Asianet News MalayalamAsianet News Malayalam

ഗ്രാമത്തിനായി തടാകം നിര്‍മ്മിക്കാന്‍ പ്രൊഫസര്‍ ലോണെടുത്തത് 25 ലക്ഷം; വരണ്ടുകിടന്ന ഭൂമിയാകെ പച്ചപ്പ്...

തടാകത്തിനു ചുറ്റും അദ്ദേഹം വിവിധ മരങ്ങളും വച്ചുപിടിപ്പിച്ചു. മാവ്, പേര, ഞാവല്‍ എന്നിവയെല്ലാം ഇവിടെ വളരുന്നു. അടുത്തിടെയായി അദ്ദേഹം പരീക്ഷണമെന്നോണം മുരിങ്ങയും നട്ടുവളര്‍ത്തി. 

story of Prof Sannappa Kamate
Author
Belgavi Road, First Published Jul 28, 2020, 2:59 PM IST

കര്‍ണാടകയിലെ ബെല്‍ഗവിയില്‍ ഹത്തരവാട്ട്, മങ്കനൂർ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ജലക്ഷാമമില്ല. കാരണം, ഒരു മനുഷ്യന്‍ നിര്‍മ്മിച്ച തടാകമാണ്. നേരത്തെ ഗ്രാമത്തിലുള്ളവര്‍ക്ക് കൃഷി ചെയ്യാന്‍ തന്നെ ഭയമായിരുന്നു. മഴക്കാലത്ത് ഒറ്റ വിളകളൊക്കെ കൃഷി ചെയ്‍തിരുന്ന കര്‍ഷകര്‍ ഇപ്പോള്‍ രണ്ടും മൂന്നും വിളകള്‍ കൃഷി ചെയ്യുന്നു. നേരത്തെ ജീവിക്കാനുള്ള വക ആ വരണ്ട മണ്ണ് തരുന്നില്ലെന്ന് മനസിലായപ്പോള്‍ പലരും കൃഷിയും നാടുമെല്ലാം വിട്ട് മറ്റ് ജോലികള്‍ക്ക് പോയിത്തുടങ്ങി. പലരും തൊഴിലുകള്‍ക്കായി നഗരങ്ങളിലേക്ക് ചേക്കേറി. 

ആറ് വര്‍ഷം മുമ്പ് അമ്പതുകാരനായ പ്രൊഫ. സന്നപ്പ കമാതേ കൃത്രിമ തടാകം നിര്‍മ്മിക്കുന്നതുവരെ ഇങ്ങനെയായിരുന്നു കാര്യങ്ങള്‍. ബെല്‍ഗവി ടൗണില്‍നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ചികോടി ഏകദേശം മഹാരാഷ്ട്രയോട് അടുത്തുകിടക്കുന്ന സ്ഥലമാണ്. ഇവിടെയാണ് ആ ഗ്രാമങ്ങള്‍. പ്രധാനമായും ചികോടിയിലെ ആളുകള്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരായിരുന്നു. ആവശ്യത്തിന് ജലമില്ലാത്തതിനാല്‍ നല്ല മഴയുള്ളപ്പോള്‍ മാത്രം വല്ലതും നടും. വിളവ് കിട്ടിയാല്‍ കിട്ടി എന്നതായിരുന്നു അവസ്ഥ. ഇതേത്തുടര്‍ന്ന് പലരും പരമ്പരാഗതമായി കിട്ടിയ ഭൂമി ഏക്കറിന് വെറും 10,000 രൂപയ്ക്ക് ക്വാറി ഉടമകള്‍ക്ക് വിറ്റു. 

''ആളുകള്‍ അവരുടെ കന്നുകാലികളുമായി വെള്ളം തേടി പത്തോ അതിലധികമോ കിലോമീറ്റര്‍ അലയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.'' പ്രൊഫ. സന്നപ്പ പറയുന്നു. നേരത്തെ ഒരു തെര്‍മല്‍ എഞ്ചിനീയറായിരുന്ന അദ്ദേഹം ഇപ്പോള്‍ ബെല്‍ഗാവിയിലെ ഒരു ടെക്നോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രിന്‍സിപ്പലാണ്. 

