Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി പോലും അഭിനന്ദിച്ച ഈ 84 -കാരന്‍ ആരാണ്? എന്താണ് അദ്ദേഹം ചെയ്‍ത ആ സദ്പ്രവൃത്തി?

അതിരാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ കാമേഡൗഡ തിരികെയെത്തുന്നത് രാത്രി വൈകിയാവും. ഓരോ കുളം കുത്തിത്തീരുമ്പോഴും അദ്ദേഹം പുതിയതൊന്ന് കുത്തിത്തുടങ്ങും. 

story of Kaamegowda lake man of karnataka
Author
Karnataka, First Published Jul 15, 2020, 4:20 PM IST

ചില മനുഷ്യര്‍ മദ്യപിക്കും, ചിലര്‍ക്ക് ചൂതാട്ടത്തിലായിരിക്കും കമ്പം, ചിലരോ സാഹസികയാത്രകള്‍ ഇഷ്‍ടപ്പെടുന്നവരായിരിക്കും. എന്നാല്‍, ഈ 84 -കാരനായ കാമേഗൗഡയ്ക്ക് താല്‍പര്യം കുളം കുത്തുന്നതിലാണ്. കര്‍ണാടകയിലെ മാണ്ഡ ജില്ലയിലെ കര്‍ഷകനായിരുന്ന കാമേഗൗഡ തന്‍റെ ഗ്രാമത്തിലും ചുറ്റുമായി കുത്തിയത് 16 കുളങ്ങളാണ്. എന്തായാലും ഗ്രാമത്തിലുള്ളവര്‍ അദ്ദേഹത്തോട് നന്ദിയുള്ളവരാണ്. കാരണം എന്താണെന്നല്ലേ? കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഈ കുളങ്ങള്‍ കാരണം ഗ്രാമത്തില്‍ ജലക്ഷാമമില്ല. സമീപകാലത്തായി കാമേഗൗഡയെ പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തിലൂടെ പ്രശംസിച്ചിരുന്നു. ആരെയും ആശ്ചര്യപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് സാധാരണക്കാരനായ ആ കര്‍ഷകന്‍ കാഴ്‍ച വച്ചതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. 

എന്നാല്‍, കാമേഗൗഡയ്ക്ക് പെട്ടെന്ന് കിട്ടിയ താരപരിവേഷത്തിലൊന്നും വലിയ കൗതുകമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം അപ്പോഴും ആളുകളില്‍ നിന്നും തിരക്കില്‍ നിന്നുമെല്ലാം ഒഴിഞ്ഞ് കുളം കുഴിക്കുന്നത് തുടരുകയായിരുന്നു. ഏകദേശം 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദാസനദൊഡ്ഡി എന്ന ഗ്രാമം ജലദൗര്‍ല്ലബ്യത്താല്‍ വലഞ്ഞത്. അവിടെ കുളങ്ങളോ തടാകങ്ങളോ ഇല്ലായിരുന്നു. വരണ്ട വേനല്‍ക്കാലത്താണ് ഗ്രാമവാസികള്‍ ഇതിന്‍റെ ഏറ്റവും രൂക്ഷമായ അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വന്നത്. മഴ പെയ്‍തിരുന്നെങ്കില്‍പ്പോലും ആ വെള്ളമൊന്നും തന്നെ എവിടെയും നിന്നില്ല. 

എന്നാല്‍, കാമേഗൗഡ തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് തന്‍റേതായ ചില കാരണങ്ങള്‍ കൊണ്ടായിരുന്നു. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായാണ് തന്‍റെ അമ്മായിയച്ഛന്‍ ഇങ്ങനെയൊരു പ്രവര്‍ത്തനം തുടങ്ങിയതെന്ന് മരുമകളായ ഗിരിജ ബെറ്റര്‍ ഇന്ത്യയോട് പറഞ്ഞു. കുന്നിന്‍ചരിവുകളില്‍ വിശ്രമിക്കുമ്പോഴാണ് അവിടെയെത്തുന്ന മൃഗങ്ങള്‍ക്കോ പക്ഷികള്‍ക്കോ വെള്ളം കുടിക്കാനൊരിടമില്ലെന്ന് അദ്ദേഹത്തിന് മനസിലായത്. കൊടുംചൂടില്‍ വെള്ളം കിട്ടാതെ അവ എത്രമാത്രം കഷ്‍ടപ്പെടുന്നുവെന്നും അദ്ദേഹത്തിന് മനസിലായി. അങ്ങനെയാണ് ആദ്യമായി അവയ്ക്കുവേണ്ടി അദ്ദേഹം ഒരു കുളം കുത്തിത്തുടങ്ങിയത്. 

story of Kaamegowda lake man of karnataka

അതിരാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ കാമേഡൗഡ തിരികെയെത്തുന്നത് രാത്രി വൈകിയാവും. ഓരോ കുളം കുത്തിത്തീരുമ്പോഴും അദ്ദേഹം പുതിയതൊന്ന് കുത്തിത്തുടങ്ങും. കയ്യിലെ കാശെല്ലാം കുളം കുത്താനുള്ള ഉപകരണങ്ങള്‍ വാങ്ങാനായി അദ്ദേഹം ഉപയോഗിച്ചു. ചിലപ്പോള്‍ സ്വന്തം ആടുകളെ വിറ്റു, പല ജോലികളും ചെയ്‍തു, എല്ലാം കുളം കുത്താനുള്ള കാശ് കണ്ടെത്തുന്നതിനായിരുന്നു. 

