മഹാരാഷ്ട്രയിലെ വരണ്ട ഹൈവെയർ ബസാർ എന്ന ഗ്രാമം 30 വർഷം മുമ്പ് ദാരിദ്ര്യത്തിന്‍റെയും വരൾച്ചയുടെയും പിടിയിലായിരുന്നു. എന്നാൽ ഇപ്പോൾ ഇത് രാജ്യത്തെതന്നെ ഏറ്റവും സമ്പന്നമായ ഗ്രാമമായി മാറിയിരിക്കയാണ്. മൊത്തം 1,250 പേരുള്ള ഈ ഗ്രാമത്തിലെ പ്രതിമാസം വരുമാനം ശരാശരി 30,000 രൂപയാണ്. 235 കുടുംബങ്ങളുള്ളതിൽ അറുപതും കോടീശ്വരന്മാരാണ്. ഈ സമ്പന്നതയൊന്നും ഒരു രാത്രികൊണ്ട് ഉണ്ടായതല്ല, മറിച്ച് ഗ്രാമീണരുടെ വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഇതെല്ലം.

ഒരു പതിറ്റാണ്ട് മുമ്പ് സുന്ദർബായ് ഗെയ്ക്ക്വാഡ് മറ്റെല്ലാവരെയും പോലെ തന്‍റെ ഗ്രാമത്തെ ഉപേക്ഷിച്ച് പട്ടണത്തിലേക്ക് കുടിയേറിയതാണ്. നിരന്തരമായ വരൾച്ചയും വിളനാശവും മൂലം ഗ്രാമത്തിലെ ജീവിതം ദുഷ്കരമായിരുന്നു. അതിൽനിന്ന് രക്ഷനേടാനാണ് അദ്ദേഹം മുംബൈയിലേക്ക് പോയത്.  ഒരു ദിവസം അദ്ദേഹം തന്‍റെ ഗ്രാമത്തിലെ തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് അറിയാനിടയായി. ഇത് അദ്ദേഹത്തെ ഗ്രാമത്തിലേക്ക് മടങ്ങി പോകാൻ പ്രേരിപ്പിച്ചു. അങ്ങനെ 1998 ൽ ഗെയ്ക്ക്വാഡ് ഗ്രാമത്തിലേക്ക് മടങ്ങി. അവിടെ എത്തിയ അദ്ദേഹം ബാങ്ക് വായ്പയെടുത്ത് മൂന്ന് ഹെക്ടർ ഭൂമി വാങ്ങി ഉള്ളി കൃഷി ചെയ്യാൻ തുടങ്ങി. ഇന്നദ്ദേഹം 8 ഏക്കറിൽ നിന്ന് 80,000 രൂപവരെ മാസം സമ്പാദിക്കുന്നു.

ഗെയ്‌ക്വാഡിന്‍റെ കഥ ഗ്രമത്തിന്‍റെ സമ്പന്നതയുടെ ഒരു ഉദാഹരണം മാത്രമാണ്. കഴിഞ്ഞ ഒരു ദശകത്തിൽ, ഇങ്ങനെ ഒരുപാട് പേരാണ് ജോലിതേടി ഗ്രമത്തിൽ വന്നിട്ടുള്ളത്.  ഔദ്യോഗിക പഞ്ചായത്ത് രേഖകൾ അനുസരിച്ച് 1992 നും 2002 നും ഇടയിൽ പൂനെയിൽ നിന്നും മുംബൈയിൽ നിന്നുമൊക്കെയായി 40 കുടുംബങ്ങളാണ് ഗ്രാമത്തിലേക്ക് മടങ്ങിയത്. ഈ ഗ്രാമം തീർച്ചയായും വികസ്വര രാജ്യത്തിന്‍റെ ഉത്തമ ഉദാഹരണമാണ്. തിരക്കേറിയ മാർക്കറ്റുകളും, കുറ്റമറ്റ റോഡുകളും, വിശാലമായ വയലുകളും,  ഇന്ത്യൻ ഗ്രാമങ്ങളിൽ അപൂർവമായി മാത്രം കാണാൻ സാധിക്കുന്ന എല്ലാ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ  വീടുകളും ഇവിടെ കാണാം.

