Asianet News MalayalamAsianet News Malayalam

യജമാനന്‍ മരിച്ചുപോയതറിയാതെ പത്തുവര്‍ഷം റെയില്‍വെ സ്റ്റേഷനില്‍ അദ്ദേഹത്തെക്കാത്തിരുന്നൊരു നായ

എന്നിട്ടും ഹച്ചിക്കോ തന്‍റെ യജമാനനെ അന്വേഷിച്ച് പതിവായി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് അത്രയും ദൂരത്തുനിന്ന് ഓടി വരുമായിരുന്നു. ഗെയ്റ്റിനടുത്ത് വന്ന് ഹച്ചിക്കോ കുരക്കുമായിരുന്നു. 

story of hachiko  loyal dog waited almost ten years for his master
Author
Japan, First Published Dec 26, 2019, 2:35 PM IST
  • Facebook
  • Twitter
  • Whatsapp

ജനിച്ച് ഏകദേശം ഒരു നൂറ്റാണ്ടിലേറെയായെങ്കിലും, ഹച്ചിക്കോ എന്ന നായ ഇപ്പോഴും ജപ്പാന്‍റെ പ്രിയ നായകനാണ്. ടോക്കിയോയിലെ ഷിബുയ സ്റ്റേഷനിൽ അവന്‍റെ  വെങ്കല പ്രതിമ കാണാം. എല്ലാ ദിവസവും ആയിരക്കണക്കിന് ആളുകളാണ് പ്രതിമ കാണാനും, അതിനുമുന്നിൽനിന്നും ഒരു ചിത്രം എടുക്കാനുമായി അവിടെ വരുന്നത്. അനിശ്ചിതത്വവും സ്വാർത്ഥതയും നിറഞ്ഞ ഈ ലോകത്ത്, ശുദ്ധവും അചഞ്ചലവുമായ അവന്‍റെ സ്നേഹത്തിന്‍റെ കഥ ഇന്നും അനേകായിരങ്ങളെ കണ്ണീരണിയിപ്പിക്കുന്നു. യജമാനന്‍റെ  മടങ്ങിവരവിനായി പത്ത് വർഷത്തോളം കാത്തിരുന്ന വിശ്വസ്തനായ ഹച്ചിക്കോയുടെ കഥയാണിത്.


 
1923 നവംബറിൽ ജപ്പാനിലെ ഒരു കർഷകന്‍റെ കളപ്പുരയിലാണ് ഹച്ചിക്കോ  ജനിച്ചത്. 1924 -ൽ ടോക്കിയോ ഇംപീരിയൽ യൂണിവേഴ്‌സിറ്റിയിലെ കാർഷിക വിഭാഗത്തിൽ പഠിപ്പിച്ച പ്രൊഫസർ ഹിഡ്‌സാബുറോ യുനോ അവനെ സ്വന്തമാക്കി. എല്ലാ ദിവസവും രാവിലെ ഹച്ചിക്കോ യുനോയ്‌ക്കൊപ്പം ഷിബുയ സ്റ്റേഷനിലേക്ക് പോകും. ജോലിക്ക് പോകുന്ന യജമാനനെ യാത്ര അയച്ചതിനുശേഷം മാത്രമേ ഹച്ചിക്കോ വീട്ടിലേക്ക് മടങ്ങാറുള്ളൂ. മഴയോ മഞ്ഞുവീഴ്‍ചയോ അവനെ അതിൽനിന്ന് പിന്തിരിപ്പിച്ചില്ല. വൈകിട്ട് ജോലികഴിഞ്ഞെത്തുന്ന യജമാനനെ സ്വീകരിക്കാൻ അവൻ ആ സ്റ്റേഷനിൽ കാത്തിരിക്കുന്നുണ്ടാവും. അവരുടെ ഈ പതിവ് വർഷങ്ങളോളം തുടർന്നു. അവർക്കിടയിൽ അവിശ്വസനീയമായ, അചഞ്ചലമായ ഒരു ബന്ധം വളരുകയായിരുന്നു-  മരണത്തിന് പോലും തകർക്കാനാകാത്ത നിലയിൽ.

1925 മെയ് 21 ന് വളരെ ദുഃഖകരമായ ഒന്ന് അവരുടെ ജീവിതത്തിൽ സംഭവിച്ചു. ഹച്ചിക്കോ പതിവ് പോലെ തന്‍റെ യജമാനന്‍റെ കൂടെ കാലത്ത് സ്റ്റേഷനിലേക്ക് പോയി. അവരുടെ അവസാനത്തെ കൂടിക്കാഴ്‍ചയാണെന്ന് അറിയാതെ അവൻ പതിവ് പോലെ ട്രെയിനിൽ കയറുന്ന യജമാനനെ നോക്കി ഇരുന്നു. യജമാനൻ കണ്ണിൽനിന്ന് മറയുന്നതുവരെ അവൻ അവിടെ തന്നെ നിന്നു. അവനുനേരെ കൈകൾ വീശിക്കൊണ്ട് യാത്രയായ അദ്ദേഹം പിന്നെ മടങ്ങി വന്നില്ല. യൂണിവേഴ്സിറ്റിയിൽ തന്‍റെ വിദ്യാർത്ഥികൾക്ക് മുന്നില്‍ പ്രഭാഷണം നടത്തുന്നതിനിടെ, 53-കാരനായ പ്രൊഫസർ യൂനോ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.