എന്നാല്‍, എന്തൊക്കെയായാലും ഒന്നിനും തടാകം കുത്തുന്നതില്‍നിന്നും അയാളെ പിന്തിരിപ്പിക്കാനായില്ല. പലപ്പോഴും ജനങ്ങള്‍ പോലും അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഈ വ്യത്യസ്‍തമായ പ്രവര്‍ത്തനങ്ങള്‍ കണ്ട് സ്വന്തം ബന്ധുക്കള്‍പോലും അയാളെ പരിഹസിച്ച് ചിരിക്കാന്‍ തുടങ്ങി. സര്‍ക്കാര്‍ വക ഭൂമിയിലാണ് കുളം കുത്തുന്നതെന്നും അതൊന്നും നടക്കില്ലെന്നും പറഞ്ഞു. പക്ഷേ, അവിടം കൊണ്ടൊന്നും കാമേഗൗഡ നിര്‍ത്തിയില്ല. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ആവശ്യത്തിന് വെള്ളവും തണലുമെല്ലാം കിട്ടുന്നതുവരെ അദ്ദേഹം തന്‍റെ പണി തുടര്‍ന്നു. വെറും കുളം കുത്തുക മാത്രമല്ല അദ്ദേഹം ചെയ്‍തുപോന്നത്. ഞാവലടക്കമുള്ള മരങ്ങളും പലപല ചെടികളുമെല്ലാം അതിനുചുറ്റും നട്ടുപിടിപ്പിക്കുകയും ചെയ്‍തു. അത് പയ്യെപ്പയ്യെ ആ ഗ്രാമത്തെ പച്ചപ്പുള്ളതാക്കിത്തീര്‍ത്തു. കന്നുകാലികള്‍ വെള്ളം തേടി കുളക്കരയിലെത്തി. സമീപത്തെ മരങ്ങളില്‍ പക്ഷികള്‍ വന്നിരുന്നു തുടങ്ങി. 

ആദ്യമാദ്യമെല്ലാം അദ്ദേഹം തനിച്ചായിരുന്നു ഈ ജോലികളെല്ലാം ചെയ്‍തിരുന്നത്. എന്നാല്‍, അദ്ദേഹത്തിന് വയസായപ്പോള്‍ കൂടെ ചില തൊഴിലാളികളെക്കൂടി കൂട്ടി. അദ്ദേഹം കുഴിച്ച കുളങ്ങളെല്ലാം പരസ്‍പരം ബന്ധിപ്പിച്ചു നില്‍ക്കുന്നതാണ്. പലപ്പോഴും അയാള്‍ നിര്‍മ്മിച്ച കുളങ്ങള്‍ക്കരികിലെ പാറകളില്‍ പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്ന ചില ഉദ്ധരണികളും അദ്ദേഹം എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഒരിക്കല്‍പോലും സ്‍കൂളില്‍ പോയിട്ടില്ലാത്ത ആളാണ് അദ്ദേഹം. 

story of Kaamegowda lake man of karnataka

ആ കുളങ്ങളെയെല്ലാം സ്വന്തം മക്കളെപ്പോലെയാണ് കാമേഗൗഡ കണ്ടിരുന്നത്. പേരക്കുട്ടികളുടെ പേരുപോലും പലതിനും നല്‍കി. ഓരോ ദിവസവും ഗ്രാമത്തിലാകെ സഞ്ചരിച്ച് ആ കുളങ്ങളെല്ലാം കാണാനും അദ്ദേഹം മറക്കാറില്ല. അദ്ദേഹത്തിന്‍റെ രണ്ടേക്കര്‍ സ്ഥലത്തുള്ള വീടുപോലും പാതി പണിതിട്ടിരിക്കുകയാണ്. കാരണം വേറൊന്നുമല്ല സമ്പാദ്യം മുഴുവനും ചെലവഴിക്കുന്നത് കുളം നിര്‍മ്മിക്കാനാണ്. 2017 -ല്‍ Basavashri Award -ന്‍റെ ഭാഗമായി അഞ്ച് ലക്ഷം രൂപ കിട്ടിയതും അദ്ദേഹം ചെലവഴിച്ചത് കുളത്തിനുവേണ്ടിയാണ്. 

2018 -ല്‍ അദ്ദേഹത്തെ രാജ്യോത്സവ പുരസ്‍കാരം നേടി. പുരസ്‍കാരദാന ചടങ്ങില്‍ എന്നാല്‍, കാമേഗൗഡ ആകെ ആവശ്യപ്പെട്ടത് സൗജന്യമായി എവിടെയും ബസ് യാത്ര അനുവദിക്കണം എന്ന് മാത്രമായിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് അത് യാഥാര്‍ത്ഥ്യമാവുകയും ചെയ്‍തു. കെഎസ്‍ആര്‍ടിസി ബസില്‍ അദ്ദേഹത്തിന് സൗജന്യയാത്ര നടത്താം. അതുവഴി കുളങ്ങളുടെ അടുത്തേക്ക് അദ്ദേഹത്തിന് യാത്ര ചെയ്യാം. ഇന്ന് അദ്ദേഹം നിര്‍മ്മിച്ച കുളങ്ങളിലെല്ലാം വെള്ളമുണ്ട്. കടുത്ത വേനലില്‍ പോലും അവ അത്ര എളുപ്പമൊന്നും വറ്റില്ല. അതുപോലെതന്നെ കാമേഗൗഡ നട്ട ചെടികളും മരങ്ങളുമെല്ലാം അവിടെ പച്ചപ്പും തീര്‍ക്കുന്നു. ഒരിക്കല്‍ പരിഹസിച്ചിരുന്നവരെല്ലാം ഇന്നദ്ദേഹത്തെ നന്ദിയോടെ കാണുന്നു. 

Follow Us:
Download App:
  • android
  • ios