Asianet News MalayalamAsianet News Malayalam

'എനിക്കെന്റെ സ്വന്തം അമ്മയെ വിവാഹം കഴിക്കേണ്ടി വന്നതിനു പിന്നിലെ കഥ' ലിലിയൻ പറയുന്നു.

എന്നാൽ, എത്രയൊളിച്ചു വെച്ചിരുന്നാലും രണ്ടുപേർക്കിടയിലെ അനുരാഗം വെളിപ്പെടുമല്ലോ. യൂണിവേഴ്സിറ്റിയിൽ സകലർക്കും ആ രണ്ടു സ്ത്രീകൾക്കിടയിൽ രഹസ്യപ്രേമം വെളിപ്പെട്ടിരുന്നു. ക്യാംപസിൽ അവരെ ആളുകൾ 'ഫില്ലിയൻ' എന്നും 'ലില്ലിസ്' എന്നും കളിയാക്കി വിളിച്ചുതുടങ്ങി. 

story of Lillian Faderman and Phyllis Irwin feminist rights and law complications
Author
UK, First Published Mar 5, 2020, 9:27 AM IST

ഇത് മനുഷ്യാവകാശങ്ങളുടെ പരിണാമദശയിലെ നാഴികക്കല്ലായ ഒരു വിവാഹത്തിന്റെ കഥയാണ്. ഒരു ലെസ്ബിയൻ പരിണയ കഥ. അമ്പതുവർഷം മുമ്പൊക്കെ രണ്ടു സ്ത്രീകൾ തമ്മിൽ വിവാഹം കഴിക്കുക എന്നതിൽ തന്നെ ആവശ്യത്തിലധികം വിപ്ലവം ഉണ്ട്.  അന്നത്തെ അമേരിക്കയിൽ പോലും അത് സാധാരണമല്ല. അപ്പോൾ, അങ്ങനെ വിവാഹം കഴിക്കുന്ന ലെസ്ബിയൻ യുവതികളിൽ ഒരാൾ, നിയമവശാൽ രണ്ടാമത്തെയാളിന്റെ അമ്മയാണെങ്കിലോ? ഉണ്ടാകുന്ന പുകില് പറയേണ്ടതുണ്ടോ?

കാലിഫോർണിയയിലെ സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുടെ പതാകാവാഹകയായ പ്രൊഫ. ലിലിയൻ ഫെഡർമാൻ, യൂണിവേഴ്സിറ്റിയിലെ അക്കാദമിക് ഡയറക്ടർമാരിൽ ഒരാളായ ഫിലിസ് ഇർവിനെ ബന്ധപ്പെടുന്നത് തികച്ചും അക്കാദമിക് ആയ ഒരു ആവശ്യത്തിനായിരുന്നു. സ്ത്രീപക്ഷ പഠനങ്ങൾക്കായി സർവകലാശാലയിൽ ഒരു പഠനകേന്ദ്രം ആരംഭിക്കണം. അവർ തമ്മിൽ നടത്തിയ അക്കാദമിക്ക് എഴുത്തുകുത്തുകൾ എപ്പോഴാണ് പ്രണയത്തിലേക്ക് വഴിമാറിയത് എന്ന് ഇരുവർക്കുമറിയില്ല. എന്തായാലും, അധികം താമസിയാതെ ഇരുവരും കടുത്ത പ്രണയത്തിലായി.

എഴുപതുകളിലെ കാലിഫോർണിയയിൽ ഉണ്ടായിരുന്നത് സ്വവർഗാനുരാഗികളായ യുവതികളെ ക്രിമിനലുകളെപ്പോലെ കണ്ടിരുന്ന സമൂഹമാണ്.  കാലിഫോർണിയയിൽ മാത്രമല്ല അമേരിക്കയിലെ ഒരു സ്റ്റേറ്റിലും അന്ന് സ്വവർഗാനുരാഗം നിയമവിധേയമായിരുന്നില്ല. അന്ന് ആരുടേയും കണ്ണിൽപ്പെടാതെ ഒളിച്ചും പാത്തുമായിരുന്നു ലെസ്ബിയൻ പ്രണയങ്ങൾ പൂത്തുലഞ്ഞിരുന്നതവിടെ. എന്നാൽ അതൊന്നും ലിലിയന്റെയും ഫില്ലിസിന്റെയും ദൃഢനിശ്ചയത്തിനു മുന്നിൽ ഒരു തടസ്സമായില്ല. "ആദ്യമൊക്കെ കരുതിയത്, സമൂഹത്തെ പിന്നെ നേരെയാക്കാം, തൽക്കാലം ആരുമറിയാതെങ്കിലും ഒന്നിച്ചു ജീവിക്കാൻ നോക്കാം എന്നായിരുന്നു" ഇന്ന് 91 വയസ്സുള്ള ഫിലിസ് ബിബിസിയോട് പറഞ്ഞു.

