മൂന്നാഴ്ച മുമ്പ് ഇന്ത്യ-പാക് അതിർത്തിയിലെ ഉറിയിൽ വെച്ച് കശ്മീർ പൊലീസ് നാൾ സ്‌കൂൾ കുട്ടികളെ അറസ്റ്റ് ചെയ്തു. ഒരു സാഹസികയാത്രക്കുവേണ്ടി വീടുവിട്ടിറങ്ങിയതായിരുന്നു അവർ. പാക് അധീന കാശ്മീരിലേക്ക് കടക്കണം, അവിടെ ചെന്ന് ആയുധ പരിശീലനം നേടണം, തിരികെ വന്ന് തങ്ങളുടെ നാട് കുട്ടിച്ചോറാക്കിയവർക്കെതിരെ പോരാടണം. അവരുടെ തോൾബാഗിൽ ആകെയുണ്ടായിരുന്നത്‌, ഒരു കൂട് ബിസ്കറ്റും, ഒന്നുരണ്ടു ജോഡി ഡ്രസ്സും, പിന്നെ ഒരു മാപ്പും മാത്രമായിരുന്നു. അവരെ പിടികൂടി, 'നല്ലപോലെ ഉപദേശിച്ച്', തിരിച്ചയച്ചു ലോക്കൽ പൊലീസ്. ഇനിയെങ്കിലും, പഠിത്തത്തിൽ ശ്രദ്ധിക്കണം എന്ന ഒരൊറ്റ ആഗ്രഹം മാത്രമാണ്  നാട്ടിൽ തിരിച്ചെത്തിയ അവർ ഇപ്പോൾ പ്രകടിപ്പിക്കുന്നത്.  

രണ്ടുമാസമായി അവർ ഈ യാത്രക്കുള്ള പ്ലാനിങ് തുടങ്ങിയിട്ട്. നാൽവർ സംഘത്തിൽ ഏറ്റവും പ്രായം കൂടുതലുള്ള പയ്യൻ, പതിനാറുകാരനാണ് പ്ലാനിങ് നടത്തിയത്. ഒക്ടോബർ അവസാനവാരം, സ്‌കൂളിലെ പരീക്ഷയൊക്കെ കഴിഞ്ഞു കിട്ടിയ അവധിയിൽ അവനും അവൻ പഠിച്ചുകൊണ്ടിരുന്ന അനന്ത്നാഗിലെ സ്‌കൂളിലെ രണ്ട് കൂട്ടുകാരും ചേർന്ന് പാക് അധീന കാശ്മീരിലേക്ക് വെച്ചുപിടിക്കാൻ പ്ലാനിട്ടു. അവരുടെ ആവേശം കണ്ട് പുൽവാമയിലെ ഒരു പയ്യനും കൂട്ടത്തിൽകൂടി. താഴ്വരയിലെ സ്ഥിതിഗതികളിൽ അത്രയ്ക്ക് അസംതൃപ്തരായിരുന്നു അവർ നാലുപേരും. തിരിച്ച് എന്തെങ്കിലുമൊക്കെ ചെയ്യണം എന്നവർക്ക് തോന്നിത്തുടങ്ങിയിട്ട് നാളേറെയായിരുന്നു. എന്നാൽ, സായുധപരിശീലനമോ, വേണ്ടത്ര ആയുധബലമോ ഇല്ലാതെ, ഇന്ത്യൻ പട്ടാളത്തോട് നേരിട്ട് മുട്ടാനുള്ള ധൈര്യം അവർക്കുണ്ടായിരുന്നില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും ? അപ്പോഴാണ് കൂട്ടത്തിൽ ഏറ്റവും മൂത്തയാൾ താൻ ആയിടെ കണ്ട ഉറി സിനിമയെപ്പറ്റി അവരോട് പറഞ്ഞത്. ആ സിനിമയിൽ പാക് അധീന കശ്മീരിലെ ഭീകരവാദപരിശീലന ക്യാമ്പുകളെപ്പറ്റി പറയുന്നുണ്ട്. അവിടേക്കുള്ള വിശദമായ വഴിയും അതിൽ കാണിക്കുന്നുണ്ട്. ഒരു മാപ്പ് മാത്രം സംഘടിപ്പിച്ചാൽ മതി, സുഖമായി അങ്ങെത്താം. അവിടെ വേണ്ട സായുധപരിശീലനവും നേടാം. പോകുന്നതും വരുന്നതും ഒക്കെ വളരെ എളുപ്പമാണ്. സിനിമയിൽ കാണിക്കുന്നുണ്ട്. ഏറെ വിശ്വസനീയമായ രീതിയിലായിരുന്നു അവനവരോട് ആ ഐഡിയ അവതരിപ്പിച്ചത്. ബാക്കി മൂന്നുപേർക്കും അവന്റെ പ്ലാൻ സമ്മതമായിരുന്നു.

