്ചു എന്ന കാര്യമറിയുന്നത്. ആശുപത്രിയിൽ അങ്ങനെയൊക്കെ നടക്കുമെന്ന് ആരുകണ്ടു?

അങ്ങനെ ആ ആശുപത്രിയിൽ വെച്ച്, പ്രസവിച്ച രണ്ടാം ദിവസം പോൾ എന്ന ചോരക്കുഞ്ഞിനെ കാണാതായത് അമേരിക്കൻ കുറ്റാന്വേഷണങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായ ഒരു സംഭവമാണ്. എഫ്ബിഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അന്വേഷണങ്ങളിലൊന്നിന്റെ തുടക്കവും. 1,75,000 തപാൽ ജീവനക്കാർ, 200 പൊലീസ് ഓഫീസർമാർ, പിന്നെ എഫ്ബിഐ ഏജന്റുമാർ. അങ്ങനെ ഒരു വൻ ഫോഴ്സ് തന്നെ പോളിനെ തിരിഞ്ഞുനടന്നു. അന്ന് രാത്രിയോടെ അവർ പരിസരത്തെ 600 വീടുകളിൽ തിരച്ചിൽ നടത്തി. കുഞ്ഞിനെ കണ്ടുകിട്ടിയില്ല.

'എന്നെ ആരെങ്കിലും തട്ടിക്കൊണ്ടു പോയിരുന്നോ അമ്മേ?'

കുഞ്ഞു പോളിനെ സംബന്ധിച്ചിടത്തോളം ആ വെളിപാടുകളുടെ അമ്പരപ്പ്  താങ്ങാനാവുന്നതിലും ഏറെയായിരുന്നു. അവൻ ആ പത്രക്കട്ടിങ്ങുകളിലൊന്ന് കയ്യിലെടുത്ത് നേരെ മുകളിലത്തെ നിലയിലേക്ക് ഓടിക്കയറി. നേരെ ചെന്നത് അമ്മയുടെ അടുത്തേക്കാണ്. അവൻ ചോദിച്ചു "മമ്മാ... ഈ പത്രത്തിൽ പറയുന്ന, തട്ടിക്കൊണ്ടുപോയ കുട്ടി ഞാനാണോ? എന്നെ കുഞ്ഞായിരിക്കുമ്പോൾ കാണാതായിരുന്നുവോ?" അമ്മയുടെ കയ്യിൽ നിന്ന് നല്ല രണ്ടുഡോസാണ് ആദ്യം തന്നെ പോളിന് കിട്ടിയത്. "നീ എന്തിനാണ് പോളേ ആവശ്യമില്ലാത്ത പെട്ടിയൊക്കെ തുറന്ന് പരിശോധിക്കുന്നത്?" ആദ്യം ദേഷ്യത്തിൽ മകനോട് കയർത്തു എങ്കിലും, ഉള്ളിലെ അങ്കലാപ്പ് ഒന്നടങ്ങിയപ്പോൾ അവർ അവനെ മടിയിൽ പിടിച്ചിരുത്തി അവന്റെ ചെവിയിൽ മന്ത്രിച്ചു, "ഉവ്വ് കുട്ടാ.. നിന്റെ കുഞ്ഞുന്നാളിൽ നിന്നെയവർ അപഹരിച്ചുകൊണ്ടുപോയതാണ്. തിരഞ്ഞു കണ്ടുപിടിച്ചു ഞങ്ങൾ. അച്ഛനുമമ്മയ്ക്കും നിന്നോട് എത്ര സ്നേഹമുണ്ടെന്ന് നിനക്കറിയുമോ ചെക്കാ..? തല്ക്കാലം നീ ഇത്രയും അറിഞ്ഞാൽ മതി. കൂടുതൽ അന്വേഷിക്കാൻ മിനക്കെടേണ്ട കേട്ടോ?"

ഇനി അതേപ്പറ്റി ചോദിച്ചാൽ അമ്മയ്ക്ക് ഇനിയും ദേഷ്യം വരും എന്ന് പോളിന് മനസ്സിലായി. അതുകൊണ്ടുതന്നെ അവൻ അതേപ്പറ്റി ചോദിച്ചില്ല. അമ്മയുടെ മനസ്സ് വിഷമിപ്പിച്ചില്ല. അടുത്ത നാൽപ്പതുവർഷക്കാലത്തേക്ക്. എന്നാൽ അവന്റെ കൗതുകത്തെ അങ്ങനെ എളുപ്പത്തിൽ കുഴിച്ചുമൂടാൻ പറ്റുമായിരുന്നില്ല. അമ്മയുമച്ഛനും വീട്ടിലില്ലാത്ത നേരം അവൻ പിന്നെയും വീടിന്റെ ബേസ്മെന്റിലെത്തും. അവിടെ ആ കാർട്ടൻ ബോക്സുകളിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ പരതും. അതിലെ കത്തുകൾ വായിക്കും.

തുമ്പില്ലാതെ പോയ ആദ്യരണ്ടുവർഷങ്ങൾ 

കുഞ്ഞിന്റെ അപഹരണത്തിനുശേഷം ഒരാഴ്ച കൂടി ആശുപത്രിയിൽ കിടന്ന ശേഷം ഡോറയെ ഡിസ്ചാർജ്ജ് ചെയ്തു. ഡോറയും ചെസ്‌റ്ററും വെറുംകൈയോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. പത്രക്കാർ അവിടെ ദിവസങ്ങളോളം പെറ്റുകിടന്നു. അത്ര വിപുലമായ രീതിയിൽ അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല. അന്വേഷണം വഴിമുട്ടി. ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ പോൾ അപ്രത്യക്ഷനായി. മാസങ്ങൾക്കുശേഷം അന്വേഷണവും അവസാനിച്ചു.