എന്നാൽ, എത്രയൊളിച്ചു വെച്ചിരുന്നാലും രണ്ടുപേർക്കിടയിലെ അനുരാഗം വെളിപ്പെടുമല്ലോ. യൂണിവേഴ്സിറ്റിയിൽ സകലർക്കും ആ രണ്ടു സ്ത്രീകൾക്കിടയിൽ രഹസ്യപ്രേമം വെളിപ്പെട്ടിരുന്നു. ക്യാംപസിൽ അവരെ ആളുകൾ 'ഫില്ലിയൻ' എന്നും 'ലില്ലിസ്' എന്നും കളിയാക്കി വിളിച്ചുതുടങ്ങി. ആളുകൾ അവർ കേൾക്കാതെ പരസ്പരം ആ വിചിത്രബന്ധത്തെപ്പറ്റി പിറുപിറുത്തിരുന്നു. പലരും പലതും ഊഹിച്ചുകൊണ്ടിരുന്നു. അഭ്യൂഹങ്ങളും നിരവധി ഉണ്ടായി.

എന്നാൽ, കാര്യമെന്തെന്ന് ജനങ്ങൾക്ക് ഒരു മിനിമം ധാരണയുണ്ടാകുന്നത് ലിലിയൻ സ്ത്രീകൾക്കിടയിൽ ലൈംഗികബന്ധങ്ങളെപ്പറ്റിയും, ലെസ്ബിയൻ പ്രണയങ്ങളുടെ മനഃശാസ്ത്രത്തെപ്പറ്റിയും ഒക്കെയുള്ള തന്റെ ആദ്യത്തെ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോഴാണ്. എന്നാൽ, കാര്യങ്ങൾ കൂടുതൽ പ്രണയത്തിന്റെ കാര്യത്തിൽ അതുവരെ വളരെ എളുപ്പത്തിൽ മറികടന്ന കാലിഫോർണിയയിലെ നിയമങ്ങളിൽ ചിലത് കീറാമുട്ടിയാകുന്നത് ലിലിയൻ 'എനിക്കൊരു കുഞ്ഞിക്കാല് കാണാനുള്ള ആഗ്രഹമുണ്ടെ'ന്ന്  ഫിലിസിനെ അറിയിക്കുമ്പോഴാണ്. കാലിഫോർണിയയിലെ അന്നത്തെ നിയമം ലെസ്ബിയൻ ബന്ധങ്ങൾക്ക് സാധുത കൽപ്പിക്കുന്നില്ല. 'കൃത്രിമ ബീജസന്ധാനം' എന്ന സാങ്കേതികവിദ്യ വികാസം പ്രാപിച്ചു കഴിഞ്ഞിരുന്നു അതത്ര സർവ്വസാധാരണമായിരുന്നില്ല. വിവാഹം കഴിച്ച്, കുഞ്ഞുങ്ങളുണ്ടാകാനുള്ള സകല പ്രാകൃതിക മാർഗ്ഗങ്ങളും പയറ്റി മടുത്തവർ മാത്രമാണ് അതിന് മുതിർന്നിരുന്നത്. വിവാഹം കഴിക്കാത്ത ലിലിയൻ തനിക്ക് കൃത്രിമ ബീജസന്ധാനം നടത്തിത്തരണം എന്ന് ഡോക്ടറോട് പറഞ്ഞപ്പോൾ ഡോക്ടറുടെ മറുപടി അത്ഭുതത്തോടെയായിരുന്നു, "കുഞ്ഞുവേണമെങ്കിൽ ഒരു വിവാഹമങ്ങു കഴിക്കരുതോ?" "ഓ... ഇനി അതൊന്നും നടക്കില്ല ഡോക്ടറെ..! എനിക്ക് വയസ്സ് 34 ആയി. ഡോക്ടറേറ്റ് വരെ പഠിച്ചു. ഇപ്പോൾ യൂണിവേഴ്സിറ്റിയുടെ വൈസ് പ്രസിഡന്റാണ്. എനിക്കൊത്ത പുരുഷനെയൊക്കെ കണ്ടുപിടിക്കാൻ ഇത്തിരി പാടാ..." ലിലിയൻ മറുപടി പറഞ്ഞു.

story of Lillian Faderman and Phyllis Irwin feminist rights and law complications

 

