ഇദാ സബേലിസിന് ഇന്നും 1991 -ലെ ആ ശനിയാഴ്ച ദിവസം നല്ല ഓർമ്മയുണ്ട്. അന്നവൾ ആകെ ഉത്തേജിതയായിരുന്നു. ചെറിയ ഒരു സംഭ്രമവും ഉണ്ടായിരുന്നു ഉള്ളിൽ. അന്നേദിവസം അതിരാവിലെയാണ് അവളും അവളുടെ കാമുകനും കൂടി ആംസ്ത്രദാമിൽ നിന്നും ഗ്രോണിംഗെൻ എന്ന നെതർ ലാൻഡ്‌സിന്റെ വടക്കേയറ്റത്തു കിടക്കുന്ന പട്ടണത്തിലേക്ക് മൂന്നുമണിക്കൂർ തീവണ്ടിയാത്ര നടത്തി എത്തിച്ചേർന്നത്. അവിടെ ഏതോ ആശുപത്രിയുടെ MRI ലാബിനുള്ളിൽ മൂന്നു ശാസ്ത്രജ്ഞരുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അവര്‍.

സംഭാഷണം പുരോഗമിക്കെ ഒരു കാര്യം അവൾ തിരിച്ചറിഞ്ഞു. താൻ മാത്രമാണ് ആ മുറിയ്ക്കുള്ളിലെ ഒരേയൊരു സ്ത്രീ. സ്ത്രീശരീരങ്ങളെപ്പറ്റി നടത്തുന്ന സുപ്രധാനമായ പഠനങ്ങളിൽ ഒന്നാണ് അവിടെ നടക്കാൻ പോകുന്നത്. അതിൽ താനൊരാൾ മാത്രമേ സ്ത്രീയായിട്ടുള്ളൂ.

ഇദ ഒരു നരവംശശാസ്ത്രജ്ഞയായിരുന്നു. ആജീവനാന്തം സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയിട്ടുള്ള ഒരാൾ. ആ മുറിക്കുള്ളിലെ ലൈംഗിക അസമത്വം അവളെ തെല്ല് അലോസരപ്പെടുത്തിയെങ്കിലും അതവൾ പുറത്തുകാണിച്ചില്ല. കാമുകനെ അണച്ചു പിടിച്ച് അവന്റെ കഴുത്തിന് പിന്നിലേക്ക് കൈ ചേർത്തുവെച്ച്, കൈ കൊട്ടി അവൾ ചോദിച്ചു, "എന്നാ.. തുടങ്ങുകയല്ലേ?"

സയന്റിസ്റ്റുകൾ അവരവരുടെ കംപ്യൂട്ടർ കൺസോളുകളിലേക്ക് ചെന്നിരുന്നു. അപൂർവങ്ങളിൽ അപൂർവമായ ആ ശാസ്ത്രപരീക്ഷണത്തിനായി അവർ കൗണ്ട് ഡൌൺ തുടങ്ങി. ശാസ്ത്രജ്ഞരിൽ ഒരാൾ MRI ട്രേ  തുറന്നു. ഇദയും ജൂപ്പും വിവസ്ത്രരായി. നൂൽബന്ധമില്ലാതെ അവർ പരസ്പരം നോക്കി നിന്നു. ഇരുവർക്കും ഇങ്ങനെ ഒരനുഭവം ഇതാദ്യമായിട്ടാണ്. പലയിടത്തും വെച്ച് പരസ്പരം ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, ആളുകൾക്ക് മുന്നിൽ വെച്ച് രതി പതിവില്ലാത്തതാണ് അവർ. ഇതിപ്പോൾ, ഇങ്ങനെയൊന്നിന് സമ്മതം മൂളിക്കഴിഞ്ഞ സ്ഥിതിക്ക്.

ആ MRI യന്ത്രത്തിനുള്ളിൽ ഒരാള്‍ക്ക് മറ്റൊരാളുടെ മേല്‍ കയറി ഇരിക്കാനോ കിടക്കാനോ ഒന്നുമുള്ള ഇടമുണ്ടായിരുന്നില്ല. അതുകൊണ്ട് അവർ ഒരു അഡ്ജസ്റ്റ്മെന്റിൽ പരസ്പരം ഇണചേർന്നു. മൂന്നു ശാസ്ത്രജ്ഞരും ആ MRI യന്ത്രത്തിന്റെ നിരീക്ഷണ കൺസോളിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. "കേൾക്കുന്നുണ്ടോ?" ഇടക്ക് യന്ത്രത്തിലെ ഇന്റർകോമിലൂടെ അവരുടെ ശബ്ദം മുഴങ്ങി. " റെഡി.." എന്ന് ഇദയുടെയും ജൂപ്പിന്‍റെയും മറുപടി.