രണ്ടുവർഷങ്ങൾക്കിപ്പുറം കുട്ടിയെ തിരിച്ചുകിട്ടുന്നു 

1966 -ൽ, അപഹരണം നടന്നു രണ്ടുവർഷങ്ങൾക്ക് ശേഷം ഡോറയ്ക്കും ചെസ്റ്ററിനും എഫ്‌ബിഐയിൽ നിന്ന് ഒരു ടെലഗ്രാം കിട്ടി. നിങ്ങളുടെ കുഞ്ഞിന്റേതിന് സമാനമായ അടയാളങ്ങളോടെ ഒരു കുഞ്ഞിനെ ന്യൂ ജേഴ്സിയിലെ നെവാർക്കിൽ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. ഏതോ ഷോപ്പിംഗ് മാളിൽ, ഒരു ട്രോളി കാർട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞ് തല്‍ക്കാലം ഫോസ്റ്റർ പരിചരണത്തിലാണ്. അവർ കുഞ്ഞിന് മാമോദീസ മുക്കിയിട്ടുണ്ട്. സ്‌കോട്ട് മക്കിൻസി എന്ന് പേരുമിട്ടുകഴിഞ്ഞു. ദത്തെടുക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അവർ അങ്ങനെ ചെയ്യും മുമ്പാണ് ന്യൂ ജേഴ്സിയിലെ ഒരു പോലീസുകാരൻ, ഷിക്കാഗോ കേസിലെ കാണാതെ പോയ കുട്ടിയുടെ പ്രകൃതവുമായി ഈ കുഞ്ഞിനുള്ള സാമ്യം ശ്രദ്ധിക്കുന്നതും അത് റിപ്പോർട്ട് ചെയ്യുന്നത്.

 

എങ്ങനെ ഉറപ്പിക്കും ഇത് പോൾ ആണോ എന്ന്? ഇന്നത്തെ കാലമല്ലല്ലോ. ഡിഎൻഎ ടെസ്റ്റിങ് ഒന്നും അന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പോളിന്റെ ബ്ലഡ് ഗ്രൂപ്പ് കണ്ടുപിടിക്കും മുമ്പാണ് അവൻ അപഹരിക്കപ്പെട്ടത്. അതുകൊണ്ട് ബ്ലഡ് ഗ്രൂപ്പ് മാച്ച് ചെയ്തു നോക്കാൻ സാധിക്കില്ല. ആശുപത്രിക്കാർക്ക് വിരലടയാളങ്ങളോ, കാൽവിരലടയാളങ്ങളോ ഒന്നും ശേഖരിക്കുന്ന ശീലവുമുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന തെളിവ്, അവൻ പിറന്നുവീണ ഉടനെ ആശുപത്രിയിൽ എടുത്ത പതിവ് ഫോട്ടോ മാത്രമാണ്. ആ ചിത്രത്തിലെ കുഞ്ഞിന്റെ ചെവിയുടെയും മൂക്കിന്റെയും കണ്ണിന്റെയുമൊക്കെ ആകൃതി ന്യൂ ജേഴ്സിയിൽ നിന്ന് കണ്ടെടുത്ത കുഞ്ഞിന്റേതുമായി ഏറെ സാമ്യമുണ്ടായിരുന്നു. എഫ്ബിഐ അതിനകം പത്തുപതിനായിരം കുട്ടികളെ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. അവയിൽ ഈ ഒരു കേസ് മാത്രമാണ് അവർക്ക് അല്ല എന്ന് ഉറപ്പിക്കാൻ സാധിക്കാതിരുന്നത്.

അന്നത്തെ കാലത്ത് എഫ്ബിഐ പറഞ്ഞാൽ പറഞ്ഞതാണ്. ആർക്കും ചോദ്യം ചെയ്യാനാകില്ല. എഫ്ബിഐ പറഞ്ഞു, ഇത് പോൾ ആണ്. അതോടെ പോളിനെ ഡോറയ്ക്കും ചെസ്റ്ററിനും തിരികെ നൽകപ്പെട്ടു. എന്നാൽ അവിടന്നങ്ങോട്ട് കാര്യങ്ങൾ അത്ര എളുപ്പമല്ലായിരുന്നു. "ഇത് നിങ്ങളുടെ കുഞ്ഞ് പോൾ തന്നെയാണ്" എന്ന് എഫ്ബിഐ പറഞ്ഞു എങ്കിലും, എന്തിന്റെ അടിസ്ഥാനത്തിൽ അത് വിശ്വസിക്കും? അതിനെ എങ്ങനെ ബന്ധുക്കളും സമൂഹവും അംഗീകരിക്കും? ഡോറ പറഞ്ഞു, 
"ഇത് എന്റെ മകൻ തന്നെയാണ്.." അവർ ആ വിശ്വാസത്തോടെ തന്നെയാണ് ആജീവനാന്തം മകനെ വളർത്തിക്കൊണ്ടുവന്നതും.