പക്ഷേ, ഇതൊന്നുമറിയാതെ, വൈകുന്നേരം മൂന്ന് മണിക്ക് ഹച്ചിക്കോ യജമാനനെ കാണാനായി സ്റ്റേഷനിൽ വന്നു. പക്ഷേ അവന്‍റെ പ്രിയപ്പെട്ട യജമാനൻ ട്രെയിനിൽ നിന്നിറങ്ങിയില്ല. അവനെ കുറച്ചൊന്നുമല്ല ഇത് നിരാശപ്പെടുത്തിയത്. എന്നാലും തന്നെ കാണാനായി യുനോ അവിടെയുണ്ടാകുമെന്ന പ്രതീക്ഷയിൽ ഹച്ചിക്കോ അടുത്ത ദിവസം അതേസമയം റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങി. പക്ഷേ, പ്രൊഫസർ അന്നും മടങ്ങി വന്നില്ല. പക്ഷേ, വിശ്വസ്‍തനായ ഹച്ചിക്കോ ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല.

പ്രഫസ്സർ യുനോയുടെയും ഭാര്യ യെയ്ക്കോയുടേതും ഒരു പ്രണയ വിവാഹമായിരുന്നു. ഇരുകുടുംബങ്ങളും അവരുടെ വിവാഹത്തെ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ മരണശേഷം ഹച്ചിക്കോയെപ്പോലുള്ള ഒരു വലിയ നായയെ സംരക്ഷിക്കാനുള്ള സാമ്പത്തികം അവർക്കില്ലായിരുന്നു. അതിനാൽ  അവർ ഹച്ചിക്കോയെ ദൂരെയുള്ള ടോക്കിയോയുടെ കിഴക്കൻ ഭാഗമായ അസകുസയിൽ താമസിക്കുന്ന ഒരു ബന്ധുവിനെ ഏല്പിച്ചു.

എന്നിട്ടും ഹച്ചിക്കോ തന്‍റെ യജമാനനെ അന്വേഷിച്ച് പതിവായി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് അത്രയും ദൂരത്തുനിന്ന് ഓടി വരുമായിരുന്നു. ഗെയ്റ്റിനടുത്ത് വന്ന് ഹച്ചിക്കോ കുരക്കുമായിരുന്നു. പ്രൊഫസറുടെ മുൻ തോട്ടക്കാരനായ കിക്കുസാബുറോ കോബയാഷി, വർഷങ്ങളോളം ഹച്ചിക്കയെ അറിയാമായിരുന്നതിനാൽ അവനെ വീട്ടിനകത്തേക്ക് കടത്തിവിടുമായിരുന്നു. ആ വീട് മുഴുവൻ തന്‍റെ യജമാനനെ അന്വേഷിച്ച് ഹച്ചിക്കോ നടക്കുമായിരുന്നു.

 

സത്യത്തിൽ, ഹച്ചിക്കോ തന്‍റെ ജീവിതകാലം മുഴുവൻ യുനോയെ തിരഞ്ഞു നടന്നു. എല്ലാ ദിവസവും രാവിലെ അവൻ സ്റ്റേഷനിലേക്ക് പോകും. ഒരുപാട് നേരം കാത്തിരുന്ന് യജമാനനെ കാണാതെ മടങ്ങും.  വൈകുന്നേരവും അവൻ ഇത് തന്നെ ആവർത്തിക്കും. എന്നാൽ യുനോ ഒരിക്കലും തിരിച്ചെത്തിയില്ല. ഹച്ചിക്കോ പക്ഷെ പ്രതീക്ഷ കൈവിട്ടില്ല. ഏതെങ്കിലും ഒരു ദിവസം തന്നെ കാണാനായി തന്‍റെ യജമാനൻ വരുമെന്ന പ്രതീക്ഷയിൽ അവൻ ദിവസവും അവിടെ വന്നു. ദിവസങ്ങൾ ആഴ്ചകളായി, പിന്നീട് മാസങ്ങളായി, പിന്നീട് വർഷങ്ങളായി മാറി, എന്നിട്ടും ഹച്ചിക്കോ ഓരോ ദിവസവും സ്റ്റേഷനിൽ യജമാനനായുള്ള കാത്തിരിപ്പ് തുടർന്നു. അവന്‍റെ പതിവായുള്ള ഈ വരവ് താമസിയാതെ മറ്റ് യാത്രക്കാർ ശ്രദ്ധിക്കാൻ തുടങ്ങി. ഹച്ചിക്കോ ഒരു തെരുവ് നായ അല്ലായിരുന്നെങ്കിലും സ്റ്റേഷന് ചുറ്റുമുള്ള ആളുകൾ അവനെ അങ്ങനെ കാണാൻ തുടങ്ങി. സ്റ്റേഷനിലെ ജോലിക്കാർ അവനെ ഉപദ്രവിക്കാൻ തുടങ്ങി. അവർ അവന്‍റെ മുഖത്ത് ചായമടിക്കുകയും, മീശ വരയ്ക്കുകയും ചെയ്തു. കുട്ടികൾ അവനെ പരിഹസിക്കുകയും ചുറ്റിലും നടന്ന് ശല്യപ്പെടുത്തുകയും ചെയ്തു. അവൻ തിരിച്ചുവരാതിരിക്കാൻ ജീവനക്കാർ അവന്‍റെ മേൽ ചൂടുവെള്ളം പോലും കോരിയൊഴിച്ചു. അവനെ ഒരു ശല്യമായിട്ടാണ് എല്ലാവരും കണ്ടത്. ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട, ഒരു മൃഗം. 