ഏതാണ്ട് ഒരു വർഷം മുമ്പാണ് ഇദയ്ക്ക് മെങ്കോ വിക്ടർ എന്ന സുഹൃത്തിൽ നിന്നും ഇങ്ങനെയൊരു പരീക്ഷണത്തിനുള്ള ക്ഷണം ലഭിക്കുന്നത്. ഒരു ശാസ്ത്ര സംഘത്തിന്റെ തലവനായിരുന്നു വിക്ടർ. അവർ  സങ്കീർണ്ണമായ ഒരു പദ്ധതി പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന നേരത്തെ സ്ത്രീകളുടെ ജനനേന്ദ്രിയത്തിന്റെ ഒരു MRI ചിത്രം എടുക്കണം. യോനി മുതൽ അങ്ങ് ഗർഭപാത്രം വരെയുള്ള ഭാഗത്തെ ചിത്രങ്ങൾ പകർത്തണം. അത് ഒരിക്കലും എടുക്കപ്പെട്ടിട്ടില്ലാത്ത ഒരു അപൂർവചിത്രമാണ്.

ആദ്യം ഒന്നുമടിച്ചു നിന്നെങ്കിലും, വിക്ടറിനെ നന്നായി അറിയാവുന്നതുകൊണ്ട് ഇദ ആ തലതിരിഞ്ഞ പരീക്ഷണത്തിന് സമ്മതം മൂളി. ചില്ലറക്കാരനല്ല വിക്ടർ, മെഡിക്കൽ റിസേർച്ചിൽ പുലിയാണ്. 'കൃത്രിമ കോർണിയ ' കണ്ടുപിടിച്ച മഹാൻ. ഒരു MRI യന്ത്രം സംഘടിപ്പിച്ചു അദ്ദേഹം. അത് ഒരു 'പോൺ' ആവാതിരിക്കാൻ, തികച്ചും പ്രൊഫഷണൽ ആയ ഒരു പരീക്ഷണം തന്നെ ആവാൻ വേണ്ട മുൻകരുതലുകൾ അദ്ദേഹം നേരത്തെ എടുത്തിരുന്നു.

സ്ത്രീകളുടെ ലൈംഗികാവയവങ്ങളുടെ ആന്തരികമായ ചിത്രങ്ങൾ MRI ഉപയോഗിച്ച് പകർത്തപ്പെട്ടിരുന്നില്ല അന്നുവരെ. എന്നാൽ പതിനഞ്ചാം നൂറ്റാണ്ടിൽ ലിയനാർഡോ ഡാവിഞ്ചിയെപ്പോലുള്ള ചിലർ അവരുടെ ഭാവനാസഞ്ചാരങ്ങളിലൂടെ ചില ചിത്രങ്ങൾ വരച്ചു. അതാണെങ്കിൽ യോനിയിൽ തുടങ്ങി നട്ടെല്ലിൽ അവസാനിക്കുന്ന ഒരു സിലിണ്ടർ പോലെ ഇരുന്നു. യോനിയുടെ ഉൾവശം വളവോ തിരിവോ ഇല്ലാത്തതാണെന്ന് സ്വന്തം അനുഭവങ്ങളിൽ നിന്നും ഡാവിഞ്ചി ഊഹിച്ചു. കാരണം പുരുഷലിംഗങ്ങൾക്ക് വളഞ്ഞുപുളഞ്ഞു പോകാനുള്ള കഴിവില്ലല്ലോ. ഏറെക്കുറെ അദ്ദേഹത്തിന്റെ ഊഹങ്ങൾ ശരിതന്നെ ആയിരുന്നു എങ്കിലും, ആരും അത് ശാസ്ത്രീയമായി പരിശോധിച്ചുറപ്പിക്കാൻ മിനക്കെട്ടിരുന്നില്ല. MRI ഉണ്ടായിരുന്നിട്ടും ആരും അതിനു ശ്രമിച്ചില്ല എന്നതാണ് വാസ്തവം.

