ബ്രിട്ടനിലെ തന്നെ ഏറ്റവും കുപ്രസിദ്ധനായ സീരിയല്‍ കില്ലറാണ് ഡെന്നിസ് നില്‍സണ്‍. 1978 -നും 1983 -നും ഇടയില്‍ സ്കോട്ട് നില്‍സണ്‍ എന്ന ആ സീരിയല്‍ കില്ലര്‍ കൊന്നുതള്ളിയത് 12 പേരെയാണ്. കൂടാതെ ഏഴുപേരെ കൊല്ലാന്‍ ശ്രമിച്ച് പരാജയപ്പെടുകയും ചെയ്തു. 1983 -ല്‍ നില്‍സണ്‍ തന്‍റെ കുറ്റങ്ങള്‍ സമ്മതിച്ചു. താന്‍ 15 പേരെയെങ്കിലും കൊന്നിട്ടുണ്ട് എന്നും അതില്‍ ഏറെപ്പേരും വീടില്ലാത്തവരോ, സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരോ ആയിരുന്നുവെന്നും അയാള്‍ സമ്മതിച്ചു. ഡെസ് എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഈ നെക്രോഫില്‍ ആളുകളെ ആകര്‍ഷിക്കുന്നതില്‍ പ്രത്യേകം കഴിവ് പുലര്‍ത്തിയിരുന്നു. അശരണരായ ആളുകളെ സമീപിച്ച് അവര്‍ക്ക് ഭക്ഷണവും മറ്റും വാഗ്ദ്ധാനം ചെയ്യുകയാണ് ഇയാള്‍ ആദ്യം ചെയ്യുന്നത്. ചിലരെയെങ്കിലും തന്‍റെ നോര്‍ത്ത് ലണ്ടനിലെ, മെല്‍റോസ് അവന്യൂവിലേക്കുള്ള വീട്ടിലേക്ക് ക്ഷണിക്കും. 

നില്‍സണ്‍ തന്‍റെ ഇരകളെ പലപ്പോഴും കഴുത്തുഞെരിച്ച് ബോധം കെടുത്തുകയും ബാത്ത് ടബ്ബിലോ ബക്കറ്റില്‍ വെള്ളം നിറച്ചോ മുക്കിപ്പിടിച്ച്  കൊല്ലുകയും ചെയ്തിരുന്നു. ആ മൃതദേഹങ്ങള്‍ അയാള്‍ ആഴ്ചകളോളം ചിലപ്പോള്‍ മാസങ്ങളോളം തന്നെ അവിടെ സൂക്ഷിക്കുമായിരുന്നു. ഒപ്പം തന്നെ മൃതദേഹങ്ങള്‍ ചെറിയ കഷ്ണങ്ങളായി മുറിച്ച് വേലിക്ക് പുറത്തൂടെ കളയുകയോ ടോയിലെറ്റിലുപേക്ഷിക്കുകയോ ആയിരുന്നു ചെയ്തിരുന്നത്. അയാളൊരിക്കലും ഇരകളെ ബലാത്സംഗം ചെയ്തിരുന്നില്ല. പകരം അവരെ നഗ്നരാക്കുകയും ആ നഗ്നശരീരം കണ്ട് സ്വയംഭോഗം ചെയ്യുകയും ചെയ്തിരുന്നു അയാള്‍. 

നില്‍സണിന്‍റെ ആദ്യ ഇര ഒരു പതിനാലുകാരനായിരുന്നു. ഒരു പബ്ബില്‍ വച്ചാണ് നില്‍സണ്‍, ഹോംസ് എന്നുപേരായ ആ പതിനാലുകാരനെ കാണുന്നത്. മദ്യം വാങ്ങാന്‍ ശ്രമിച്ച് പരാജയപ്പെട്ട് നില്‍ക്കുകയായിരുന്നു ഹോംസ്. തന്‍റെ വീട്ടിലേക്ക് വരികയാണെങ്കില്‍ മദ്യ തരികയും പാട്ട് കേള്‍ക്കുകയും ചെയ്യാം എന്ന് പറഞ്ഞ് നില്‍സണ്‍ അവനെ പ്രലോഭിപ്പിച്ചു. അവിടെയെത്തി ഉറക്കത്തിലാവുന്നതിന് മുമ്പ് ഇരുവരും നന്നായി മദ്യപിച്ചു. പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ഹോംസ് തന്‍റെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്നത് കണ്ട നില്‍സണ്‍ അവനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. നില്‍സണ്‍ പറഞ്ഞത് അവനുണര്‍ന്നാല്‍ തന്നെ ഉപേക്ഷിച്ച് പോകുമോ എന്ന് ഭയന്നാണ് താനവനെ കൊന്നത് എന്നാണ്. മാസങ്ങള്‍ക്കുശേഷമാണ് അവന്‍റെ ശരീരം അയാള്‍ തന്‍റെ വീടിനു പിറകിലുള്ള തോട്ടത്തില്‍ സംസ്കരിക്കുന്നത്. 

