Asianet News MalayalamAsianet News Malayalam

ദാരിദ്ര്യം നിറ‍ഞ്ഞ കുട്ടിക്കാലം, ഇന്ന് റോൾസ് റോയ്സ് ഉൾപ്പടെ 400 കാറുകൾ, ഇന്ത്യയിലെ 'ബില്ല്യണയര്‍ ബാര്‍ബര്‍'

2004 -ൽ സർക്കാർ ടൂറിസം മേഖല തുറന്നതിനുശേഷം അദ്ദേഹം ആഡംബര കാര്‍ വാടകയ്ക്ക് നല്‍കുന്ന ബിസിനസ്സിൽ ഏർപ്പെട്ടു. രമേശ് ടൂർസ് ആൻഡ് ട്രാവൽസിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 

story of indias Billionaire Barber
Author
Chennai, First Published Aug 29, 2021, 11:11 AM IST

കഠിനാധ്വാനവും അര്‍പ്പണ മനോഭാവവും കൊണ്ട് വിജയത്തിന്‍റെ പടവുകള്‍ ചവിട്ടിക്കയറിയ ആളാണ് രമേഷ് ബാബു. ഇന്ത്യയിലെ 'ബില്ല്യണയര്‍ ബാര്‍ബര്‍' എന്നാണ് രമേഷ് ബാബു അറിയപ്പെടുന്നത് തന്നെ. അദ്ദേഹത്തിന് സ്വന്തമായി 400 -ലധികം കാറുകളുണ്ട്. അതിലധികവും വന്‍ബ്രാന്‍ഡുകളായ ബിഎംഡബ്ല്യു ഒക്കെയാണ്. സ്വന്തമായി റോള്‍സ് റോയ്സും ഉണ്ട് അദ്ദേഹത്തിന്. 

ഈ തലമുറയിലെ മിക്ക ശതകോടീശ്വരന്മാരെ പോലെയും രമേഷ് ബാബു വെള്ളിക്കരണ്ടിയുമായി ജനിച്ചയാളല്ല. ബാംഗ്ലൂരിൽ ബാർബർ ആയിരുന്ന രമേശ് ബാബുവിന്റെ പിതാവ് പി ഗോപാൽ, രമേഷ് ബാബുവിന് വെറും ഏഴ് വയസുള്ളപ്പോള്‍ മരിച്ചു. സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കുമായി അദ്ദേഹം ആകെ ബാക്കിവച്ചത് ബാംഗ്ലൂരിലെ ബ്രിഡ്ജ് റോഡിലുള്ള ഒരു ചെറിയ ബാർബർഷോപ്പ് മാത്രമാണ്.

ഭർത്താവിന്റെ പെട്ടെന്നുള്ള വിയോഗത്തിനുശേഷം, രമേശ് ബാബുവിന്റെ അമ്മ ആകെ തകര്‍ന്നു പോയി. തന്റെ മക്കളെ പോറ്റാനും മാന്യമായ ജീവിതം നൽകാനും ഒരു വേലക്കാരിയായി ജോലി ചെയ്യേണ്ടിവന്നു അവര്‍ക്ക്. രമേഷ് ബാബുവിന്റെ അമ്മ ഒരു മാസം 40 മുതൽ 50 രൂപ വരെയാണ് സമ്പാദിച്ചത്. അതില്‍ നിന്നും വസ്ത്രങ്ങൾ, പുസ്തകങ്ങൾ, ഫീസ്, എല്ലാം കണ്ടെത്തേണ്ടിയിരുന്നു. 

രമേഷ് ബാബുവിന് ഒരു ദിവസം ഒരു സമയം മാത്രമാണ് അന്ന് ആഹാരം കഴിക്കാനുണ്ടായിരുന്നത്. പിതാവിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ കട അമ്മ അഞ്ച് രൂപയ്ക്ക് വാടകയ്ക്ക് നല്‍കുകയായിരുന്നു. അമ്മയെ സഹായിക്കാനായി രമേഷ് ബാബു ചെറുപ്പത്തില്‍ തന്നെ തന്നെക്കൊണ്ട് കഴിയുന്ന ജോലിയെല്ലാം ചെയ്തിരുന്നു. പത്രം, പാല്‍ ഇവയെല്ലാം വിറ്റിരുന്നു. അതേസമയം തന്നെ പത്താം ക്ലാസ് വരെ പഠിക്കുകയും ചെയ്തു. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അച്ഛന്‍റെ കട ഏറ്റെടുക്കാന്‍ രമേഷ് ബാബു തീരുമാനിച്ചു. 'ഇന്നര്‍ സ്പേസ്' എന്നായിരുന്നു കടയുടെ പേര്. വളരെ വൈകാതെ തന്നെ അത് അവിടെയുള്ള ട്രെന്‍ഡിംഗ് ഔട്ട്ലെറ്റ് ആയി മാറി. 