ഇദയും ജൂപ്പും MRI യന്ത്രത്തിനുള്ളിലേക്ക് തിരുകിക്കേറിയ നിലയിലായിരുന്നു. പുറത്തേക്ക് രണ്ടു കാലുകൾ മാത്രമാണ് കാണാനുണ്ടായിരുന്നത്. ഇങ്ങനെ അപരിചിതരുടെ മുന്നിൽ, അതും ഒരു MRI യന്ത്രത്തിനുള്ളിലൊക്കെ കിടന്നാൽ വേണ്ട ഉദ്ധാരണമുണ്ടാകുമോ എന്നൊരു സംശയം ജൂപ്പിനെ അലട്ടാതിരുന്നില്ല. പക്ഷേ,  പരീക്ഷണം വിജയിക്കുക തന്നെ ചെയ്തു. ശാസ്ത്രജ്ഞർ പറഞ്ഞപ്പോഴൊക്കെ നിർത്തിയും, തുടർന്നും അവർ 45  മിനിറ്റോളം രതിയിലേർപ്പെട്ടു. മുക്കാൽ മണിക്കൂറിനു ശേഷം അവർക്ക്, "പരീക്ഷണം കഴിഞ്ഞു, ഇനി നിങ്ങൾക്ക് ക്ലൈമാക്സില് എത്തിച്ച് നിർത്താം..." എന്ന നിർദേശം കിട്ടി. അവരത് അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു. യന്ത്രത്തിനുള്ളിൽ നിന്നും, ഒരു ഓവനിൽ നിന്നെന്ന പോലെ ആകെ വിയർത്ത് പുറത്തിറങ്ങിയ ഇരുവരും പെട്ടെന്നുതന്നെ വസ്ത്രങ്ങളെടുത്തിട്ട്, കൺട്രോൾ റൂമിലേക്ക് ഓടിച്ചെന്നു. യന്ത്രം പിടിച്ച ചിത്രങ്ങൾ കാണാൻ. തങ്ങൾ ഇരുവർക്കുമിടയിലെ ചേർച്ച കാണാൻ അവർ അക്ഷമരായിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ വളരെ മനോഹരമായിരുന്നു ആ സംഗമത്തിന്റെ MRI ഇമേജുകൾ. അവരുടെ ലൈംഗികാവയവങ്ങളുടെ വളരെ സൂക്ഷ്മമായ വിശദാംശങ്ങൾ പോലും MRI ഒപ്പിയെടുത്തിരുന്നു.

പെക് വാൻ ആൻഡിൽ എന്ന ശാസ്ത്രജ്ഞനായിരുന്നു കൂട്ടത്തിൽ ഏറ്റവും അധികം ആവേശം. കാരണം, ആ ഇമേജുകൾ പരിശോധിച്ച അദ്ദേഹത്തിന് ഒരു കാര്യം വെളിപ്പെട്ടുകഴിഞ്ഞിരുന്നു. ഡാവിഞ്ചി വരച്ചത് തെറ്റാണ് എന്ന സത്യം. ഇദയുടെ യോനിക്കുള്ളിലേക്ക് പ്രവേശിച്ച ജൂപ്പിന്റെ ലിംഗം ഏതാണ്ട് 120  ഡിഗ്രി വളഞ്ഞാണ് അതിന്റെ സഞ്ചാര മാർഗ്ഗം കണ്ടെത്തിയത്. അനാട്ടമിയുടെ അഞ്ഞൂറു വർഷത്തെ തെറ്റിദ്ധാരണയ്ക്കാണ് തങ്ങൾ അന്ത്യം കുറിച്ചിരിക്കുന്നത് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

‍‍ഡാവിഞ്ചി വരച്ചത് 

പെക് തന്റെ കണ്ടെത്തലുകളെ നേച്ചർ മാസികയ്ക്ക് അയച്ചുകൊടുത്തു. പക്ഷേ, അവർ അതിനെ നിരസിച്ചു. ടാബ്ലോയിഡുകൾ ഈ പരീക്ഷണത്തെ വൈദ്യോപകരണങ്ങളുടെ ദുരുപയോഗമെന്ന് വിമർശിച്ചു. അവർ MRI ഉപയോഗിച്ചത് ആശുപത്രിയുടെ പ്രവൃത്തി സമയത്തിനുശേഷമായിരുന്നു. എന്നാലും അവർക്ക് ചോദ്യങ്ങൾ നേരിടേണ്ടി വന്നു. MRI -ക്കു വേണ്ടി പാവങ്ങൾ കാത്തിരിക്കുമ്പോൾ, അതിനുള്ളിൽ അപരാധം പ്രവർത്തിക്കാൻ എങ്ങനെ മനസ്സുവന്നു എന്ന് അവരെ പ്രാകി. അതോടെ തുടർപഠനങ്ങൾ നടത്താൻ പെക്കിന് ആശുപത്രിയിൽ നിന്നും അനുമതി നിഷേധിക്കപ്പെട്ടു. അന്നുവരെ നടത്തപ്പെട്ടിട്ടില്ലാത്ത ഒരു പരീക്ഷണം അംഗം പാതിവഴിയെ മുടങ്ങി.