പിന്നീട് അയാള്‍ ഹോംകോങില്‍ നിന്നുള്ള മറ്റൊരു വിദ്യാര്‍ത്ഥിയെ കൊല്ലാന്‍ തീരുമാനിക്കുന്നു. സെക്സ് വാഗ്ദ്ധാനം ചെയ്താണ് അയാള്‍ അവനെ തന്‍റെ ഫ്ലാറ്റിലേക്ക് കൊണ്ടുവരുന്നത്. എന്നാല്‍, കൊല്ലാനുള്ള അയാളുടെ ശ്രമം പരാജയപ്പെടുകയും വിദ്യാര്‍ത്ഥി ഓടി പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. നില്‍സണിനെ പൊലീസ് പിടികൂടിയെങ്കിലും കുറ്റം ചാര്‍ത്തേണ്ട എന്ന വിദ്യാര്‍ത്ഥിയുടെ വാക്കില്‍ അയാളെ വെറുതെ വിടുകയായിരുന്നു. 

അവിടെനിന്നും രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും അയാള്‍ തന്‍റെ അടുത്ത ഇരയെ കണ്ടുമുട്ടിയിരുന്നു. അതും ഒരു ബാറില്‍ വച്ചുതന്നെയായിരുന്നു. അയാള്‍ ഒരു ടൂറിസ്റ്റായിരുന്നു. വിവിധ സ്ഥലങ്ങള്‍ കാണിച്ചു തരാമെന്നും ആദ്യം തന്‍റെ വീട്ടിലേക്ക് വന്നാല്‍ കുറച്ചുകൂടി മദ്യപിക്കാം എന്ന് പറഞ്ഞുമാണ് അയാള്‍ ഇരയെ പ്രലോഭിപ്പിച്ചത്. അതില്‍ വീണ അയാളെ ഇയര്‍ഫോണിന്‍റെ വള്ളി കുരുക്കിയാണ് അയാള്‍ കൊന്നുകളഞ്ഞത്. അയാള്‍ മരിച്ചശേഷവും നില്‍സണ്‍ തന്‍റെ ബാക്കിയായ മദ്യം നുകരുകയും ടൂറിസ്റ്റിനെ കൊല്ലാനുപയോഗിച്ച അതേ ഹെഡ്സെറ്റ് വെച്ച് പോട്ടുകേള്‍ക്കുകയും ചെയ്തുവത്രെ. പിന്നീട് ആ ശരീരം ഫ്ലോര്‍ബോര്‍ഡിലേക്ക് മാറ്റി. എങ്കിലും ഇടക്കിടക്ക് അതവിടെനിന്നും എടുത്ത് കൊണ്ടുവരികയും താന്‍ ടിവി കാണുമ്പോള്‍ അടുത്തിരുത്തുകയും ഒക്കെ ചെയ്തിരുന്നുവത്രെ. 

