കാൻസർ എന്ന രോഗം നമ്മുടെ ജീവിതത്തിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാൻസർ രോഗികൾ കേരളത്തിലാണുള്ളത് എന്നാണ് 2018 -ലെ ഒരു പഠനം സൂചിപ്പിക്കുന്നത്. എന്നാൽ, കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളിലായി ഇന്ത്യൻ കാൻസർ ചികിത്സാ രംഗത്ത് വമ്പിച്ച വിപ്ലവങ്ങൾ തന്നെ നടന്നിട്ടുണ്ട്. ചികിത്സയില്ല എന്ന് കരുതിയിരുന്ന, വന്നാൽ മരണം ഉറപ്പിച്ചിരുന്ന പലതരം അർബുദങ്ങൾക്കും ഇന്ന് ഔഷധങ്ങളും മറ്റു ചികിത്സാ രീതികളും ലഭ്യമാണ്. കാൻസർ എന്നത് ഭയപ്പെടുകയേ വേണ്ടാത്ത ഒരു അസുഖമായി മാറിക്കഴിഞ്ഞിട്ടുണ്ട് ഏറെക്കുറെ. കൃത്യമായ ചികിത്സ കിട്ടിയാൽ, ഭയപ്പെടാതെ പോരാടാൻ തയ്യാറാണെങ്കിൽ കാൻസറിനെ അതിജീവിക്കാം. അതിന് നമ്മൾ നന്ദി പറയേണ്ടത് കാൻസർ ചികിത്സാരംഗത്ത് വിപ്ലവകരമായ പല ഗവേഷണങ്ങൾക്കും ചുക്കാൻ പിടിച്ച നമ്മുടെ രാജ്യത്തെ ഗവേഷകർക്കാണ്.

അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഒരു വനിതയാണ്, പേര് കമൽ രണദിവെ. അർബുദത്തെക്കുറിച്ച്  ഗവേഷണം നടത്തുകയും അതിനെ അതിജീവിക്കാൻ സഹായിക്കുന്ന നൂതന ചികിത്സാരീതികൾ കണ്ടുപിടിക്കുകയും ചെയ്യുന്നതിൽ  ഇന്ത്യൻ കാൻസർ റിസർച്ച് സെന്റർ പോലുള്ള സ്ഥാപനങ്ങൾ വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്. ഇന്ത്യൻ കാൻസർ റിസർച്ച് പ്രോജക്ടുകളിൽ പലതിന്റെയും മേൽനോട്ടം വഹിച്ചത്, കമൽ രണദിവെയാണ്. അവരുടെ മുൻകൈയിലാണ് ഇന്ത്യൻ കാൻസർ റിസർച്ച് സെന്റർ (ഐസിആർസി) എന്ന സ്ഥാപനം ആരംഭിക്കുന്നത്.

ഗവേഷണരംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമായ ഈ വനിതയാണ് ഇന്ത്യയുടെ ആദ്യത്തെ ടിഷ്യു കൾച്ചർ ലാബ് സ്ഥാപിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ എക്സ്പെരിമെന്റൽ ബയോളജി ലാബ് തുടങ്ങുന്നതും അവരാണ്. സ്തനാർബുദത്തിന് പാരമ്പര്യവുമായുള്ള ബന്ധം സ്ഥാപിക്കുന്ന പഠനങ്ങൾ ആദ്യമായി ഇന്ത്യയിൽ നടത്തുന്നത് കമൽ രണദിവെയാണ്. അവർ തുടങ്ങിയ ഇന്ത്യൻ വുമൺ സയന്റിസ്റ്റ് അസോസിയേഷൻ (IWSA) രാജ്യത്തെ വനിതാ ശാസ്ത്രജ്ഞരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു.

1917 നവംബർ 8 -ന് പൂനെയിൽ ദിൻകർ സമർത്തിനും ശാന്താബായിക്കും ജനിച്ച കമൽ സമർത്ത് കുട്ടിക്കാലം മുതൽക്കുതന്നെ പഠിപ്പിൽ ഏറെ മുന്നിലായിരുന്നു. കമലിന്റെ അച്ഛൻ ദിൻകർ പുണെ ഫെർഗൂസൺ കോളേജിലെ ബയോളജി പ്രൊഫസറായിരുന്നു. മക്കൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം തന്നെ ലഭ്യമാക്കണം എന്നദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന പെൺകുട്ടികളുടെ സ്കൂളായ പ്രശസ്തമായ ഹുസുർപാഗ ഹൈസ്കൂളിൽ നിന്ന് മികച്ച ഗ്രേഡുകളോടെ കമൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മകൾ ഒരു ഡോക്ടറായിക്കാണണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാൽ കമൽ സ്വപ്നം കണ്ടിരുന്ന വഴി മറ്റൊന്നായിരുന്നു. ഫെർഗൂസൺ കോളേജിൽ നിന്ന് ബോട്ടണി, സുവോളജി എന്നിവയിൽ ബിരുദം നേടിയ അവർ, പിൽക്കാലത്ത്  ഇന്ത്യയിലെ ആദ്യത്തെ വനിതാ ശാസ്ത്രജ്ഞരിൽ ഒരാളായി മാറി. ഗണിതശാസ്ത്രജ്ഞനായ ജെ. ടി. രണദിവെയെ ആണ് കമൽ വിവാഹം കഴിച്ചത്.