ഡിസംബർ 18... അവർ യാത്രപുറപ്പെടാൻ വേണ്ടി കണ്ടുവെച്ച ദിവസം അതായിരുന്നു. സത്യത്തിൽ, അഞ്ചാമത് ഒരു പയ്യനായിരുന്നു ഈ ഐഡിയക്കു പിന്നിൽ. അവൻ പക്ഷേ, യാത്ര പുറപ്പെടാൻ നിശ്ചയിച്ച അന്ന് അതിൽ നിന്ന് പിൻവലിഞ്ഞു കളഞ്ഞു. എന്നാൽ, ഈ നാൽവർ സംഘത്തിന് മുന്നോട്ടുവെച്ച കാൽ പിന്നോട്ടുവെക്കുന്ന സ്വഭാവമില്ലായിരുന്നു. അഞ്ചാമനെക്കൂടാതെ തന്നെ ദൗത്യവുമായി മുന്നോട്ടുപോകാൻ അവർ തീരുമാനിച്ചു. ഒറ്റ കുഴപ്പം മാത്രം, അനന്തനാഗിൽ നിന്ന് 130 കിലോമീറ്റർ ദൂരമുണ്ട് ഉറിയിലേക്ക്. പുൽവാമയിലെ നിന്ന് അവർക്കൊപ്പം ചേർന്ന പയ്യൻ ഒരു കശ്മീർ മാപ്പുമായാണ് വന്നത്. അടുത്ത ദിവസം, അതായത് ഡിസംബർ 19 -ന് അടുത്തുള്ള പൻസ്ഗം റെയിൽവേ സ്റ്റേഷനിൽ വെച്ച് അവർ  വീണ്ടും കണ്ടുമുട്ടി. പതിനാറുകാരൻ  വീട്ടിൽ നിന്ന് പുസ്തകങ്ങളും പുത്തനുടുപ്പുകളും വാങ്ങാൻ എന്ന പേരിൽ 8000 രൂപ വാങ്ങി വെച്ചിരുന്നു. പൻസ്ഗമിൽ നിന്ന് അവർ ബാരാമുള്ളയിലേക്ക് തീവണ്ടി കയറി. തീവണ്ടിയാത്രയ്ക്കിടെ അവർ കഴിക്കാൻ ബിസ്കറ്റും, ബ്രഡ്ഡും, ബട്ടറും, ഈത്തപ്പഴങ്ങളും ഒക്കെ വാങ്ങി. ബാരാമുള്ളയിൽ നിന്ന് ഉറിയിലേക്കുള്ള ബസിൽ കയറിക്കൂടി അടുത്തതായി അവർ. ആ ബസ് ഉറിയോട് അടുത്തുകൊണ്ടിരുന്നപ്പോഴാണ് പതുക്കെ അവർക്ക് ഉള്ളിൽ പരിഭ്രമം തോന്നിത്തുടങ്ങിയത്. എല്ലാ ബസ്റ്റോപ്പിലും അവർ നിറയെ പട്ടാളക്കാരുടെ വാഹനങ്ങൾ കണ്ടു. യന്ത്രത്തോക്കുകളുമായി റോന്തുചുറ്റുന്ന പട്ടാളക്കാരെക്കണ്ടപ്പോൾ അവർക്ക് മുട്ടിടിച്ചു തുടങ്ങി. പട്ടാള ബസുകൾക്ക് അടുത്തെത്തിയപ്പോൾ ബന്തവസ്സ് പത്തിരട്ടിയായി. പുറപ്പെട്ടു വന്നത് അബദ്ധമായി എന്ന മട്ടിൽ അവർ പരസ്പരം നോക്കി. 

മുൻകാലങ്ങളിൽ നടന്ന നുഴഞ്ഞു കയറ്റങ്ങൾക്കു ശേഷം, ഉറി അതിർത്തിയിൽ പട്ടാളത്തിന്റെയും പോലീസിന്റെയും പരിശോധനകളും റോന്തു ചുറ്റലുകളും ഏറെ ശക്തമാണ്. അങ്ങനെ എളുപ്പത്തിലൊന്നും ഒരീച്ചയ്ക്കു പോലും അതിർത്തി കടന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ പോകാനോ വരാനോ സാധ്യമല്ല.  ഇത്രയ്ക്കധികം  ഇന്ത്യൻ പട്ടാളം ഉറിയിൽ ഉണ്ടാകുമെന്ന് ആ കുട്ടികൾ സ്വപ്നേപി ധരിച്ചിരുന്നില്ല. ഉറിയിൽ ബസ്സിന്റെ യാത്ര അവസാനിച്ചതോടെ അവർക്ക് പുറത്തിറങ്ങേണ്ടി വന്നു. നാലുപാടും സായുധരായ പട്ടാളം തന്നെ. വരേണ്ടിയിരുന്നില്ല എന്നായി അവർക്ക്. അത്രക്ക് പേടിച്ചു വിറച്ചുപോയി കുട്ടികൾ. ഒടുവിൽ നാലുപേരും ചേർന്നിരുന്ന് ആലോചിച്ച് ഒരു തീരുമാനമെടുത്തു. ഇനിയിപ്പോൾ തിരിച്ച് ബസ്സില്ല, രാത്രി എങ്ങനെയും ഏതെങ്കിലും ലോഡ്ജിൽ കഴിഞ്ഞുകൂടി, അടുത്ത ദിവസം പുലർച്ചെ ആദ്യത്തെ ബസ്സിൽ കയറി തിരികെ വീട്ടിലേക്ക് പോകാം. ഇനി ഒരടി മുന്നോട്ടില്ല എന്തായാലും.  