എന്നാൽ അച്ഛനമ്മമാർക്കും പോളിനും ഇടയിൽ ഇടയ്ക്കിടെ അഭിപ്രായവ്യത്യാസങ്ങൾക്കുള്ള വക ഉണ്ടായിക്കൊണ്ടിരുന്നു. ഡോറയും ചെസ്റ്ററും സ്നേഹസമ്പന്നനായ അച്ഛനമ്മമാർ തന്നെയായിരുന്നു. അക്കാര്യത്തിൽ ഒരു സംശയവുമില്ല. എന്നാൽ, ഒരിക്കൽ നഷ്ടപ്പെട്ടുപോയ തങ്ങളുടെ മകന്റെ കാര്യത്തിൽ അവർ വളരെ ശ്രദ്ധാലുക്കളായിരുന്നു. അവന്റെ എല്ലാകാര്യത്തിലും അവർക്ക് കൃത്യമായ തീരുമാനങ്ങളുണ്ടായിരുന്നു. അത് പലപ്പോഴും പോളിൽ നിന്നുതന്നെ പ്രതിഷേധങ്ങൾ ക്ഷണിച്ചു വരുത്തി. അവർ കൃത്യമായ ഡ്രസ്കോഡും മറ്റുമുള്ള ഒരു കോൺവെന്റ് സ്‌കൂളിലാണ് പോളിനെ പഠിക്കാനയച്ചത്. എന്നാൽ, പോളാകട്ടെ ഒരു വിപ്ലവകാരിയായിരുന്നു. ഇന്നത്തെ ഫ്രീക്കൻ എന്നൊക്കെ പറയുന്നതിന്റെ എഴുപതുകളിലെ വേർഷൻ. ഹിപ്പി. അവൻ ഇഷ്ടമുള്ളപോലെ വസ്ത്രം ധരിച്ചു. മുടി നീട്ടിവളർത്തി. റോക്ക് സംഗീതത്തിൽ അഭിരുചി പുലർത്തി. ഗിത്താർ വായിച്ചു.

 

ഡോറയ്ക്കും ചെസ്റ്ററിനും പോളിന് പിന്നാലെ ഒരു മകൻ കൂടി പിറന്നിരുന്നു. അവനാകട്ടെ അച്ഛന്റെ തനിപ്പകർപ്പായിരുന്നു. രൂപത്തിലും, ഇഷ്ടാനിഷ്ടങ്ങളിലും. അതോടെ പലപ്പോഴും, മകനുമായി തർക്കങ്ങളുണ്ടാകുമ്പോൾ ഡോറ പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തിന് കുത്തുവാക്കുകൾ പലതും പറഞ്ഞുതുടങ്ങി, "നിന്നെ അവർ കണ്ടെത്താതിരുന്നെങ്കിൽ എത്ര നന്നായിരുന്നു..."

പോളിന്റെ മനസ്സിൽ ഉയർന്ന സംശയങ്ങൾ 

അമ്മയോട് ഏറെ സ്നേഹം ഉള്ളിലുണ്ടായിരുന്നതുകൊണ്ടാവും, ആ പറഞ്ഞത് പോളിന്റെ നെഞ്ചിൽ ഒരു ചൂണ്ടക്കൊളുത്തുപോലെ തറഞ്ഞുകയറി. രാപ്പകൽ അവൻ അതുതന്നെ ചിന്തിച്ചുകൊണ്ടിരുന്നു. ഡിഗ്രിപഠനം കഴിഞ്ഞപ്പോൾ തന്നെ പോൾ വീടുവിട്ടിറങ്ങി. സംഗീതത്തിന്റെ വഴിയേ സഞ്ചരിച്ചു. ഒരു റോക്ക് ബാൻഡിൽ ജാസ് ഗിറ്റാറിസ്റ്റായി അവന് അവസരം കിട്ടിയിരുന്നു. അഞ്ചുവർഷം ആ ബാൻഡും കൊണ്ടുനടന്നു. അഞ്ചുവർഷം കഴിഞ്ഞ് ബാൻഡ് പിരിഞ്ഞപ്പോൾ പോൾ പട്ടാളത്തിൽ ചേർന്നു. ഒരു വർഷം, അതിനുള്ളിൽ പട്ടാളത്തിൽ നിന്ന് രാജിവെച്ചിറങ്ങി. പിന്നെ സെയിൽസ്മാൻ, മോഡൽ, നടൻ അങ്ങനെ ഉദരപൂരണാർത്ഥം പലവിധം ലാവണങ്ങൾ. ഒടുവിൽ അയാൾ ലാസ് വെഗാസിൽ സ്ഥിരതാമസമാക്കി.

