Asianet News MalayalamAsianet News Malayalam

ഭീകരാക്രമണത്തിൽ പരിക്കേറ്റ് 23 ദിവസം കോമയിൽ, 22 സർജറികൾക്കു ശേഷം, തിരികെ ജീവിതത്തിലേക്ക് , ഇത് നിധിയുടെ കഥ

"നീ മരിച്ചിട്ടില്ല നിധീ. എഴുന്നേറ്റുവാ. വീട്ടിൽ വിളിച്ച് നീ മരിച്ചിട്ടില്ലെന്ന് വിവരം മക്കളെയും അവരുടെ അച്ഛനെയും ഒക്കെ അറിയിക്കേണ്ട..? പിള്ളേർക്ക് പരീക്ഷയുള്ളതല്ലേ? അവർ പേടിച്ച് പഠിക്കാതിരുന്നാലോ? എഴുന്നേൽക്ക് നിധീ..."

story of Nidhi chaphekar who survived brussels blast and wrote unbroken on how she survived it
Author
Bengaluru, First Published Feb 17, 2020, 4:31 PM IST

22 മാർച്ച് 2016 : സ്ഥലം ബെൽജിയത്തിലെ തലസ്ഥാനം ബ്രസ്സൽസിലെ എയർപോർട്ട്. ഈ ദിവസം ബ്രസ്സൽസ് എയർപോർട്ട് ഒരു തീവ്രവാദ ആക്രമണത്തിന് സാക്ഷ്യം വഹിച്ചു. അന്നവിടെ നടന്ന സ്‌ഫോടനത്തിൽ 32 നിരപരാധികളുടെ ജീവൻ നഷ്ടമായി, ആ ബോംബിന്റെ ആഘാതപരിധിയ്ക്കുള്ളിലുണ്ടായിരുന്ന 300 പേർക്ക് ഗുരുതരമായ പരിക്കുകളേറ്റു. ആ സമയത്ത് എയർപോർട്ടിലുണ്ടായിരുന്ന നിധി ചാപ്പേക്കർ എന്ന ജെറ്റ് എയർവേയ്‌സ് ഫ്ലൈറ്റ് അറ്റന്റൻഡിന് സ്‌ഫോടനത്തിൽ ഗുരുതരമായ പരിക്കുകൾ പറ്റുന്നു. പരിക്കിന്റെ നീറ്റലും, സ്ഫോടനം ഏൽപ്പിച്ച പരിഭ്രാന്തിയും ഉള്ളിലടക്കി ഒരുവിധം എയർപോർട്ട് ലോഞ്ചിലെ കസേരയിൽ വന്നിരുന്ന നിധിയുടെ ചിത്രം അന്ന് പത്രക്കാർ പകർത്തി. ബോംബ് പൊട്ടിത്തെറിച്ചപ്പോൾ പരശ്ശതം ലോഹച്ചീളുകളും ഗ്ലാസ് കഷ്ണങ്ങളും മറ്റും അവളുടെ ദേഹത്തേക്ക് തുളച്ചു കേറിയിരുന്നു. അവളുടെ മേൽവസ്ത്രം പാതിയിലധികം കരിഞ്ഞ് അരയ്ക്ക് മുകളിലേക്കുള്ള വസ്ത്രങ്ങൾ കീറിപ്പറിഞ്ഞുപോയ അവസ്ഥയിലായിരുന്നു അപ്പോൾ നിധി.  ആ ചിത്രം ലോകമെമ്പാടുമുള്ള പത്രങ്ങളിൽ അച്ചടിച്ചുവന്നു.  ബ്രസൽസ് സ്‌ഫോടനത്തിന്റെ ഭീകരതയുടെ പ്രതീകമായി അവളുടെ ആ ചിത്രം മാറി. അത് ലക്ഷക്കണക്കിന് വട്ടം പങ്കുവെക്കപ്പെട്ടു. 

story of Nidhi chaphekar who survived brussels blast and wrote unbroken on how she survived it

