Asianet News MalayalamAsianet News Malayalam

മകളെ ഒരു 'സൂപ്പർ ഹ്യുമൻ' ആക്കണം, 10 വർഷക്കാലം പൂട്ടിയിട്ട് പിതാവ് നടത്തിയത് കണ്ണില്ലാത്ത ക്രൂരതകൾ

മൂവരും വടക്കൻ ഫ്രാൻസിലെ ഒരു ഒറ്റപ്പെട്ട മാളികയിലാണ് താമസിച്ചിരുന്നത്, അവിടെ മൗഡ് വീട്ടിൽ വച്ച് തന്നെ പഠിച്ചു. ദിദിയറിന്റെ എണ്ണമറ്റ 'സഹന പരിശോധനകൾക്ക്' വിധേയമായി. ഒരു പാറക്കെട്ടിന് മുകളിൽ തൂങ്ങിക്കിടക്കുന്നതും കന്നുകാലികളെ കൊല്ലുന്നതിൽ സഹായിക്കുന്നതും, വിസ്കി കുടിച്ച് നേർരേഖയിൽ നടക്കുന്നതും വരെ ഇതിൽ ഉൾപ്പെടുന്നു. 

story of Maud who was held captive by her father to make her super human
Author
Thiruvananthapuram, First Published Apr 18, 2022, 10:59 AM IST

മൗഡ് ജൂലിയൻ(Maud Julien), അതായിരുന്നു അവളുടെ പേര്. അവളുടെ അനുഭവം ലോകത്തിലാരെയും ഭയപ്പെടുത്തുന്നതാണ്. വെറും എട്ട് വയസുകാരിയായിരിക്കെ തന്നെ പത്ത് മിനിറ്റോളം നേരം ഒന്ന് മിഴിപോലും ചിമ്മാതെ വൈദ്യുതിവേലിയിൽ പിടിച്ചുനിൽക്കേണ്ട അവസ്ഥ വേറെ ഏത് കുഞ്ഞിനുണ്ടാവും? അവളുടെ പിതാവിന്റെ മേൽനോട്ടത്തിലായിരുന്നു ഈ ക്രൂരമായ പ്രവൃത്തികളെല്ലാം നടന്നുപോന്നത്. അവളുടെ ഇച്ഛാശക്തി വർധിപ്പിക്കാനും അവളെ ഒരു 'സൂപ്പർ ഹ്യുമൻ' ആയി വളർത്താനുമായിട്ടാണ് താനിങ്ങനെ ചെയ്യുന്നത് എന്നായിരുന്നു അയാളുടെ വിശദീകരണം. 

'ഞാൻ ഇരുകൈകളും കൊണ്ട് ആ വൈദ്യുതിവേലിയിൽ പിടിച്ചുനിന്നു. ഒന്നും പ്രതികരിക്കാതിരിക്കുക എന്നതായിരുന്നു എനിക്ക് ചെയ്യേണ്ടിയിരുന്നത്' എന്നാണ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് അറുപതുകാരിയായ മൗഡ് ആ കുട്ടിക്കാലത്തെ പൊള്ളിക്കുന്ന അനുഭവത്തെ കുറിച്ച് പറഞ്ഞത്. ഇതുകൊണ്ടൊന്നും തീർന്നിരുന്നില്ല. മാസത്തിലൊരിക്കൽ അവളെ എലികൾ നിറഞ്ഞ നിലവറയിൽ രാത്രി മുഴുവനും പൂട്ടിയിട്ടു. 'ദ ഒൺലി ​ഗേൾ ഇൻ ദ വേൾഡ്' എന്ന തന്റെ ഓർമ്മക്കുറിപ്പിൽ മൗഡ് ഇതേ കുറിച്ചെല്ലാം വിശദമായി എഴുതിയിട്ടുണ്ട്. 