ചുരുങ്ങിയത് 50 തവണയെങ്കിലും പോൾ ജീവിതത്തിൽ വീടുമാറിയിട്ടുണ്ടാകും. 200 ജോലികളെങ്കിലും ചെയ്തിട്ടുണ്ടാവും ഇതുവരെ. അയാൾ എവിടെ എങ്ങോട്ടു പോയാലും, കൂടെ കൊണ്ടുനടന്നിട്ടുള്ള ഒന്നുണ്ടായിരുന്നു. അന്നത്തെ ആ പേപ്പർ കട്ടിങ്ങുകൾ. താൻ ആരാണ്? ആ ചോദ്യം മാത്രം പോളിനെ വിട്ടുമാറിയില്ല. അത് അയാൾക്ക് എന്നും ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിച്ചു. അയാളെ വിടാതെ പിന്തുടർന്നു. അതിനിടെ ഒരു വിവാഹം, വിവാഹ മോചനം, രണ്ടാമതൊരു വിവാഹം, ഒക്കെ കഴിഞ്ഞുകിട്ടി. 2008 -ലായിരുന്നു സ്‌കൂൾ ടീച്ചറായിരുന്ന മിഷേലുമായുള്ള രണ്ടാമത്തെ വിവാഹം. അവർക്ക് ഒരു പെൺകുട്ടി ജനിക്കാൻ പോയപ്പോൾ, ഗൈനക്കോളജിസ്റ്റ്, പോളിനോട് ഫാമിലി ഹിസ്റ്ററി പറയാൻ പറഞ്ഞു. ആകെ ആശയക്കുഴപ്പത്തിലായിരുന്നു പോൾ. എന്താണ് പറയേണ്ടത്? ഒരിക്കൽ ആരോ തട്ടിക്കൊണ്ടുപോയി, എഫ്ബിഐ കണ്ടെത്തിയതാണ് തന്നെ, തന്റെ അച്ഛനും അമ്മയും തന്നെയാണോ ശരിക്കുള്ള അച്ഛനുമമ്മയും എന്ന് വലിയ ഉറപ്പൊന്നുമില്ല എന്നോ?

പോളിന്റെ മനസ്സിൽ അക്കാര്യത്തിൽ കാര്യമായ സംശയങ്ങൾ കയറിക്കൂടിയിട്ടുണ്ടായിരുന്നു. കുറ്റം പറഞ്ഞുകൂടാ. രൂപം, ശരീരപ്രകൃതി, സംസാരശൈലി, മുഖഭാവങ്ങൾ - എല്ലാം കൊണ്ടും പോളിന്റെ അനുജൻ ഡേവ് കുറേക്കൂടി അച്ഛനമ്മമാരുടെ സ്വഭാവത്തോട് ചേർന്നുനിൽക്കുന്നപോലെ തോന്നിയിരുന്നു. അമ്മയുടെയും അച്ഛന്റെയും ഏറെക്കുറെ ഛായ ഡേവിനുണ്ടായിരുന്നു. പോൾ ആണെങ്കിൽ അവരുമായി വിദൂരഛായ പോലും ഇല്ലാത്ത രൂപപ്രകൃതവും. അതൊക്കെക്കൊണ്ട് പോളിന് കാര്യമായ സംശയം തോന്നിത്തുടങ്ങിയിരുന്നു. "ഞാൻ തന്നെയാണോ ഡോറയുടെയും ചെസ്റ്ററിന്റെയും യഥാർത്ഥ പുത്രൻ പോൾ? അതോ അവൻ ഇനി ആരാലും കണ്ടുപിടിക്കപ്പെടാതെ മറ്റേതോ കുടുംബത്തിൽ വളർന്നുവലുതായിക്കാണുമോ? അവനിപ്പോഴും ജീവനോടുണ്ടാകുമോ? ആരാണ് എന്റെ ശരിക്കുള്ള അച്ഛനമ്മമാർ? എനിക്ക് വേറെയും സഹോദരങ്ങൾ കാണുമോ" പോളിന്റെ നെഞ്ചിൽ ഇങ്ങനെ പല ചോദ്യങ്ങളും കിടന്ന് പിടച്ചുകൊണ്ടിരുന്നു.

നാലുപതിറ്റാണ്ടുകൾക്ക് ശേഷം ഡിഎൻഎ ടെസ്റ്റിലൂടെ തെളിഞ്ഞ സത്യം 

അപ്പോഴേക്കും ഡിഎൻഎ ടെസ്റ്റിംഗ് എന്ന സാങ്കേതികവിദ്യ പ്രചാരത്തിലായിക്കഴിഞ്ഞിരുന്നു അമേരിക്കയിൽ. അതേപ്പറ്റി ആദ്യം കേട്ട നിമിഷം തൊട്ട് പോൾ മനസ്സിൽ ആഗ്രഹിച്ചിരുന്നു അത് നടത്തണമെന്നും, തന്റെ യാഥാർത്ഥത്തിലുള്ള അച്ഛനമ്മമാരാണോ ഡോറയും ചെസ്റ്ററും എന്നറിയണം എന്നും. എന്നാൽ, തുടക്കത്തിൽ ആ ടെസ്റ്റ് ഏറെ പണച്ചെലവുള്ളതായിരുന്നു. അതുകൊണ്ട് അയാൾ അത് വേണ്ടെന്നു വെച്ചു. പിന്നീടെപ്പോഴോ, ഒരു മെഡിക്കൽ ഷോപ്പിൽ പരസ്യത്തിന് വെച്ചിരുന്ന ഡിഎൻഎ കിറ്റ് അയാൾ കണ്ടു. അത് അയാളുടെ ബജറ്റിൽ ഒതുങ്ങുന്ന വിലയ്ക്കുള്ളതായിരുന്നു. അത് മൂന്നെണ്ണം കാശുകൊടുത്ത് വാങ്ങി അയാൾ. ഒരെണ്ണം തനിക്കും, രണ്ടെണ്ണം അച്ഛനമ്മമാർക്കും.