അയാളുടെ അടുത്ത ഇര ഒരു പതിനാറുകാരനായിരുന്നു. വീട്ടുകാരറിയാതെ ലണ്ടനിലേക്ക് കള്ളവണ്ടി കയറിയെത്തിയതായിരുന്നു അവന്‍. പിന്നീട് അവന്‍ ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസിനാല്‍ ചോദ്യം ചെയ്യപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കഴിക്കാന്‍ ഭക്ഷണമോ, ഉറങ്ങാന്‍ ഇടമോ കിട്ടാതെ അവന്‍ തെരുവിലായിപ്പോയി. ആ സമയത്താണ് നില്‍സണ്‍ അവനെ കണ്ടുമുട്ടുന്നത്. അയാളവന് ഭക്ഷണം വാഗ്ദ്ധാനം ചെയ്തു. അവന്‍ വളരെ സന്തോഷത്തോടെ അയാളുടെ ക്ഷണം സ്വീകരിക്കുകയും ചെയ്തു. അവന്‍ ഉറക്കത്തിലേക്ക് വീണടതോടെ നില്‍സണ്‍ അവനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അടുക്കളയിലെത്തിച്ച് ആ ശവശരീരം കുളിപ്പിക്കുകയും ചെയ്തു അയാള്‍. താന്‍ കണ്ടതില്‍ 'ഏറ്റവും യുവത്വമാര്‍ന്ന ശരീരം' എന്നാണ് അയാള്‍ ആ പതിനാറുകാരനെ കുറിച്ച് പറഞ്ഞത്. പിന്നീട് ആ ശരീരത്തില്‍ അയാള്‍ ആവര്‍ത്തിച്ച് ചുംബിച്ചു. മൃതദേഹത്തിന്‍റെ വയറ്റില്‍ ഇരുന്നശേഷം പലതവണ അയാള്‍ സ്വയംഭോഗം ചെയ്തു. അപ്പോഴെല്ലാം ആ ശരീരത്തെ അഭിനന്ദിക്കാനും അയാള്‍ മറന്നില്ല. രണ്ട് ദിവസം ശരീരം കപ്ബോര്‍ഡില്‍ സൂക്ഷിച്ചുവെങ്കിലും അഴുകിത്തുടങ്ങിയപ്പോള്‍ അത് ഫ്ലോര്‍ബോര്‍ഡിലേക്ക് മാറ്റുകയും ചെയ്തു. അടുത്ത കൊലപാതകങ്ങളെല്ലാം അധികം ഇടവേളകളില്ലാതെയാണ് അയാള്‍ നടപ്പിലാക്കിയത്. പിന്നെയും ഒട്ടേറെ ചെറുപ്പക്കാര്‍ അയാളുടെ ഇരകളായി മാറി.

പിടിക്കപ്പെടുന്നതിങ്ങനെ

നില്‍സണിന്‍റെയും അയല്‍ക്കാരുടെയും വീടുകളില്‍ പ്ലബിംഗ് ജോലിക്കെത്തിയ ഒരാളാണ് ആദ്യം കൊലപാതകങ്ങളെ കുറിച്ച് സംശയം പ്രകടിപ്പിക്കുന്നത്. ജോലിക്കിടെ എന്തിന്‍റെയെന്ന് മനസിലാകാത്ത ഇറച്ചിയും എല്ലുമെല്ലാം കണ്ടെത്തിയതായിരുന്നു കാരണം. അയാള്‍ അത് തന്‍റെ സൂപ്പര്‍വൈസറിനോടും സൂചിപ്പിച്ചു. നില്‍സണിനൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന മറ്റൊരാള്‍ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ നില്‍സണ്‍ മറുപടി പറഞ്ഞത് ആരോ കെന്‍റകി ഫ്രൈഡ് ചിക്കന്‍ ഇവിടെ കൊണ്ടുവന്ന് തട്ടുന്നുണ്ടാവും എന്നായിരുന്നു. പിറ്റേദിവസം രാവിലെ പ്ലംബറും സൂപ്പര്‍വൈസറും തിരികെയെത്തി. ആ സമയത്ത് എന്നാല്‍, പൈപ്പും പരിസരവും എല്ലാം വൃത്തിയായിരുന്നു. തലേദിവസം കണ്ടതുപോലെയുള്ള മാംസമോ എല്ലുകളോ ഒന്നും തന്നെ കാണാനുണ്ടായിരുന്നില്ല. ഇത് ഇരുവരിലും സംശയം സൃഷ്ടിച്ചു.