വിവാഹശേഷം ഭർത്താവിനൊപ്പം ബോംബെയിലേക്ക് (ഇപ്പോൾ മുംബൈ) താമസം മാറ്റിയത് കമലിന്റെ കരിയറിന് വളരെയധികം സഹായകമായി. അവിടെ ഇന്ത്യൻ കാൻസർ റിസർച്ച് സെന്ററിന്റെ (ഐസി‌ആർ‌സി) സ്ഥാപകനായ ഡോ. വി ആർ ഖാനോൽക്കറുമൊത്ത് പ്രവർത്തിക്കാൻ കമലിന് അവസരം ലഭിച്ചു. തുടർന്ന് ബോംബെ സർവകലാശാലയിൽ ഡോക്ടറൽ ഗവേഷണം ആരംഭിച്ചു കമൽ. അത് പൂർത്തിയാക്കിയ ശേഷം ഒരു വിദേശ സർവകലാശാലയിൽ പോസ്റ്റ്ഡോക്ടറൽ ബിരുദം തിരഞ്ഞെടുക്കാൻ ഖാനോൽക്കർ കമലിനെ പ്രേരിപ്പിച്ചു. താമസിയാതെ അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ ഫെലോഷിപ്പ് നേടി കമൽ തിരിച്ച് ഇന്ത്യയിലെത്തി.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ശാസ്ത്രീയ ഗവേഷണങ്ങൾക്ക് സാധ്യത കുറവായിരുന്നു. കമലിന് അമേരിക്കയിൽ ഗവേഷണം തുടരാൻ അവസരങ്ങൾ നിരവധിയുണ്ടായിരുന്നിട്ടും, ശാസ്ത്രജ്ഞ എന്ന നിലയ്ക്ക് ഗവേഷണങ്ങൾ നടത്തുന്നെങ്കിൽ അത് ഇന്ത്യയിൽ തന്നെ എന്നുറപ്പിച്ച് അവർ സീനിയർ റിസർച്ച് ഓഫീസറായി  ബോംബെ ഐസിആർസിയിൽ ചേർന്നു. പിന്നീട് 1966 മുതൽ 1970 വരെ അതിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. അവിടെ കമൽ സ്ഥാപിച്ച പരീക്ഷണാത്മക ബയോളജി ലബോറട്ടറിയിലാണ് കാർസിനോജെനിസിസ്, സെൽ ബയോളജി, ഇമ്മ്യൂണോളജി എന്നിവയിലെ പല പ്രധാന പരീക്ഷണഗവേഷണങ്ങളും നടത്തപ്പെട്ടത്. രക്താർബുദം, സ്തനാർബുദം, ഓസോഫേഷ്യൽ ക്യാൻസർ എന്നിവയുടെ ഉത്ഭവത്തെക്കുറിച്ച് മനസിലാക്കാൻ സഹായിച്ച, മൃഗങ്ങളിലൂടെയുള്ള കാൻസർ പഠനത്തിന് തുടക്കമിട്ട ആദ്യത്തെ ശാസ്ത്രജ്ഞരിൽ ഒരാളാണ് കമൽ.

ഗവേഷണരംഗത്തെ സ്ത്രീകളുടെ പ്രതിനിധ്യക്കുറവ് കമലിനെ അലട്ടിയിരുന്നു. കുടുംബപ്രാരബ്ധങ്ങളാണ് സ്ത്രീകളെ ഈ രംഗത്തേക്ക് കടന്നുവരുന്നതിൽ നിന്ന് തടയുന്നത് എന്ന് കമലിന് തോന്നി. ഒടുവിൽ അവർ ഏതാനും സഹപ്രവർത്തകരുമായി ചേർന്ന്  1973 -ൽ ബോംബെയിൽ ഇന്ത്യൻ വിമൻ സയന്റിസ്റ്റ് അസോസിയേഷൻ (IWSA) സ്ഥാപിച്ചു. വിവാഹിതരായ സ്ത്രീകൾക്ക് ഹോസ്റ്റൽ, ഡേ കെയർ സൗകര്യങ്ങൾ  ഐ‌ഡബ്ല്യുഎസ്എ നൽകി. അങ്ങനെ ശാസ്ത്രവും കുടുംബവും ഒരുപോലെ കൊണ്ടുപോകാൻ പല സ്ത്രീകൾക്കും അത് സഹായകരമായി.

വിരമിച്ച ശേഷം കമൽ മഹാരാഷ്ട്രയിലെ രാജൂരിലെ ആദിവാസി സ്ത്രീകൾക്കും കുട്ടികൾക്കുമിടയിലും നിരന്തരം സന്നദ്ധസേവനങ്ങളിൽ മുഴുകി. മരുന്നുകൾ, പോഷകാഹാരം, ഗോത്രവർഗ്ഗക്കാർക്കിടയിൽ അവബോധം എന്നിവ നൽകുന്നതിനു പുറമേ നിരവധി സ്ത്രീകളെ പ്രാഥമിക ആരോഗ്യ പ്രവർത്തകരായി പരിശീലിപ്പിക്കുകയും ചെയ്തു. അങ്ങനെ കർമ്മനിരതമായ ജീവിതയാത്രയ്‌ക്കൊടുവിൽ 2001 ഏപ്രിൽ 10 -ന്‌ ഇഹലോകവാസം വെടിഞ്ഞ അവരെ ഇന്ത്യൻ ശാസ്ത്രലോകം ഇന്നും സ്നേഹാദരങ്ങളോടെ മാത്രം സ്മരിക്കുന്നു.