പിന്നീടെപ്പോഴോ ഡോറയും ചെസ്റ്ററും മകന്റെ കൂടെ താമസിക്കാൻ വേണ്ടി വന്നു. രണ്ടുദിവസത്തെ സന്ദർശനത്തിന് ശേഷം അവർ എയർപോർട്ടിലേക്ക് പോകാൻ ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് പോൾ അവരുടെ മുന്നിലേക്ക് ഒരു ചോദ്യമെടുത്തിട്ടു, "മമ്മാ... പപ്പാ... ഒരു കാര്യം ചോദിച്ചാൽ സത്യസന്ധമായി മറുപടി പറയണം. ഞാൻ നിങ്ങളുടെ നഷ്ടപ്പെട്ടുപോയ മകനല്ല എന്ന് നിങ്ങൾക്ക് എന്നെങ്കിലും സംശയം തോന്നിയിട്ടുണ്ടോ..?"

അപ്രതീക്ഷിതമായ മകന്റെ ചോദ്യം കേട്ടപ്പോൾ ആ അച്ഛനമ്മമാർ ഞെട്ടി. എങ്കിലും അവർ ഒടുവിൽ സമ്മതിച്ചു, ഉണ്ട്. അവർക്ക് പലപ്പോഴും ആ സംശയം തോന്നിയിട്ടുണ്ട് എന്ന്. "നിങ്ങൾക്ക് ആ സംശയം തീർക്കുന്നതിൽ വിരോധമുണ്ടോ?" പോൾ സംസാരം തുടർന്നു. ഡിഎൻഎ ടെസ്റ്റ് എന്ന സാങ്കേതിക വിദ്യയെപ്പറ്റി പോൾ അവരെ പറഞ്ഞു മനസ്സിലാക്കിച്ചു. തിരികെപ്പോകും മുമ്പ്, മൂന്നുപേരും അവരവരുടെ ഉമിനീരിന്റെ സാമ്പിൾ ആ ഡിഎൻഎ ടെസ്റ്റ് കിറ്റിലേക്ക് പകർന്നു. കിറ്റുകൾ സീൽ ചെയ്യപ്പെട്ടു.

ഡോറയ്ക്കും ചെസ്റ്ററിനും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നീണ്ട വിമാനയാത്രയായിട്ടാണ് ആ ഒരു മണിക്കൂർ നേരത്തെ ഫ്‌ളൈറ്റ് അനുഭവപ്പെട്ടത്. നാട്ടിലെത്തി, മൊബൈൽ ഫോൺ സ്വിച്ചോൺ ചെയ്ത് ഇരുവരും പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി. ഒന്നും പറയാതെ തന്നെ അടുത്ത് ചെയ്യേണ്ടത് എന്താണെന്ന് ഡോറയ്ക്ക് അറിയാമായിരുന്നു. അവർ ഫോണെടുത്ത് പോളിന്റെ നമ്പർ ഡയൽ ചെയ്തു. ആദ്യ റിങ്ങിൽ തന്നെ പോൾ ഫോണെടുത്തു. ഡോറ മകനോട് പറഞ്ഞു, "മോനേ. ഞങ്ങൾക്കുറപ്പുണ്ട് നീ തന്നെയാണ് ഞങ്ങളുടെ മകനെന്ന്. അതിന് ഒരു ഡിഎൻഎ ടെസ്റ്റിന്റെയും ഉറപ്പ് വേണ്ട ഞങ്ങൾക്ക്. ആ കിറ്റ് നീ എവിടേക്കും അയക്കേണ്ട. പോളേ... നീ തന്നെയാണ് ഞങ്ങളുടെ നഷ്ടപ്പെട്ട മകൻ. ഞങ്ങൾക്ക് അന്ന് തിരിച്ചുകിട്ടിയത് ഞങ്ങളുടെ മകനെത്തന്നെയാണ്."

അതോടെ പോൾ ആകെ ധർമ്മസങ്കടത്തിലായി. അച്ഛനമ്മമാരെ അയാൾക്ക് അത്രക്ക് കാര്യമായിരുന്നു. അവർ അരുതെന്നു പറഞ്ഞകാര്യം അയാൾ കഴിവതും ചെയ്യാറില്ല. എന്നാൽ ഇത് അങ്ങനെയായിരുന്നില്ല. സീൽ ചെയ്ത ആ ടെസ്റ്റ് കിറ്റുകളും കയ്യിലെടുത്ത് അയാൾ നിരവധി ദിവസങ്ങൾ ചിന്താമഗ്നനായി കഴിച്ചുകൂട്ടി. ഒടുവിൽ അയാളുടെ മനസ്സാക്ഷി അയാളോട് പറഞ്ഞു, "പോളേ... നീ ടെസ്റ്റ് ചെയ്യ്..."

അങ്ങനെ അയാൾ മനസ്സില്ലാമനസ്സോടെ, പെരുമ്പറയടിക്കുന്ന ഹൃദയത്തോടെ ആ ടെസ്റ്റ് കിറ്റ് ലാബിലേക്ക് അയച്ചു. ലാബ് റിസൾട്ട് വന്നു എന്നും പറഞ്ഞുകൊണ്ടുള്ള ഫോൺ വന്നപ്പോൾ പോൾ ഓഫീസിലായിരുന്നു. ഫലം കയ്യിൽ കിട്ടിയപ്പോൾ അയാൾ ഭയന്നത് തന്നെ സംഭവിച്ചു. ഡോറയുടെയും ചെസ്റ്ററിന്റെയും ജനിതകപാരമ്പര്യത്തോട് അയാൾക്ക് വിദൂരമായ ബന്ധം പോലുമില്ല എന്നതായിരുന്നു ഡിഎൻഎ പരിശോധനാ ഫലങ്ങളിൽ തെളിഞ്ഞത്. ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ, ഡോറയുടെയും ചെസ്റ്ററിന്റെയും നഷ്ടപ്പെട്ട മകനല്ല പോൾ..!