ബാർബർ രമേഷ് ബാബുവിന് എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ അയാൾ ഒരു കാർ വാങ്ങാൻ പദ്ധതിയിട്ടു. രമേഷ് ബാബു തന്റെ സലൂണിൽ നിന്ന് കുറച്ച് പണം ലാഭിക്കുകയും കഷ്ടപ്പെട്ട് സമ്പാദിച്ചതില്‍ നിന്നും ഒരു പങ്കും അമ്മാവന്‍റെ സഹായത്തോടെയും ഒരു മാരുതി വാൻ (ഒമ്നി) കാർ വാങ്ങുകയും ചെയ്തു. അദ്ദേഹം തിരക്കിലായിരുന്നതിനാൽ മിക്കപ്പോഴും അത് ഓടാതെ കിടക്കുകയായിരുന്നു. തന്റെ ബാർബർഷോപ്പിൽ, അത് ഉപയോഗത്തിലില്ലാത്തപ്പോൾ വാടകയ്ക്ക് നൽകാൻ അദ്ദേഹം തീരുമാനിച്ചു. ഇത് ഒരുനാൾ തന്നെ കോടീശ്വരനാക്കുമെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു!

രമേശ് ബാബുവിന്‍റെ അമ്മ ജോലി ചെയ്തിരുന്ന കുടുംബത്തില്‍ നിന്നുമാണ് അദ്ദേഹത്തിന് ആദ്യം ബിസിനസ് കരാര്‍ ലഭിക്കുന്നത്. പയ്യെ അദ്ദേഹത്തിന് ബിസിനസ് കൂടുകയും ഓട്ടോ മൊബൈല്‍ റെന്‍റല്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹം രമേശ് ടൂർസ് ആൻഡ് ട്രാവൽസിന്റെ ഉടമയാണ്, ഇപ്പോൾ 30 വർഷത്തിലേറെയായി വിലകൂടിയ കാറുകൾ ശേഖരിക്കുന്നു. 90 -കളുടെ അവസാനത്തിൽ എവിടെയോ തുടങ്ങിയ അദ്ദേഹം വർഷങ്ങളായി ആഡംബര കാറുകൾ വാടകയ്ക്ക് കൊടുക്കുന്നു. ദില്ലി, ചൈന്നൈ, ബംഗളൂരു എന്നിവിടെയെല്ലാം അദ്ദേഹത്തിന് ബിസിനസ് ഉണ്ട്. 

2004 -ൽ സർക്കാർ ടൂറിസം മേഖല തുറന്നതിനുശേഷം അദ്ദേഹം ആഡംബര കാര്‍ വാടകയ്ക്ക് നല്‍കുന്ന ബിസിനസ്സിൽ ഏർപ്പെട്ടു. രമേശ് ടൂർസ് ആൻഡ് ട്രാവൽസിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രമേശ് ബാബു ആദ്യമായി ഒരു ആഡംബര കാറിൽ നിക്ഷേപിച്ചത് മെഴ്സിഡസ് ഇ ക്ലാസ് ആഡംബര സെഡാനായിരുന്നു. അതിന് 38 ലക്ഷം രൂപ ചിലവ് വന്നു. മൂന്ന് മെഴ്‌സിഡസ് കാറുകളും നാല് ബിഎംഡബ്ല്യു കളും ഉപയോഗിച്ച് ഈ ബിസിനസ് വളർന്നു. ഇപ്പോൾ, അദ്ദേഹത്തിന് 400 കാറുകൾ, വാനുകൾ, മിനി ബസുകൾ എന്നിവ ഉണ്ട്, ഇറക്കുമതി ചെയ്ത വാഹനങ്ങൾ ഉൾപ്പെടെ. 

അപ്പോഴും തന്‍റെ സലൂണില്‍ പോകുന്നത് മുടക്കാന്‍ അദ്ദേഹം തയ്യാറാല്ല. ഇപ്പോഴും ദിവസം അഞ്ച് മണിക്കൂറെങ്കിലും അവിടെ അദ്ദേഹമുണ്ടാവും. തന്‍റെ സ്ഥിരം കസ്റ്റമേഴ്സിന്‍റെ സ്റ്റൈലിംഗ് അദ്ദേഹം തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്. കഠിനാധ്വാനം വിജയത്തിലേക്കെത്തുമെന്നതിന് ഏറ്റവും വലിയ ഉദാഹരണം കൂടിയാണ് രമേഷ് ബാബു. 


 

Follow Us:
Download App:
  • android
  • ios