ഡോക്ടർ മനസ്സില്ലാ മനസ്സോടെ എങ്കിലും ലിലിയന്റെ നിർബന്ധത്തിനു വഴങ്ങി കൃത്രിമമായി ബീജസന്ധാനം നടത്തിക്കൊടുത്തു. ലിലിയൻ ഗർഭിണിയായി. 1975 -ൽ അവർക്ക് ഒരു കുഞ്ഞു പിറന്നു. 'അവ്റോം'... അങ്ങനെ അന്നുവരെ രണ്ടുപേരുണ്ടായിരുന്ന ആ കുടുംബത്തിലേക്ക് മൂന്നാമതൊരാൾ കൂടി കടന്നുവന്നു. കുടുംബത്തിലെ അംഗസംഖ്യ വർധിച്ചതോടെയാണ് നിയമപരമായ എന്തെങ്കിലും ബന്ധം കൂടി തങ്ങൾക്കിടയിൽ വേണമെന്ന്  ആ ജീവിതപങ്കാളികൾക്ക് തോന്നിയത്. അതിനൊരു കാരണമുണ്ടായിരുന്നു. രണ്ടിലൊരാൾ അവിചാരിതമായി മരണപ്പെട്ടാൽ കുഞ്ഞ് അവ്‌റോമിന് എന്തെങ്കിലും അസുഖം വന്നാൽ അവനെ ഒറ്റയ്ക്ക് ഡോക്ടറെ കാണിക്കാൻ പോലും ഫിലിസിന് നിയമപരമായി സാധിക്കില്ല. ലിലിയനെ കൂടുതൽ ആശങ്കപ്പെടുത്തിയത് മറ്റൊരു ചിന്തയാണ്. എന്തെങ്കിലും കാരണവശാൽ തനിക്ക് എന്തെങ്കിലും പറ്റിയാൽ അവ്റോമിന്റെ നിയമപരമായ സംരക്ഷണച്ചുമതല പോലും സ്റ്റേറ്റ് ഫിലിസിന് കൊടുക്കില്ല. അപ്പോൾ പിന്നെ എന്താണ് വഴി..? ഇരുവരെയും തമ്മിൽ വിവാഹം കഴിക്കാൻ എന്തായാലും സ്റ്റേറ്റ് സമ്മതിക്കില്ല. പിന്നെ എങ്ങനെ ഫിലിസിന് അവ്റോമുമായി നിയമപരമായ ഒരു ബന്ധം ആകാം എന്ന് അവർ കൂലങ്കഷമായി ചിന്തിച്ചു. അപ്പോഴാണ് കാലിഫോർണിയൻ നിയമങ്ങളിലെ ഒരു ലൂപ്പ് ഹോൾ അവർക്ക് കണ്ണിൽപ്പെട്ടത്. ഒരാൾക്ക് പ്രായത്തിൽ തന്നെക്കാൾ പത്തുവയസ്സെങ്കിലും ഇളപ്പമുള്ള ഒരാളെ വേണമെങ്കിൽ സന്താനമായി ദത്തെടുക്കാം.  ലിലിയനെ ഫിലിസ് ദത്തെടുത്താൽ, അവ്റോം ഫിലിസിന്റെ പൗത്രനാകും. പിന്നെ മേൽപ്പറഞ്ഞ നിയമപരമായ ബന്ധുത ഇരുവർക്കുമിടയിൽ വന്നുചേരും. 

ലൈംഗികമായ ബന്ധത്തിൽ ഏർപ്പെടുന്നവർക്കിടയിൽ നിയമപരമായ 'അമ്മ - മകൾ' ബന്ധുതയോ? അതെങ്ങനെ ശരിയാകും? ഈ ചിന്ത അവരെ ഏശിയതേയില്ല. കാരണം അവരുടെ ബന്ധം തുടങ്ങുന്നതുതന്നെ സമൂഹത്തിലെ പ്രേമബന്ധങ്ങളുടെ സ്വാഭാവികതയെ ചോദ്യം ചെയ്തുകൊണ്ടാണ്. അതിന്റെ വാർപ്പുമാതൃകകളെ പൊളിച്ചടുക്കിക്കൊണ്ടാണ്. ഇവിടെ വിഷയം അവ്റോമിന്റെ സംരക്ഷണത്തിനുള്ള നിയമപരമായ അവകാശം മാത്രമായിരുന്നു. അതിന് നേർവഴിക്ക് പോകാൻ സ്റ്റേറ്റ് അനുവദിക്കാതിരുന്നപ്പോൾ, ഒരു ചെറിയ കുറുക്കുവഴി സ്വീകരിച്ചു അത്രമാത്രം.