താൻ അത്രയും കാലം തന്റേതെന്ന് ധരിച്ചുവെച്ചിരുന്ന ജീവിതം ആ നിമിഷം പാമ്പിന്റെ പടം പോലെ പോളിന്റെ കണ്മുന്നിൽ പൊഴിഞ്ഞുവീണു. അയാളുടെ മുഖം വിവർണ്ണമായി. തലയ്ക്കകത്തുകൂടി തീവണ്ടി പായുന്നപോലെ തോന്നി പോളിന്. ഒന്നും ചിന്തിക്കാനാകുന്നില്ല. ശ്വാസം മുട്ടുന്നപോലെ. ആകെ വിയർത്ത് അയാൾ കസേരയിലേക്ക് ചാഞ്ഞിരുന്നു. അന്നുവരെ സ്വന്തമെന്നു ധരിച്ചിരുന്ന ഒന്നും ഇനി അങ്ങനല്ല..! പിറന്നാൾ മുതൽ, മെഡിക്കൽ ഹിസ്റ്ററി മുതൽ, പോളിഷ് പാരമ്പര്യം മുതൽ, കാത്തലിക് മതം മുതൽ ഒന്നും തന്നെ തന്റേതല്ല. എല്ലാം ഈ ഒരു ഫലത്താൽ റദ്ദുചെയ്യപ്പെട്ടിരിക്കുന്നു. നിമിഷനേരത്തേക്ക് താൻ ആരാണ് എന്നറിയാത്ത അവസ്ഥ വന്നു പോളിന്.

അതോടെ അയാൾക്ക്‌ മുന്നിൽ അത്രയും കാലം അയാൾ മനസ്സിൽ പലപ്പോഴായി ചോദിച്ച ചോദ്യങ്ങൾ ഒന്നടങ്കം വന്നുനിന്നു. "ഡോറയും ചെസ്റ്ററുമല്ല എന്റെ അച്ഛനമ്മമാർ എങ്കിൽ പിന്നെയാരാണ്..? അവരുടെ മകൻ ഇപ്പോൾ ഏത് കുടുംബത്തിലാണ് വളരുന്നത്? അവനിപ്പോഴും ജീവനോടുണ്ടാകുമോ? എന്റെ ശരിക്കുളള പേരെന്താണ്? എനിക്ക് വേറെയും സഹോദരങ്ങളുണ്ടോ?"

തന്റെ ഉറ്റവരെത്തേടി പോൾ നടത്തിയ തുടരന്വേഷണങ്ങൾ 

അച്ഛനമ്മമാരോട് വിവരം പറയും മുമ്പ് പോൾ ആദ്യം വിളിച്ചത് ജോസഫ് നാപ്പ് എന്ന പ്രാദേശിക ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റിനെയാണ്. അതോടെ പോൾ ജോസഫ് ഫ്രോൻസാക്ക് വീണ്ടും മാധ്യമങ്ങളുടെ തലക്കെട്ടിൽ ഇടംപിടിച്ചു. അത് പോളിന്റെ അച്ഛനമ്മമാരെ ചൊടിപ്പിച്ചു. അവർ പോളിനോട് പിന്നെ ഒരു വർഷത്തേക്ക് മിണ്ടിയില്ല. പോൾ മാധ്യമങ്ങളോട് പറഞ്ഞു, "ഡോറയും ചെസ്റ്ററും ഈ ലോകത്തെ ഏറ്റവും നല്ല അച്ഛനമ്മമാരിൽ ഒരാളാണ്. അവരുടെ മക്കളായി വളരുന്നവർ ഭാഗ്യം ചെയ്തവരാണ്. ഞാനുമതേ. ഞാൻ ഈ ടെസ്റ്റ് നടത്തിയത് സത്യം എന്തെന്നറിയാനാണ്. എന്റെ യഥാർത്ഥത്തിലുള്ള അച്ഛനമ്മമാർ ആരാണ് എന്നറിയാൻ വേണ്ടി മാത്രമാണ്. ഡോറയെയോ ചെസ്റ്ററിനെയോ വിട്ട് പോകാൻ വേണ്ടിയല്ല.!"