ആ സ്ഫോടനമേൽപിച്ച പരിക്കുകൾ നിധിയെ കോമയിലേക്ക് തള്ളിയിട്ടു. 23 ദിവസമാണ് അവൾക്ക് ആശുപത്രിയിലെ വെന്റിലേറ്ററിൽ കോമയിൽ കഴിയേണ്ടി വന്നത്. ഇതുവരെ 22 സർജറികൾ അവളുടെ ദേഹത്ത് ചെയ്യേണ്ടിവന്നിട്ടുണ്ട് ഡോക്ടർമാർക്ക്. ഇനിയും ചില സർജറികൾ കൂടി ചെയ്താലേ അവൾ തിരിച്ച് സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിവരൂ. നിധി, തന്റെ ആ ദുരനുഭവത്തെക്കുറിച്ച് എഴുതിയ പുസ്തകം 'അൺബ്രോക്കൺ' അടുത്തിടെ പുറത്തിറങ്ങി. ബംഗളുരുവിൽ നടന്ന ടൈംസ് ലിറ്റററി ഫെസ്റ്റിവലിൽ വെച്ചാണ്, ഫെബ്രുവരി 8 -ന് അമറിലിസ് ബുക്സ് പ്രസിദ്ധപ്പെടുത്തിയ ഈ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്. 

മാർച്ച് 22 -ന് ഇബ്രാഹിം എൽ ബാക്രുവി, നജീം ലക്രുയി, മുഹമ്മദ് അബ്രിനി എന്നീ മൂന്നു ഭീകരർ ബ്രസ്സൽസിലെ സാവെൻടേൺ എയർപോർട്ടിൽ ബോംബുസ്ഫോടനം നടത്തുകയായിരുന്നു. ചെകിടടപ്പിക്കുന്നൊരു സ്ഫോടന ശബ്ദം. അത് മാത്രമാണ് ആ അക്രമണത്തെപ്പറ്റി നിധി പുസ്തകത്തിൽ പങ്കുവെക്കുന്ന ആദ്യഓർമ.  അടുത്ത ഓർമ, താൻ വെറും നിലത്ത് കിടക്കുന്നതിന്റെയായിരുന്നു. ബോംബുപൊട്ടുമ്പോൾ ഒരു പക്ഷിരൂപത്തിലുള്ള പ്രതിമയ്ക്കടുത്തായിരുന്നു അവൾ നിന്നിരുന്നത്. ആ സ്‌ഫോടനത്തിന്റെ ശക്തിയാൽ അവൾ അതിന്റെ നേരെ എതിർവശത്തേക്ക് എടുത്തെറിയപ്പെട്ടിരുന്നു . കണ്ണുതുറക്കണം എന്നവൾക്കുണ്ടായിരുന്നു എങ്കിലും ശരീരം മനസ്സിന്റെ ആഗ്രഹങ്ങളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. അവളുടെ ഉള്ളിൽ നിന്നുള്ള ശബ്ദം ആ ഇരുട്ടിലും അവൾക്ക് കേൾക്കാമായിരുന്നു. അത് അവളോട് ഇങ്ങനെ പറഞ്ഞു, " നിധി.. നീ മരിച്ചിട്ടില്ല.. നിധീ... എഴുന്നേൽക്ക്. ബോംബുപൊട്ടിയതാണ്. അവരൊക്കെ മരിച്ചിട്ടും നീ മരിച്ചിട്ടില്ല നിധീ. എഴുന്നേറ്റുവാ. വീട്ടിൽ വിളിച്ച് നീ മരിച്ചിട്ടില്ലെന്ന് വിവരം മക്കളെയും അവരുടെ അച്ഛനെയും ഒക്കെ അറിയിക്കേണ്ട..? പിള്ളേർക്ക് പരീക്ഷയുള്ളതല്ലേ? അവർ പേടിച്ച് പഠിക്കാതിരുന്നാലോ? എഴുന്നേൽക്ക് നിധീ..."

story of Nidhi chaphekar who survived brussels blast and wrote unbroken on how she survived it

അതേസമയം മറ്റൊരു ഭയം അവളെ പിടികൂടി. ഇതൊരു ഭീകരാക്രമണമല്ലേ? തോക്കുമേന്തി വല്ല ഭീകരനും ഈ വഴി വന്നാലോ? എഴുന്നേറ്റാൽ അത് അബദ്ധമാകുമോ? അർദ്ധശങ്കയോടെ അവൾ എഴുന്നേറ്റു. ചുറ്റിനും പുക വന്നു നിറഞ്ഞു കഴിഞ്ഞിരുന്നു. അവളുടെ കയ്യിലെ റിസ്റ്റ് വാച്ച് നിന്നുപോയിട്ടുണ്ടായിരുന്നു. അതിൽ അവസാനം രേഖപ്പെടുത്തപ്പെട്ട സമയം, 08:07am, സ്ഫോടനം നടന്ന കൃത്യസമയമായിരുന്നു അത്.