എന്നാൽ പെക്കിന്റെ നിരന്തരമായ ശ്രമങ്ങൾ ആശുപത്രി മാനേജ്‌മെന്റിന്റെ മനംമാറ്റി. ഫലങ്ങൾ പ്രസിദ്ധപ്പെടുത്തില്ല എന്ന ധാരണയിന്മേൽ 1991 മുതൽ 1999 വരെ അദ്ദേഹം തന്റെ പരീക്ഷണങ്ങൾ തുടർന്നു. എട്ടു ദമ്പതികൾ ആ യന്ത്രത്തിൽ പരീക്ഷണ രതിയിൽ ഏർപ്പെട്ടു. മൂന്നു യുവതികളെക്കൊണ്ട് അദ്ദേഹം സ്വയംഭോഗം നടത്തിച്ചും പരീക്ഷണ ചിത്രങ്ങൾ രേഖപ്പെടുത്തി. വയാഗ്ര ഉപയോഗിക്കാതെ വിജയകരമായി പൂർത്തിയാക്കിയത് ആദ്യം വന്ന ഇദ-ജൂപ്പ് ദമ്പതികൾ മാത്രമായിരുന്നു. അങ്ങനെ വിപരീത പരിതസ്ഥിതികളിലും പരസ്പരം ആകർഷണം ഉണർത്താനും രതിയിലേർപ്പെടാനും കഴിഞ്ഞത് തങ്ങൾക്കിടയിൽ അടുപ്പം നിമിത്തമാണെന്ന് പിന്നീട് ഇദ അവകാശപ്പെടുന്നുണ്ടായിരുന്നു.

വർഷങ്ങൾക്കു ശേഷം, നിരന്തരമായ കത്തിടപാടുകളുടെ ഫലമായി, 1999 ഡിസംബർ 24 -ന് ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ ഒടുവിൽ Magnetic Resonance Imaging of Male and Female Genitals During Coitus and Female Sexual Arousal എന്ന പേരിൽ ഈ പഠനഫലങ്ങൾ പ്രസിദ്ധപ്പെടുത്താൻ തയ്യാറായി. ഇന്ന് ആംസ്റ്റർഡാമിലെ റിജേ യൂണിവേഴ്സിറ്റിയിൽ ഓർഗനൈസേഷണൽ ആന്ത്രപ്പോളജിയിൽ പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ഇദ ഇന്നും തന്റെ MRI -യ്ക്കുള്ളിലെ പരീക്ഷണ രതിയെ ഓർക്കുന്നത് ഉൾപ്പുളകത്തോടെ മാത്രമാണ്. പുരുഷ ലിംഗത്തിനുണ്ടാകുന്ന വളവിനെപ്പറ്റിയുള്ള നിരീക്ഷണങ്ങൾക്ക് പുറമെ, സ്ത്രീകളുടെ ബ്ലാഡറിന്മേൽ രതിസമയത്തുണ്ടാകുന്ന മാറ്റങ്ങളും ആ പഠനത്തിൽ വെളിപ്പെട്ടു. രതിക്ക് മുന്നേ മൂത്രമൊഴിച്ചിരുന്ന യുവതികളുടെ മൂത്രസഞ്ചികളിലേക്ക് കൂടിയ അളവിൽ മൂത്രം രതീവേളയിൽ അടിഞ്ഞുകൂടുന്നതായി അവർ നടത്തിയ എല്ലാ പരീക്ഷണങ്ങളിലും നിരീക്ഷിക്കപ്പെട്ടു.  

അന്നുവരെ അവഗണിക്കപ്പെട്ട ആ പഠനം പ്രസിദ്ധീകൃതമായ ശേഷം ജനശ്രദ്ധയാകർഷിച്ചു. ശാസ്ത്രലോകം ആ പഠനത്തിന് അർഹിക്കുന്ന പരിഗണന നൽകി. ഇദയും ജൂപ്പും ഇന്ന് വാർധക്യത്തിലേക്ക് കാലെടുത്തുവെക്കുകയാണ്. എങ്കിലും, ഇന്നും അവരുടെ സ്നേഹിതരിൽ പലരും  പണ്ടുകാലത്തെന്നോ ഒരു MRI യന്ത്രത്തിനുള്ളിൽ അവരിരുവരും കാണിച്ച പ്രണയപരാക്രമങ്ങളുടെ പേരിൽ അവരെ ഇടയ്ക്കിടെ കളിയാക്കാറുണ്ട്.