Asianet News MalayalamAsianet News Malayalam

അഭയം തേടിയെത്തുന്ന ജീവികളെ തിരികെ അയക്കില്ല, പരിചരിച്ചും സ്നേഹിച്ചും കൂടെ നിർത്തുന്ന യുവതി

ആ ജീവികളുടെ എല്ലാം സ്നേഹം എനിക്ക് കിട്ടുന്നു, അവരുടെ സന്തോഷത്തിലെനിക്ക് പുഞ്ചിരിക്കാനാവുന്നു, അവരുടെ ചില പെരുമാറ്റങ്ങളില്‍ ചിരിക്കാനാവുന്നു. അവയെ ഞാന്‍ സ്നേഹിക്കുന്നു. 

story of adri founder Wild Things Sanctuary
Author
Georgia, First Published Feb 21, 2021, 2:32 PM IST

ഓരോ മനുഷ്യരും എത്രമാത്രം സ്നേഹവും ദയവുമുള്ളവരാണ് എന്ന് മനസിലാവുന്നത് അവരുടെ പെരുമാറ്റത്തില്‍ നിന്നാണ്, വാക്കുകളില്‍ നിന്നല്ല. ചില മനുഷ്യര്‍ ലോകത്തിലെ എല്ലാത്തിനോടും സ്നേഹമുള്ളവരായിരിക്കും. അവരെപ്പോലെയുള്ളവരാണ് ഈ ലോകം ജീവിക്കാന്‍ കൊള്ളാവുന്ന ഒരിടമാക്കി മാറ്റുന്നതും. അദ്രി റേച്ചലെ അതിലൊരാളാണ്. വൈല്‍ഡ് തിങ്സ് സാങ്ച്വറിയുടെ സ്ഥാപകയാണ് അദ്രി. അവിടെ ഇരുന്നൂറോളം ജീവികളാണ് അവളുടെ പരിചരണത്തില്‍ വളരുന്നത്. അതില്‍ എല്ലാത്തരം പക്ഷികളും മൃ​ഗങ്ങളും എല്ലാം ഉള്‍പ്പെടുന്നുവെന്നതാണ് അതിന്‍റെ പ്രത്യേകത. കുതിരയും പന്നിയും കോഴിയും പട്ടികളും എല്ലാം അവിടെയുണ്ട്.

story of adri founder Wild Things Sanctuary

മൃഗങ്ങളെ പരിപാലിക്കുക, സഹായിക്കുക എന്നത് കുട്ടിക്കാലം മുതൽക്ക് തന്നെ അദ്രിയുടെ സ്വപ്നമായിരുന്നു. വൈല്‍ഡ് തിങ്സ് സാങ്ച്വറി തുടങ്ങുന്നതിന് മുമ്പ് തന്നെ അവള്‍ പരിക്കേറ്റതും ഉപേക്ഷിക്കപ്പെട്ടതുമായ ജീവികളെ പരിചരിക്കുകയും തന്‍റെ കൂടെ കൂട്ടുകയും ചെയ്തിരുന്നു. അതിനുള്ള പണമെല്ലാം സ്വന്തം കയ്യില്‍ നിന്നും തന്നെയാണ് അവളെടുത്തിരുന്നതും, ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങിയതും സ്വന്തം കയ്യിലെ പണം എടുത്ത് തന്നെയാണ്. കുട്ടിക്കാലം മുതല്‍ അവയെ പരിചരിക്കുക എന്നത് തന്നെയായിരുന്നു തന്‍റെ ആഗ്രഹമെന്നും മുതിര്‍ന്നപ്പോള്‍ അത് തന്നെ തുടരുകയായിരുന്നുവെന്നും അദ്രി പറയുന്നു. വിധി പോലെ പലപ്പോഴും പരിക്കേറ്റതും അഭയം വേണ്ടതുമായ ജീവികള്‍ അവളുടെ മുന്നില്‍ തന്നെ വന്നെത്തുകയും ചെയ്തു. അങ്ങനെ അവയെ എല്ലാം പരിചരിച്ച് പരിചരിച്ചാണ് മെല്ലെ വൈൽഡ് തിങ്സ് സാങ്ച്വറിയുടെ പ്രവർത്തനങ്ങളിലേക്ക് എത്തിച്ചേരുന്നത്. 

story of adri founder Wild Things Sanctuary

ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ രാവിലെ മുതല്‍ രാത്രി വരെ ഇവയെ പരിചരിക്കുകയാവും അദ്രി. അതില്‍ നിന്നും ഒരു ദിവസം പോലും അവൾ അവധിയെടുക്കാറില്ല. ഓരോ നിമിഷവും അവയ്ക്കൊപ്പമുള്ള ജീവിതം താന്‍ ആസ്വദിക്കുന്നു എന്നും അദ്രി പറയുന്നു. അവളത് വളരെ ആസ്വദിച്ചും ഇഷ്ടപ്പെട്ടുമാണ് ചെയ്യുന്നത്. ഒരിക്കൽ പോലും അവയെ പരിചരിക്കുന്നത് അദ്രിക്കൊരു ബുദ്ധിമുട്ടായി അനുഭവപ്പെട്ടിട്ടേയില്ല.  അതുപോലെ തന്നെ മറ്റുള്ളവരെയും എല്ലാ ജീവികളോടും സ്നേഹത്തോടെ പെരുമാറാനും അവയെ പരിചരിക്കാനും സഹായിക്കാനും എല്ലാം അവള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. 