കുഞ്ഞ് അവ്റോമിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു. ആദ്യമൊക്കെ അവൻ ഫിലിസിനെ തന്റെ അമ്മൂമ്മ എന്നാണ് കൂട്ടുകാർക്ക് പരിചയപ്പെടുത്തിയിരുന്നത്. കുറേക്കൂടി മുതിർന്നപ്പോൾ അവർ അവനെ ഒരു കാര്യം പറഞ്ഞു മനസ്സിലാക്കി. ഫിലിസ് അവന്റെ അമ്മൂമ്മ അല്ല, അമ്മയുടെ ജീവിത പങ്കാളിയാണ്. അവന്റെ ജീവിതത്തിലെ രണ്ടാമത്തെ അമ്മയാണ് എന്ന്. തനിക്ക് അമ്മയുടെ സ്നേഹം തരാൻ രണ്ടുപേരുണ്ടെന്നറിഞ്ഞപ്പോൾ അവന്റെ സന്തോഷം ഇരട്ടിച്ചതേയുള്ളൂ. അവൻ അന്നുവരെ 'ഗ്രാനീ...' എന്ന് വിളിച്ചിരുന്ന ഫിലിസിനെ അന്ന് മുതൽ 'മമ്മീ...' എന്ന് വിളിച്ചുതുടങ്ങി.  അങ്ങനെ അവർ അവിടന്നങ്ങോട്ട് ഒരു സ്‌പെഷ്യൽ കുടുംബമായി സസന്തോഷം കഴിഞ്ഞു. അവ്റോം വളർന്നു വലുതായി, അവന്റെ വിവാഹവും കഴിഞ്ഞു.

story of Lillian Faderman and Phyllis Irwin feminist rights and law complications

 

ഒടുവിൽ 2008 -ൽ കാലിഫോർണിയ സ്റ്റേറ്റ് സ്വവർഗ ലൈംഗികതയും വിവാഹവും നിയമവിധേയമാക്കിയതിന്റെ അടുത്ത ദിവസം ലിലിയനും ഫിലിസും തമ്മിൽ വിവാഹിതരായി. അങ്ങനെ അമേരിക്കയിൽ നിയമപരമായി വിവാഹിതരാകുന്ന ആദ്യത്തെ അമ്മയും മകളുമായി അവർ. 2015 -ൽ അമേരിക്കയിൽ മുഴുവനും സ്വവർഗ്ഗവിവാഹം നിയമവിധേയമായപ്പോൾ, അവർ തങ്ങൾക്കിടയിൽ ദത്തുപുത്രീബന്ധം നിയമപരമായി റദ്ദു ചെയ്ത് രണ്ടാമതൊരിക്കൽ കൂടി വിവാഹം കഴിച്ചു. ആ ചടങ്ങിൽ അവ്റോമും ഭാര്യയും മകനും സംബന്ധിച്ചു. "നിയമപരമായി ഇത്രയേറെ ബന്ധങ്ങൾ ഉണ്ടായിട്ടുള്ള ജീവിത പങ്കാളികൾ വേറെക്കാണില്ല ഈ ലോകത്ത്" എന്ന് ലിലിയൻ ഇടയ്ക്കിടെ തമാശ പറയും.  അവ്റോമും ഫിലിസും അതുകേട്ട് കുലുങ്ങിച്ചിരിക്കും.

ഈ അപൂർവ പ്രണയബന്ധത്തിന് ഏതാണ്ട് അരനൂറ്റാണ്ട് തികയാറായി ഇപ്പോൾ. ഏറെ സാർത്ഥകമായ ഒരു വൈവാഹിക ജീവിതത്തിന്റെ സായാഹ്നത്തിലെത്തി നിൽക്കയാണ് ആ പ്രണയികൾ ഇന്ന്. പ്രണയിച്ചു തുടങ്ങിയപ്പോൾ ഇരുവരെയും കടിച്ചുകീറാൻ തയ്യാറായി നിന്ന പഴയ സമൂഹമല്ല ഇന്നവരെ ചൂഴ്ന്നു നിൽക്കുന്നത്. അത് ഏറെ മാറിക്കഴിഞ്ഞു. "ഒരുമിച്ചു ജീവിക്കാൻ വേണ്ടി അന്ന് ഞങ്ങൾക്ക് പ്രവർത്തിക്കേണ്ടി വന്ന സാഹസങ്ങൾ ഇന്നത്തെ ലെസ്ബിയൻ പിള്ളേർക്ക് വേണ്ടിവരില്ലെ"ന്ന് കാലം ഉടവുതട്ടിക്കാത്ത പരിണയത്തിന്റെ സുവർണ ജൂബിലിയിലേക്ക് കടക്കുന്നതിന്റെ നിർവൃതിയിൽ ഫിലിയനും, ലില്ലിസും പരസ്പരം ഉറ്റുനോക്കികൊണ്ട് പറഞ്ഞു. നിയമത്തിന്‍റെ നൂലാമാലകള്‍ക്കിടയിലാണ് അവര്‍ക്ക് കിടന്ന് ഓടേണ്ടി വന്നതെങ്കിലും ആ നിയമം കൊണ്ടുതന്നെ അവരതിനെ മറികടന്നു. 
 

Follow Us:
Download App:
  • android
  • ios