മാധ്യമങ്ങളിൽ പോൾ നിറഞ്ഞുനിന്നതോടെ മറ്റൊരു സംഭവവികാസം കൂടിയുണ്ടായി. വർഷങ്ങൾക്ക് മുമ്പ് ക്ലോസ് ചെയ്യപ്പെട്ട പോൾ ഫ്രോൻസാക്ക് കിഡ്നാപ്പിംഗ് കേസ് വീടും ഓപ്പൺ ചെയ്ത് എഫ്ബിഐ പുനരന്വേഷണം തുടങ്ങി. ഏറെ രസകരമായ ഒരു കേസായതിനാൽ 'ഡിഎൻഎ ഡിറ്റക്ടീവ്‌സ്' എന്ന സ്ഥാപനം സൗജന്യമായി അവരുടെ സേവനങ്ങൾ വാഗ്ദാനം ചെയ്തു സഹകരിച്ചു. അവർ എഫ്ബിഐയുമൊത്ത് ഡിഎൻഎ സങ്കേതങ്ങളും, പരമ്പരാഗത കേസന്വേഷണതന്ത്രങ്ങളും സമന്വയിപ്പിച്ചുകൊണ്ട് കാതലായ ഒരു അന്വേഷണം തന്നെ നടത്തി. കുഞ്ഞുപോളിനെ കണ്ടുകിട്ടിയത് ന്യൂ ജേഴ്സിയിൽ നിന്നായിരുന്നു എങ്കിലും, ഈ അന്വേഷണം ചെന്നുനിന്നത് ടെന്നസി എന്ന സ്ഥലത്താണ്. പോളിന്റെ മുത്തച്ഛൻ ഒരു ജൂതനാണ് എന്ന് തെളിഞ്ഞു. അന്വേഷണത്തിൽ ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടി വെളിപ്പെട്ടു. പോളിന് ഒരു ഇരട്ട സഹോദരിയുണ്ട്. അന്ന് കാണാതായത് ഇരുവരെയും ഒന്നിച്ചാണ്. പോളിനെ സൂപ്പർമാർക്കറ്റിൽ വെച്ച് കണ്ടെടുത്തെങ്കിലും സഹോദരിയെ അന്ന് കണ്ടെടുക്കപ്പെട്ടില്ല. കുത്തഴിഞ്ഞ അരാജക ജീവിതം നയിച്ചിരുന്നവരായിരുന്നു അവരുടെ മാതാപിതാക്കൾ. കുട്ടികൾ തങ്ങളുടെ തോന്നുംപടിയുള്ള ജീവിതത്തിന് തടസ്സമെന്ന് കണ്ടപ്പോൾ അവരെ ഉപേക്ഷിച്ചുപോയതാണ് ആ ദമ്പതികൾ.

2015 ജൂൺ 3 -ന് പുനരന്വേഷണം തുടങ്ങി രണ്ടു വർഷം തികയുന്ന ദിവസം, പോളിന് ഡിഎൻഎ ഡിറ്റക്ടീവ്‌സിലെ സിസി മൂർ എന്ന ജനിതകശാസ്ത്ര വിദഗ്ധയുടെ ഫോൺ വരുന്നു "പോൾ.. നിങ്ങൾക്ക് ജാക്ക് എന്ന പേര് ഇഷ്ടമാണോ?"
"നല്ല പേരാണ് ജാക്ക്. അന്തസ്സുള്ള പേര്, എന്തേ?" ജാക്ക് തിരിച്ചു ചോദിച്ചു.
"അല്ല, അതാണ് നിങ്ങളുടെ ശരിക്കുള്ള പേര്". സിസി പറഞ്ഞു.

ജാക്ക് റോസന്താൾ - അതായിരുന്നു പോൾ ജോസഫ് ഫ്രോൻസാക്ക് എന്ന അയാളുടെ യഥാർത്ഥ നാമം. ഡോറയും ചെസ്റ്ററും കരുതിയിരുന്നതിലും ആറുമാസം പ്രായം കൂടുതലുണ്ട് അയാൾക്ക്. ഏപ്രിൽ 26, 1964 അല്ലായിരുന്നു അയാളുടെ ജന്മദിനം. ജാക്ക് ജനിച്ചത് 1963  ഒക്ടോബർ 27-നായിരുന്നു. ജിൽ എന്ന് പേരായ ഒരു ഇരട്ട സഹോദരിയുമുണ്ട് ജാക്കിന്. അവളും ജാക്കിനെപ്പോലെ കാണാതാവുകയായിരുന്നു. അതോടെ പോൾ അഥവാ ജാക്കിന് കണ്ടുപിടിക്കാൻ ഒരാൾ കൂടിയായി. അച്ഛൻ, അമ്മ, ഇരട്ട സഹോദരി ജിൽ.

ബന്ധുക്കളിൽ പലരെയും പോളിന് നേരിൽ കാണാൻ പറ്റി. അവരുമായുള്ള ഇടപെടൽ വളരെ വൈകാരികമായിരുന്നു. അമ്മാവന്മാർ, അമ്മായിമാർ, ചെറിയമ്മമാർ, കസിൻസ് അങ്ങനെ പലരെയും പോൾ കണ്ടു. തന്റെ യഥാർത്ഥ രക്തബന്ധുക്കളെ കണ്ട്, പരിചയപ്പെട്ടപ്പോഴാണ് താൻ എന്തുകൊണ്ടാണ് തന്റെ സഹോദരനിൽ നിന്നും അച്ഛനമ്മമാരിൽ നിന്നും വ്യത്യസ്തനായത്, എന്തുകൊണ്ടാണ് ഒരു ഹിപ്പി, ഒരു റോക്ക് പ്രാന്തൻ ആയത് എന്നൊക്കെ പോളിന് മനസ്സിലായത്. ആ കുടുംബം മൊത്തം അങ്ങനെയായിരുന്നു. അമ്പതുകളിൽ അതിപ്രശസ്തനായിരുന്ന ഒരു പാട്ടുകാരനായിരുന്നു പോളിന്റെ കാസിം ലെന്നി റോക്കോ.