''ആ ജീവികളുടെ എല്ലാം സ്നേഹം എനിക്ക് കിട്ടുന്നു, അവരുടെ സന്തോഷത്തിലെനിക്ക് പുഞ്ചിരിക്കാനാവുന്നു, അവരുടെ ചില പെരുമാറ്റങ്ങളില്‍ ചിരിക്കാനാവുന്നു. അവയെ ഞാന്‍ സ്നേഹിക്കുന്നു. അവയുടെ കൂട് വൃത്തിയാക്കലും തീറ്റ കൊടുക്കാലും മാത്രമാണ് ചെയ്യുന്നതെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ എന്‍റെ ജോലി തീര്‍ന്നേനെ. ബാക്കി സമയം മറ്റെന്തെങ്കിലും ചെയ്യുകയോ വെറുതെയിരിക്കുകയോ ഉറങ്ങുകയോ ചെയ്യാം. പക്ഷേ, എല്ലായ്പ്പോഴും അവയ്ക്കൊപ്പമുണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു'' -അദ്രി പറയുന്നു. ഈ ജീവികളോടൊപ്പമുള്ള തന്റെ ജീവിതത്തെ അദ്രി ഭൂമിയിലെ സ്വര്‍ഗമായിട്ടാണ് കാണുന്നത്. എങ്കിലും ആരെങ്കിലും ഉപേക്ഷിച്ചവയോ, പരിക്കേറ്റവയോ, ആരോഗ്യമില്ലാത്തവയോ, വയസായവയോ ഒക്കെ ആയിരിക്കും അവൾക്ക് പരിചരിക്കേണ്ടി വരുന്ന മൃ​ഗങ്ങളെന്നത് കൊണ്ട് തന്നെ അതിന്റേതായ ബുദ്ധിമുട്ടുകളുമുണ്ട് അവയെ പരിചരിക്കാന്‍. 

story of adri founder Wild Things Sanctuary

അതുപോലെ തന്നെ ഒരുപാട് പണച്ചെലവുമുണ്ട് ഇവയുടെയെല്ലാം പരിപാലനത്തിന്. അവയുടെ പരിചരണത്തിനും അവയ്ക്ക് ഭക്ഷണം കണ്ടെത്തുന്നതിനും മറ്റുമായി നല്ല തുക ആവശ്യം വരാറുണ്ട് എന്നും അവള്‍ പറയുന്നു. അതുകൊണ്ട് ആരെങ്കിലും ഇതുപോലെ മൃ​ഗങ്ങളെയും ജീവികളെയും പരിചരിക്കാനും സാങ്ച്വറി തുടങ്ങാനും ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ കയ്യിലെ പണമെല്ലാം ചെലവഴിക്കേണ്ടി വരുമെന്ന ബോധ്യത്തിൽ കൂടിയാവണം അതിന് ഇറങ്ങുന്നത് എന്നും അദ്രി തന്റെ അനുഭവത്തിൽ നിന്നും സൂചിപ്പിക്കുന്നു. 

story of adri founder Wild Things Sanctuary

വെറുതെ കുറച്ച് മൃ​ഗങ്ങളെ കൂട്ടിലിട്ട് വളർത്തുക, അവയെ ആളുകൾക്ക് വേണ്ടി കാണുന്നതിനായി നിർത്തുക ഇങ്ങനെയൊന്നുമല്ല ഈ യുവതിയുടെ സാങ്ച്വറി പ്രവർത്തിക്കുന്നത്. അവിടെ പുറത്ത് നിന്നും മൃ​ഗങ്ങളെ കാണാനെത്തുന്നവർക്ക് ഒന്നും തന്നെ പ്രവേശനമില്ല. കാരണം, ഇങ്ങനെ ആളുകൾ വരുന്നതും നോക്കുന്നതുമെല്ലാം മൃ​ഗങ്ങൾക്ക് വലിയ തോതിലുള്ള സമ്മർദ്ദമുണ്ടാക്കുമെന്നും അതിനാൽ തന്നെ അതിന് അനുവദിക്കാനാവില്ല എന്നുമാണ് അദ്രിയുടെ അഭിപ്രായം. അതുകൊണ്ട് തന്നെ അവിടെ സന്ദർശകരോ അവരുടെ ബഹളങ്ങളോ ഇല്ല. 

തന്റെയും ഈ പ്രിയപ്പെട്ട മൃ​ഗങ്ങളുടെയുമെല്ലാം ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കാറുണ്ട് അദ്രി. അതിന് ആരാധകരും ഏറെയുണ്ട്. 

Follow Us:
Download App:
  • android
  • ios