എന്നാൽ യുനോയുടെ വിദ്യാർത്ഥികളിലൊരാളായ ഹിരോകിച്ചി സൈറ്റോ, ഹച്ചിക്കോയെ തിരിച്ചറിഞ്ഞപ്പോൾ, അവനെ ഉപദ്രവിക്കാതിരിക്കാനായി ഒരു പത്രത്തിൽ ഹച്ചിക്കോയുടെ കഥ പ്രസിദ്ധീകരിച്ചു. കഥയുടെ തലക്കെട്ട് ഇപ്രകാരമായിരുന്നു: 'പാവപ്പെട്ട വൃദ്ധനായ നായയുടെ കഥ: മരിച്ച ഉടമയ്‌ക്കായി ഏഴുവർഷത്തോളമായി ക്ഷമയോടെ അവന്‍ കാത്തിരിക്കുന്നു'. ഇത് വായിക്കാൻ തുടങ്ങിയ ആളുകൾ അവന്‍റെ നന്മയെ തിരിച്ചറിയുകയും, അവനെ ഓമനിക്കാനും, ഭക്ഷണം നൽകാനും തുടങ്ങി. താമസിയാതെ, രാജ്യത്തിന്‍റെ നാനാഭാഗത്തുനിന്നും ആളുകൾ ഹച്ചിക്കോയെ കാണാൻ വന്നു തുടങ്ങി. അവർ വിശ്വസ്‍തതയുടെ പ്രതീകമായ അവനെ ഒമാനിക്കുകയും സ്നേഹിക്കുകയും ചെയ്‍തു.

അവൻ പതിയെ വാർദ്ധക്യത്തിലേക്ക് അടുക്കാൻ തുടങ്ങി. സന്ധിവേദനയും വാതവും ഹച്ചിക്കോയെ  കഷ്ടപ്പെടുത്താൻ തുടങ്ങി. പക്ഷേ, ആ വേദനയുടെ ഇടയിലും അവൻ തന്‍റെ ദിനചര്യ മുടക്കിയില്ല. യജമാനന്‍റെ മരണത്തിന് ഒരു പതിറ്റാണ്ടിനുശേഷവും ആ വേദനയുള്ള കാലുകൾ വച്ച് ഒരുപാട് ദൂരം നടന്ന് എല്ലാ ദിവസവും ഹച്ചിക്കോ ആ സ്റ്റേഷനിൽ എത്തി. അങ്ങനെ 1935 -ൽ അവന്‍റെ പത്തുവർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് അവൻ യജമാനന്‍റെ അടുത്തേക്ക് മടങ്ങി. ഷിബുയയിലെ തെരുവിൽ മരിച്ച നിലയിൽ ഹച്ചിക്കോയെ  നാട്ടുകാർ കണ്ടെത്തി. ഹച്ചിക്കോയുടെ മരണം ദേശീയ മാധ്യമങ്ങള്‍ തലക്കെട്ടുകളാക്കി. പ്രൊഫസർ യുനോയുടെ ശവകലറകടുത്താണ് ഹച്ചിക്കോയുടെ ചിതാഭസ്മം സ്ഥാപിച്ചിട്ടുള്ളത്‌. അങ്ങനെ യജമാനനും വിശ്വസ്തനായ നായയും മരണശേഷം വീണ്ടും ഒന്നിച്ചു.

ജപ്പാന്‍റെ നൊമ്പരമായ ഹച്ചിക്കോ ഇന്നും സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രതീകമായി ജനഹൃദയങ്ങളിൽ നിലകൊള്ളുന്നു.


 

Follow Us:
Download App:
  • android
  • ios