വർഷങ്ങൾക്ക് മുമ്പ് ഈ ഗ്രാമം ഇങ്ങനെയായിരുന്നില്ല. 1972 ൽ ഗ്രാമം കടുത്ത വരൾച്ചയുടെ പിടിയിലായിരുന്നു. വർഷം തോറും ഗ്രാമത്തിന്‍റെ അവസ്ഥ കൂടുതൽ പരിതാപകരമായി. കിണറുകൾ വറ്റി വരണ്ടു. വെള്ളമില്ലാതെ ഭൂമി തരിശുനിലമായി മാറി. വരുമാന മാർഗ്ഗമില്ലാതെ വിഷാദത്തിലേക്കും, മദ്യപാനത്തിലേക്കും ജനങ്ങൾ വഴുതി വീണു. ഓരോ കുടുംബവും കടുത്ത നിരാശയിലായി. ഗ്രാമത്തിൽ പിന്തുണയും ഭരണവും ഇല്ലാതെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി. വാസ്തവത്തിൽ, 90 ശതമാനം നിവാസികളും നശിച്ച ഈ ഗ്രാമം ഉപേക്ഷിച്ച് ഒരു പുതിയ ജീവിതം തേടി നഗരങ്ങളിലേക്ക് പോകാൻ തുടങ്ങി. എന്നാൽ ഈ നാശത്തിന്‍റെ വക്കിൽ നിന്ന് ജനങ്ങളെ രക്ഷിച്ച ഒരാളുണ്ട്. ഗ്രാമതലവനായ പോപാട്രാവു പവാർ. അദ്ദേഹത്തിന്‍റെ ശ്രമഫലമായിട്ടാണ് ഇന്ന് ഈ കാണുന്ന സമൃദ്ധിയും സമ്പത്തും ഹൈവെയർ ബസാറിൽ ഉണ്ടായത്.

1989ലാണ് പവാർ ഗ്രാമത്തലവനായി അധികാരമേറ്റത്. അതിനുശേഷം ഗ്രാമം വലിയ പുരോഗതിയാണ് കൈവരിച്ചത്. അദ്ദേഹം അധികാരത്തിലേറിയ ശേഷം ആദ്യം  ചെയ്തത് ഗ്രാമത്തിലെ അനധികൃത മദ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടുക എന്നതായിരുന്നു. തുടർന്ന് മദ്യവും പുകയില ഉപഭോഗവും നിരോധിച്ചു. ഇത് വഴി ഗ്രാമീണരുടെ പുകവലിയും, മദ്യപാനവും അവസാനിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

വളരെ കുറവുമാത്രം മഴ ലഭിക്കുന്ന ഈ ഗ്രാമത്തിന് ജലം വളരെ വിലപ്പെട്ടതായിരുന്നു. ഗ്രാമത്തെ ജലസമൃദ്ധമാക്കാൻ പവാർ ഗ്രാമത്തിൽ മഴവെള്ള സംഭരണവും നീരൊഴുക്ക് സംരക്ഷണവും ആരംഭിച്ചു. ഗ്രാമീണരുമായി ചേർന്ന് സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് 52 ജലാശയങ്ങളും 32 കല്ല് ബണ്ടുകളും ചെക്ക് ഡാമുകളും മഴവെള്ളം സംഭരിക്കുന്നതിനായി ടാങ്കുകളും അദ്ദേഹം സ്ഥാപിച്ചു.  ഇത് കൂടാതെ ലക്ഷക്കണക്കിന് മരങ്ങളും അദ്ദേഹം നട്ടുവളർത്തി. ഇന്ന് ഗ്രാമത്തിൽ 294 കിണറുകളുണ്ട്. ഈ ജലസമ്പത്തുപയോഗിച്ചാണ് ഗ്രാമീണർ വിവിധ വിളകൾ കൃഷി ചെയ്യുന്നത്.  

ഇവിടെ തൊഴിലാളികൾ ഇല്ല, പകരം കർഷകർ തന്നെയാണ് കൃഷിയിടം നോക്കുന്നത്. രണ്ടോ മൂന്നോ കുടുംബങ്ങൾ പരസ്പരം കൃഷിയിടങ്ങളിൽ ഒരുമിച്ച് ജോലി ചെയ്യുന്നു. 100 വ്യത്യസ്ത ഇനം വിളകളാണ് ഗ്രാമത്തിലെ വയലുകളിൽ കൃഷിചെയ്യുന്നത്. കന്നുകാലി വളർത്തലും ഇവിടത്തെ ഒരു പ്രധാന വരുമാന മാർഗ്ഗമാണ്.