"എക്സ്ക്യൂസ്‌ മീ.." അപകടം വന്നു നെറുകന്തലയ്ക്ക് അടിച്ചിട്ടും, എയർ ഹോസ്റ്റസ് പരിശീലനം തന്ന  തന്റെ വിനയം കൈവിടാതെ നിധി സഹായത്തിനായി ആരെയെന്നില്ലാതെ വിളിച്ചു. ആരും മറുപടിപറഞ്ഞില്ല. അവൾ ചുറ്റും നോക്കി. തകരാൻ ഇനി ആ പരിസരത്ത് ഒന്നും ബാക്കിയില്ല. ഫാൾസ് സീലിംഗ്, ഫാനുകൾ, അലങ്കാര വിളക്കുകൾ, ബാഗേജുകൾ എല്ലാം ചിതറിത്തെറിച്ച് ചുറ്റും കിടക്കുന്നു. 

ഒരു പോലീസുകാരൻ അപ്പോൾ ആ വഴിക്കുവന്നു. അയാൾ പറഞ്ഞു," ലേഡി.. നിങ്ങൾ ഭയപ്പെടേണ്ട. സഹായം ഇപ്പോൾ വന്നെത്തും. ഞാൻ അവിടെ എന്താണ് അവസ്ഥ എന്ന് നോക്കിയിട്ട് തിരികെ വരാം" അയാൾ തന്നെയാണ് നിധിയെ പിടിച്ച് ആ കസേരയിൽ ഇരിക്കാൻ സഹായിച്ചത്. ധരിച്ചിരുന്ന ഷൂസ് ഉരുകി കാലിനോട് ചേർന്നൊട്ടിയിരുന്നു. തലമുടിയുടെ നല്ലൊരു ഭാഗം കരിഞ്ഞു പോയിരുന്നു. മുഖത്താകെ പടർന്ന ചോര. സ്വന്തമോ, മറ്റാരുടേയെങ്കിലുമോ? അറിയില്ല. അവളെ അലട്ടിയിരുന്നത് ആകെ മരവിച്ചു പോയ കാലുകളാണ്. അരക്ക് കീഴ്പ്പോട്ട് ശരീരമുണ്ട് എന്ന തോന്നൽ പോലും ഏതാനും നിമിഷങ്ങൾക്കകം അസ്തമിച്ചു. 

കോട്ടിനുള്ളിൽ ഒരു ചെറിയ തൂവാലയുണ്ട്, അതെടുത്തു കാലിലെ മുറിവിൽ കെട്ടാം എന്നുകരുതി ദേഹത്ത് കോട്ട് പരതിയപ്പോഴാണ്, അതിന്റെ നല്ലൊരുഭാഗം കരിഞ്ഞ് ഇല്ലാതായിരിക്കുന്നു എന്ന് മനസ്സിലായത്. അരയ്ക്കു മേലോട്ട് താൻ ഏറെക്കുറെ നഗ്നയാണ് എന്നും. അവിടെ സന്നിഹിതയായിരുന്ന ജോർജിയൻ ജേർണലിസ്റ്റ് ആയ കേതേവാൻ കർദാവാ ആണ് ആ അവസ്ഥയിൽ ഇരിക്കുന്ന നിധിയുടെ ചിത്രമെടുത്തത്. ആ ചിത്രമാണ് പിന്നീട് ലോകമെമ്പാടും ബ്രസൽസ് സ്‌ഫോടനത്തിന്റെ പ്രതീകമായി പ്രചരിച്ചത്. 