അന്ന് പോൾ ഒരു കാര്യം മനസ്സിലാക്കി. ഒരു മനുഷ്യന് ജനിതകമായി കൈമാറി വരുന്ന ഗുണങ്ങൾ, ഉദാ. സംഗീതം. അത് വെളിപ്പെടാൻ ശരിക്കുള്ള അച്ഛനമ്മമാർ തന്നെ വളർത്തണം എന്നില്ല. പ്രോത്സാഹിപ്പിക്കാതിരുന്നാലും, എത്ര അടക്കിവെച്ചാലും അങ്ങനെയുള്ള താത്പര്യങ്ങൾ വെളിയിൽ വരും. ഈയാംപാറ്റ വിളക്കിന്റെ നാളത്തിനരികിലേക്ക് എന്നപോലെ താൻ സംഗീതത്തിലേക്ക് വലിച്ചടുപ്പിക്കപ്പെട്ടതിന്റെ രഹസ്യം പോളിനു മുന്നിൽ അന്നാണ് അനാവൃതമായത്. ജീവിതത്തിൽ പല ബാൻഡുകൾക്കും വേണ്ടി ജാസ് ഗിറ്റാർ വായിച്ചിട്ടുണ്ടെങ്കിലും പോൾ അതേറ്റവും ആസ്വദിച്ചത് കസിന്‍ റോക്കോയുടെ ബാൻഡുമായി ഒരു ജാമിങ്ങ് സെഷൻ നടത്തിയപ്പോഴാണ്.

 

സ്വന്തം കുടുംബത്തെപ്പറ്റി പോൾ നടത്തിയ കണ്ടെത്തലുകൾ എല്ലാം തന്നെ പ്രസാദാത്മകമായിരുന്നില്ല. കടുത്ത മദ്യാസക്തയായിരുന്നു പോളിന്റെ ശരിക്കുള്ള അമ്മ മേരി. അച്ഛൻ ഗിൽബർട്ട് കൊറിയയിൽ യുദ്ധത്തിന് പോയി, മാനസികപ്രശ്നങ്ങളോടെ തിരിച്ചുവന്ന ഒരു സൈനികനായിരുന്നു. അടക്കാനാവാത്ത ദേഷ്യമായിരുന്നു ഗിൽബെർട്ടിന്റെ പ്രശ്നം. ജാക്കിനും, ജില്ലിനും മൂത്ത സഹോദരിമാരും, ഇളയ കൊച്ചുങ്ങളും ഒക്കെ ഉണ്ടായിരുന്നു. കുട്ടികളെ സദാ അവഗണിച്ചുകൊണ്ടിരുന്ന മാതാപിതാക്കളായിരുന്നു അവർ. സദാ കരഞ്ഞുകൊണ്ടിരുന്ന ആ കുട്ടികളെ പല കസിൻ സഹോദരങ്ങളും ഓർക്കുന്നുണ്ടായിരുന്നു. അച്ഛനമ്മമാരിൽ നിന്ന് സംഭവിച്ച എന്തോ അബദ്ധം ജില്ലിന്റെ മരണത്തിന് കാരണമായിട്ടുണ്ടാകുമെന്നും, രണ്ട് ഇരട്ടകളിൽ ഒരാളെ മാത്രമായി വളർത്തിയാൽ അത് വിശദീകരിക്കാൻ പ്രയാസമാകും എന്നതിനാലും അവർ ജാക്കിനെ ഷോപ്പിംഗ് മാളിൽ ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് അധികൃതർ കരുതുന്നത്. ഇതേപ്പറ്റി കൃത്യമായ ധാരണകൾ പിന്നീടും ലഭിച്ചിട്ടില്ല അധികൃതർക്ക്.

സത്യാന്വേഷണങ്ങളെക്കുറിച്ച് ഒരു പുസ്തകം 

തന്റെ സത്യാന്വേഷണ പരീക്ഷണങ്ങളെപ്പറ്റി 'ദ ഫൗണ്ട്ലിങ്'(The Foundling) എന്ന പേരിൽ ഒരു പുസ്തകമെഴുതിയിട്ടുണ്ട് പോൾ ഫ്രോൻസാക്ക്. അതിൽ ഈ അന്വേഷണങ്ങളുടെ വിശദമായ വിവരണങ്ങളുണ്ട്. ബാക്കി നിൽക്കുന്നത് ഒരു ചോദ്യം മാത്രം. ഡോറയുടെയും ചെസ്റ്ററിന്റെയും യഥാർത്ഥ പുത്രൻ, പെറ്റുവീണതിന്റെ അടുത്ത ദിവസം നഴ്‌സിന്റെ വേഷമിട്ടുവന്ന അപരിചിതയായ ഒരു സ്ത്രീ, അവരുടെ ജീവിതത്തിൽ നിന്ന് അടർത്തിമാറ്റിയ മാലാഖക്കുഞ്ഞ്, അവനിപ്പോഴും ജീവനോടുണ്ടോ? ലോകത്തിന്റെ ഏത് കോണിലാകും ആ മനുഷ്യനിപ്പോൾ? എന്തൊരു ജീവിതമാകും ആ തട്ടിക്കൊണ്ടുപോകലിന് ശേഷം അവന് കിട്ടിക്കാണുക? സന്തോഷമോ അതോ സങ്കടമോ? എന്നെങ്കിലും തന്റെ യഥാർത്ഥ അസ്തിത്വം അറിയുമോ ആ മനുഷ്യൻ?