പുസ്തകം പറയുന്നതനുസരിച്ച്, ഭ്രാന്തനായ അച്ഛന്റെ നിയന്ത്രണത്തിൽ മൗഡ് 18 വർഷം ചെലവഴിച്ചു. അവളുടെ അച്ഛൻ ഒരുദിവസം ലോകത്ത് തിന്മ പൊട്ടിവീഴുമെന്ന് വിശ്വസിച്ചു. തന്റെ മകളായ മൗഡിനെ അതിനെ പ്രതിരോധിക്കാനാവുന്ന സൂപ്പർ ഹ്യുമനാക്കണം എന്ന വിശ്വാസത്തിൽ ഇത്തരം വിചിത്രവും ക്രൂരവുമായ കാര്യങ്ങൾ ചെയ്യുകയായിരുന്നു അയാൾ. മൗഡ് തങ്ങളുടെ നേതാവും സംരക്ഷകയുമാകും എന്നായിരുന്നു അയാളുടെ വിശ്വാസം. അയാൾ ഒരു മദ്യപാനിയും ഭ്രാന്തുള്ളവനുമായിരുന്നു എന്ന് മൗഡ് പറഞ്ഞിരുന്നു. ലൂയിസ് ദിദിയർ എന്നായിരുന്നു അയാളുടെ പേര്. 

താരതമ്യനേ സമ്പന്നനായിരുന്നു ദിദിയർ. 1936 -ലാണ് അയാൾ ആറ് വയസ്സുള്ള ജെന്നിൻ എന്ന പെൺകുട്ടിയെ ദത്തെടുത്തത്. പിന്നീട് അവളെ തന്റെ ഭാര്യയാക്കി. 1957 നവംബറിൽ, ജെനിൻ ഒരു കുഞ്ഞിന് ജന്മം നൽകി. അതായിരുന്നു മൗഡ്. മൗഡിനെ 'സൂപ്പർ ഹ്യുമനാ'ക്കി വളർത്താനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. മൂവരും വടക്കൻ ഫ്രാൻസിലെ ഒരു ഒറ്റപ്പെട്ട മാളികയിലാണ് താമസിച്ചിരുന്നത്, അവിടെ മൗഡ് വീട്ടിൽ വച്ച് തന്നെ പഠിച്ചു. ദിദിയറിന്റെ എണ്ണമറ്റ 'സഹന പരിശോധനകൾക്ക്' വിധേയമായി. ഒരു പാറക്കെട്ടിന് മുകളിൽ തൂങ്ങിക്കിടക്കുന്നതും കന്നുകാലികളെ കൊല്ലുന്നതിൽ സഹായിക്കുന്നതും, വിസ്കി കുടിച്ച് നേർരേഖയിൽ നടക്കുന്നതും വരെ ഇതിൽ ഉൾപ്പെടുന്നു. ആ മദ്യപാനം പിന്നീട് അവളുടെ കരളിനെ വരെ ബാധിക്കുകയുണ്ടായി. മൂന്ന് വയസ് മുതൽ 13 വയസുവരെ എസ്റ്റേറ്റിലെ ഒരു തൊഴിലാളി അവളെ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്‍തു. 

ഒരു പതിറ്റാണ്ടോളം അവൾക്ക് ആ വീടിന്റെ കോംപൗണ്ടിൽ നിന്നും പുറത്തിറങ്ങാനേ സാധിച്ചിരുന്നില്ല. ആകെയുണ്ടായിരുന്ന കൂട്ട് ഒരു നായയും രണ്ട് കുതിരകളും മാത്രമായിരുന്നു. വീട്ടിലെ ആർക്കും പരസ്പരം സ്പർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ആ മൃ​ഗങ്ങൾ കൂടി കൂട്ടിനില്ലായിരുന്നു എങ്കിൽ താൻ അതിജീവിക്കാനാവുമായിരുന്നില്ല എന്ന് മൗഡ് പിന്നീട് പറയുകയുണ്ടായി. 