story of Prof Sannappa Kamate

2014 -ലെ ദിവാലി നേരത്ത് ഹത്തരവാട്ടിലെ തന്‍റെ ഗ്രാമത്തിലെത്തിയ അദ്ദേഹത്തോട് പ്രദേശത്തെ പലരും വല്ല ജോലിയും ഉണ്ടോ എന്ന് അന്വേഷിച്ചു തുടങ്ങി. അതിനും കുറച്ച് നാളുകള്‍ക്കുശേഷമാണ് നാട്ടില്‍ ചിലര്‍ വെള്ളം കിട്ടുമോ എന്നറിയാനായി കിണര്‍ കുഴിക്കാനുള്ള ശ്രമം തുടങ്ങിയത്. സന്നപ്പയുടെ സ്ഥലത്ത് വെള്ളം കിട്ടാന്‍ സാധ്യത ഉണ്ട് എന്നും അറിയിച്ചു. തന്‍റെ ചെറുപ്പകാലത്ത് കര്‍ഷകനായ അച്ഛനൊപ്പം അവിടെ വന്നിരുന്നത് സന്നപ്പയ്ക്ക് മറക്കാനാവുമായിരുന്നില്ല. അങ്ങനെ തന്നോട് ജോലി തിരക്കിയെത്തിയ അവിടുത്തെ പ്രാദേശികരായ ആളുകളോട് തന്‍റെ സ്ഥലത്ത് ഒരു തുറന്ന കിണര്‍ കുഴിക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. അതിനായി 2.5 ലക്ഷം രൂപയും മാറ്റിവെച്ചു. കന്നുകാലികള്‍ക്കും പക്ഷികള്‍ക്കും വെള്ളം കുടിക്കുന്നതിനായിട്ടാണ് തുറന്ന കിണര്‍ തന്നെ കുഴിക്കാന്‍ പറഞ്ഞത്. ഇനിയഥവാ വെള്ളം കിട്ടിയില്ലെങ്കിലും ആ പാവപ്പെട്ട തൊഴിലാളികള്‍ക്ക് കുറച്ച് ദിവസം കഴിയാനുള്ളത് കൂലിയായി നല്‍കാമല്ലോ എന്നും അദ്ദേഹം കരുതി. 

എന്നാല്‍, അന്ന് വൈകുന്നേരം തന്നെ അത്ഭുതം സംഭവിച്ചു. എത്രയടി കുഴിച്ചിട്ടും വെള്ളം കിട്ടാത്ത ആ സ്ഥലത്ത് വെറും രണ്ട് മണിക്കൂര്‍ കുഴിച്ചപ്പോള്‍ തന്നെ വെള്ളം കിട്ടി എന്നറിയിച്ചുകൊണ്ട് സന്നപ്പയ്ക്ക് ഒരു കോള്‍ വന്നു. കുഴിക്കുന്തോറും സമീപത്തെ മണ്ണ് അയഞ്ഞയഞ്ഞു വന്നു. കൂടുതല്‍ വെള്ളം കണ്ടു. നാല് മാസത്തെ അധ്വാനം കഴിഞ്ഞപ്പോഴേക്കും അതൊരു കൊച്ചുതടാകമായി രൂപപ്പെട്ടു. ജോലി തുടര്‍ന്നപ്പോള്‍ സന്നപ്പയ്ക്ക് 25 ലക്ഷം രൂപ ബാങ്ക് ലോണ്‍ എടുക്കേണ്ടി വന്നു. വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും അദ്ദേഹം ലോണെടുത്ത് തടാകം നിര്‍മ്മിച്ചു. 

തടാകത്തിനു ചുറ്റും അദ്ദേഹം വിവിധ മരങ്ങളും വച്ചുപിടിപ്പിച്ചു. മാവ്, പേര, ഞാവല്‍ എന്നിവയെല്ലാം ഇവിടെ വളരുന്നു. അടുത്തിടെയായി അദ്ദേഹം പരീക്ഷണമെന്നോണം മുരിങ്ങയും നട്ടുവളര്‍ത്തി. ഏക്കറിന് 4.5 ലക്ഷം നേടി. പല കര്‍ഷകരും അദ്ദേഹത്തിന്‍റെ അടുത്തെത്തുകയും അദ്ദേഹത്തിന്‍റെ കര്‍ഷകനിലേക്കുള്ള വിജയയാത്രയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്യുന്നു. 

story of Prof Sannappa Kamate

തടാകം നിര്‍മ്മിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ചുറ്റും അതിന്‍റെ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. അടുത്തുള്ള കിണറുകളില്‍ വരെ വെള്ളമെത്തി. മേയ് മാസം വരെ ഇപ്പോളവിടെ വെള്ളം കിട്ടുന്നു. ഗ്രാമത്തിലുള്ളവര്‍ പലതരം വിളകളും കൃഷി ചെയ്യുന്നു. 100 കര്‍ഷക കുടുംബങ്ങളെങ്കിലും ഇപ്പോള്‍ ആ തടാകത്തെ ആശ്രയിക്കുന്നുണ്ട്. 

തടാകവും പച്ചപ്പുമെല്ലാം വന്നതോടെ മയിലുകളും കുരങ്ങുകളുമടക്കം ജീവജാലങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. ''എന്‍റെ ഗ്രാമത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനായതില്‍ എനിക്ക് സന്തോഷമുണ്ട്. എന്‍റെ സമ്പാദ്യമെല്ലാം ചിലപ്പോള്‍ ഇല്ലാതായിട്ടുണ്ടാവാം. പക്ഷേ, എന്‍റെ വിളകളെല്ലാം കിട്ടിക്കഴിയുമ്പോള്‍ എന്‍റെ കടം ഇല്ലാതെയാവും.'' സംതൃപ്‍തിയോടെ സന്നപ്പ പറയുന്നു. 

(വിവരങ്ങള്‍ക്ക് കടപ്പാട്: ബെറ്റര്‍ ഇന്ത്യ)

Follow Us:
Download App:
  • android
  • ios