എന്നാല്‍, ഇരുവരും ഫ്ലാറ്റില്‍ ഒരു സൂക്ഷ്മപരിശോധന നടത്തി. മുകളില്‍ നിന്നും വരുന്ന പൈപ്പില്‍ നിന്നും എല്ലുകളും മാംസങ്ങളും കണ്ടു. ഇത്തവണ കണ്ട എല്ല് ഒരു മനുഷ്യന്‍റെ കയ്യോട് സാമ്യമുള്ളതായിരുന്നു. ഉടനെത്തന്നെ ഇരുവരും ചേര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസിന്‍റെ വിശദമായ പരിശോധനയില്‍ പല ശരീരഭാഗങ്ങളും എല്ലുകളും കണ്ടെടുത്തു. അത് മനുഷ്യന്‍റേത് തന്നെയാണെന്ന് വിശദമായ ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. അതെല്ലാം വന്നത് താഴത്തെ വാടകക്കാരന്‍ നില്‍സണിന്‍റെ വീട്ടില്‍ നിന്നുമാണെന്നും തെളിഞ്ഞു. 

നില്‍സണ്‍ ജോലി കഴിഞ്ഞ് തിരികെയെത്തുന്നതുവരെ പൊലീസ് അവിടെ കാത്തുനിന്നു. 'നിങ്ങളുടെ ഡ്രെയിനേജ് ബ്ലോക്കാവാന്‍ കാരണം മനുഷ്യരുടെ ശരീരഭാഗങ്ങളാണ്' എന്ന് പറഞ്ഞപ്പോള്‍ 'അവിശ്വസനീയം' എന്നാണ് നില്‍സണ്‍ ഞെട്ടലോടെ പ്രതികരിച്ചത്. എന്നാല്‍, അന്വേഷണത്തിന് നേതൃത്വം നല്‍കിയ പീറ്റര്‍ ജയ് അയാളോട് 'കൂടുതല്‍ കുഴപ്പത്തിലാക്കണ്ട, എവിടെയാണ് ബാക്കി ശരീരഭാഗങ്ങളെന്ന് വേഗം പറഞ്ഞോ' എന്നാണ് പറഞ്ഞത്. അധികം താമസിയാതെ നില്‍സണ്‍ കുറ്റം സമ്മതിച്ചു. 'എല്ലാ കാര്യങ്ങളും പറയാം അതിനായി തന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോയ്ക്കൊള്ളൂ' എന്നാണ് നില്‍സണ്‍ പറഞ്ഞത്. എത്ര ബോഡിയുണ്ട് വീട്ടില്‍ എന്ന് ചോദിച്ചതിന്, 'പതിനഞ്ചോ, പതിനാറോ... 1978 മുതലുള്ളത്' എന്നായിരുന്നു അയാളുടെ മറുപടി. 

ഏതായാലും നില്‍സണ്‍ തടവിന് ശിക്ഷിക്കപ്പെട്ടു. പാതിമാത്രം എഴുതിയ ഒരു ഓട്ടോബയോഗ്രഫിയും അയാളുടെ പേരിലുണ്ട്. അതിലയാള്‍ പറയുന്നത്, തനിക്ക് രണ്ട് തരം ജീവിതമുണ്ട് എന്നാണ്. ഒന്ന്, ആള്‍ക്കൂട്ടത്തിനിടയിലുള്ള പൊതുജീവിതവും മറ്റൊന്ന് ആരുമറിയാത്ത അയാള്‍ തനിച്ചുണ്ടാകുമ്പോള്‍ മാത്രം സംഭവിക്കുന്ന ഫാന്‍റസി ജീവിതവും. 2018 മേയ് 10-ന് വയറുവേദനയെ തുടര്‍ന്ന് ജയിലില്‍ നിന്നും ആശുപത്രിയിലെത്തിക്കുകയും Aortic aneurysm -നെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാല്‍, അവിടെവച്ച് 12 -ന് അയാള്‍ മരിച്ചു. നില്‍സണിനെ കേന്ദ്രകഥാപാത്രമാക്കി കോള്‍ഡ് ലൈറ്റ് ഓഫ് ഡേ എന്ന സിനിമയും നിരവധി ടിവി പരിപാടികളും ഇറങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഐടിവി ഡെസ് എന്നൊരു പരമ്പര ചെയ്യുന്നു. 

(ചിത്രങ്ങള്‍: ഗെറ്റി ഇമേജസ്)