അവൾ പുസ്തകങ്ങളിൽ ആശ്വാസം തേടി. ഒടുവിൽ അവൾ ദസ്തയേവ്‌സ്‌കിയേയും, അലക്‌സാണ്ടർ ഡുമസിന്റെ "ദി കൗണ്ട് ഓഫ് മോണ്ടെ ക്രിസ്റ്റോ"യേയും ഇഷ്ടപ്പെട്ടു. ഇത് എങ്ങനെയെങ്കിലും അവിടെ നിന്നും രക്ഷപ്പെടണം എന്ന ആ​ഗ്രഹം അവളിലുണ്ടാക്കി. അപ്പോഴും അച്ഛൻ അവളെ നിയന്ത്രിച്ചു, ഹിപ്നോട്ടിസം നടത്തി. അച്ഛനും അമ്മയും അവളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും അവളതിന് അടിപ്പെട്ടില്ല. ചിലപ്പോഴൊക്കെ അവൾ സ്വയം വേദനിപ്പിച്ചു. 

അവളുടെ രക്ഷകൻ അവിടെ എത്തുന്നത് 1972 -ൽ ഒരു സംഗീത അദ്ധ്യാപകന്റെ രൂപത്തിലാണ്- ആന്ദ്രേ മോളിൻ. അക്രോഡിയനും പിയാനോയും വായിക്കാൻ പഠിപ്പിക്കാനാണ് ആന്ദ്രേ എത്തിയത്. മൂന്നുവർഷം അവിടെ നിന്നും അയാൾ അവളുടെ അച്ഛന്റെ വിശ്വാസം നേടിയെടുത്തു. പിന്നീട് പഠിപ്പിക്കാനെന്നും പറഞ്ഞ് അവളെ തന്റെ ഷോപ്പിലേക്ക് കൊണ്ടുപോകാനുള്ള അനുമതി നേടി. അവിടെ അവൾക്ക് ജോലിയും കൊടുത്തു. മൗഡിന് 18 വയസ്സുള്ളപ്പോൾ, ക്ലാസുകളിൽ കണ്ടുമുട്ടിയ ഒരു യുവ സംഗീതജ്ഞനെ വിവാഹം കഴിക്കാൻ ദിദിയർ അവളെ അനുവദിച്ചു. ആറ് മാസത്തിന് ശേഷം അവൾ അവനെ ഉപേക്ഷിച്ച് ഒരു കന്യകയായി വീട്ടിലേക്ക് മടങ്ങും എന്ന മുന്നറിയിപ്പോടെയായിരുന്നു ഇത്.

അവൾ ആ അവസരം മുതലെടുത്ത് എന്നെന്നേക്കുമായി ഓടിപ്പോയി. ആറ് വർഷത്തെ ദാമ്പത്യത്തിൽ ഒരു മകൾ ജനിച്ചു. ജൂലിയൻ പിന്നീട് മറ്റൊരു പുരുഷനൊപ്പം സ്ഥിരതാമസമാക്കുകയും 1990 -ൽ രണ്ടാമത്തെ മകൾക്ക് ജന്മം നൽകുകയും ചെയ്തു. എപ്പോഴും അവർ അമ്മയിൽ നിന്നും അകന്ന് ജീവിച്ചു. “അവർ ഒരു ഇരയാണ്, ഞാൻ അവർക്ക് ഒരു കുറിപ്പിനൊപ്പം എന്റെ പുസ്തകം അയച്ചു. അവർ നേരിട്ട് പ്രതികരിച്ചില്ല, പക്ഷേ ഞാനിങ്ങനെ ഒരു പുസ്തകം എഴുതിയതിനെ ചൊല്ലി ഭയപ്പെട്ടിരുന്നുവെന്ന് താനറിഞ്ഞു" എന്നാണ് മൗഡ് പറഞ്ഞത്. 

ബാല്യകാലത്തെ അനുഭവങ്ങളിൽ നിന്നുമുണ്ടായ ട്രോമകൾ തരണം ചെയ്യാൻ അവർ തെറാപ്പി സ്വീകരിച്ചു. പിന്നീട് സൈക്കോളജിയിൽ ബിരുദം നേടുകയും ആളുകളെ ചികിത്സിക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു. ഏതായാലും വളരെ അധികം വിറ്റഴിഞ്ഞ പുസ്തകമായിരുന്നു അവളുടെ അനുഭവമെഴുതിയ 'ദ ഒൺലി ​ഗേൾ ഇൻ ദ വേൾഡ്'.

Follow Us:
Download App:
  • android
  • ios