നിധി ഇന്ന് ഒരു മോട്ടിവേഷണൽ സ്പീക്കർ ആണ്. ജീവിതത്തിൽ നിരാശയുടെ പിടിയിൽ അമർന്നുപോകുന്നവർക്ക് ജീവിതത്തിന്റെ നമ്മൾ കാണാതെ പോകുന്ന സൗന്ദര്യത്തെപ്പറ്റി പറഞ്ഞുകൊടുത്ത്, അവരെ തിരികെ സന്തോഷത്തിലേക്ക് എത്തിക്കുന്നതിലാണ് ഇന്നവൾ സാഫല്യം കണ്ടെത്തുന്നത്. പിന്നീട് ബെൽജിയൻ സർക്കാർ നിധിയെ'ഗോഡ് മദർ' പുരസ്‌കാരം നൽകി ആദരിച്ചിരുന്നു . ജീവിക്കാനുള്ള അദമ്യമായ ആഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് 23 ദിവസം കോമയിൽ കിടന്നിട്ടും നിധിക്ക് ജീവിതത്തിലേക്ക് പൂർവാധികം ശക്തിയോടെ തിരിച്ചു വരാൻ കഴിഞ്ഞത് എന്ന് അവളെ പരിചരിച്ച് ഡോക്ടർമാർ പറഞ്ഞു. അവളുടെ ദേഹത്ത് 49  ലോഹച്ചീളുകൾ തുളച്ചു കയറി. ചിന്നിച്ചിതറിയ സ്ഫടികത്തിന്റെ തരികൾ എത്രയെണ്ണം ആ ദേഹത്ത് കയറി എന്ന് കൃത്യമായി അറിയില്ല. കാലിന്റെ സന്ധി പാടെ തകർന്ന മട്ടിലായി സ്‌ഫോടനത്തിൽ. പലയിടത്തും പൊള്ളലേറ്റു നീറുന്നുണ്ടായിരുന്നു. 

ഏപ്രിൽ 13 ന് ബൈശാഖി ആഘോഷത്തിന്റെ ദിവസമാണ് നിധിക്ക് പൂർണമായ ബോധം തിരിച്ചുകിട്ടുന്നത്. ബോധം വന്നപാടെ അവൾ പറഞ്ഞത് തന്റെ ഭർത്താവിനെ കാണണം എന്നായിരുന്നു. അവളുടെ മുഖം കണ്ടപ്പോൾ അദ്ദേഹം ആകെ ഭയന്നുപോയി. അത്രയ്ക്ക് ഭീകരമായിരുന്നു അത്. ദിവസങ്ങളോളം ആരും അവളെ പിന്നെ കണ്ണാടി കാണിക്കാൻ കൂട്ടാക്കിയില്ല. പിന്നീട്, ഏറെ പ്ലാസ്റ്റിക് സർജറികൾക്ക് ശേഷം ഒടുവിൽ ഒരു ദിവസം അവൾ ഏറെ നിർബന്ധിച്ചപ്പോൾ ഒരിക്കൽ കണ്ണാടി കാണിച്ചു കൊടുത്തു. അന്ന് അവനവന്റെ മുഖം കണ്ട് അവളും ഭയന്നുപോയി. തന്റെ മക്കൾക്ക് അമ്മയുടെ മുഖം ഇങ്ങനെയായിപ്പോയല്ലോ എന്ന നാണക്കേട് തോന്നുമല്ലോ എന്ന വിഷമം ആയിരുന്നു നിധിക്ക് അന്നൊക്കെ. ഈ മുഖവും വെച്ച് ഇനിയെങ്ങനെ എയർ ഹോസ്റ്റസിന്റെ ജോലി എടുക്കും. അപ്പോൾ അതും പോയിക്കിട്ടി. അവൾ കരുതി. 

story of Nidhi chaphekar who survived brussels blast and wrote unbroken on how she survived it

25 % പൊള്ളലേറ്റിരുന്നു അവൾക്ക്. കടുത്ത നിരാശയിലാണ്ടുപോയി നിധി. എന്നാൽ അന്ന് അവളൊരു തീരുമാനമെടുത്തു. "എനിക്ക് ജീവിക്കണം, എന്റെ മക്കൾക്കും ഭർത്താവിനും വേണ്ടി ജീവിക്കണം. " ജീവിക്കാൻ മുഖത്തൊരു ചിരിയും, ജീവിക്കാൻ വേണ്ട ധൈര്യവും മാത്രം മതി. അത് അന്നവൾ തിരിച്ചറിഞ്ഞു. അതിന്റെയൊക്കെ ബലത്തിൽ ഇന്നും ജീവിതം തുടരുന്നു താനെന്ന് നിധി അൺബ്രോക്കണിൽ എഴുതുന്നു. 

Follow Us:
Download App:
  • android
  • ios