എന്നാൽ, അവർക്ക് ആ രാത്രിയിലെ ഉറക്കം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സംശയാസ്പദമായ സാഹചര്യങ്ങളിൽ ഉറി ടൌൺ ബസ്റ്റാന്റിൽ വന്നിറങ്ങിയ നാൽവർ സംഘത്തെപ്പറ്റിയുള്ള ഇന്റലിജൻസ് റിപ്പോർട്ട് അതിനകം പൊലീസിന് കിട്ടിക്കഴിഞ്ഞിരുന്നു. അവർ ഹോട്ടൽ റെയ്ഡ് ചെയ്ത് കുട്ടികളെ കസ്റ്റഡിയിലെടുത്തു. അടുത്ത ദിവസം രാവിലെ അവരെ പൊലീസുകാരുടെ അകമ്പടിയോടെ ബാരാമുള്ള പൊലീസ് സ്റ്റേഷനിലേക്ക് പറഞ്ഞുവിട്ടു.  രണ്ടുദിവസത്തെ ഉപദേശത്തിന് ശേഷം, പൊലീസ് അവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി, അവരെയും കാര്യമായി ഉപദേശിച്ച് കുഞ്ഞുങ്ങളെ അവർക്കൊപ്പം തിരിച്ചുവിട്ടു. പൊലീസ് അവരുടെ ബാഗുകളും, ഭൂപടവും, ബ്രെഡും, ബട്ടറും, ഈത്തപ്പഴവും ഒക്കെ കസ്റ്റഡിയിലെടുത്തു. അതോടെ ആ സാഹസിക യാത്രക്ക് ശുഭാന്ത്യമായി. 

മക്കളെ കാണാതായ രണ്ടുദിവസം കൊണ്ട് അവരുടെ മാതാപിതാക്കൾ ഏറെ തീതിന്നുകയുണ്ടായി. ഇപ്പോൾ വീടിനു തൊട്ടടുത്തുള്ള സ്‌കൂളിലേക്ക് മാറ്റി പ്രവേശിപ്പിച്ച അച്ഛനമ്മമാർ അവർക്കുമേൽ കർശനമായ നിരീക്ഷണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂട്ടുകെട്ടാണ് അവരെക്കൊണ്ട് അങ്ങനെ ഒരു അബദ്ധം പ്രവർത്തിപ്പിച്ചതെന്നാണ് നാലുപേരുടെയും രക്ഷിതാക്കൾ പറയുന്നത്. 


ഗ്രാമത്തിലെ ആരെങ്കിലും പ്രേരിപ്പിച്ചിട്ടാണോ ഇങ്ങനെ പ്രവർത്തിച്ചത് എന്നറിയാൻ വേണ്ടി പട്ടാളം കുട്ടികളെ വീണ്ടും ഒരിക്കൽ കൂടി അന്വേഷിച്ചു വന്നിരുന്നു. ഒക്കെ തങ്ങളുടെ അല്പബുദ്ധിയിൽ തോന്നിയതാണ് എന്നും, ഇങ്ങനെ ഒരബദ്ധവും ഇനിമേൽ ആവർത്തിക്കില്ല എന്നുതന്നെയാണ് കുട്ടികളും ആണയിട്ടു പറയുന്നത്. ഇന്ന് എങ്ങനെയെങ്കിലും ഒന്ന് മറന്നുകിട്ടാൻ അവർ ആഗ്രഹിക്കുന്ന ഒരു ദുസ്വപ്നമാണ് ആ കുഞ്ഞുങ്ങൾക്ക് അവരുടെ രക്ഷിതാക്കൾക്കും ബന്ധുക്കൾക്കുമെല്ലാം, ബുദ്ധിയുറക്കാത്ത പ്രായത്തിന്റെ അവിവേകത്തിൽ അവർ ഇറങ്ങിപ്പുറപ്പെട്ടുപോയ ഈ അതിസാഹസികയാത്ര.